'ഡബിള്‍ സ്റ്റാന്‍ഡ്'; ബിഗ് ബോസില്‍ ശോഭയുടെ വാദഗതികളെ പൊളിച്ച് മറ്റുള്ളവര്‍

By Web Team  |  First Published May 4, 2023, 9:13 AM IST

ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി മുഴുവന്‍ മത്സരാര്‍ഥികളും തിരിഞ്ഞ ടാസ്കില്‍ ബീറ്റ ടീമിലായിരുന്നു ശോഭ


ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ആറാം വാരത്തിലൂടെ ആവേശകരമായി മുന്നോട്ട് പോവുകയാണ്. കണ്ടന്‍റ് ഇല്ലെന്ന് കഴിഞ്ഞ വാരം പ്രേക്ഷകരില്‍ ഒരു വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന ആക്ഷേപം പുതിയ വീക്കിലി ടാസ്കോടെ മാറിയിട്ടുണ്ട്. സംഭവബഹുലമായിരുന്ന മിഷന്‍ എക്സ് ഫിസിക്കല്‍ ടാസ്ക് ഒട്ടനവധി മുഹൂര്‍ത്തങ്ങളാണ് ബിഗ് ബോസ് ആരാധകര്‍ക്ക് സമ്മാനിച്ചത്. അതിലൊന്ന് ശോഭയുടെ ഇരട്ട നിലപാടുകളെ ഉദാഹരണസഹിതം സഹമത്സരാര്‍ഥികള്‍ പൊളിക്കുന്ന കാഴ്ചയായിരുന്നു.

ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി മുഴുവന്‍ മത്സരാര്‍ഥികളും തിരിഞ്ഞ ടാസ്കില്‍ ബീറ്റ ടീമിലായിരുന്നു ശോഭ. വിഷ്ണു, ശ്രുതി, ഒമര്‍, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവരും ഇതേ ടീമിലാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഉപയോഗിക്കേണ്ടിയിരുന്ന ഫ്യൂസുകളിലൊന്ന് ടീം ബീറ്റയില്‍ നിന്നും കൈക്കലാക്കി അഞ്ജൂസ് ടോയ്ലറ്റില്‍ കയറി വാതില്‍ പൂട്ടിയപ്പോള്‍ ഒമര്‍ അത് ചവുട്ടി പൊളിച്ചത് ഹൗസില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. അഞ്ജൂസ് കയറിയത് ടോയ്ലറ്റ് ഉപയോഗിക്കാനല്ലെന്നും മറിച്ച് ഗെയിമിന്‍റെ ഭാഗമായി ഫ്യൂസ് കൈയില്‍ സൂക്ഷിക്കാനാണെന്നും ടീം ബീറ്റ വാദിച്ചപ്പോള്‍ അഞ്ജൂസ് വ്യക്തിപരമായ ആവശ്യത്തിനായി ടോയ്ലറ്റില്‍ പോയതാണെന്നായിരുന്നു ആല്‍ഫ ടീമംഗങ്ങളുടെ പ്രതികരണം. തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ ഹൗസ് ക്യാപ്റ്റന്‍ മിഥുന്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ അഞ്ജൂസ് തന്‍റെ ഭാഗം വാദിച്ചു. ഗെയിമിന്‍റെ ഭാഗമായല്ല ടോയ്ലറ്റില്‍ കയറിയത് എന്നായിരുന്നു അഞ്ജൂസിന്‍റെ വാദം. എന്നാല്‍ ടീം ബീറ്റ അംഗങ്ങള്‍ ഇത് വിശ്വാസത്തിലെടുത്തില്ല, ശോഭ ഒഴികെ.

Latest Videos

മീറ്റിംഗിനു ശേഷം തന്നോട് മാത്രമായി സംസാരിക്കാനെത്തിയ ശോഭയോട് അഞ്ജൂസ് തന്‍റെ ഭാഗം ഒന്നുകൂടി വിശദീകരിച്ചു. തുടര്‍ന്ന് ശോഭ ഇത് മുഖവിലയ്ക്ക് എടുക്കുകയും ചെയ്തു. അഞ്ജൂസിനോട് ക്ഷമ ചോദിക്കണമെന്ന് ഒമറിനോട് പറയുന്ന ശോഭയെയും പ്രേക്ഷകര്‍ പിന്നീട് കണ്ടു. എന്നാല്‍ അഞ്ജൂസ് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഒമര്‍. അതേസമയം ഇന്നലത്തെ മോണിംഗ് ടാസ്കിനിടെ അഞ്ജൂസ് ടോയ്ലറ്റില്‍ കയറിയത് ആല്‍ഫ ടീമിന്‍റെ മൊത്തത്തിലുള്ള തീരുമാനപ്രകാരമാണെന്ന് റെനീഷ പറഞ്ഞത് ഈ വിഷയത്തില്‍ വലിയ വഴിത്തിരിവ് ആയി. തുടര്‍ന്നാണ് ശോഭ ഈ വിഷയത്തില്‍ സ്വീകരിച്ച ഇരട്ട നിലപാടിനെ സ്വന്തം ടീമംഗങ്ങള്‍ ചോദ്യം ചെയ്തത്. 

തങ്ങളാരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരുന്ന അഞ്ജൂസിന്‍റെ ആദ്യ നിലപാട് ശോഭ എന്തുകൊണ്ട് വിശ്വസിച്ചുവെന്ന് അഖില്‍ മാരാരും ഷിജുവും ഒമറും വിഷ്ണുവും ശ്രുതിയും അടക്കമുള്ളവര്‍ ചോദിച്ചു. അഞ്ജൂസിനോട് വ്യക്തിപരമായി സംസാരിച്ചപ്പോള്‍ തനിക്ക് അതാണ് ശരിയെന്ന് തോന്നി എന്നായിരുന്നു ശോഭയുടെ പ്രതികരണം. തുടര്‍ന്ന് അഞ്ജൂസ് വ്യക്തിപരമായി പറഞ്ഞത് എന്ത് എന്ന് വിശദീകരിക്കാന്‍ ടീമംഗങ്ങള്‍ ആവശ്യപ്പെട്ടു. ശോഭ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പുതുതായി ഒന്നുമില്ലെന്നും അഞ്ജൂസ് മീറ്റിംഗില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇതെന്നും ടീം വാദിച്ചു. വാതില്‍ ചവുട്ടി പൊളിച്ചപ്പോള്‍ ശോഭ ഒമറിനെ തമ്പ്സ് അപ്പ് കാട്ടിയതിനെയും ടീമംഗങ്ങള്‍ ചോദ്യം ചെയ്തു. എന്നാല്‍ അഞ്ജൂസ് തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അങ്ങനെ തോന്നിയെന്ന നിലപാട് ശോഭ ആവര്‍ത്തിച്ചു. ശോഭയുടെ പ്ലീസിംഗും സെറ്റില്‍മെന്‍റ് പരിപാടിയും നിര്‍ത്തണം, അഖില്‍ മാരാര്‍ ശോഭയോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ALSO READ : മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി വിജയ്: വീഡിയോ

click me!