വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച റിയാസ് സലീമുമായി അസ്മിത നടത്തിയ അഭിമുഖം.
ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനിച്ചിട്ടും ഷോയെ സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് സംഭവബഹുലമായ ബിഗ് ബോസ് വീടായിരുന്നു ഇത്തവണ പ്രേക്ഷകർ കണ്ടത്. ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു. പക്ഷേ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം മറ്റൊന്നാണ്. വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച റിയാസ് സലിം. തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് റിയാസ്.
'ബിഗ് ബോസ് ജീവിതസ്വപ്നമായി കൊണ്ടുനടന്ന ആൾ', റിയാസിനെക്കുറിച്ച് ആദ്യം കേട്ട കാര്യം ഇതാണ്. എങ്ങനെയാണ് ഇത്തരമൊരു സ്വപ്നമുണ്ടായത്?
undefined
എപ്പോഴും പറയുന്നതുപോലെ കഴിഞ്ഞ ഒമ്പത് വർഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന ആളാണ് ഞാൻ. ഈ ഷോ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കാരണം ഇതിന് മനുഷ്യരിലുണ്ടാക്കാനാവുന്ന സ്വാധീനത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ആളുകളുടെ വ്യക്തി ജീവിതത്തിലടക്കം വലിയ മാറ്റങ്ങൾ വരുത്താനാകുന്ന, അവരെക്കൊണ്ട് മാറി ചിന്തിപ്പിക്കാൻ കഴിയുന്നതരം ഒരു ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെയാണ് ഇതിന്റെ ഭാഗമാവുക എന്നത് എന്റെ വലിയ ആഗ്രഹമായത്. ചിലപ്പോൾ നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ പ്രപഞ്ചം നമ്മളെ സഹായിക്കുമെന്നാണല്ലോ പറയുന്നത്, അങ്ങനെയാവാം ഞാനിതിലേക്ക് എത്തിയത്.
ഒരു സോ കാൾഡ് പുരുഷൻ അല്ലാതിരുന്നതിന്റെ, മാസ്‌ക്കുലൈൻ സ്വഭാവങ്ങൾ ഇല്ലാതിരുന്നതിന്റെ എല്ലാം പേരിൽ ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ആളാണ് റിയാസ്. ബിഗ് ബോസ് പോലെ പ്രേക്ഷകരുടെ വോട്ടിന്റെയും അവരുടെ ഇഷ്ടത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ മത്സരിക്കേണ്ട ഒരു ഷോയിൽ വരുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നോ?
ബിഗ് ബോസിൽ പങ്കെടുത്ത് ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നപ്പോഴും മലയാളി പ്രേക്ഷകർ എന്നെപ്പോലൊരാളിനെ എങ്ങനെയാണ് കാണാൻ പോകുന്നതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിജയി ആവുക എന്നത് എന്നെ സംബന്ധിച്ച് എത്ര ബുദ്ധിമുട്ടായിരിക്കുമെന്നും അറിയാമായിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതെന്താണെന്നും അവർക്കിഷ്ടപ്പെടുന്നത് എന്താണെന്നും നമുക്കറിയാമല്ലോ. പുരുഷന്മാർ എങ്ങനെയായിരിക്കണമെന്ന് ആളുകൾ തീരുമാനിച്ച് വച്ചിട്ടുണ്ട്. താടി വച്ച, കരുത്തനായ, കരയാത്ത, ഗാംഭീര്യമുള്ള ശബ്ദമുള്ള ആളുകളെ മാത്രമേ നമ്മുടെ സമൂഹം പുരുഷന്മാരായി കണക്കാക്കുന്നുള്ളൂ, അതാണ് നമ്മുടെ സങ്കല്പം. ദുർബ്ബലരായ, കരയുന്ന, 'പൗരുഷം' പ്രകടിപ്പിക്കാത്ത, സ്ത്രൈണതയുള്ള പുരുഷൻ എന്നത് പലർക്കുമൊരു പ്രശ്നമാണ്. ഇതെല്ലം പണ്ടുമുതലേ ചിലർ നിർണ്ണയിച്ചുവച്ച അളവുകോലുകളാണ്. അത് പിന്തുടരേണ്ട ആവശ്യം എനിക്കില്ല. എനിക്കെത്രത്തോളം പൗരുഷം വേണമെന്ന് തീരുമാനിക്കാനുള്ളത് ഞാനാണ്. നിങ്ങൾക്കെത്ര പൗരുഷം ഉണ്ടാവണമെന്നും എത്രത്തോളം സ്ത്രൈണത വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ളത് മറ്റുള്ള ആൾക്കാരാണ്, നിങ്ങളാണ്.
ബിഗ് ബോസ് ഷോയുടെ ആകെ നിലവാരം ഉയർത്തിയ ആൾ എന്നാണ് റിയാസിനെക്കുറിച്ച് പലരും പറയുന്നത്. മലയാളം ബിഗ് ബോസിൽ റിയാസ് ക്രിയേറ്റ് ചെയ്തുവച്ച നിലവാരത്തിന് അടുത്തോ മുകളിലോ എത്താൻ ഇനി വരുന്ന മത്സരാർത്ഥികൾ ശ്രമിക്കും എന്നും പലരും പറഞ്ഞു. പ്രതീക്ഷിച്ചിരുന്നോ ഇങ്ങനെയൊരു പ്രതികരണം?
പുറത്തിറങ്ങി ആളുകളുടെ പ്രതികരണങ്ങൾ കണ്ടപ്പോൾത്തന്നെ എന്റെ മനസ് നിറഞ്ഞിരുന്നു. ചില ആളുകളെങ്കിലും മാറി ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ പറയുന്ന കാര്യങ്ങളെ അംഗീകരിക്കാൻ മനസ്സുള്ളവർ എന്നെ സ്നേഹിക്കുന്നതല്ല വിജയം, ഞാൻ പറയുന്നത് കേട്ട് ആളുകൾ അവരുടെ മോശമായ ചിന്താഗതികൾ മാറ്റാനും തിരുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും അതാണ് എന്നെ സംബന്ധിച്ച് വിജയം. അതേസമയം ഞാൻ വളരെ നിരാശനുമാണ്. കാരണം, എല്ലാ സീസണുകളിലും ആഘോഷമായിട്ടുള്ള അതേ പാറ്റേൺ പിന്തുടരുന്നവർ തന്നെയാണ് ഈ സീസണിലും ആഘോഷിക്കപ്പെട്ടത്. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന, മോശം രീതിയിൽ അവരുടെ ആണത്തം പ്രകടിപ്പിക്കുന്ന പല പുരുഷന്മാരെയും പ്രേക്ഷകർ കഴിഞ്ഞ സീസണുകളിലും ഏറ്റെടുത്തിരുന്നു. അതുതന്നെയാണ് ഈ സീസണിലും സംഭവിച്ചത്. ഇതൊരു ന്യൂ നോർമൽ സീസണായിട്ടുപോലും അംഗീകാരം കിട്ടിയത് ന്യൂ നോർമലായ സംഗതികൾക്കല്ല. കഴിഞ്ഞ സീസണുകളിൽ ആർക്കൊക്കെയാണോ പ്രേക്ഷക പിന്തുണ ലഭിച്ചത്, അതേ സ്വഭാവമുള്ള ആളുകൾക്കാണ് ഇത്തവണയും പിന്തുണ കൂടുതൽ. അതുകൊണ്ടാണ് ഫൈനൽ റിസൾട്ട് പോലും ഇങ്ങനെയായത്. ഞാനാ ഷോയിലേക്ക് കയറുമ്പോൾ പ്രേക്ഷകർക്ക് എന്താണ് ഇഷ്ടമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഞാൻ ആ ഒഴുക്കിനെതിരായാണ് നീന്തിയത്. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ജയിക്കുന്നതിനേക്കാൾ പ്രധാനം യഥാർത്ഥത്തിലുള്ള ഞാനായി തുടരുന്നതായിരുന്നു.
'എന്റെ പ്രതിഷേധമായിരുന്നു ആ വാക്ക് ഔട്ട്'; 'ബിബി 4' ഇറങ്ങിപ്പോക്കിനെ കുറിച്ച് ജാസ്മിൻ
അഞ്ജലി അമീർ,ജാസ്മിൻ, അപർണ, അശ്വിൻ അങ്ങനെ LGBTQIA+ ന്റെ ഭാഗമായിരുന്നവർ പലരുമുണ്ടായിട്ടും റിയാസാണ് ഫലപ്രദമായി അക്കാര്യങ്ങൾ ഷോയിലൂടെ അവതരിപ്പിച്ചത്. ബിഗ് ബോസിലേക്ക് പോകുമ്പോൾത്തന്നെ ഇക്കാര്യങ്ങൾ പറയണമെന്ന് മനസിലുണ്ടായിരുന്നോ? പ്ലാൻ ചെയ്തിരുന്നോ?
അപർണ്ണയോ അഞ്ജലിയോ ജാസ്മിനോ അശ്വിനോ ഒന്നും ഏതെങ്കിലും തരത്തിൽ തോറ്റുപോയതായി ഞാൻ കരുതുന്നില്ല. ഇത്രയും വലിയൊരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായി ഇവരെല്ലാം എത്തുന്നതുതന്നെ വളരെ അഭിനന്ദനാർഹവും അഭിമാനം തോന്നുന്നതുമായ കാര്യമാണ്. കാരണം സിനിമ അടക്കമുള്ള നമ്മുടെ എല്ലാ മേഖലകളിലും ലൈംഗിക ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം വളരെ കുറവാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ബിഗ് ബോസ് ഷോയിൽ ഇവർ കൂടി ഭാഗമാകുന്നത്. അതുതന്നെ വലിയ വിപ്ലവമാണ്. ഞാനായാലും ബോധപൂർവ്വമല്ല ഒരു കാര്യവും ബിഗ് ബോസ് വീട്ടിൽ സംസാരിച്ചത്. അവിടെയുള്ളവരുടെ തെറ്റായ ചിന്താഗതികളും ഹോമോഫോബിക് നിലപാടുകളും കാണുമ്പോഴാണ് അത്തരം കാര്യങ്ങൾ സംസാരിക്കേണ്ടി വന്നത്. മലയാളം ബിഗ് ബോസ് ഷോയിൽ ഇത്തരം കാര്യങ്ങൾ സംസാരിച്ചാൽ അവിടെ തുടരാനുള്ള സാധ്യതകൾ കുറയുകയാണ് ചെയ്യുന്നത് എന്നെനിക്കറിയാം. എന്നാലും ഇക്കാര്യങ്ങൾ പറയാതിരിക്കാനാവാത്തതു കൊണ്ടാണ് പലപ്പോഴും പറഞ്ഞത്. ഇപ്പോഴും മലയാളം ബിഗ് ബോസിൽ അവർ പ്രാധാന്യം നൽകുന്നത് അർഹിക്കുന്ന കാര്യങ്ങൾക്കല്ല. അത് ഷോ നടത്തുന്നവരുടെ കുഴപ്പമല്ല, പ്രേക്ഷകർക്ക് ആവശ്യം പൈങ്കിളി ആയതുകൊണ്ടാണ് അവർ ലവ് ട്രാക്ക് അടക്കമുള്ള കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.
പല പ്രായത്തിലുള്ള ഒരുപാടധികം ആളുകളുടെ സ്നേഹം കൂടി റിയാസിന് ലഭിച്ചു. അവിടെ പലപ്പോഴും റിയാസ് പറഞ്ഞിരുന്നു ആളുകൾക്ക് തന്നെ ഇഷ്ടമാകുമോ എന്നുറപ്പില്ല എന്ന്. എന്ത് തോന്നുന്നു? മലയാളികൾ കുറച്ചെങ്കിലും മാറിയോ?
ഞാൻ പുറത്തിറങ്ങി ആദ്യം കണ്ടത് അത്തരം വീഡിയോകളാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയ മനുഷ്യർ നമ്മളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വളരെ വലിയ സന്തോഷം തോന്നാറുണ്ട്. എന്നെ അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. ഇമേജ് കോൺഷ്യസ് ആകാതെയാണ് ഞാൻ ബിഗ് ബോസിൽ നിന്നത്. എനിക്കവിടെ ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് നമുക്ക് പൈസ ലഭിക്കും. പക്ഷേ പൈസ മാത്രം പ്രതീക്ഷിച്ച് നിങ്ങളവിടെ പോകരുത്.
ഷോ അവസാനിച്ചിട്ടും അവസാനിക്കാത്ത ചില കാര്യങ്ങളും നടക്കുന്നുണ്ട്. ദിൽഷ ചെയ്ത വീഡിയോ, അതിനു കാരണമായ സംഭവങ്ങൾ, അതിനു പിന്നാലെയുണ്ടായ സംഭവങ്ങൾ.. ഇതിനെപ്പറ്റി എന്താണ് റിയാസിന് പറയാനുള്ളത്?
അവിടെ ചെന്ന ദിവസം മുതൽ ദിൽഷായോട് നേരിട്ട് ഇക്കാര്യങ്ങൾ സംസാരിച്ച ആളാണ് ഞാൻ. ചിലപ്പോൾ ഷോയുടെ അകത്തായതുകൊണ്ടായിരിക്കും ദിൽഷ കാര്യങ്ങൾ മനസിലാക്കാതെ ഇരുന്നത്. അല്ലെങ്കിൽ അങ്ങനെ തുടരുന്നത് ദിൽഷക്ക് ഉപകാരപ്പെടും എന്നറിഞ്ഞതുകൊണ്ടായിരിക്കാം. എനിക്കിനി അവരുമായി ഒരു ബന്ധവുമില്ലെന്ന് ഇപ്പോൾ വീഡിയോയിൽ പറഞ്ഞതുപോലെ ഷോയിൽവച്ച് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ദിൽഷ വിജയി ആവുമായിരുന്നില്ല. ദിൽഷ ആ വീഡിയോ ഇട്ടപ്പോൾ റോബിൻ പറഞ്ഞത് അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നാണ്. പക്ഷേ തൊട്ടടുത്ത ദിവസം റോബിൻ ജനങ്ങളോട് പറയുകയാണ് ഇനി ഒരുത്തിയുടെയും പിന്നാലെ നടക്കാൻ എനിക്ക് സമയമില്ല എന്ന്. എന്താണ് അതിന്റെ അർഥം? റോബിനെ ഇഷ്ടപ്പെടുന്നവരോട് റോബിൻ വിളിച്ചു പറയുകയാണ് 'ഞാൻ വഞ്ചിക്കപ്പെട്ടു, നിങ്ങൾ പോയി ദിൽഷയെ ആക്രമിച്ചോളൂ' എന്ന്. അത്രയും ആൾക്കാരുടെ മുന്നിലേക്ക് ദിൽഷയെ വലിച്ചെറിഞ്ഞു കൊടുക്കുകയാണ്. ദിൽഷയെ റോബിൻ അൽപ്പമെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല. ഇതുതന്നെയാണ് ഞങ്ങളെല്ലാം ഷോയിൽവച്ചും പറഞ്ഞിരുന്നത്. വലിയ സൈബർ ആക്രമണമാണ് ദിൽഷ നേരിടുന്നത്. പക്ഷേ ഇപ്പോൾ ദിൽഷയെ പിന്തുണക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം മനസിലാക്കേണ്ട കാര്യം മനസിലാക്കേണ്ട സമയത്ത് അവൾ മനസിലാക്കിയില്ല.
അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം
Part-1
Part 2