കൊറിയൻ ഡ്രാമയായ '100 ഡേയ്‍സ് മൈ പ്രിൻസി'ന്റെ റിവ്യു.
പറയുന്ന രീതിയാണ് പറഞ്ഞു പഴകിയ പ്രമേയങ്ങളെ ജനപ്രിയമാക്കുക. പ്രേക്ഷകരെ രസിപ്പിക്കുക. അത്തരമൊരു പരമ്പരയമാണ് '100 ഡേയ്‍സ് മൈ പ്രിൻസ്'. ജോസൺ രാജകുടുംബത്തിലെ കഥയാണ് സീരീസ് പറയുന്നത്.
ലീ യുൾ, ജോസൺ രാജകുടുംബത്തിലെ കിരീടാവകാശി ആണ്. കുറേ ആലോചനാഭാരമായി നടക്കുന്ന രാജകുമാരൻ. വായനയാണ് മുഖ്യം. ബുദ്ധിമാനാണ്. യോദ്ധാവാണ്. ചില വട്ടുകളുമുണ്ടെന്ന് കൊട്ടാരത്തിലെ അടക്കം പറച്ചിൽ. രാജകൊട്ടാരത്തിലും ഭരണത്തിലും വലിയ സ്വാധീനമുള്ള പ്രധാനമന്ത്രി കിം ചിയോണിന്റെ മകളാണ് ലീ യുളിന്റെ ഭാര്യ. രണ്ടുപേരും തമ്മിൽ വലിയ അടുപ്പമൊന്നുമില്ല. അവർക്ക് കുഞ്ഞ് ജനിക്കാത്തതു കൊണ്ടാണ് നാട്ടിലെ വരൾച്ച മാറാത്തതെന്ന് ജ്യോതിഷിമാർ പറയുന്നു. ദേഷ്യം പിടിക്കുന്ന യുൾ ചെയ്യുന്നത്, 20 വയസ്സിൽ കൂടുതൽ പ്രായമുള്ള അവിവാഹിതർ എല്ലാവരും ഒരു മാസത്തിനകം കല്യാണം കഴിക്കണമെന്ന് ഉത്തരവിടുകയാണ്.
undefined
ഇതിനിടയിൽ രാജകുമാരി ഗർഭിണി്യാണെന്ന് വാർത്ത എത്തുന്നു. കുഞ്ഞ് തന്റേതല്ലെന്ന് ഉറപ്പുള്ള ലീ യുൾ, എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചറിയാൻ തീരുമാനിക്കുന്നു. പക്ഷേ അതിനിടെ അയാൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. വനാന്തരത്തിൽ വീണുപോയ ലീ യുളിനെ ഇയോൺ എന്ന ഗ്രാമീണൻ കണ്ടെത്തുന്നു. വീട്ടിൽ പോയി മരുന്ന് കെട്ടിവെച്ച് ശുശ്രൂഷിക്കുന്നു. ബോധം തെളിയുന്ന ലീ യുളിന് താൻ ആരെന്നോ എന്തെന്നോ ഓർമ വരുന്നില്ല. ഇയോൺ ഹോങ് ഷിം എന്ന തന്റെ മകളെ ലീ യുളിനെ കൊണ്ട് ഇയോൺ കല്യാണം കഴിപ്പിക്കുന്നു. കാരണം അതല്ലെങ്കിൽ രാജകുമാരൻ ഇറക്കിയ ഉത്തരവ് പാലിക്കാത്തതിന് അവൾക്ക് ചാട്ടവാറടി ഏൽക്കുകയോ ഏതെങ്കിലും പ്രമാണിയുടെ വെപ്പാട്ടിയാവുകയോ വേണ്ടി വരും.
വോൺ ഡ്യൂക്ക് എന്നാണ് ലീ യുളിന്റെ പുതിയ പേര്. ഹോങ് ഷിം അയാളെ കൊണ്ട് കുടുങ്ങിയിരിക്കുന്നു. വലിയ കുടുംബത്തിൽ പിറന്ന പോലെയാണ് വർത്തമാനവും നടപ്പും ഭാവവും. ഒരു ജോലിയും ചെയ്യാൻ അറിയില്ല. സാമാന്യ യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയില്ല. ഹോങ് ഷിം പറഞ്ഞതു കേട്ട് ഗ്രാമത്തിലെ കുഞ്ഞു കുഞ്ഞു ജോലികൾ പതുക്കെ വോൺ ഡ്യൂക്ക് ചെയ്‍തു തുടങ്ങുന്നു. അയാൾക്ക് വായിക്കാൻ അറിയാം എന്നത് ഗ്രാമത്തിലുള്ളവർക്ക് സഹായമാകുന്നു.
വോൺ ഡ്യൂക്ക് ആയി ജീവിച്ചു തുടങ്ങി ഹോങ് ഷിമുമായി അടുപ്പമായി വരുമ്പോഴാണ് കിം ചിയോൺ അയാളെ കണ്ടെത്തുന്നത്. ഓർമക്കുറവുള്ള രാജകുമാരനെ നിയന്ത്രിക്കാൻ എളുപ്പമാകുമെന്നും തന്റെ അധികാരം കൂട്ടാമെന്നും കണക്കുകൂട്ടുന്ന ചിയോൺ അയാളെ കൊട്ടാരത്തിലേക്ക് തിരിച്ചു കൊണ്ടുപോവുന്നു. അവിടെ വെച്ച് ലീ യുൾ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലാക്കുകയും തനിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഹോങ് ഷിം തന്റെ പഴയ കളിക്കൂട്ടുകാരിയാണെന്ന് തിരിച്ചറിയുന്ന ലീ യുളിന് കുറ്റബോധവും വരുന്നുണ്ട്. കാരണം അയാളുടെ അച്ഛനാണ് ചിയോണിന്റെ ഏഷണി കേട്ട് അവളുടെ കുടുംബത്തെ മുഴുവൻ ഇല്ലായ്‍മ ചെയ്‍തത്.
ലീ യുൾ കണ്ടെത്തുന്ന സത്യമെന്ത്? വോൺ ഡ്യൂക്ക് യഥാർത്ഥത്തിൽ ലീ യുൾ രാജകുമാരൻ ആണ് എന്ന് തിരിച്ചറിയുമ്പോൾ ഹോങ് ഷിം എങ്ങനെ പ്രതികരിക്കും? യഥാർത്ഥത്തിൽ ലീ യുളിന്റെ ഭാര്യ പ്രണയിക്കുന്നത് ആരെയാണ്? ഹോങ് ഷിം സഹോദരനെ കണ്ടുമുട്ടുമോ? ലീ യുളിനെ സഹായിക്കാനെത്തുന്ന കൊട്ടാരം ഉദ്യോഗസ്ഥൻ നല്ലവനാണോ? വോൺ ഡ്യൂക്ക് ആണ് ഇനി രാജാവാകാൻ പോകുന്നത് എന്നത് അറിയുമ്പോൾ ഇയോണും ഗ്രാമത്തിലെ മറ്റുള്ളവരും എങ്ങനെ പ്രതികരിക്കും? അവരുടെ ജീവിതം മാറിമറിയുമോ? ചോദ്യങ്ങൾക്കെല്ലാം പരമ്പര ഉത്തരം നൽകും.
ദോ ക്യുങ് സൂ ആണ് ലീ യുൾ ആകുന്നത്. നാം ജി ഹ്യൂൻ ഹോങ് ഷിം ആകുന്നു. പ്രധാന വില്ലൻ വേഷത്തിലെത്തുന്നത് ജോ സങ് ഹാ. കിം സ്യോൺ ഹോ ആണ് ലീ യുളിന്റെ ഉപദേശകനും സഹായിയുമായ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നത്. കിം ജേ യങ് ആണ് ഹോങ് ഷിമ്മിന്റെ സഹോദരൻ. രാജകുമാരിയാകുന്നത് ഹാൻ സോ ഹീ. ഇവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നവരും നന്നായി അഭിനയിച്ചിരിക്കുന്നു.
Read More: ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ