അയാള്‍ വിജയിയാണ്, പക്ഷേ...; 'ടോപ്പ് 6' ല്‍ എത്താതെ സിജോ പുറത്തായത് എന്തുകൊണ്ട്? കാരണങ്ങള്‍

By Nirmal Sudhakaran  |  First Published Jun 9, 2024, 11:26 PM IST

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ മറ്റൊരു മത്സരാര്‍ഥിയും നേരിടാത്ത വെല്ലുവിളിയെയാണ് സിജോയ്ക്ക് നേരിടേണ്ടിവന്നത്


എപ്പോഴും പ്രതീക്ഷിക്കാവുന്ന അപ്രതീക്ഷിതത്വങ്ങളാണ് ബിഗ് ബോസ് ഷോയുടെ യുഎസ്‍പി. എന്നാല്‍ സിജോയ്ക്ക് നേരിടേണ്ടിവന്നതുപോലെ വെല്ലുവിളി ഉയര്‍ത്തിയ ഒരു സാഹചര്യം ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ മറ്റൊരു മത്സരാര്‍ഥിക്കും നേരിടേണ്ടിവന്നിട്ടില്ല. സഹമത്സരാര്‍ഥിയുടെ ശാരീരിക ആക്രമണത്തെ തുടര്‍ന്ന് ഒരു മാസത്തോളമാണ് അയാള്‍ക്ക് ഷോയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത്. തുടക്കത്തില്‍ ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായി മാറിയേക്കുമെന്ന തോന്നല്‍ ഉണര്‍ത്തിയെങ്കിലും സിജോയ്ക്ക് അതിന് സാധിച്ചില്ല. ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടിവന്ന പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് സിജോ ഷോയിലേക്ക് തിരിച്ചെത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ മികച്ച മത്സരാര്‍ഥിയെന്ന ഒരു മുദ്ര പതിപ്പിക്കാന്‍ സാധിച്ചില്ല. ഫിനാലെ വീക്കിന്‍റെ ആദ്യ ദിനം ടോപ്പ് 5 ല്‍ എത്താതെ മടങ്ങുകയാണ് സിജോ ജോണ്‍. എന്തൊക്കെയാവും അതിന്‍റെ കാരണങ്ങള്‍?

ഒരു മാസത്തെ ഗ്യാപ്പ്

Latest Videos

ഹൗസില്‍ സഹമത്സരാര്‍ഥികള്‍ക്കിടയിലും പുറത്ത് പ്രേക്ഷകര്‍ക്ക് മുന്നിലും ഒരു മത്സരാര്‍ഥിക്ക് സ്വാഭാവികമായി സംഭവിക്കുന്ന വളര്‍ച്ചയുണ്ട്. ദിവസങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രവര്‍ത്തികളും പെരുമാറ്റവും ഗെയിമിലെ മികവുമൊക്കെ കണ്ട് സ്വാഭാവികമായി രൂപപ്പെടുന്ന പ്രതിച്ഛായയാണ് അത്. അതിന് പ്രേക്ഷകര്‍ക്കിടയില്‍ ഫാന്‍സും ഹേറ്റേഴ്സും ഉണ്ടാവുകയും ചെയ്യും. എന്നാല്‍ രണ്ട് ആഴ്ച പിന്നിട്ട സമയത്ത് അപ്രതീക്ഷിത പരിക്കിനെ തുടര്‍ന്ന് ഒരു മാസമാണ് സിജോയ്ക്ക് ഹൗസില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. 16-ാം ദിവസം പോയ സിജോ 45-ാം ദിവസമാണ് തിരിച്ചെത്തിയത്. സിജോ പോയ സമയത്ത് ഒരു മത്സരാര്‍ഥിക്കും വലിയ പ്രേക്ഷകപ്രീതിയോ ഷോയില്‍ ആധിപത്യമോ നേടിയിരുന്നില്ല. എന്നാല്‍ 45-ാം ദിവസം സിജോ തിരിച്ചെത്തുമ്പോഴേക്ക് ഈ സീസണില്‍ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായി. ആറ് വൈല്‍ഡ് കാര്‍ഡുകളുടെ രംഗപ്രവേശമുള്‍പ്പെടെ. ഈ സീസണില്‍ ശരിക്കും ഗെയിം തിരിച്ചത് വൈല്‍ഡ് കാര്‍ഡുകളുടെ വരവായിരുന്നു. ഷോയുടെ പകുതിയോളം തീര്‍ന്ന സമയത്ത് തിരിച്ചെത്തിയ സമയത്ത് സിജോയ്ക്ക് മുന്നിലുണ്ടായിരുന്നത് വലിയ ടാസ്ക് ആയിരുന്നു. ലഭ്യമായ പകുതി സമയം കൊണ്ട് പ്രേക്ഷകപ്രീതി സമ്പാദിക്കുക എന്നത്. സിജോ ശ്രമിച്ചില്ല എന്നല്ല. എന്നാല്‍ 90-ാം ദിവസം വരെ ഹൗസില്‍ നിലനില്‍ക്കാനേ ആ ശ്രമങ്ങള്‍ കൊണ്ട് സിജോയ്ക്ക് സാധിച്ചുള്ളൂ.

 

പടരാത്ത 'കാട്ടുതീ'

താനൊരു കാട്ടുതീയായി പടരുമെന്നാണ് ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും രണ്ടാം വരവില്‍ സിജോ എല്ലാവര്‍ക്കും മുന്നില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് സഹമത്സരാര്‍ഥികള്‍ക്കിടയില്‍ ട്രോളായി മാറി ആ പ്രയോഗം. തന്‍റേതല്ലാത്ത കുറ്റം കൊണ്ട് മാറിനില്‍ക്കേണ്ടിവന്ന തനിക്ക് ടൈറ്റില്‍ വരെ മുന്നേറണമെന്ന് രണ്ടാം വരവില്‍ സിജോയ്ക്ക് ഉണ്ടായിരുന്നു. മനസില്‍ ചില പ്ലാനുകളും അദ്ദേഹം കൊണ്ടുവന്നിരിക്കാം. എന്നാല്‍ ഹൗസില്‍ കാണപ്പെട്ടത് ആത്മവിശ്വാസത്തിന് പകരം ആശയക്കുഴപ്പമുള്ള ഒരു സിജോയെ ആയിരുന്നു. ഒരു ഗെയിം ചേഞ്ചര്‍ ആവണമെന്നായിരിക്കാം തിരിച്ചുവരവില്‍ സിജോയുടെ ആഗ്രഹമെങ്കിലും വൈല്‍ഡ് കാര്‍ഡുകളുടെ വരവടക്കം സാഹചര്യം അമ്പേ മാറിയ ബിഗ് ബോസില്‍ അത് സാധിച്ചില്ല. നോറയെ ടാര്‍ഗറ്റ് ചെയ്തു എന്നത് മാത്രമാണ് അദ്ദേഹം പ്ലാന്‍ ചെയ്ത് വന്നതില്‍ നടപ്പാക്കിയെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയ ഒരേയൊരു കാര്യം. ഹൗസിലും പുറത്തും കാര്യമായ സപ്പോര്‍ട്ട് ഇല്ലെന്ന ബോധ്യത്തില്‍ കൂടിയാണ് സിജോ അത് ചെയ്തത്. എന്നാല്‍ തിരിച്ച് കാര്യമായി അക്രമിക്കാന്‍ മുതിരാത്ത ഒരു മത്സരാര്‍ഥിയെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് വലിയ മാസ് ആയൊന്നും പ്രേക്ഷകര്‍ എടുത്തില്ല, ഒരുപക്ഷേ അത്തരമൊരു വിലയിരുത്തലാവും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് സിജോ പ്രതീക്ഷിച്ചിട്ടുണ്ടാവുക.

റോക്കിയില്‍ നിന്ന് പരിക്കേല്‍ക്കുന്ന പതിനഞ്ചാം ദിനം വരെ ഫിസിക്കല്‍ ടാസ്കുകളില്‍ ശക്തനായ മത്സരാര്‍ഥിയായിരുന്നു സിജോ. എന്നാല്‍ രണ്ടാം വരവില്‍ അക്കാര്യത്തില്‍ പല പരിമിതികളുമുണ്ടായിരുന്നു സിജോയ്ക്ക്. സംസാരിക്കല്‍ ഏറെ പ്രധാനമായ ബിഗ് ബോസ് ഹൗസില്‍ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ സിജോയ്ക്ക് അതിലും പരിമിതികള്‍ ഉണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ഫാമിലി വീക്ക് കഴിഞ്ഞപ്പോഴാണ് സംസാരിക്കുന്നതില്‍ സിജോ പഴയ ആത്മവിശ്വാസത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ അപ്പോഴേക്കും ഹൗസില്‍ മത്സരരാവേശത്തിന്‍റേതായ ഒരു സാഹചര്യം അവസാനിച്ചിരുന്നു. രണ്ടാം വരവില്‍ സിജോ പറഞ്ഞതൊക്കെ വെറും അവകാശവാദങ്ങളായാണ് ഭൂരിഭാഗം സഹമത്സരാര്‍ഥികളും വിലയിരുത്തിയത്.

 

പാളിയ കൂട്ടുകെട്ട്

പരിക്കേറ്റ് പോയ സിജോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു സഹമത്സരാര്‍ഥി പോലും ബിഗ് ബോസിനോട് അന്വേഷിച്ചില്ലെന്ന കാര്യം മോഹന്‍ലാല്‍ ഉന്നയിച്ചിരുന്നു. രണ്ടാം വരവില്‍ രണ്ട് വൈല്‍ഡ് കാര്‍ഡുകളെയാണ് സിജോ അടുത്ത സുഹൃത്തുക്കളായി പരിഗണിച്ചത്. സായ് കൃഷ്ണനും നന്ദനയുമായിരുന്നു അത്. എന്നാല്‍ രസകരമായ ചില നിമിഷങ്ങള്‍ സൃഷ്ടിച്ചു എന്നതൊഴിച്ച് ഗെയിമര്‍ എന്ന നിലയില്‍ സിജോയുടെ മൂര്‍ച്ച കുറയ്ക്കുകയാണ് ഇത് ചെയ്തത്. കപ്പ് അടിക്കുക എന്ന ലക്ഷ്യവുമായി എത്തിയ ആളല്ല സായ്. സായ്- സിജോ- നന്ദന എന്നിവര്‍ക്കിടയില്‍ അവര്‍ തന്നെ കൊണ്ടുവരാന്‍ ശ്രമിച്ച ബാംഗ്ലൂര്‍ ഡെയ്സ് കോമ്പോ പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ആയില്ല. മാത്രമല്ല, മണി ബാഗ് ടാസ്കിന് മുന്‍പ് അത് നന്ദനയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാമെന്ന പ്ലാനിംഗും അവസാനസമയത്ത് സിജോയുടെ വോട്ട് കുറച്ചുകാണണം.

'എട മോനേ'

സുഹൃത്തുക്കളോട് സ്നേഹത്തോടെയും എതിരാളികളോട് തമാശയായും സിജോ സംബോധന ചെയ്യുന്നത് മോനേ എന്നായിരുന്നു. ഹൗസിലെ ഒരു വല്യേട്ടനായി സിജോ സ്വയം കണ്ടിട്ടുണ്ടാവണം. എന്നാല്‍ അത്തരത്തില്‍ ഒരു ഇമേജ് പ്രേക്ഷകര്‍ക്കിടയില്‍ തോന്നാനുംവണ്ണം ടാസ്കുകളിലോ ഗെയിമുകളിലോ അതുമല്ലെങ്കില്‍ വാക് പോരുകളിലോ ഒന്നും സിജോ സഹമത്സരാര്‍ഥികളില്‍ നിന്ന് വേറിട്ടുനിന്നില്ല. ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ സിജോയേക്കാള്‍ ഏറെ മികവ് കാണിച്ച മത്സരാര്‍ഥികള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ഒരു എന്‍റര്‍ടെയ്നര്‍ ആയിരുന്നില്ല എന്നതും സിജോയ്ക്ക് പ്രേക്ഷകപ്രീതി ഉയരാന്‍ തടസം നിന്ന ഘടകമാണ്. അവസാനത്തെ സൗഹൃദ കോമ്പോ ഒഴിച്ചുനിര്‍ത്തിയാല്‍ സിജോ പ്രേക്ഷകര്‍ക്ക് രസകരമായ നിമിഷങ്ങളൊന്നും നല്‍കിയിട്ടില്ല. ബിഗ് ബോസില്‍ വലിയ പ്രേക്ഷകപ്രീതി നേടുന്ന പല മത്സരാര്‍ഥികള്‍ക്കുമുള്ള ഒരു യോഗ്യതയാണ് നേതൃപാടവം. അത് അളക്കാന്‍ ബിഗ് ബോസ് ഉപയോഗിക്കുന്ന മാനദണ്ഡമാണ് ക്യാപ്റ്റന്‍സി. ആദ്യമായി ലഭിച്ച ക്യാപ്റ്റന്‍സിയിലെ സിജോയുടെ പരാജയം കൂടിയാണ് നിര്‍ഭാഗ്യകരമായ ആ സംഭവത്തിലേക്ക് വഴി തെളിച്ചത്.

 

തലയുയര്‍ത്തി മടക്കം

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ മറ്റൊരു മത്സരാര്‍ഥിയും നേരിടാത്ത വെല്ലുവിളിയെയാണ് സിജോയ്ക്ക് നേരിടേണ്ടിവന്നത്. ചെറിയ മാനസിക പ്രശ്നങ്ങള്‍ക്കുപോലും പുറത്ത് പോകണമെന്ന് മത്സരാര്‍ഥികള്‍ പറയുന്നിടത്താണ് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ട സാഹചര്യം വന്നപ്പോഴും സിജോ പിടിച്ചുനിന്നത്. സിജോ തന്നെ പറയുമ്പോലെ ഒരു പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടുപോകാന്‍ അവനവന്‍ തന്നെ വിചാരിച്ചാല്‍ മതിയെന്ന വലിയ പാഠം നല്‍കിയാണ് സിജോ മടങ്ങുന്നത്. 

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

'ഫൈനല്‍ ഫൈവ്' കാണാതെ നോറ പോവുന്നത് എന്തുകൊണ്ട്? 8 കാരണങ്ങള്‍ ഇവയാണ്

സര്‍പ്രൈസ് 'സീക്രട്ട് റൂം'! അവസാന അവസരം മുതലാക്കുമോ നോറ?

നടത്തിയത് വന്‍ കുതിപ്പ്; ഫിനാലെയ്ക്ക് രണ്ടാഴ്ച ശേഷിക്കെ നന്ദന പുറത്താവുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍

ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?

ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍

അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍

പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി

ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍

ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?

പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍

കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!