'ഗെയിം കളിക്കാനല്ലെങ്കില്‍ ബിഗ് ബോസിലേക്ക് എന്തിനുപോയി'? പരിഹസിക്കുന്നവര്‍ക്ക് നോബിയുടെ മറുപടി

By Web Team  |  First Published May 27, 2021, 6:13 PM IST

ഇത്ര വലിയൊരു മത്സരമാണ് ബിഗ് ബോസ് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നോബി


ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ ടൈറ്റില്‍ വിജയിക്കായുള്ള കാത്തിരിപ്പിലാണ്. കൊവിഡ് സാഹചര്യങ്ങളില്‍ 95-ാം ദിവസം ഷോ നിര്‍ത്തേണ്ടിവന്നെങ്കിലും പ്രേക്ഷകര്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചിരിക്കുകയാണ് ബിഗ് ബോസ്. അവശേഷിച്ച എട്ട് പേരില്‍ നിന്ന് ശനിയാഴ്ച വരെ നീളുന്ന വോട്ടിംഗില്‍ ഒന്നാമതെത്തുന്ന ആളാണ് സീസണ്‍ 3ന്‍റെ ടൈറ്റില്‍ വിന്നര്‍. വോട്ടിംഗ് പൂര്‍ത്തിയാവുന്നതുവരെ അഭിമുഖങ്ങള്‍ നല്‍കുന്നതിനടക്കം മത്സരാര്‍ഥികള്‍ക്ക് നിയന്ത്രണമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിച്ച് മിക്ക ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. നോബി മാര്‍ക്കോസും ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രേക്ഷകരുമായി സംവദിച്ചു.

ഇത്ര വലിയൊരു മത്സരമാണ് ബിഗ് ബോസ് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നോബി പറഞ്ഞു. പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. "ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഞാന്‍ ബിഗ് ബോസ് എന്ന മത്സരത്തില്‍ ചെന്നെത്തിയത്. ഇത്രയും വലിയ മത്സരമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരും ഗംഭീരമായി മത്സരിച്ചു. അവസാനം എട്ടുപേരാണ് വന്നിരിക്കുന്നത്. എല്ലാവരും സുഹൃത്തുക്കളാണ്. ഇഷ്ടമുള്ളവര്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യുക. അക്കൂട്ടത്തില്‍ എനിക്കും കുറച്ച് വോട്ട് തന്നാല്‍ സന്തോഷം", ചെന്നൈയില്‍ നിന്ന് എത്തിയതിനു ശേഷം നിലവില്‍ ക്വാറന്‍റൈനില്‍ ആണെന്നും സുഖമായി ഇരിക്കുന്നെന്നും നോബി പറഞ്ഞു. 

Latest Videos

 

പലപ്പോഴും ഗെയിമുകളില്‍ സജീവമാകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നോബിയുടെ മറുപടി ഇങ്ങനെ- "കുറേപ്പേര്‍ എന്നോട് ചോദിച്ചു എന്താണ് ഗെയിം കളിക്കാത്തത് എന്ന്. എന്നെക്കൊണ്ട് പറ്റുന്നതിന്‍റെ പരമാവധി ഞാന്‍ ചെയ്‍തിരുന്നു. കാല്‍ വയ്യാതെ എന്തിനുപോയി എന്ന് പലരും എന്നെ കളിയാക്കി. ഇത്രയും വലിയ ഗെയിം ഒന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. ഭയങ്കര ഗെയിം ഒക്കെ ഉണ്ടായിരുന്നു. പരമാവധി നോക്കി. ചില ഗെയിം ഒക്കെ ഭയങ്കരമായി സ്ട്രെയിന്‍ ചെയ്‍ത് കളിക്കേണ്ടതായിരുന്നു. കാലിന്‍റെ പ്രശ്‍നം ഉള്ളതുകൊണ്ട് ഞാന്‍ കുറേയൊക്കെ അങ്ങ് മാറിനില്‍ക്കും. വീക്കിലി പെര്‍ഫോമന്‍സിന്‍റെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് തിരഞ്ഞെടുക്കുമ്പോല്‍ത്തന്നെ എനിക്ക് പേടിയാണ്. എന്നാലും പരമാവധി ഞാന്‍ ശ്രമിച്ചു. കാലിന് എന്തെങ്കിലും പ്രശ്‍നം പറ്റിപ്പോയാല്‍ പിന്നെ കിടപ്പായിപ്പോവും. പിന്നെ ഒട്ടും നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് വലിയ ഗെയിമുകളൊന്നും ചെയ്യാന്‍ പറ്റാതിരുന്നത്. അതിന് എന്നെ ഒരുപാടുപേര്‍ കളിയാക്കി. അതൊന്നും സാരമില്ല.അവര്‍ക്ക് അറിഞ്ഞൂടല്ലോ നമ്മുടെ അവസ്ഥ", പുറത്തെ കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെക്കുറിച്ച് ഒട്ടും അറിഞ്ഞിരുന്നില്ലെന്നും മൂന്ന് മാസം മാസ്‍ക് ഇല്ലാതെ ജീവിക്കാനായെന്നും നോബി പറഞ്ഞു. 

click me!