വോട്ടിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍; ആരാവും ബിഗ് ബോസ് ടൈറ്റില്‍ വിജയി?

By Web Team  |  First Published May 29, 2021, 2:14 PM IST

മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, മുഹമ്മദ് റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് നിലവില്‍ മത്സരത്തിലുള്ളത്. 


ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി 12 വരെയാണ് വോട്ടിംഗ്. തിങ്കളാഴ്ച (24)യാണ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ വോട്ടിംഗ് തുടങ്ങിയത്.

എല്ലാത്തവണത്തെയും പോലും നിരവധി അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവച്ച സീസണ്‍ ആയിരുന്നു ഇത്തവണത്തെയും ബിഗ് ബോസ്. മലയാളം സീസണുകളില്‍ എണ്ണത്തില്‍ ഏറ്റവും കുറവ് (14) മത്സരാര്‍ഥികളുമായാണ് സീസണ്‍ 3 ആരംഭിച്ചത്. പിന്നീട് വൈല്‍ഡ് കാര്‍ഡുകളിലൂടെ നാല് മത്സരാര്‍ഥികള്‍ കൂടി വന്നു (ഫിറോസ്-സജിന ഒറ്റ മത്സരാര്‍ഥി ആയിരുന്നു). മണിക്കുട്ടന്‍റെ സ്വമേധയാ ഉള്ള പുറത്തുപോക്കും മടങ്ങിവരവും, അച്ഛന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഡിംപല്‍ ഭാലിന്‍റെ പുറത്തുപോക്കും മടങ്ങിയെത്തലും.. അങ്ങനെ പ്രേക്ഷകരെ സംബന്ധിച്ച് നാടകീയത നിറഞ്ഞതായിരുന്നു മിക്ക എപ്പിസോഡുകളും. കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആയിരുന്നു ഇത്തവണത്തെയും ബിഗ് ബോസ് ലൊക്കേഷന്‍. തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ സാഹചര്യങ്ങള്‍ കാരണം 95-ാം ദിവസം ഷോ നിര്‍ത്തേണ്ടിവരുകയായിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രേക്ഷകരുടെ വോട്ടിംഗിലൂടെ ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കാനുള്ള തീരുമാനം ആയത്.

Latest Videos

അവസാന അഞ്ചില്‍ (ഫൈനല്‍ ഫൈവ്) എത്തുന്ന മത്സരാര്‍ഥികളില്‍ നിന്നാണ് ബിഗ് ബോസില്‍ സാധാരണ അന്തിമ വിജയിയെ കണ്ടെത്തുന്നതെങ്കില്‍ ഇക്കുറി അത് 'ഫൈനല്‍ എട്ട്' ആണ്. ഷോ അവസാനിപ്പിക്കേണ്ടിവന്ന 95-ാം ദിവസം എട്ട് മത്സരാര്‍ഥികളാണ് അവശേഷിച്ചിരുന്നത് എന്നതാണ് ഇതിനു കാരണം. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, മുഹമ്മദ് റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് നിലവില്‍ മത്സരത്തിലുള്ളത്. ഇവരില്‍ നിന്ന് പ്രേക്ഷകരുടെ ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന മത്സരാര്‍ഥി ആയിരിക്കും സീസണ്‍ 3 ടൈറ്റില്‍ വിജയി. അതേസമയം ഫാന്‍ ആര്‍മികള്‍ വലിയ ആവേശത്തോടെയാണ് ഇഷ്ടമത്സരാര്‍ഥികള്‍ക്കുവേണ്ടിയുള്ള പ്രചരണങ്ങള്‍ നടത്തുന്നത്. 

click me!