ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

By Nithya Robinson  |  First Published May 28, 2023, 10:15 PM IST

സാഗറിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റ് ആണ്.


'ഞാന്‍ മൂന്ന് ദിവസം കൂടിയേ ഉള്ളൂ മച്ചാനേ', രണ്ട് ദിവസം മുൻപ് ജുനൈസിനോട് സാഗർ പറഞ്ഞ വാക്കുകളാണിത്. ഒടുവിൽ ഈ വാക്കുകൾ ഇന്ന് അന്വർത്ഥം ആയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ അഞ്ചിൽ അറുപതോളം ദിവസങ്ങൾ പൂർത്തിയാക്കി സാഗർ സൂര്യ പടിയിറങ്ങി.

മൊത്തം മത്സരാർത്ഥികളിൽ സാഗറിന് പകരം പുറത്ത് പോകാൻ അർഹർ മറ്റ് പലരുമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അത് വാസ്തവമാണെങ്കിലും സാഗറിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റ് ആണ്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. അതും ഒന്നിനൊന്ന് ശക്തരും ഗെയിം മനസിലാക്കി കണ്ടന്റ് കൊടുത്ത് കളിക്കുന്നവരും. ഇതിൽ ജനപിന്തുണയുടെ കാര്യത്തിൽ ഏറ്റവും കുറവുള്ളത് സാഗറിനാണ്. അതുതന്നെയാണ് സാഗർ പുറത്താകാനുള്ള കാരണം.

Latest Videos

undefined


ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിക്കുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ ഷോയിൽ ഉണ്ടാകുമെന്ന് ഏവരും എടുത്ത് പറഞ്ഞ പേരുകളിൽ ഒന്ന് സാഗർ സൂര്യയുടേതാണ്. തട്ടീ മുട്ടീം പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സാഗർ മികച്ചൊരു ബിബി മെറ്റീരിയൽ ആയിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന സാഗറിന്റെ യാത്രയ്ക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച ഒഴുക്കൻ മട്ടിലായിരുന്നു സാഗർ ബിബി വീട്ടിൽ കഴിഞ്ഞ് പോയത്. മറ്റുള്ളവരോട് സംസാരിക്കുന്നത് പോലും കുറവായിരുന്നു. താൻ ബിബി ഷോ കണ്ടിട്ട് വരുന്ന ആളാണെന്ന് സാഗർ ആവർത്തിച്ച് പറഞ്ഞിരുന്നത് കൊണ്ട് പതിയെ ട്രാക്കിലേക്ക് എത്തുമെന്ന് ചിന്തിച്ചു. അതായത് 100 ദിവസം നീണ്ട് നിൽക്കുന്ന ഷോയിൽ തുടക്കം മുതലെ എനർജി നശിപ്പിക്കേണ്ടെന്ന് കരുതിയിരിക്കണം. അത് പ്രേക്ഷകരിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. ശേഷമാണ് ജുനൈസുമായി സാഗർ അടുക്കുന്നത്.


സാഗർ- ജുനൈസ് എന്നിവരാണ് ബിഗ് ബോസിൽ ആദ്യം ഒരു ഗ്രൂപ്പും സൗഹൃദവുമൊക്കെ സൃഷ്ടിച്ചത്. മികച്ച കോമ്പോ ആയിരുന്ന ഈ ഗ്യാങ്ങിന്റെ ഏറ്റവും വലിയ പ്രശ്നം അതിര് കടന്ന ചിന്തകൾ ആയിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പോലും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതിന്റെ ആണിക്കല്ല് ജുനൈസ് ആണെന്ന് വ്യക്തമാണ്. രണ്ട് പേരും ഇത്തരത്തിൽ ഉയർത്തി കൊണ്ടുവരുന്ന കണ്ടന്റുകൾ എല്ലാം അഖിൽ മാരാരും സംഘവും പൊട്ടിച്ച് കയ്യിൽ കൊടുക്കാറുമുണ്ട്. എന്തിനേറെ പുറത്ത് ട്രോളുകളിലും ഇരുവരും കഥാപാത്രമായി. എന്നാൽ ഷോയിലൊരു ഓളം സൃഷ്ടിച്ച ഗ്രൂപ്പായിരുന്നു ഇത്. ഇരുവരും തങ്ങളുടെ രീതിയിൽ ഗെയിം കളിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് സെറീന കടന്നു വരുന്നത്. സാഗർ എന്ന മത്സരാർത്ഥി താളം തെറ്റി തുടങ്ങുന്നത് ഈ വാരവോടെയാണെന്ന് പറയാം. അതുമൊരു ലവ് ട്രാക്ക്.

പുറത്തെ ഇമേജിനെ കുറിച്ച് വളരെ ബോധമുള്ള മത്സരാർത്ഥികളിൽ ഒരാളാണ് സാഗർ. പറയുന്ന ഓരോ വാക്കിലും പ്രവൃത്തിയിലും അത് പ്രകടമായിരുന്നു. സെറീനയുടെ വിഷയത്തിലും ഇക്കാര്യം സാഗറിനെ ബാധിച്ചു. പ്രണയമാണെന്ന് ധ്വനിപ്പിക്കുകയും കുറച്ച് കഴിഞ്ഞ് സൗഹൃദമാണെന്ന് പറയുകയും ചെയ്ത് ഇരുവരും കാണികളെയും കൺഫ്യൂഷനടിപ്പിച്ചു. വിമർശനങ്ങൾക്ക് കാരണമായി. ചുരുക്കി പറഞ്ഞാൽ ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കാത്തത് സാഗറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തം.


സെറീനയുടെ വരവ് ജുനൈസും സാഗറും തമ്മിലുള്ള സൗഹൃദത്തിൽ പ്രശ്നങ്ങളുണ്ടാക്കി. കാരണം ജുനൈസിന് ക്രഷ് തോന്നിയിട്ടുള്ള ആളാണ് സെറീന. മുൻപ് സാഗറും ജുനൈസും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും കുറച്ച് കഴിയുമ്പോൾ അത് പറഞ്ഞ് തീർക്കുമായിരുന്നു. എന്നാൽ സെറീന വന്നതോടെ എല്ലാം കുഴഞ്ഞ് മറിഞ്ഞു. പരസ്പരം പാരവെയ്ക്കാൻ തുടങ്ങി. ‌

ഇതിനിടെ ആണ് ഓർ‍ക്കാപ്പുറത്ത് നാദിറ വരുന്നത്. നാദിറയുടെ വരവ് സാഗർ എന്ന മത്സരാർത്ഥിയെ വല്ലാതെ ബാധിച്ചു. ശ്രദ്ധനേടി വന്ന സെറീന -സാഗർ കോമ്പോയിൽ വിള്ളൽ വീഴ്ത്തി. നാദിറയോട് നോ പറയാൻ സാഗർ വളരെയധികം ബുദ്ധിമുട്ടി. അതായത്, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഈ സംഭവം എന്ന സ്വയംബോധം സാഗറിനുണ്ടായി. അത് സാഗറിന്റെ പോസിറ്റീവ് ആയ വശമാണ്.

നാദിറയോട് നോ പറഞ്ഞാൽ അത് പുറത്ത് തനിക്ക് നെഗറ്റീവ് ആയി ബാധിക്കുമോ എന്ന് സാഗർ വല്ലാതെ ഭയന്നു. നാദിറ ഒരു കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് വന്നത് കൊണ്ടുതന്നെയാണ് അത്. താഴേത്തട്ടിൽ നിന്ന് പതിയെ ഉയർന്ന് വന്ന സാഗറിനെ, നാദിറയുടെ സാമീപ്യം അമ്പതാം എപ്പിസോഡിലേക്ക് അടുക്കുന്ന വേളയിൽ പിന്നോക്കം വലിച്ചു. ഒടുവിൽ രജിത്ത് കുമാർ സാഗറിനെ രക്ഷിക്കുന്നുണ്ട്. എന്നാൽ വ്യക്തമായൊരു സ്റ്റാൻഡ് എടുക്കാൻ സാധിക്കാത്തത് സാഗറിന് നെഗറ്റീവായി.

ജുനൈസിനോടും മനീഷയോടും ആണ് സാഗർ ബിബി ഹൗസിൽ ആദ്യഘട്ടത്തിലൊക്കെ സംസാരിച്ചിരുന്നത്. മറ്റുള്ളവരുമായി സാഗറിന് യാതൊരു കണക്ഷനും ഇല്ല. അടുത്തകാലത്ത് ജുനൈസ് മറ്റുള്ളവരുമായി ഇടപെടാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ സാഗറിന് ഇതുവരെയും അതിന് കഴിഞ്ഞില്ല. ഒറ്റപ്പെട്ട ആളായി മാറി. അതൊരുപക്ഷേ ഒറ്റപ്പെട്ട് നടക്കാൻ ഇഷ്ടപ്പെട്ടതോ അല്ലെങ്കിൽ സാഗറിന്റെ സ്ട്രാറ്റജിയോ ആകാം. തുടങ്ങിവച്ച സൗഹൃദങ്ങൾ സാഗറിന് നഷ്ടപ്പെട്ടു. പുതിയതൊട്ട് തുടങ്ങാനും കഴിഞ്ഞില്ല.



സൗഹൃദം എല്ലാ സീസണിലും പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് തന്നെ ജുനൈസിനോടുള്ള അകൽച്ചയും അയാൾക്കെതിരെയുള്ള സംസാരവും എല്ലാം സാഗറിന് പുറത്ത് നെഗറ്റീവായി ബാധിച്ചു. സ്വന്തമായി സ്റ്റാൻഡ് എടുക്കാനാകാത്തത് മറ്റുള്ളവരിൽ സാഗറിനോടുള്ള വിശ്വാസ്യതയും നഷ്ടമായി. അത് ഗെയിമിന്റെ കാര്യത്തിലായാലും ബിബി ഹൗസിലെ ഇടപെടലുകളിൽ ആയാലും.

ഇമോഷണലി ഡൗൺ ആയിട്ടുള്ള ആളാണ് സാഗർ. ഇത് ബിബി ജീവിതത്തിൽ സാഗറിന് ഗുണം ചെയ്തിട്ടുമുണ്ട്. അമ്മയെ കുറിച്ചൊക്കെ സാഗർ വീട്ടിൽ പറഞ്ഞത് പ്രേക്ഷകരിൽ നോവുണർത്തിയിരുന്നു. സോഷ്യൽ മീഡിയയിലെല്ലാം അത് ചർച്ചയാകുകയും ചെയ്തു. പക്ഷേ അത് മാത്രം വച്ച് ബിഗ് ബോസ് വീട്ടിൽ മുന്നോട്ട് പോകുക എന്നത് സാധ്യമായ കാര്യമല്ല. തെറ്റ് മനസിലാക്കാതെ സാഗർ സൂര്യ പെരുമാറുന്നുവെന്നൊരു അഭിപ്രായവും പ്രേക്ഷകർക്കുണ്ടായിരുന്നു.

സാഗറിന്റെ മറ്റൊരു നെഗറ്റീവ് ടാസ്കുകളിൽ ആക്ടീവ് അല്ല എന്നതാണ്. ക്യാപ്റ്റൻസി കൈവെള്ളയിൽ വന്നിട്ടും അവസാന നിമിഷം നഷ്ടപ്പെട്ട് പോയൊരു മത്സരാർഥി കൂടിയാണ് സാഗർ. അതിന് കാരണം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിന് മുമ്പിൽ വച്ച് സാഗർ അഖിലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതാണ്. ഇതും സാഗറിന് നെഗറ്റീവ് ആയി വന്നിട്ടുണ്ട്. ഗസ്റ്റിന്‍റെ പക്കല്‍ നിന്നും പണം തട്ടിപ്പറിച്ചതും നെഗറ്റീവായി ബാധിച്ചു. ആകെ മൊത്തത്തിൽ നോക്കിയാൽ സാഗറിന് പോസിറ്റീവ് ആയൊരു വൈബ് ആയിരുന്നില്ല ബിബി ഹൗസ് എന്ന് വ്യക്തം.

അതേസമയം, എവിക്ട് ആയെന്ന് കരുതി സാഗറൊരു മോശം മത്സരാർത്ഥി ആണെന്ന് പറയാൻ പറ്റില്ല. കാരണം ബിഗ് ബോസ് വീട്ടിൽ പത്താം ആഴ്ചവരെ സാഗർ എത്തിയതാണ്. അതത്ര എളുപ്പമായ കാര്യവുമല്ല. പിന്നെ കരുത്തരായവരാണ് ഇത്തവണ സാഗറിനൊപ്പം നോമിനേഷനിൽ വന്നത്. അതും പ്രേക്ഷക പിന്തുണ ഏറെ ഉള്ളവരും. ഒരുപക്ഷേ ഇവരായിരുന്നില്ല ലിസ്റ്റിൽ വന്നിരുന്നെങ്കിൽ സാഗർ എവിക്ട് ആകുമായിരുന്നില്ല. എന്തായാലും സാഗർ കൂടി പുറത്ത് പോയതോടെ ഇനി ബിഗ് ബോസിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർത്ഥികളാണ്. ഇതിൽ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്ന് കാത്തിരുന്ന് കാണാം.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

click me!