ബിഗ് ബോസ് 3 വിജയി ആര്? ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമോ? മോഹന്‍ലാല്‍ പറയുന്നു

By Web Team  |  First Published Jun 13, 2021, 2:10 PM IST

രണ്ടാം സീസണിലേതുപോലെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്‍റെയും ചിത്രീകരണവേദി ചെന്നൈയില്‍ ആയിരുന്നു. തമിഴ്നാട്ടിലെ ലോക്ക് ഡൗണ്‍ സാഹചര്യത്തെ തുടര്‍ന്ന് ജനപ്രീതി നേടി തുടര്‍ന്നിരുന്ന ഷോ 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു. 


ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന ചോദ്യം ടൈറ്റില്‍ വിന്നര്‍ ആരാണ് എന്നതാണ്. മറ്റൊരു ചോദ്യം ഫിനാലെ നടക്കുമോ എന്നും. ഈ രണ്ട് ചോദ്യങ്ങളോടുമുള്ള ഔദ്യോഗിക പ്രതികരണം ഇപ്പോഴിതാ പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം അവതാരകനായ മോഹന്‍ലാലിന്‍റെ ശബ്ദത്തിലാണ് ഏഷ്യാനെറ്റിന്‍റെ വിശദീകരണം പുറത്തെത്തിയിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗം ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നും ഫിനാലെ ഉറപ്പായും ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറയുന്നു.

"ബിഗ് ബോസ് മലയാളം സീസണ്‍ 3ന്‍റെ തുടക്കം മുതല്‍ക്കേ ഒപ്പം സഞ്ചരിച്ച്, സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച്, ഇഷ്‍ട മത്സരാര്‍ഥികള്‍ക്കുവേണ്ടി കൃത്യമായി വോട്ട് ചെയ്‍ത്, ഷോയെ ഒരു വിസ്‍മയ വിജയമാക്കിത്തീര്‍ത്ത പ്രിയ പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. വിജയിയെ കണ്ടെത്തുവാനുള്ള ഫൈനല്‍ വോട്ടിംഗിലും വന്‍ പ്രേക്ഷക പങ്കാളിത്തമാണ് ഉണ്ടായത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഒരേ മനസ്സോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ വിജയി ആര്? പക്ഷേ അല്‍പ്പംകൂടി ക്ഷമിച്ചേ മതിയാവൂ. മഹാമാരി മൂലമുള്ള ഇപ്പോഴത്തെ ഗുരുതര പ്രശ്‍നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ആവുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകര്‍ കാത്തിരിക്കുക. ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, ഇപ്പോള്‍ കഴിവതും വീട്ടില്‍ത്തന്നെ കഴിയുക. സുരക്ഷിതരായി ഇരിക്കുക", ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

Latest Videos

 

രണ്ടാം സീസണിലേതുപോലെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്‍റെയും ചിത്രീകരണവേദി ചെന്നൈയില്‍ ആയിരുന്നു. തമിഴ്നാട്ടിലെ ലോക്ക് ഡൗണ്‍ സാഹചര്യത്തെ തുടര്‍ന്ന് ജനപ്രീതി നേടി തുടര്‍ന്നിരുന്ന ഷോ 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു. മെയ് 20നായിരുന്നു അവസാന എപ്പിസോഡ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍തത്. എട്ട് മത്സരാര്‍ഥികളായിരുന്നു ഷോ അവസാനിപ്പിച്ച സമയത്ത് മത്സരത്തില്‍ ഉണ്ടായിരുന്നത്. ഈ എട്ട് മത്സരാര്‍ഥികളില്‍ നിന്ന് ടൈറ്റില്‍ വിജയിയെ കണ്ടെത്താനായി ഒരാഴ്ചത്തെ വോട്ടിംഗ് നടത്തുമെന്ന് പിന്നാലെ ഏഷ്യാനെറ്റ് പ്രഖ്യാപിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. താമസം നേരിട്ടാലും ഫിനാലെ ഉണ്ടാവുമെന്നു തന്നെയാണ് സംഘാടകര്‍ ഇപ്പോള്‍ അറിയിക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!