'ഫൈനല്‍ ഫൈവ്' കാണാതെ നോറ പോവുന്നത് എന്തുകൊണ്ട്? 8 കാരണങ്ങള്‍ ഇവയാണ്

By Nirmal Sudhakaran  |  First Published Jun 8, 2024, 11:21 PM IST

ഫിനാലെ വീക്കിന് തൊട്ടുമുന്‍പ് ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞിരിക്കുകയാണ് നോറ. ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന ഫൈനല്‍ ഫൈവിലേക്ക് നോറയ്ക്ക് ഇടം ലഭിക്കാഞ്ഞത് എന്തുകൊണ്ടാണ്? 


സീസണ്‍ തുടങ്ങി കുറച്ച് ആഴ്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ത്തന്നെ ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഒരു തോന്നല്‍ ഉണ്ട്. പിന്നീടങ്ങോട്ട് തങ്ങളെ ഒഴിവാക്കി ഈ സീസണിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും അവസാനം വരെ തങ്ങള്‍ ഉണ്ടാവുമെന്നും. സഹമത്സരാര്‍ഥികളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന ചില സ്വഭാവ സവിശേഷതകളാവും അതിന് കാരണം. ഈ സീസണില്‍ അങ്ങനെ തോന്നിപ്പിച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നോറ മുസ്കാന്‍. എന്നാല്‍ ഫിനാലെ വീക്കിന് തൊട്ടുമുന്‍പ് ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞിരിക്കുകയാണ് നോറ. ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന ഫൈനല്‍ ഫൈവിലേക്ക് നോറയ്ക്ക് ഇടം ലഭിക്കാഞ്ഞത് എന്തുകൊണ്ടാണ്? കാരണങ്ങള്‍ പരിശോധിക്കാം.

തീര്‍ത്തും വ്യക്തിപരം

Latest Videos

ബിഗ് ബോസ് ഹൗസ് ഒരു സമൂഹമാണെങ്കില്‍ സാമൂഹികജീവിതം തീര്‍ത്തും കുറഞ്ഞ മത്സരാര്‍ഥിയായിരുന്നു നോറ. ഈ സീസണിലെ മത്സരാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്നുകേട്ട ശബ്ദങ്ങളിലൊന്ന് നോറയുടേത് ആയിരുന്നു. ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ട ഒരാളും നോറ ആയിരുന്നു. എന്നാല്‍ പറഞ്ഞതില്‍ 95 ശതമാനവും തന്നെക്കുറിച്ച് മാത്രമുള്ള കാര്യങ്ങളാണ് നോറ പറഞ്ഞത്. തന്നെ നേരിട്ട് ബാധിക്കാത്ത, ഹൗസിലെ പൊതുവിഷയങ്ങളില്‍ ഇടപെടല്‍ തീരെ കുറവ്. ഇനി അത്തരം കാര്യങ്ങള്‍ ആണെങ്കില്‍പ്പോലും നോറ പറഞ്ഞ് വരുമ്പോള്‍ അത് വ്യക്തിപരമായ ഒരു കാര്യമായി മാറുമായിരുന്നു. ഇതില്‍നിന്നൊക്കെ സ്വാര്‍ഥതയുള്ള ഒരു മത്സരാര്‍ഥി എന്ന ഇമേജ് ആണ് നോറയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. എതിരാളികളുമായി നോറ നടത്തിയിട്ടുള്ള ചില വാക്പോരാട്ടങ്ങള്‍ക്കൊക്കെ പ്രേക്ഷകരില്‍ നിന്നും കൈയടി ലഭിച്ചിട്ടുണ്ടെങ്കിലും ഈ ഇമേജ് അവസാനം വരെ അവരെ വിടാതെനിന്നു.

 

പരത്തി പറയല്‍

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഏറ്റവും ചുരുക്കി പറയുമ്പോഴാണ് അതിന് ബലമുണ്ടാവുന്നതും ആ വാക്കുകള്‍ ഉദ്ദേശിച്ച ഫലം ഉണ്ടാക്കുന്നതും. അല്ലാത്തപക്ഷം അത് ശ്രദ്ധയോടെ കേള്‍ക്കുന്നവരുടെ എണ്ണം കുറയും. ഈ സീസണിലെ മുഴങ്ങിക്കേട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നെങ്കിലും പരത്തി പറഞ്ഞതിനാല്‍ പാഴ്വാക്കായി മാറിയതായിരുന്നു പലപ്പോഴും നോറയുടെ വാക്കുകള്‍. അത് കോമഡിയായി മാറിയ സന്ദര്‍ഭങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഒരു സ്ക്രീനിന് അപ്പുറവും ഇപ്പുറവും ഇരുന്ന് രണ്ട് പേര്‍ക്ക് സംസാരിക്കാനുള്ള ടാസ്ക്. മുഖത്തുനോക്കി പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കാതെ പറയാനുള്ള സാഹചര്യമാണ് ബിഗ് ബോസ് അന്ന് ഒരുക്കിയത്. നോറയ്ക്ക് സംസാരിക്കേണ്ടിയിരുന്നത് സിജോയോട് ആയിരുന്നു. എന്നാല്‍ രണ്ട് ബസറുകള്‍ക്കുള്ളില്‍ സിജോയോട് ഒരു ചോദ്യം ചോദിച്ച് പൂര്‍ത്തിയാക്കാന്‍ പോലും നോറയ്ക്ക് സാധിച്ചില്ല. പരത്തി പറയുന്നതിനാല്‍ നോറയുടെ വാക്കുകള്‍ക്ക് സഹമത്സരാര്‍ഥികളില്‍ നിന്നും ഒരിക്കലും ഗൗരവും ലഭിച്ചില്ല.

'സീരിയസ്' ഗെയിം

എതിരാളികള്‍ക്ക് മുന്നില്‍ പോയിന്‍റുകള്‍ അവതരിപ്പിക്കുന്നതിലെ മികവും ടാസ്കുകളിലെയും ഗെയിമുകളിലെയും പ്രകടനവും മാത്രമല്ല ബിഗ് ബോസില്‍ പ്രേക്ഷകപ്രീതി നേടാനുള്ള വഴി, ഇതൊന്നുമല്ലാതെ അവരെ വിനോദിപ്പിക്കുന്ന രസകരമായ നിമിഷങ്ങള്‍ ഒരുക്കുന്ന മത്സരാര്‍ഥികള്‍ക്ക് മുന്‍പും ബിഗ് ബോസില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിന് സാധിക്കാത്ത മത്സരാര്‍ഥി ആയിരുന്നു നോറ. അതിന് സാധ്യത തുറക്കുന്ന അവസരങ്ങള്‍ പലപ്പോഴും അവര്‍ കളഞ്ഞുകുളിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് ജിന്‍റോയുടെയും നോറയുടെയും കൈകള്‍ ഒരു കയറിനാല്‍ ബന്ധിപ്പിച്ചുള്ള ടാസ്ക്. രസകരമാക്കാന്‍ ഉദ്ദേശിച്ച് ബിഗ് ബോസ് നല്‍കിയ ആ ടാസ്ക് പോലും നോറ സീരിയസ് ആയാണ് എടുത്തത്. ഹൗസില്‍ അടുത്ത സൗഹൃദങ്ങള്‍ ഇല്ലാതിരുന്നതും അങ്ങനെയുള്ള നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ നോറയ്ക്ക് തടസം നിന്ന ഘടകമാണ്. എപ്പോഴും ഒരേ രീതിയില്‍ മാത്രം പെരുമാറുന്ന ആള്‍ എന്ന ഇമേജ് അവസാനമായപ്പോഴേക്ക് സഹമത്സരാര്‍ഥികള്‍ ട്രോള്‍ ചെയ്യുന്നതും സാധാരണമായിരുന്നു.

 

ഐ ആം എലോണ്‍

ഒറ്റപ്പെടല്‍ ഒരു സ്ട്രാറ്റജിയായി ഉപയോഗിച്ചേക്കാം എന്ന ഭയം മൂലം ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിയെയും ഒറ്റപ്പെടാന്‍ അനുവദിക്കാറില്ല ഇപ്പോള്‍ സഹമത്സരാര്‍ഥികള്‍. ഒരു സ്ട്രാറ്റജിയായി തോന്നിപ്പിച്ചില്ലെങ്കിലും ഹൗസില്‍ ഒറ്റപ്പെട്ടുനിന്ന മത്സരാര്‍ഥിയായിരുന്നു നോറ. നോറ തന്നെ പറഞ്ഞത് പ്രകാരം ഇമോഷണലി വീക്ക് ആയ മത്സരാര്‍ഥിയെന്ന ടാഗ് ആണ് അവര്‍ക്ക് ആദ്യം അവിടെ പതിച്ചുകിട്ടിയത്. തൊണ്ണൂറ് ദിവസം അടുത്ത സൗഹൃദങ്ങളില്ലാതെ, അതിജീവനത്തിനായി അധികം ആരെയും ആശ്രയിക്കാതെ അങ്ങനെ ഒരാള്‍ക്ക് തുടരാനാവുമോ എന്ന ചോദ്യം സ്വാഭാവികം. നോറ ഇമോഷണലി വീക്ക് ആയിരുന്നില്ല എന്നതാണ് അതിന് ഉത്തരം. എന്നാല്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്നത് നോറയ്ക്ക് നെഗറ്റീവ് ആയി ഭവിച്ചു. ആകെ റസ്മിനോട് മാത്രമാണ് നോറ സൗഹൃദത്തിലായത്.

നിലപാടുകളിലെ കൈയടി

അടുത്ത സൗഹൃദങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ എതിരഭിപ്രായങ്ങള്‍ ആരുടെ മുഖത്തുനോക്കിയും പറയാന്‍ കഴിഞ്ഞു നോറയ്ക്ക്. അതിനാല്‍ത്തന്നെ വീക്കെന്‍ഡ് എപ്പിസോഡുകളിലടക്കം നോറയുടെ അഭിപ്രായം ഭൂരിപക്ഷത്തില്‍ നിന്ന് വേറിട്ടുനിന്നു. അപ്രിയസത്യങ്ങള്‍ തുറന്നുപറയാന്‍ കാണിച്ച ധൈര്യം നോറയ്ക്ക് ഒരു ഘട്ടത്തില്‍ പ്രേക്ഷകരുടെ കൈയടി നേടിക്കൊടുത്തിരുന്നു. ഉദാഹരണത്തിന് ഗബ്രിയും ജിന്‍റോയും എവിക്റ്റ് ആയെന്ന് തോന്നിപ്പിച്ചതിന് ശേഷം അവര്‍ തിരിച്ചുവരണമെന്ന് അഭിപ്രായമില്ലാത്തവര്‍ ആരൊക്കെയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് നോറ മാത്രമാണ് കൈ ഉയര്‍ത്തിയത്. എന്നാല്‍ ഒരു ഗെയിമര്‍ എന്ന നിലയില്‍ ആ സ്വീകാര്യത മുന്നോട്ട് കൊണ്ടുപോകാന്‍ നോറയ്ക്ക് സാധിച്ചില്ല.

 

ഫാമിലി വീക്ക്

മിക്ക മത്സരാര്‍ഥികള്‍ക്കും പുതിയ ഊര്‍ജ്ജമാണ് ഫാമിലി വീക്ക് പകര്‍ന്നതെങ്കില്‍ നോറയെ സംബന്ധിച്ച് അത് അങ്ങനെ ആയിരുന്നില്ല. ഹൗസിലെത്തിയ അച്ഛന്‍ പറഞ്ഞ ചില കാര്യങ്ങളോട് നോറയ്ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. അവര്‍ പോയതിന് ശേഷവും തന്‍റെ ഭാഗം വ്യക്തമാക്കാന്‍ നോറ നടത്തിയ ശ്രമങ്ങള്‍ അന്‍സിബ അടക്കമുള്ള സഹമത്സരാര്‍ഥികള്‍ ഒരു തെറ്റ് കണ്ടെത്തിയ രീതിയില്‍ അവതരിപ്പിച്ചു. നോറയ്ക്ക് സ്വയം പ്രതിരോധിക്കേണ്ടിവന്ന സാഹചര്യമായിരുന്നു ഇത്. പ്രേക്ഷകരുടെ താല്‍പര്യത്തിലും കുറവ് വരുത്തിയ ഘടകമായി നോറയെ സംബന്ധിച്ച് ഫാമിലി വീക്കിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍ മാറി.

സിജോയുടെ ടാര്‍ഗറ്റ്

ചികിത്സയ്ക്കായുള്ള ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സിജോയുടെ പ്രധാന ടാര്‍ഗറ്റ് നോറ ആയിരുന്നു. തിരിച്ചെത്തിയ സമയം മുതല്‍ കാര്യമായ മത്സരങ്ങള്‍ നടന്ന കഴിഞ്ഞ വാരം വരെ ആ ടാര്‍ഗറ്റ് സിജോ മാറ്റിയതേ ഇല്ല. നോറയ്ക്കെതിരായ സിജോയുടെ യുദ്ധത്തില്‍ പലപ്പോഴും പ്രതിപക്ഷബഹുമാനം പോലും ഉണ്ടായില്ല. പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ള ഒരു മത്സരാര്‍ഥിയാണ് എതിര്‍ സ്ഥാനത്തെങ്കില്‍ പ്രേക്ഷകാഭിപ്രായം സിജോയ്ക്കെതിരെ ആയേനെ. എന്നാല്‍ എതിര്‍വശത്ത് നോറ ആയതിനാല്‍ അതുണ്ടായില്ല. സിജോയുടെ തുടര്‍ച്ചയായ ടാര്‍ഗറ്റിംഗ് ആണ് ഗെയിമര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നോറയുടെ ഗൗരവം ചോര്‍ത്തിയത്. അതിനെ കാര്യമായി പ്രതിരോധിക്കാനും നോറയ്ക്ക് സാധിച്ചില്ല.

 

പ്രയോജനപ്പെടാത്ത സീക്രട്ട് റൂം

മത്സരാര്‍ഥികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കാറുള്ള ഒന്നാണ് സീക്രട്ട് റൂമിലെ വാസം. നോറ സീക്രട്ട് റൂമിലേക്ക് എത്തിയെങ്കിലും അത് സീസണ്‍ അവസാനിക്കാറായ ഘട്ടത്തിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രവും. സഹമത്സരാര്‍ഥികളുടെ ഹിഡന്‍ ഗെയിമുകളൊന്നും എക്സ്പോസ്ഡ് ആവാന്‍ ഇല്ലാത്ത ഘട്ടത്തില്‍ സീക്രട്ട് റൂമിലെത്തിയ നോറയ്ക്ക് പുതുതായൊന്നും കണ്ടെത്താന്‍ ഉണ്ടായിരുന്നില്ല.

പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാതെ

ബിഗ് ബോസില്‍ നിന്ന് ഇറങ്ങുന്ന മത്സരാര്‍ഥികളെ രണ്ട് ഗണത്തില്‍ പെടുത്താം. പ്രതിച്ഛായയ്ക്ക് മങ്ങലേറ്റവരും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാത്തവരും. രണ്ടാമത്തെ വിഭാഗത്തില്‍ ഇടംപിടിക്കാനായി എന്നത് ഒരര്‍ഥത്തില്‍ നോറയുടെ വിജയമാണ്. അവനവനെക്കുറിച്ച് സംശയങ്ങളില്ലാത്ത മത്സരാര്‍ഥിയായിരുന്നു നോറ. തന്നെക്കൊണ്ട് സാധിക്കാവുന്നതിന്‍റെ പരമാവധി അവര്‍ ശ്രമിച്ചിട്ടുമുണ്ട്. ഒരു പേഴ്സണാലിറ്റി ടെസ്റ്റ് കൂടിയായ ബിഗ് ബോസിന്‍റെ നാനാവിധ സാധ്യതകളെ അവര്‍ക്ക് പക്ഷേ ഉപയോഗിക്കാനായില്ല. ആറാം സീസണെക്കുറിച്ച് പിന്നീട് ഓര്‍ക്കുമ്പോഴും നോറയെ ഒഴിവാക്കാനാവില്ല. മത്സരാര്‍ഥി എന്ന നിലയില്‍ അവരുടെ വിജയം തന്നെയാണ് അത്.

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

സര്‍പ്രൈസ് 'സീക്രട്ട് റൂം'! അവസാന അവസരം മുതലാക്കുമോ നോറ?

നടത്തിയത് വന്‍ കുതിപ്പ്; ഫിനാലെയ്ക്ക് രണ്ടാഴ്ച ശേഷിക്കെ നന്ദന പുറത്താവുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍

ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?

ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍

അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍

പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി

ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍

ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?

പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍

കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!