വീക്കിലി ടാസ്‍കിന്‍റെ രണ്ടാം ദിവസം ഹൗസില്‍ നാടകീയ രംഗങ്ങള്‍
ബിഗ് ബോസിലെ ചില ദിവസങ്ങള്‍ പ്രേക്ഷകര്‍ക്ക് നാടകീയ നിമിഷങ്ങള്‍ സമ്മാനിക്കാറുണ്ട്. ഇന്നത്തെ ദിവസവും അങ്ങനെ ആയിരുന്നു. പുതിയ വീക്കിലി ടാസ്ക് ആയ വെള്ളിയാങ്കല്ലിന്‍റെ രണ്ടാം ദിവസമായ ഇന്ന് റിനോഷിനെ സഹമത്സരാര്‍ഥികളിലെ ചിലര്‍ കളിനിയമങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പെരുമാറിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷാത്മകമായ അന്തരീക്ഷത്തില്‍ മനീഷ തളര്‍ന്ന് വീഴുകയും മെഡിക്കല്‍ റൂമില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എപ്പോഴും സൗമ്യനായി പെരുമാറാറുള്ള റിനോഷിന്‍റെ മറ്റൊരു മുഖം കണ്ട ദിവസം അദ്ദേഹം അവസാനം മനീഷയോട് ക്ഷമ ചോദിക്കുന്നതിനും പ്രേക്ഷകര്‍ സാക്ഷികളായി.
കടലില്‍ രത്നം വാരാന്‍ പോകുന്ന വ്യാപാരികളും അധികാരികളും കടല്‍ക്കൊള്ളക്കാരുമൊക്കെ അടങ്ങുന്ന കളിയാണ് വെള്ളിയാങ്കല്ല് വീക്കിലി ടാസ്ക്. ഇന്നലത്തെ അധികാരികളെയും കടല്‍ക്കൊള്ളക്കാരെയും പരസ്പരം മാറ്റിയാണ് ബിഗ് ബോസ് ഇന്ന് ഗെയിം ആരംഭിച്ചത്. വ്യാപാരികളില്‍ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ആക്റ്റിവിറ്റി ഏരിയയില്‍ സൃഷ്ടിച്ച കടലില്‍ പോകാനുള്ള അവസരം. കടലില്‍ പോകാത്ത വ്യാപാരികളായ റെനീഷും ഷിജുവും പുറത്ത് നില്‍പ്പുണ്ടായിരുന്നു. വ്യാപാരികള്‍ വന്ന ശേഷമാണ് കൊള്ളക്കാര്‍ക്ക് അവരുടെ നേര്‍ക്ക് ചെന്ന് രത്നം കൈക്കലാക്കാന്‍ അവസരമെന്ന് ടാസ്ക് ലെറ്ററില്‍ ബിഗ് ബോസ് അറിയിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസിന്‍റെ ഗെയിം നിയമത്തില്‍ പഴുതുണ്ടെന്നും കടലില്‍ പോകാത്ത വ്യാപാരികളെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാമെന്നും ഗോപിക മനീഷയോടും ഹനാനോടും പറയുകയായിരുന്നു. തുടര്‍ന്ന് മനീഷയും ഗോപികയും ഹനാനും അടങ്ങിയ കൊള്ളക്കാരുടെ സംഘം കൂട്ടമായി വന്ന് പുറത്ത് നിന്നിരുന്ന റിനോഷിനെ വളഞ്ഞു. മൈക്കും ബാറ്ററിയും അടങ്ങുന്ന റിനോഷിന്‍റെ ക്രോസ് ബാഗില്‍ ഗോപിക പിടിച്ചപ്പോള്‍ ഹനാന്‍ റിനോഷ് രത്നങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് തുറക്കുകയായിരുന്നു. രത്നങ്ങള്‍ പുറത്തേക്ക് ചിതറുകയും ചെയ്തു.
undefined
ഹൗസില്‍ എന്ത് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും എല്ലായ്പ്പോഴും സൗമ്യമായി പെരുമാറാറുള്ള റിനോഷ് പക്ഷേ ഇന്ന് അങ്ങനെയല്ല പെരുമാറിയത്. പുറത്തേക്ക് തെറിച്ചുവീണ രത്നങ്ങള്‍ കൈക്കലാക്കാന്‍ ഈ സമയം കടല്‍ക്കൊള്ളക്കാരുടെ സംഘത്തിലെ ചിലരും എത്തി. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു റിനോഷിന്‍റെ പ്രതികരണം. തന്‍റെ ക്രോസ് ബാഗ് റിനോഷ് ഊരി എറിയുകയും ചെയ്തു. തൊട്ടുപിന്നാലെ ബിഗ് ബോസിന്‍റെ പ്രഖ്യാപനം എത്തി. സൈറണ്‍ മുഴങ്ങുന്നതിന് മുന്‍പ് വ്യാപാരികളെ അക്രമിക്കാനാവില്ല എന്നതായിരുന്നു അത്. ഇതുകേട്ട ഹനാന്‍ താന്‍ കൈക്കലാക്കിയ രത്നങ്ങള്‍ റിനോഷിനെ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ റിനോഷിന് രത്നങ്ങളില്‍ നല്ലൊരു പങ്കും നഷ്ടമായിരുന്നു. പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് മനീഷ എത്തിയെങ്കിലും അടുത്തേക്ക് വരേണ്ട എന്ന നിലപാടിയിരുന്നു റിനോഷിന്. എന്നാല്‍ ഏറെ വൈകാതെ തളര്‍ന്നുവീണ മനീഷയെ മെഡിക്കല്‍ റൂമിലേക്ക് എത്തിക്കാന്‍ റിനോഷും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മനീഷ കുഴഞ്ഞു വീഴാന്‍ ഇടയായ സാഹചര്യം സൃഷ്ടിച്ചത് താനാണെന്ന കുറ്റബോധത്തോടെയാണ് മെഡിക്കല്‍ റൂമില്‍ നിന്ന് റിനോഷ് പുറത്ത് വന്നത്. സോറി ബ്രോ എന്ന് പറഞ്ഞുകൊണ്ട് വികാരാധീനനായി കരഞ്ഞുകൊണ്ടായിരുന്നു റിനോഷിന്‍റെ വരവ്. എന്നാല്‍ അഖില്‍ മാരാരും ശ്രുതി ലക്ഷ്മിയും സെറീനയും അടക്കമുള്ളവര്‍ അത് റിനോഷ് കാരണം സംഭവിച്ചതല്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് മനീഷ മെഡിക്കല്‍ റൂമില്‍ നിന്ന് പുറത്തെത്തിയപ്പോഴും സംസാരിക്കാനായി റിനോഷ് എത്തി.