രസകരമായ സീക്രട്ട് ടാസ്‍കുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തില്‍ എത്തിനില്‍ക്കവെ അപ്രവചനീയമാണ് ഹൗസിലെ ഓരോ ദിവസവും. അതിനെ പതിന്മടങ്ങ് ഉയര്‍ത്തുന്ന ഒരു സീക്രട്ട് ടാസ്ക് ബിഗ് ബോസ് ഇന്ന് അവതരിപ്പിച്ചു. പ്രേക്ഷകരുടെ വോട്ടിംഗ് വഴി അല്ലാതെ മത്സരാര്‍ഥികളുടെ വോട്ടിംഗ് പ്രകാരം കൂട്ടത്തില്‍ ഒരാളെ ഉടനടി പുറത്താക്കാനുള്ള ടാസ്ക് എന്ന നിലയിലാണ് ബിഗ് ബോസ് ഇത് അവതരിപ്പിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് ബിഗ് ബോസ് തയ്യാറാക്കിയ ഒരു പ്രാങ്ക് ആയിരുന്നു. സ്പോട്ട് എവിക്ഷനിലൂടെ പുറത്താക്കാനായി ശോഭയെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാനുള്ള സീക്രട്ട് ടാസ്കിന്‍റെ ചുമതല ഷിജുവിനെയാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് ഏല്‍പ്പിച്ചത്.
"ഈ ബിഗ് ബോസ് യാത്ര 11-ാം ആഴ്ചയില്‍ എത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ 10 പേരാണ് ഇവിടെയുള്ളത്. ഈ അവസരത്തില്‍ എന്തും ഇവിടെ സംഭവിച്ചേക്കാം. കാരണം ബിഗ് ബോസ് എല്ലായ്പ്പോഴും പ്രവചനാതീതമാണ്. അത്തരത്തില്‍ പ്രവചിക്കാന്‍ പറ്റാത്ത ഒരു നിമിഷത്തിനാണ് നിങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിങ്ങളില്‍ നിന്ന് ഒരാള്‍ ഇന്ന് ഇപ്പോള്‍ ഈ വീടിനോട് വിട പറയും. എന്നാല്‍ ആ വ്യക്തിയെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരുടെ വോട്ടിംഗിന്‍റെയോ നോമിനേഷന്‍റെയോ അടിസ്ഥാനത്തില്‍ അല്ല. പുറത്ത് പോകാനുള്ള ഒരാളെ നിങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ഈ കത്ത് വായിച്ചതിന് ശേഷം ബസര്‍ കേള്‍ക്കുമ്പോള്‍ മാത്രം എല്ലാവരും ലിവിംഗ് റൂമില്‍ ഇരുന്ന് വോട്ടിംഗിലൂടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഒരു വ്യക്തിയെ പുറത്ത് പോകാനായി തെരഞ്ഞെടുക്കേണ്ടതാണ്", എന്നായിരുന്നു ബിഗ് ബോസിന്‍റെ ടാസ്ക് ലെറ്റര്‍. ഇത് വായിച്ചതിനു ശേഷം ഷിജു ശോഭ ഒഴികെ എല്ലാവരോടും സീക്രട്ട് ടാസ്കിന്‍റെ കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് നടന്ന വോട്ടിംഗ് ഇങ്ങനെ ആയിരുന്നു.
undefined
അഖില്‍- ശോഭ
ജുനൈസ്- വിഷ്‍ണു
നാദിറ- ശോഭ
ഷിജു- ശോഭ
ശോഭ- വിഷ്ണു
സെറീന- ശോഭ
റെനീഷ- ശോഭ
റിനോഷ്- അഖില്‍
മിഥുന്‍- വിഷ്ണു
വിഷ്ണു- ശോഭ
തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ആരാണെന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിന് ശോഭയെന്ന് ഷിജു ഉത്തരം പറഞ്ഞു. തുടര്‍ന്ന് ശോഭ പാക്കിംഗ് ആരംഭിച്ചു. നോമിനേഷന്‍റെ സമയത്തും അതിനു ശേഷവും ശോഭയ്ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് മത്സരാര്‍ഥികള്‍ എല്ലാവരും പെരുമാറിയത്. നടക്കുന്ന കാര്യങ്ങളില്‍ യാതൊരു സംശയവും തോന്നാതിരുന്ന ശോഭ തനിക്കെതിരെ വോട്ട് ചെയ്തവരോട് പൊട്ടിത്തെറിച്ചുകൊണ്ടാണ് പോകാനായി ഒരുങ്ങിയത്. അഖില്‍, നാദിറ എന്നിവരോടാണ് ശോഭ ഏറ്റവും രൂക്ഷമായി സംസാരിച്ചത്. സുഹൃത്തായി കണ്ടിരുന്ന നാദിറ തന്നെ നോമിനേറ്റ് ചെയ്തതാണ് ശോഭയെ ഏറ്റവും വിഷമിപ്പിച്ചത്. നാദിറയെ ഇനി ഒരിക്കലും കാണില്ലെന്നും ഒരു നിമിഷം പോലും അതിനുവേണ്ടി കളയില്ലെന്നും ശോഭ തീര്‍ത്ത് പറഞ്ഞു. തനിക്കെതിരെ വോട്ട് ചെയ്യാതിരുന്ന റിനോഷ്, മിഥുന്‍, ജുനൈസ് എന്നിവര്‍ക്ക് ഹഗ് നല്‍കിയതിനു ശേഷം ശോഭ മുന്‍വാതിലിലൂടെ ഇറങ്ങാനായി മുറ്റത്തേക്ക് ചെന്നു. എന്നാല്‍ അപ്പോഴേക്കും ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ് വന്നു- "ശോഭ, എവിടെ പോകുന്നു? ഒരു യാത്ര പോലും പറയാതെ എവിടെ പോകുന്നു?", ബിഗ് ബോസിന്‍റെ ചോദ്യം മുഴങ്ങി.
പറയണമെന്ന് തോന്നിയവരുടെ അടുത്ത് താന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശോഭയുടെ മറുപടി. "ഞാന്‍ ഒരു വ്യാജ വ്യക്തിത്വം അല്ല. ഞാന്‍ ജയിക്കാനാണ് ഇവിടെ വന്നത്..", ശോഭ പറഞ്ഞുതീരും മുന്‍പ് ബിഗ് ബോസ് അക്കാര്യം പറഞ്ഞു. "ശോഭ, പക്ഷേ പോകാന്‍ സമയമായില്ല". തുടര്‍ന്ന് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാന്‍ ബിഗ് ബോസ് ഷിജുവിനോടും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇത്രനേരവും ശ്രമപ്പെട്ട് പിടിച്ച് നിര്‍ത്തിയിരുന്ന ആ സസ്പെന്‍സ് ഷിജു പൊളിച്ചു. മറ്റെല്ലാ മത്സരാര്‍ഥികളുടെയും മുന്നില്‍ വച്ച് ശോഭയുടെ തോളില്‍ പിടിച്ചുകൊണ്ട് ഷിജു പറഞ്ഞു- "ശോഭേ, അതൊരു പ്രാങ്ക് ആയിരുന്നു". തുടര്‍ന്ന് പൊട്ടിച്ചിരികളുമായി എല്ലാവരും ശോഭയെ പൊതിയുകയായിരുന്നു.
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം