'റിയാസിനെ പോലെയല്ല നാദിറ..'; മോഹൻലാൽ വായിച്ച കുറിപ്പിന് പിന്നിലെ കഥ പറഞ്ഞ് ശ്യാം സോർബ

By Nithya Robinson  |  First Published Jun 25, 2023, 8:22 PM IST

ചെറുപ്പകാലത്ത് വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന ഒരാളാണ് നാദിറയെന്നും അവരെ കുടുംബം അംഗീകരിക്കുന്നുവെന്ന സന്തോഷത്തിൽ നിന്നുമാണ് ആ കുറിപ്പ് എഴുതിയതെന്നും ശ്യാം സോർബ പറയുന്നു.


ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല വീഴാൻ ഇനി ഏഴ് ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. ആരാകും ആ ബിഗ് ബോസ് ടൈറ്റിൽ വിന്നർ എന്നറിയാൻ കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകരും. മുൻ സീസണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു സീസൺ ആയിരുന്നു ഇത്തവണത്തേത്. അതിൽ പ്രധാനം ഫാമിലി വീക്കാണ്. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു വാരം കൊണ്ടാടിയത്. തൊണ്ണൂറ് ദിവസം അടുപ്പിച്ച് ഒരു വീടിനുള്ളിൽ മാത്രം കഴിഞ്ഞ മത്സരാർത്ഥികൾ തങ്ങളുടെ ഉറ്റവരെ കണ്ട് പൊട്ടിക്കരഞ്ഞു. മറ്റുചിലർ സന്തോഷ കണ്ണീർ ഉള്ളിലൊതുക്കി.

ഈ ഫാമിലി വീക്കിലെ ഏറ്റവും വലിയ താരം നാദിറ മെഹ്റിൻ ആണ്. നാദിറയുടെ അനുജത്തി ഷഹനാസ് ബിബി ഹൗസിൽ വരുന്നതും അവരുടെ ഫാമിലി നാദിറയെ അംഗീകരിച്ചതുമെല്ലാം ഓരോ പ്രേക്ഷകനും മനംതൊട്ട് സ്വീകരിച്ചു. ഈ നിമിഷത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്നൊരു പോസ്റ്റ് കഴിഞ്ഞ ദിവസം മോഹൻലാൽ ബിബി വേദിയിൽ വായിച്ചിരുന്നു. ശ്യാം സോർബ എന്ന വ്യക്തിയായിരുന്നു ആ ഹൃദ്യമായ എഴുത്തിന് പിന്നിൽ. ഈ അവസരത്തിൽ ആ കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ശ്യാം.

Latest Videos

undefined

ചെറുപ്പകാലത്ത് വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന ഒരാളാണ് നാദിറയെന്നും അവരെ കുടുംബം അംഗീകരിക്കുന്നുവെന്ന സന്തോഷത്തിൽ നിന്നുമാണ് ആ കുറിപ്പ് എഴുതിയതെന്നും ശ്യാം സോർബ പറയുന്നു. "ബിഗ് ബോസിൽ മുൻപും ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ മത്സരാർത്ഥികളായി വന്നിട്ടുണ്ട്. Queer ally ആയിട്ടുള്ള റിയാസിനും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. Queer ally ആയ ഒരാൾക്ക് കിട്ടുന്ന സപ്പോർട്ട് പോലെ അല്ല Queer ആയ ഒരു വ്യക്തിക്ക് കിട്ടുന്ന സ്വീകാര്യത. ഇവിടെ നാദിറ അംഗീകരിക്കപ്പെടുമ്പോൾ ഒരു വലിയ മാറ്റം ആണ് സംഭവിക്കുന്നത്. ചെറുപ്പ കാലത്ത് വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന ആളാണ് നാദിറ. അപ്പോൾ അങ്ങനെ ഒരാളെ ഒരു ഷോയിലൂടെ വീട്ടുകാർ അംഗീകരിക്കുക എന്ന് പറയുന്നത് അവരുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ നിമിഷമാണ്. ഞാൻ വർഷങ്ങളായിട്ട് ഈ കമ്മ്യൂണിറ്റിയിലെ ആളുകളുമായി ബന്ധമുള്ള ആളാണ്. നാദിറയെയും എനിക്ക് അറിയാം. അപ്പോൾ അവരെ അംഗീകരിക്കുന്നു എന്ന് കേൾക്കുന്നൊരു സന്തോഷമാണ് എന്റെ എഴുത്ത്", എന്ന് ശ്യാം പറയുന്നു.

നിനച്ചിരിക്കാതെയാണ് മോഹൻലാൽ തന്റെ കുറിപ്പ് ഷോയിൽ വായിച്ചതെന്നും ശ്യാം പറയുന്നു. "ഞാൻ എഫ്ബിയിൽ നാദിറയെ കുറിച്ച് എഴുതിയ കുറിപ്പ് ആയിരുന്നു അത്. അത്യാവശ്യം ആളുകൾ അത് വായിക്കുകയും ചെയ്തിരുന്നു. അങ്ങനെ കറങ്ങി തിരിഞ്ഞ് ബിഗ് ബോസിൽ എത്തിയതായിരിക്കണം. ഭയങ്കര അപ്രതീക്ഷിതമായൊരു സംഭവം ആയിരുന്നു അത്. ഞാൻ പ്രീമിയർ സമയത്ത് ഷോ കണ്ടിരുന്നില്ല. സുഹൃത്താണ് ഞാൻ എഴുതിയ പോസ്റ്റ് ലാലേട്ടൻ വായിച്ചോണ്ടിരിക്കുവാന്ന് പറയുന്നത്. ഞാൻ ആകെ വണ്ടറായി പോയി. അങ്ങനെയാണ് ഷോ കാണുന്നത്. ഭയങ്കര ഷോക്കിംഗ് ആയിരുന്നു. എന്റെ എഴുത്ത് ലാലേട്ടന്റെ ശബ്ദത്തിൽ വായിക്കുമ്പോൾ ഉണ്ടാകുന്നൊരു ഫീൽ.. അതൊരു വല്ലാത്ത ഫീലാണ്", എന്നാണ് പറഞ്ഞത്.

അഖിൽ, നാദിറയെ സപ്പോർട്ട് ചെയ്യുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ വോട്ടിന് വേണ്ടിയാണെന്ന ആരോപണങ്ങളെ കുറിച്ചും ശ്യാം സോർബ പ്രതികരിച്ചു. "അഖിൽ മാരാർ ഒരു ബിഗ് ബോസ് പ്രൊഡക്ട് ആണ്. നാദിറയുമായിട്ടുള്ള അഖിൽ മാരാറിന്റെ കോമ്പോ കമ്മ്യൂണിറ്റി സപ്പോർട്ടിന് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മാരാർ ഒരു ഗെയിമർ ആണ്. അത്യാവശ്യം ടോക്സിസിറ്റിയും ഉണ്ട്. ചിലർക്ക് അയാളെ ഇഷ്ടമാകും. കമ്മ്യൂണിറ്റിയിലെ ഒരാളെ കൂട്ടുപിടിച്ചെന്ന് വച്ച് ആ സമൂഹത്തിന്റെ മുഴുവൻ വോട്ടും കിട്ടും എന്നത് തെറ്റായ ധാരണയാണ്", എന്നാണ് ശ്യാം പറയുന്നത്. തുടക്കം മുതൽ നാദിറയെ സപ്പോർട്ട് ചെയ്യുന്നൊരാൾ ആണ് താനെന്നും നാദിറ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ശ്യാം കൂട്ടിച്ചേർത്തു.

സൗഹൃദം, തർക്കം, പിണക്കം, വിടവാങ്ങൽ..; പ്രേക്ഷക മനംതൊട്ട ഒറിജിനൽസ്, ഹൃദ്യം ഈ വീഡിയോ

കാസർകോട് പരപ്പ സ്വദേശിയാണ് നാടക കലാകാരൻ കൂടിയായ ശ്യാം സോർബ. നിലവിൽ ജാർഖണ്ഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നാടകത്തിൽ പി എച്ച് ഡി ചെയ്യുകയാണ്. കഴിഞ്ഞ മൂന്ന് സീസണുകളായി തുടർച്ചയായി ബിഗ് ബോസ് ഷോ കാണുന്ന പ്രേക്ഷകൻ കൂടിയാണ് അദ്ദേഹം. ഈ സീസണെ കുറിച്ചും ശ്യാം മനസ്സ് തുറന്നു.

"ആളുകൾക്ക് അത്ര സുപരിചിതമായൊരു മുഖങ്ങളല്ല ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ ഉള്ളത്. ഷിജുവിനെ ഒക്കെ സീരിയലുകൾ കണ്ട് അറിയുന്നതല്ലാതെ, ഒട്ടുമിക്ക എല്ലാവരെയും അത്ര സുപരിചിതരായവർ അല്ല. ആ ഒരു ഫീൽ ഉണ്ടായിരുന്നത് കൊണ്ടാകാം ആളുകൾക്ക് ആദ്യമൊരു ഒഴുക്കൻ മട്ട് ഈ സീസണെ കുറിച്ച് തോന്നിയത്. കഴിഞ്ഞ സീസണുകളിൽ നിന്നും കുറച്ചു കൂടെ ഇമോഷണലും മൂല്യങ്ങളെ ഗൗരവത്തോടെ നോക്കി കാണുന്നതുമായൊരു സീസൺ ആണിതെന്നാണ് എനിക്ക് തോന്നുന്നത്".

"പുറമെ ഉള്ള എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നൊരു ഷോയല്ല ബിഗ് ബോസ്. ഒരു ഹ്യൂമൺ ഫാക്ടറി പോലെയൊക്കെ ആണത്. സൈക്കോളജിക്കലായി ആളുകളെ നോക്കിക്കാണുന്ന, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അതിനകത്തുള്ളവരുമായി മാത്രം സംവാദിക്കുന്നൊരു ഷോ. ആദ്യ ആഴ്ചയിലൊക്കെ ഭയങ്കര ഫെയ്ക്ക് ആയിട്ടൊക്കെ നിൽക്കാൻ പറ്റുമായിരിക്കും. പക്ഷേ സ്വാഭാവികമായും മത്സരാർത്ഥികൾ എന്താണോ അത് പുറത്തുവന്ന് തുടങ്ങും. അതൊരുപക്ഷേ പെട്ടെന്ന് പുറമെ നിന്ന് കാണുന്നൊരാൾക്ക് അത് അംഗീകരിക്കാൻ സാധിക്കണം എന്നുമില്ല. പക്ഷേ ബിഗ് ബോസ് എന്താണ് എന്ന് മനസിലാക്കി കഴിഞ്ഞാൽ ഗംഭീരമായൊരു ഷോ ആയിരിക്കും അത്", എന്നും ശ്യാം സോർബ പറയുന്നു. 

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

click me!