പതിമൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഒന്‍പത് മത്സരാര്‍ഥികളാണ് ഹൗസില്‍ ഉള്ളത്
സീസണ്‍ 6 അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം സമയം ശേഷിക്കെ മത്സരാര്‍ഥികള്‍ക്കായി പുത്തന്‍ ടാസ്ക് അവതരിപ്പിച്ച് ബിഗ് ബോസ്. ആത്മപരിശോധനയ്ക്കും സ്വയം മനസ് തുറക്കാനും മത്സരാർത്ഥികൾക്ക് അവസരമൊരുക്കുന്നതെന്ന് ബിഗ് ബോസ് വിശേഷിപ്പിക്കുന്ന ടാസ്കിന്‍റെ പ്രൊമോയും പുറത്തുവിട്ടിട്ടുണ്ട്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ നിലക്കണ്ണാടിക്ക് മുന്നില്‍ വന്നുനിന്ന് തന്‍റെ തന്നെ പ്രതിച്ഛായയോട് സംസാരിക്കുന്ന മത്സരാര്‍ഥികളെ പ്രൊമോയില്‍ കാണാം. ജിന്‍റോയും ശ്രീതുവുമാണ് പ്രൊമോയില്‍ ഉള്ളത്. ഇത്തരത്തില്‍ ഒരു ടാസ്ക് ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.
അതേസമയം പതിമൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഒന്‍പത് മത്സരാര്‍ഥികളാണ് ഹൗസില്‍ ഉള്ളത്. ഏറ്റവുമൊടുവില്‍ നടത്തിയ എവിക്ഷന്‍ നന്ദനയുടേത് ആയിരുന്നു. പിന്നാലെ നോറയും പുറത്തായെന്ന തോന്നല്‍ സഹമത്സരാര്‍ഥികളില്‍ ബിഗ് ബോസ് ഉണര്‍ത്തിയെങ്കിലും നോറയെ സീക്രട്ട് റൂമില്‍ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവന്നു. അതേസമയം ഈ വാരം നോമിനേഷന്‍ ഉണ്ടാവില്ല. മറിച്ച് അഭിഷേക് ഒഴികെയുള്ള മുഴുവന്‍ മത്സരാര്‍ഥികളും നോമിനേഷനിലേക്ക് വരും.
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടി അഭിഷേക് ഫിനാലെ വീക്കിലേക്ക് കഴിഞ്ഞ വാരം തന്നെ സ്ഥാനം നേടിയിരുന്നു. മുന്‍ സീസണുകളില്‍ നിന്ന് മാറ്റങ്ങളോടെയാണ് ഈ സീസണ്‍ പുരോഗമിക്കുന്നത്. ഫാമിലി വീക്ക് മുന്‍ സീസണുകളില്‍ നിന്ന് വ്യത്യാസമായി വേറിട്ട സമയത്താണ് ബിഗ് ബോസ് സംഘടിപ്പിച്ചത്. ഈ വാരം എത്ര മത്സരാര്‍ഥികള്‍ പുറത്താവും, അത് ആരൊക്കെയാവും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒന്‍പത് പേരില്‍ ടോപ്പ് 5 ല്‍ ആരൊക്കെ എത്തും എന്നതാണ് നിലവിലെ ഏറ്റവും വലിയ കൗതുകം.