"സമൂഹത്തില്‍ തെറ്റായ ചിന്താഗതി പരത്തുന്നു, തെറ്റായ പ്രവണതയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് നിരന്തരം ജുനൈസ് തന്നെ കുറ്റപ്പെടുത്തുന്നു"
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഹൌസിനെ ശബ്ദമുഖരിതമാക്കി കോടതി ടാസ്ക്. നീതി ലഭിക്കാനുണ്ടെന്ന് കരുതുന്ന വിഷയങ്ങളില്‍ മത്സരാര്‍ഥികള്‍ക്ക് പരസ്പരം കേസ് കൊടുക്കാവുന്ന ബിഗ് ബോസിന്‍റെ ജനപ്രിയ ടാസ്കുകളില്‍ ഒന്നാണ് ഇത്. വീക്കിലി ടാസ്ക് ആയി ബിഗ് ബോസ് അവതരിപ്പിച്ച കോടതി ടാസ്കില്‍ ഇന്ന് രണ്ടാമത് വിളിച്ച കേസ് ജുനൈസിനെതിരെ റെനീഷ റഹ്‍മാന്‍ കൊടുത്ത കേസ് ആയിരുന്നു.
സമൂഹത്തില്‍ തെറ്റായ ചിന്താഗതി പരത്തുന്നു, തെറ്റായ പ്രവണതയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് നിരന്തരം ജുനൈസ് തന്നെ കുറ്റപ്പെടുത്തുന്നു. ശരി തെറ്റുകള്‍ തീരുമാനിക്കാനുള്ള പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയാണ് ജുനൈസ് ചോദ്യം ചെയ്യുന്നത്. പഴഞ്ചന്‍ രീതിയിലുള്ള സ്ത്രീ എന്ന് ആക്ഷേപഹാസ്യരൂപേണ അവസരം കിട്ടുമ്പോള്‍ ജുനൈസ് വിളിക്കുന്ന രീതി ബഹുമാനപ്പെട്ട കോടതി നിര്‍ത്തിച്ചുതരണം, ഇതായിരുന്നു റെനീഷ കൊടുത്ത കേസ്. എന്നാല്‍ പഴഞ്ചന്‍ രീതിയിലുള്ള സ്ത്രീ എന്നല്ല മറിച്ച് മോഡേണ്‍ കുലസ്ത്രീ എന്നാണ് താന്‍ വിളിച്ചതെന്നും അത് റെനീഷയുടെ അനുമതി വാങ്ങിയതിനു ശേഷം മാത്രമാണെന്നും ഇനി വിളിക്കരുതെന്ന് റെനീഷ പറഞ്ഞതിനു ശേഷം താന്‍ ഒരിക്കല്‍ പോലും അങ്ങനെ വിളിച്ചിട്ടില്ലെന്നും ജുനൈസ് പറഞ്ഞു. ആ പ്രയോഗം നടത്തിയിട്ടില്ലെന്നും അതേ അര്‍ഥം വരുന്ന രീതിയില്‍ പരിഹാസരൂപേണ ജുനൈസ് വിളിച്ചിട്ടുണ്ടെന്ന് റെനീഷയും റെനീഷയുടെ അഭിഭാഷകനായ ഫിറോസ് ഖാനും വാദിച്ചു.
undefined
എന്നാല്‍ റെനീഷ വിലക്കിയതിനു ശേഷം ഒരിക്കല്‍ മാത്രമാണ് ഇക്കാര്യം താന്‍ പറഞ്ഞതെന്നും അത് സ്വയം സ്ഥാനം നിര്‍ണ്ണയിക്കാനുള്ള ടാസ്കില്‍ റെനീഷ മത്സരിച്ചപ്പോള്‍ മാത്രമാണെന്നും ജുനൈസ് പറഞ്ഞത് കോടതിക്കും ബോധ്യപ്പെട്ടു. ഈ കേസില്‍ മത്സരാര്‍ഥികള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത ന്യായാധിപന്‍ റിനോഷ് ആയിരുന്നു. റിയാസ് ആണ് ജുനൈസിനുവേണ്ടി ഹാജരായത്. എന്നാല്‍ ബിഗ് ബോസിന്‍റെ ഫൈനല്‍ ബസര്‍ വരെ വാദം നീണ്ടുപോയ ഈ കേസില്‍ ഒരു വിധി പുറപ്പെടുവിക്കാന്‍ ന്യായാധിപന്‍ വിഷമിച്ചു. ഒരാള്‍ക്ക് സ്വീകാര്യമല്ലാത്ത ഒരു പ്രയോഗം അയാളെ വിളിച്ചതിന് ജുനൈസ് കുറ്റക്കാരനാണെന്നാണ് കോടതി ആദ്യം വിധിച്ചത്. എന്നാല്‍ ഇത് പ്രതിഭാഗം ചോദ്യം ചെയ്തതിനും വിശദീകരിച്ചതിനും പിന്നാലെ ഇരുഭാഗത്തുമുള്ള ശരിതെറ്റുകള്‍ ഉപദേശരൂപേണ റിനോഷ് വിശദീകരിച്ചു. എന്നാല്‍ ഇത് കോടതിയുടെ നിരീക്ഷണങ്ങള്‍ മാത്രമാണെന്നും പോയിന്‍റുകള്‍ ലഭിക്കുന്ന വീക്കിലി ടാസ്ക് ആണ് ഇത് എന്നതിനാല്‍ ഒരു അന്തിമവിധി ഉണ്ടാവണമെന്നും ജുനൈസിനുവേണ്ടി റിയാസ് വാദിച്ചു. തുടര്‍ന്ന് കോടതിയുടെ സമയം മെനക്കെടുത്തിയ കേസ് ആണ് എന്നതിനാല്‍ കേസ് തള്ളിക്കളയുന്നതായി റിനോഷ് അറിയിച്ചു.