Bigg Boss : ബിഗ് ബോസ്‍ ഫൈനല്‍ സിക്സില്‍ തലയുയര്‍ത്തി സൂരജ്

By Web TeamFirst Published Jul 3, 2022, 4:26 PM IST
Highlights

അമിത പരിഗണന ലഭിക്കുന്നത് തന്നിലെ മത്സരാര്‍ഥിയെ പിന്നോട്ടുവലിക്കുന്നുവെന്നാണ് സൂരജ് പറഞ്ഞിരുന്നത് (Bigg Boss).

ബിഗ് ബോസ് മലയാളം സീസണ്‍ നാല് തുടങ്ങും മുന്നേ മത്സരാര്‍ഥികളുടെ സൂചനകളില്‍ തന്നെ സൂരജ് തേലക്കാടിന്റെ പേരും ഇടംപിടിച്ചിരുന്നു. സൂരജിനെ പോലുള്ള ഒരാള്‍ക്ക് ഫിസിക്കല്‍ ടാസ്‍കുകളൊക്കെയുള്ള ബിഗ് ബോസ് ഷോയില്‍ പിടിച്ചുനില്‍ക്കാനാകുമോ എന്ന ചോദ്യമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ആദ്യമേ ഉയര്‍ന്നത്. വന്നാല്‍ തന്നെ അധികം വൈകാതെ മടങ്ങും എന്നായിരുന്നു സൂരജിനെ കുറിച്ച് ചിലരുടെയെങ്കിലും തോന്നലുകള്‍. അതിനെയൊക്കെ അതിജീവിച്ച് പൊക്കമില്ലായ്‍മയാണ് തന്റെ പൊക്കം എന്ന് തെളിയിച്ച് ഫൈനല്‍ സിക്സില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സൂരജ് (Bigg Boss).

പതിയെപ്പതിയെ മത്സരത്തിലേക്കെത്തിയ സൂരജ്

Latest Videos

തുടക്കത്തില്‍ വളരെ മിതത്വമായിരുന്നു സൂജ് എന്ന മത്സരാര്‍ഥിക്ക്. ആരോടും മുഖം കറുത്ത് വര്‍ത്തമാനം പറയാൻ തയ്യാറാകാത്തെ സ്വഭാവം തുടക്കത്തില്‍ തിരിച്ചടിയായി. സ്വന്തം അഭിപ്രായം തുറന്നുപറയുന്നില്ല എന്നായിരുന്നു സൂരജിന് നേരെ ആദ്യം ഉയര്‍ന്ന ഏക ആക്ഷേപം. സൂരജിന്റെ സംസാര രീതിയും അതിന് കാരണമായി. പക്ഷേ പോകെപ്പോകെ സ്വന്തം അഭിപ്രായങ്ങള്‍ വ്യക്തമാക്കാൻ കിട്ടിയ അവസരങ്ങളൊക്കെ ഉപയോഗിക്കുന്ന സൂരജിനെയാണ് കണ്ടത്. അതിന്റെയും ഫലമാണ് ഇന്ന് ബിഗ് ബോസ് മലയാളം സീസണ്‍ ഗ്രാൻഡ് ഫിനാലെയില്‍ സൂരജ് എത്തിനില്‍ക്കുന്നത്.

സൗഹൃദങ്ങളുടെ രാജകുമാരൻ

ബിഗ് ബോസില്‍ എല്ലാവരോടും ഒരുപോലെ പെരുമാറാൻ ശ്രമിച്ച താരമാണ് സൂരജ്. ചിലരുടെ അടുത്ത സുഹൃത്തായി മാറാനും സൂരജിന് ആയി. അഖില്‍, ഡെയ്‍സി, സുചിത്ര എന്നിവരുടെ ഏറ്റവും ഉറ്റചങ്ങാതിയായി മാറിയിരുന്നു സൂരജ്. സുചിത്രയും അഖിലും എവിക്റ്റ് ആയപ്പോള്‍ തങ്ങളുടെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയത് സൂരജിന് ആണെന്നതും ആ സൗഹൃദത്തിന് തെളിവ്. കുട്ടി അഖിലും സൂരജും സയാമീസ് ഇരട്ടകളാണെന്ന് വരെ ആക്ഷേപമുണ്ടായിരുന്നു.

വിലങ്ങുതടിയായി സൗഹൃദങ്ങള്‍

സൗഹൃദങ്ങള്‍ പ്രതിബന്ധങ്ങളായി സൂരജിന് തന്നെ അനുഭവപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായി. ഇക്കാര്യം മോഹൻലാലിനോട് സൂരജ് തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. അമിത പരിഗണന ലഭിക്കുന്നത് തന്നിലെ മത്സരാര്‍ഥിയെ പിന്നോട്ടുവലിക്കുന്നുവെന്നാണ് സൂരജ് പറഞ്ഞിരുന്നത്. സ്‍നേഹത്തിന്റെ പേരിലായാല്‍ പോലും തന്നെ അങ്ങനെ  പരിഗണിക്കണ്ട എന്നായിരുന്നു സൂരജിന്റെ അഭിപ്രായം. 

പൊക്കമില്ലായ്‍മയാണ് പൊക്കം

ഒരിക്കലും സിംപതി പിടിച്ചുപറ്റാൻ ശ്രമിക്കാത്ത ഇടപെടലായിരുന്നു സൂരജ് നടത്തിയത്. ആരെയും വെറുപ്പിക്കാതെ എന്നാല്‍ സ്വന്തം കാര്യങ്ങള്‍ പറയുകയും ചെയ്‍ത് മുന്നോട്ടുപോകാൻ സൂരജിനായി. ഒരു വലിയ വിഭാഗത്തെ പ്രതിനിധാനം ചെയ്‍താണ് സൂരജ് ഇവിടെ നില്‍ക്കുന്നത് എന്നും അവര്‍ക്ക് സന്ദേശം കൊടുക്കണമെന്നും റിയാസ് ഉപദേശിച്ചിരുന്നു. എന്നാല്‍ തന്റെ പരിമിതികള്‍ എടുത്തുപറയാതെ തന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ സന്ദേശം പകരുകയായിരുന്നു സൂരജ്.

വിധികര്‍ത്താവായ സൂരജ്

സൂരജ് എന്ന മത്സരാര്‍ഥി പലപ്പോഴും ഏറ്റവും മുന്നില്‍ നിന്നത് ടാസ്‍കുകളില്‍ വിധികര്‍ത്തായി വന്നപ്പോഴായിരുന്നു. ഇവിടെ വിധിനിര്‍ണയിക്കുന്നത് താനാണ് മറ്റുള്ളവര്‍ ഇടപെടേണ്ട എന്ന് ഉറക്കെപ്പറഞ്ഞ് രംഗത്ത് എത്തിയ സന്ദര്‍ഭങ്ങള്‍ പ്രശംസ നേടി. ഒരാഴ്‍ചയില്‍ മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് സൂരജിന് ലഭിക്കുകയുമുണ്ടായി. സൂരജിനെ കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്‍ചപ്പാടുകള്‍ മാറാനും അത് കാരണമായി.

ടൈറ്റില്‍ വിന്നര്‍ സ്ഥാനത്തേയ്‍ക്ക് ആരും സൂരജിന്റെ പേര് പ്രവചിക്കുന്നില്ലെങ്കിലും ഇതുവരെയെത്തിയത് അര്‍ഹതയ്‍ക്കുള്ള അംഗീകരമായിട്ടാണ് ബിഗ് ബോസ് പ്രേക്ഷകര്‍ കാണുന്നത്.

Read More : വന്നു, കണ്ടു, കീഴടക്കി; ചരിത്രം വഴിമാറുമോ റിയാസിനു മുന്നിൽ?

click me!