"ആ എപ്പിസോഡില്‍ എനിക്ക് സോറി പറയാന്‍ പറ്റിയില്ല. അതാണ് ഞാന്‍ ചെയ്ത ഒരു തെറ്റായി ഞാന്‍ കാണുന്നത്."
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ കാര്യങ്ങളിലൊന്നായിരുന്നു ജീവിതാനുഭവമെന്ന നിലയില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കാര്യവും പിന്നീട് അതിന്‍റെ വസ്തുനിഷ്ഠത ചോദ്യം ചെയ്യപ്പെട്ടതും. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചുവെന്നുമാണ് ജീവിതം പറയാനുള്ള ഒരു ടാസ്കിനിടെ മിഥുന്‍ പറഞ്ഞത്. ഈ കഥയുടെ വിശ്വാസ്യത സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പിന്നീട് അടുത്ത വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തു. പറഞ്ഞത് തെറ്റാണെങ്കില്‍ അത് തുറന്ന് സമ്മതിക്കാനുള്ള അവസരം മോഹന്‍ലാല്‍ പലയാവര്‍ത്തി നല്‍കിയെങ്കിലും മിഥുന്‍ അന്ന് അതിന് തയ്യാറായില്ല. എന്നാല്‍ ഫിനാലെയ്ക്ക് മുന്‍പ് ഹൌസില്‍ തിരിച്ചെത്തിയപ്പോള്‍ മിഥുന്‍ കാര്യങ്ങള്‍ തുറന്ന് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഫിനാലെയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ നേരിട്ട ഒരു പ്രധാന ചോദ്യവും ഇതായിരുന്നു. അന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ സത്യം സമ്മതിക്കാനുള്ള വിമുഖത എങ്ങനെ ഉണ്ടായെന്ന് മിഥുന്‍ പറയുന്നു. ഷാജി പാപ്പന്‍ എന്ന യുട്യൂബ് ചാനലിനോടാണ് മിഥുനിന്‍റെ പ്രതികരണം.
"ഞാന്‍ ഒരു പ്രശ്നത്തില്‍ പെട്ടപ്പോള്‍ നാട്ടിലുള്ളവര്‍ നന്നായി വിഷമിച്ചു. എനിക്കും ഭയങ്കര വിഷമമായി അത് കണ്ടപ്പോള്‍. ആ എപ്പിസോഡില്‍ എനിക്ക് സോറി പറയാന്‍ പറ്റിയില്ല. അതാണ് ഞാന്‍ ചെയ്ത ഒരു തെറ്റായി ഞാന്‍ കാണുന്നത്. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ നല്ല രീതിയില്‍ ഞാന്‍ സോറി പറഞ്ഞു. നിങ്ങളെല്ലാവരും കണ്ടതാണല്ലോ. ആ വിഷയം ഞാന്‍ അവിടെ വിട്ടു. എനിക്ക് പറ്റിയ ചെറിയൊരു അബദ്ധം. ലാലേട്ടന്‍ ചോദിച്ച സമയത്ത് എനിക്ക് പറ്റിയില്ല. ആ സമയത്തെ എന്‍റെ മാനസികാവസ്ഥയില്‍ ചെറുതായി പേടിച്ച് പോയി. അതാണ് സത്യത്തില്‍ ഉണ്ടായത്. ട്രോളുകളൊക്കെ കണ്ടിരുന്നു. കുറച്ച് ചിരിക്കാനുള്ള സംഭവങ്ങളൊക്കെ ഉണ്ടായിരുന്നു. കുറച്ച് വിഷമവും തോന്നി", മിഥുന്‍ പറയുന്നു.
undefined
ബിഗ് ബോസില്‍ ക്ഷമ ചോദിച്ചുകൊണ്ട് മിഥുന്‍ പറഞ്ഞത്
പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് ഞാന്‍ അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്‍റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. സന എന്ന് പറയുന്ന ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായിരുന്നു. ആ ഒരു പ്രശ്നത്തെ തുടര്‍ന്നാണ് അത് ആകെ കത്തിക്കയറിയത്. എന്‍റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മി എന്ന ഒരു ഫോഴ്സിന്‍റെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. പറയാന്‍ പാടില്ലാത്ത കാര്യം ആയിരുന്നു. അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞുപോയതാണ്. ആ ഒരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണ്.
എന്‍റെ ജീവിതത്തില്‍ എനിക്കൊരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍.. അങ്ങനെയൊന്നും ഇല്ല. അത് ആ ഒരു ഇതില്‍ അങ്ങ് പറഞ്ഞ് പോയതാണ് ഞാന്‍. പക്ഷേ അത് ഇപ്പോള്‍ വന്നുവന്ന് എന്‍റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. വുഷു ഞാന്‍ പഠിച്ചിട്ടില്ല, വുഷു എനിക്ക് അറിയില്ല എന്നുവരെ ആയി ഇപ്പോള്‍. അങ്ങനത്തെ രീതിയിലുള്ള സൈബര്‍ ആക്രമണം വരെ വന്നിട്ടുണ്ട്. അത് ഞാന്‍ പുറത്ത് പോയിട്ട് തെളിയിച്ചോളാം. ആദ്യത്തെ ആ കഥയുടെ പേരില്‍ എല്ലാ മലയാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാ പട്ടാളക്കാരോടും സോറി പറയുന്നു. ചാനലിലോടും. എന്നെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഉണ്ട്. അവരെ എനിക്കൊന്ന് ബോധ്യപ്പെടുത്തണം എന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറഞ്ഞത്. പ്രൊഫഷനിലും വലിച്ചുകീറി. അത് മാത്രമേ എനിക്ക് ഇത്തിരി വിഷമമായിട്ടുള്ളൂ. എന്‍റെ വീട്ടുകാര്‍ക്ക് ആയാലും. ഞാന്‍ ചെയ്ത ഈ പ്രശ്നത്തിന്‍റെ പേരില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എന്‍റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അത് വളരെയധികം മോശമായ കാര്യമാണ്.
ഞാന്‍ കളിക്കുന്നത് പ്രോ വുഷു ആണ്. പ്രോ വുഷു സാന്‍ഡയാണ്. പ്രൊഫഷണല്‍ ഫൈറ്റര്‍ ആണ്, അമച്വര്‍ ഫൈറ്റര്‍ അല്ല. ഇവരുടെ അസോസിയേഷനിലേക്ക് എടുത്തിടാനോ എടുത്ത് കളയാനോ പറ്റില്ല. എനിക്ക് അടുത്ത വര്‍ഷം ഒരു കളി വന്നാല്‍ എനിക്ക് പോയി കളിക്കാം. പല ബ്രാന്‍ഡുകളും എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇനിയും വരും കളി. ഒരേ വര്‍ഷം ഒന്നോ രണ്ടോ ഇന്‍റര്‍നാഷണല്‍ കളിക്കാനുള്ള പ്ലാന്‍ ആണ്. ഞാന്‍ സംസാരിക്കാതെ തന്നെ ഇതൊക്കെ തെളിഞ്ഞ് തുടങ്ങുന്നുണ്ട്. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് കൊടുക്കുന്ന വിശദീകരണം ഒരു പ്രസ് മീറ്റില്‍ പോലും എനിക്ക് കൊടുക്കാന്‍ പറ്റില്ല.
ALSO READ : 50 ലക്ഷം മാത്രമല്ല, ഒരു സര്‍പ്രൈസ് സമ്മാനവും; വിജയത്തിളക്കത്തില്‍ അഖില്‍ മാരാര്‍
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ