ബിഗ് ബോസ് ഹൌസിലെ ഗുരുതര സുരക്ഷാപ്രശ്‍നമായിരുന്നു അത്
അപരിചിതരായ ഒരു കൂട്ടം മനുഷ്യര്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ കഴിയുന്ന ഇടമാണ് ബിഗ് ബോസ് ഹൌസ്. എല്ലായിടവും ക്യാമറ ആയതിനാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഹൌസിലേക്ക് എത്താനും പരിമിതിയുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് ഹൌസിലെ സുരക്ഷ പ്രാഥമികമായും മത്സരാര്‍ഥികളുടെ ചുമതലയാണ്. മത്സരാര്‍ഥികളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യം പോയ വാരം നടന്നിരുന്നു. രാത്രി പാചകത്തിന് ശേഷം ഗ്യാസ് അടുപ്പ് ഓഫ് ആക്കാതിരുന്നതായിരുന്നു അത്.
ഏതാനും ദിവസം മുന്‍പായിരുന്നു സംഭവം. രാവിലെ അടുക്കളയിലേക്ക് വന്ന കിച്ചണ്‍ ടീം അംഗമായ ശ്രീരേഖയാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്. ശ്രീരേഖ തീ കത്തിക്കാന്‍ നോക്കിയ സമയത്ത് സ്റ്റൌ ഓണ്‍ ആവുന്നുണ്ടായിരുന്നില്ല. രാത്രി ആരെങ്കിലും ഓഫ് ആക്കാന്‍ മറന്ന സമയത്ത് സുരക്ഷാപ്രശ്നം മനസിലാക്കിയ ബിഗ് ബോസ് ലൈന്‍ കട്ട് ആക്കിയതാണോ എന്ന സംശയവും ശ്രീരേഖ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തരം ഒരു സംഭവത്തിന് വേണ്ട ഗൌരവം പവര്‍ ടീമോ ക്യാപ്റ്റനോ മറ്റ് മത്സരാര്‍ഥികളോ നല്‍കിയില്ല എന്നതായിരുന്നു വാസ്തവം. ഗ്യാസ് ഓഫ് ആക്കാതെപോയത് ഏത് മത്സരാര്‍ഥി എന്ന ചോദ്യവും പ്രേക്ഷകര്‍ക്കിടയില്‍ അവശേഷിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ അതിന് ഉത്തരവുമായാണ് മോഹന്‍ലാല്‍ എത്തിയത്.
സംഭവത്തെക്കുറിച്ച് മത്സരാര്‍ഥികളില്‍ പലരോടും ചോദിച്ചശേഷം യഥാര്‍ഥ വീഡിയോ ഫുട്ടേജ് മോഹന്‍ലാല്‍ എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിച്ചു. ശ്രീരേഖ അടുക്കളയില്‍ എത്തുന്നതിന് തലേ രാത്രി ജാസ്മിന്‍ ജാഫര്‍ ആണ് അവസാനമായി പാചകം ചെയ്തതിന് ശേഷം ഗ്യാസ് ഓഫാക്കാതെ പോയത്. ഓംലെറ്റ് ഉണ്ടാക്കിയതിന് ശേഷം പാനുമായി പോവുകയായിരുന്ന ജാസ്മിന്‍ ഗ്യാസ് ഓഫ് ആക്കുന്ന കാര്യം വിട്ടുപോയി. മറ്റൊരു മത്സരാര്‍ഥിയും ഇത് കണ്ടതുമില്ല. 1000 ലക്ഷ്വറി പോയിന്‍റുകളാണ് മോഹന്‍ലാല്‍ ഈ സംഭവത്തില്‍ ശിക്ഷ എന്ന നിലയില്‍ കട്ട് ചെയ്തത്.
ALSO READ : 'കപ്പേള'യ്ക്ക് ശേഷമുള്ള മുഹമ്മദ് മുസ്‌തഫ ചിത്രം; 'മുറ' ചിത്രീകരണം പൂർത്തിയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം