ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

By Nithya Robinson  |  First Published May 16, 2023, 1:38 PM IST

അൻപത് ദിവസത്തിൽ ഇന്നലെ ആദ്യമായി അഖിൽ മാരാർ ടാസ്‍കിൽ നിന്നും പ്രശ്‍നങ്ങളിൽ നിന്നും മാറി നിന്നത് ശ്രദ്ധേയമാണ്.


ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദിവസം ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്നത്. മുൻ സീസണുകളിലെ ശക്തരായ, പ്രേക്ഷകരിൽ ആവേശം നിറച്ച റോബിൻ രാധാകൃഷ്‍ണനും രജിത് കുമാറും ഹൗസിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതര ഭാഷ ബിഗ് ബോസ് ഷോകളിൽ ഇത്തരത്തിൽ മുൻ മത്സരാർത്ഥികളെ കൊണ്ടുവന്നിട്ടുമുണ്ട്, അവർ ആ ഷോയുടെ ഗതിയെ തന്നെ മാറ്റിമറിച്ചിട്ടുമുണ്ട്. പൊതുവിലൊരു ഒഴുക്കൻ മട്ടിൽ പോകുന്ന മലയാളം സീസൺ അഞ്ചിലേക്ക്, റോബിനെയും രജിത്തിനെയും തിരിച്ചു കൊണ്ടുവന്നതും ഗെയിം മാറ്റിമറിക്കാനാണെന്ന് പറയേണ്ടതില്ലല്ലോ.

തുടക്കത്തിൽ തരക്കേടില്ലാത്ത സീസൺ ആണെന്നാണ് പ്രേക്ഷകർ സീസൺ അഞ്ചിനെ കുറിച്ച് പറഞ്ഞത്. കൃത്യമായി ഗെയിം കളിക്കാൻ അറിയാവുന്നവർ. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു ഗെയിമിനെ മുന്നോട്ട് കൊണ്ടു പോകാൻ കഴിവുള്ളവർ. സമാധാന പ്രിയർ. എന്നാൽ ഇത് പലപ്പോഴും നെഗറ്റീവ് ആയി പ്രതിഫലിച്ചു. അതായത്, വീക്കിലി ടാസ്‍കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥ.



പലപ്പോഴും മത്സരാർത്ഥികളുടെ താല്‍പര്യമില്ലായ്‍മയും കയ്യങ്കളിയും കാരണം ഗെയിമുകൾ ബിഗ് ബോസ് വേണ്ടെന്ന് വച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും, വിരലിൽ എണ്ണാവുന്ന ചിലരൊഴിച്ചാൽ ബാക്കി എല്ലാവരും ഒഴുക്കൻ മട്ടിലായി പോക്ക്. ലൈവിൽ പോലും ഒരു ഉണർവില്ല. ഇതിനൊരു മാറ്റമൊന്നോണം കൊണ്ടുവന്ന ഒമർ ലുലു, ഹനാൻ, അനു എന്നീ വൈൽഡ് കാർഡുകാർ ആകട്ടെ ഒരു ചലനവും സൃഷ്ടിച്ചില്ലതാനും.

ഇതിനിടെ ആണ് സീസൺ അഞ്ചിനും മത്സരാർത്ഥികൾക്കും ഊർജ്ജം നൽകാൻ മുൻകാല സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടാൻ തുടങ്ങിയത്. ഒടുവിൽ കഴിഞ്ഞ ദിവസം രജിത്തും റോബിനും വന്നതോടെ മൊത്തത്തിൽ സീസൺ അഞ്ചിന്റെ മുഖം മാറി. യഥാർത്ഥത്തിൽ ബിഗ് ബോസ്, സീസൺ അഞ്ചിലേക്ക് ഇറക്കിവിട്ട തുറുപ്പു ചീട്ടുകളാണ് ഇരുവരും എന്ന് പറയാം.

അതായത്, സേഫ് ഗെയിം, ഗ്രൂപ്പ് കളി, നന്മമരം, ലവ് തുടങ്ങിയ സ്ട്രാറ്റജികൾ ഉപയോഗിച്ചാണ് കഴിഞ്ഞ അമ്പത് ദിവസവും ഹൗസിലെ മത്സരാർഥികൾ കളിച്ചിരുന്നത്. ഏതാനും ദിവസങ്ങൾ പോയിട്ട്, ബാക്കിയെല്ലാ ദിവസവും ഒട്ടും ഇന്ററസ്റ്റിങ്ങല്ലാത്ത പ്രകടനങ്ങൾ. ഇതിനോട് പ്രേക്ഷകർക്കും മടുപ്പ് തോന്നി. ഒടുവിൽ ഗ്രൂപ്പിസവും സേയ്‍ഫ് ഗെയിമും നന്മമരം കളിയും ഒക്കെ വലിച്ച് കീറാൻ ബിഗ് ബോസ് തീരുമാനിച്ചു എന്നത് വ്യക്തം. പ്രത്യേകിച്ച് ഷിജു- വിഷ്‍ണു അഖിൽ കൂട്ടുകെട്ട്.

Latest Videos

undefined



ഹോട്ടൽ ടാസ്‍കിനിടയിൽ എത്തിയ രജിത്തിനെയും റോബിനെയും കണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ആയിട്ടുണ്ട് മത്സരാർത്ഥികൾ. സമാധാന പ്രിയനായി വന്ന് കയറിയ റോബിനെ പോലെ ആകും രജിത്തെന്ന് ഒരുപക്ഷേ മത്സരാർത്ഥികൾ കരുതിയിരിക്കണം. പക്ഷേ ആ മുൻധാരണകളെ രജിത് കാറ്റിൽ പറത്തി. ഗെയിം മൊത്തത്തിൽ മാറി. ഒരു ചേയ്‍ഞ്ചർ എങ്ങനെയാണ് ഹൗസിലുള്ള മത്സരാർഥികളോട് പെരുമാറേണ്ടത്. അത് അതേപടി ഫോളോ ചെയ്‍ത, കൊട്ട് കൊടുക്കേണ്ടവർക്കെല്ലാം കൊട്ട് കൊടുത്തും ഹിന്റുകൾ കൊടുത്തും രജിത്ത് കസറി. ഇതിനിടയിൽ അഖിൽ, വിഷ്‍ണു ഉൾപ്പടെ ഉള്ളവർ സ്ക്രീൻ സ്പെയ്‍സിന് വേണ്ടി കഷ്ടപ്പെടുന്നത് എടുത്ത് പറയേണ്ടതാണ്.

അൻപത് ദിവസത്തിൽ ഇന്നലെ ആദ്യമായി അഖിൽ മാരാർ ടാസ്‍കിൽ നിന്നും പ്രശ്‍നങ്ങളിൽ നിന്നും മാറി നിന്നത് ശ്രദ്ധേയമാണ്. ഒരു സോഫയിൽ എല്ലാറ്റിൽ നിന്നും മാറി എന്തോ ചിന്തിച്ച് കൊണ്ടിരുന്ന അഖിൽ ഹൗസിലെ ഹൈലൈറ്റ് ആയിരുന്നു. ഒരുപക്ഷേ എന്താണ് ബിബി ഹൗസിൽ നടക്കുന്നത്. എന്ത് പണിയാണ് ബിഗ് ബോസ് തങ്ങൾക്ക് തരാനിരിക്കുന്നത് അല്ലെങ്കിൽ തന്നിരിക്കുന്നത്, ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നൊക്കെയാകും ആ ചിന്തയ്ക്ക് കാരണം. തനിക്കുള്ള എതിരാളികൾ ആണോ ഇരുവരും എന്നും ഒരുപക്ഷേ അഖിൽ ചിന്തിച്ചേക്കാം.

ഇതിനേക്കാൾ പ്രധാനം, മാരാർ സ്വപ്‍നത്തിൽ കൂടി റോബിനെ അതിഥി ആയിട്ടാണെങ്കിൽ കൂടി ഹൗസിൽ പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്നതാണ്. മുൻപ് റോബിനെതിരെ വിമർശനം ഉന്നയിച്ച ആളാണ് അഖിൽ. അതായത് പുറത്ത് വച്ച് പരസ്‍പരം ഏറ്റുമുട്ടിയിട്ടുള്ള റോബിനും അഖില്‍ മാരാരും ആദ്യമായി മുഖാമുഖം കാണുന്നു. ഈ അവസരത്തിൽ ടാസ്കിൽ റോബിന്‍ അതിഥിയും മാരാര്‍ സെക്യൂരിറ്റി ഗാര്‍ഡുമായെത്തിയത് ബിഗ് ബോസിന്റെ ഗംഭീര പ്ലാനിങ്ങുമാണ്.



അതിനാൽ അഖിലിനെ കൊണ്ട് റോബിൻ മസാജ് ചെയ്യിപ്പിച്ചത് ഒരു മധുര പ്രതികാരം ആണോ എന്നാണ് സംശയം. എന്നാൽ ഇരുവരും കൂളായാണ് സംഭവം എടുത്തിരിക്കുന്നത്. പക്ഷേ റോബിനുമായുള്ള സൗഹൃദ സംഭാഷണം ബിഗ് ബോസ് നിലനിൽപ്പിന് വേണ്ടിയുള്ള അഖിലിന്റെ സ്ട്രാറ്റജി ആണോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

സീസണെ മാറ്റിമറിക്കേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടാകണം ബിഗ് ബോസ്, രജിത്തിനെയും റോബിനെയും വീടിനുള്ളിൽ വിട്ടത്. ഇരുവരും വന്നത് കളിക്കാനല്ലെന്നും കളിപ്പിക്കാനും  പഠിപ്പിക്കാനുമാണെന്ന് എല്ലാവർക്കും അറിയാം. റോബിൻ- രജിത് സംഭാഷണം തന്നെ അതിന് തെളിവാണ്.

വന്ന് കയറിയത് മുതൽ രജിത്ത് മത്സരാർത്ഥികളെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ട്. ഇത് കൈവിട്ട് പോയാൽ സ്വാഭാവികമായും ഹൗസിലുള്ളവർ ഒറ്റക്കോ കൂട്ടമായോ പ്രതിരോധിക്കും. മാരാരുടെ പൊതുവിലെ സ്വഭാവം വളരെ പെട്ടെന്ന് പ്രവോക്ക് ആകുന്നതാണെന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്. അങ്ങനെ സംഭവിച്ച് എല്ലാവരും രജിത്തിന് നേർക്കടുത്താൽ റോബിന് വേണമെങ്കിൽ ഹൗസിലെ ഗ്രൂപ്പ് കളി പൊളിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അങ്ങനെ ഒരു നീക്കം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്നറിയില്ല.

എന്തായാലും, റോബിൻ- രജിത് വരവ് വെറുതെ ആകില്ലെന്ന് ആദ്യ കാഴ്‍ചയിൽ തന്നെ വ്യക്തമാണ്. പക്ഷേ, ഇതിന് മറ്റൊരു വശം കൂടിയുണ്ട്. രജിത്തിന്റെ ചില പെർഫോമൻസ് ഓവർ ആയിട്ടുണ്ടെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ പറയുന്നത്. ആവശ്യമില്ലാതെ ഇറിറ്റേറ്റിംഗ് ചെയ്യുമ്പോലെ തോന്നിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഒരുപക്ഷേ ഇതാകാം വിഷ്‍ണു അദ്ദേഹത്തോട് കയർത്ത് സംസാരിക്കാൻ ഇടയാക്കിയതും.



പൊതുവിൽ ഒരു ഒഴുക്കൻ മട്ടാണെങ്കിലും ഭയങ്കര തന്ത്രശാലികൾ ആയ മത്സരാർത്ഥികളാണ് (ചിലരെങ്കിലും) സീസൺ അഞ്ചിലേത്. പുതിയ അതിഥികളുടെ അധികാരം പ്രകടിപ്പിക്കൽ അല്ലെങ്കിൽ ഗെയിം ചെയ്ഞ്ചിംഗ് പ്ലാൻ എത്രത്തോളം വർക്കൗട്ട് ആകും എന്നത് ചോദ്യചിഹ്നമാണ്. ഇതിനിടയിൽ പരിഹാസ്യരൂപേണ രജിത്ത്, റോബിനിട്ട് പണി കൊടുക്കുന്നുണ്ട്. അതായത് കിട്ടിയവസരം രജിത്ത് മുതലെടുക്കുന്നു എന്നത് വ്യക്തം.

മറ്റൊരു വശം, ഈ വരവ് മത്സരാർത്ഥികൾക്ക് ദഹിച്ചിട്ടില്ല. പലപ്പോഴും അതിഥികൾ ആണെന്ന് പോലും ചിന്തിക്കാതെ രജിത്തിനോട് വിഷ്‍ണു കയർത്തത് ഇതിന് തെളിവാണ്. അതായത് ഇവരാരും തന്നെ മുൻ മത്സരാർത്ഥികൾ എന്തിന് ഇവിടെ വന്നു എന്ന് മനസിലാക്കിയിട്ടില്ല എന്ന് വ്യക്തം. ഹിന്റ് തരുന്നത് തെറ്റിദ്ധരിപ്പിക്കാനും, പ്രവോക്ക് ചെയ്യാനും ആണെന്ന് ശ്രുതിയും സെറീനയും പറഞ്ഞത് തന്നെ അക്കാര്യം സമർത്ഥിക്കുന്നുണ്ട്.



എന്തായാലും, മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ ബിഗ്‌ബോസ് കയറ്റിവിട്ടത്, തങ്ങളോട് ഗെയിം കളിച്ചു ജയിക്കാൻ ആണെന്ന് കരുതാതെ അവരിൽ നിന്ന് കിട്ടുന്ന ഹിന്റുകൾ ഉപയോഗിച്ച് ഗെയിം നന്നാക്കാൻ ആർക്കാണോ കഴിയുന്നത്, അവർക്ക് ഈ ടാസ്‍ക് ഉപകാരപ്പെടും. ഈ ടാസ്ക് മാത്രമല്ല അവരുടെ മുന്നോട്ടുള്ള ബിഗ് ബോസ് ജീവതത്തെയും വളരെയധികം അത് സഹായിക്കും. ഒപ്പം വോട്ടും. ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബേയ്സ് ഉണ്ടാക്കിയവരാണ് റോബിനും രജിത്തും. അതുകൊണ്ട് ഇവരോടുള്ള മത്സരാര്‍ത്ഥികളുടെ സമീപനം വോട്ടിനെയും ബാധിക്കും. 


മറിച്ച് അതിഥികളോട് മത്സരിക്കുക ആണെങ്കിൽ അവർ തിരിച്ച് പോകുമ്പോൾ എല്ലാം വീണ്ടും പഴയതുപോലെ ആകുമെന്ന് ഉറപ്പാണ്. അതായത്, ബിഗ് ബോസിന്റെ ഗെയിം ചെയ്ഞ്ചിംഗ് പ്ലാൻ പരാജയമാകും. എന്തായാലും മുൻ മത്സരാർത്ഥികളുടെ വരവ് ഷോയ്ക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്നും മുന്നോട്ടുള്ള ഗതിയെ ഇരുവർക്കും സ്വാധീനിക്കാൻ സാധിക്കുമോ എന്നും വരും ദിവസങ്ങളിൽ അറിയാം.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

click me!