സങ്കടം താങ്ങാതെ സാ​ഗർ, കണ്ടിട്ടില്ലെങ്കിലും ധീരയായ സ്ത്രീയെന്ന് ജുനൈസ്; അമ്മമാരുടെ ഓര്‍മയില്‍ ബിബി ഹൗസ്

By Web Team  |  First Published May 13, 2023, 11:06 PM IST

നമ്മൾ എപ്പോഴും ഓർക്കേണ്ട ആള്‍ക്കാരെ ചില ദിവസങ്ങളിൽ മാത്രം ഓർക്കുന്നവരും ഉണ്ട്. അങ്ങനെയല്ല എപ്പോഴും ഓർക്കേണ്ടവരാണ് അമ്മമാർ. ആ അമ്മമാർക്ക് ആശംസകൾ നേരുന്നു എന്ന് മോഹൻലാൽ. 


ബി​ഗ് ബോസ് സീസൺ അഞ്ച് അമ്പതാമത്തെ എപ്പിസോഡിലേക്ക് കടക്കുകയാണ്. വീടുകളിൽ നിന്നും മാറി നിൽക്കുന്ന മത്സരാർത്ഥികൾക്ക് അവരുടെ അമ്മമാർക്ക് കത്തെഴുതാനുള്ള അവസരവും അത് വായിക്കാനുള്ള അവസരവും ബി​ഗ് ബോസ് നൽകിയിരിക്കുകയാണ്. മോഹൻലാലിന് മുന്നിൽ വച്ചാണ് എല്ലാവരും അമ്മമാരെ കുറിച്ച് വാതോരാതെ സംസാരിച്ചത്. നാളെ മാതൃദിനമാണ്. ഇതിനായാണ് ഈ സെ​ഗ്മെന്റ് ഒരുക്കിയത്. 

നമ്മൾ എപ്പോഴും ഓർക്കേണ്ട ആള്‍ക്കാരെ ചില ദിവസങ്ങളിൽ മാത്രം ഓർക്കുന്നവരും ഉണ്ട്. അങ്ങനെയല്ല എപ്പോഴും ഓർക്കേണ്ടവരാണ് അമ്മമാർ. ആ അമ്മമാർക്ക് ആശംസകൾ നേരുന്നു എന്ന് പറഞ്ഞ മോഹൻലാൽ, എല്ലാവരോടും കത്തുകൾ വായിക്കാൻ പറഞ്ഞു. ആദ്യം റെനീഷയാണ് വായിച്ചത്. മിസ് യു പറയാത്ത, ലവ് യു പറയാത്ത ഉമ്മയുടെ സ്നേഹം ഓരോ തവണ വയറ് നിറയെ കൈകഴുകുമ്പോഴും മനസിലാക്കുന്നുണ്ട് എന്നാണ് റെനീഷ എഴുതുന്നത്. പിന്നാലെ റെനീഷയുടെ അമ്മയുടെ സന്ദേശം കാണിക്കുകയും ചെയ്തു. ശേഷം, ശ്രുതിയും പറഞ്ഞു. 

Latest Videos

undefined

പിന്നാലെ സാ​ഗർ ആണ് എഴുന്നേറ്റത്. അമ്മയുടെ വലിയ ആ​ഗ്രഹം ആയിരുന്നു ബി​ഗ് ബോസിൽ ഞാൻ വരിക എന്നത്. അച്ഛനമ്മാർക്ക് പ്രായം ഏറിക്കൊണ്ടിരിക്കയാണ്. അഞ്ചോ ആറോ മാസം കൂടുമ്പോൾ മാതാപിതാക്കൾക്ക് ബോഡി ചെക്കപ്പ് ചെയ്യിക്കണം. അസുഖങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് പലരും അറിയുന്നില്ലെന്നും സാ​ഗർ പറഞ്ഞു. പിന്നാലെ എന്നമ്മേ ഒന്നു കാണാൻ എത്രനാളായ്.. എന്ന ​ഗാനം സാ​ഗർ പാടാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേദന ഉള്ളിലൊതുക്കി നിറുത്തി, വീണ്ടും പാടി. ശേഷം കത്ത് വായിച്ചു. 

"ഞങ്ങൾ ഇല്ലാതെ എവിടെ ആയിരുന്നാലും അമ്മയ്ക്ക് ഒറ്റയ്ക്കിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അമ്മ ഞങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷം ആകാറായി. അതിപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എന്റെ സ്​നേഹം എന്താണ് എന്ന് മനസിലാക്കിയിട്ടുള്ളത് അമ്മ മാത്രമാണ്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അമ്മയുടെ സാരിയോടൊപ്പം ആണ് അച്ഛൻ ഉറങ്ങുന്നത്. എത്ര ജന്മം എടുത്താലും അച്ഛന്റെ കൂടെയുള്ള ജീവിതം മതിയെന്ന് അമ്മ പറാറില്ലേ. അങ്ങനെ തന്നെയാണ് അച്ഛനും. എനിക്കും അങ്ങനെ തന്നെയാണ്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിങ്ങളുടെ മകനായി ജനിക്കാനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകണം. അമ്മ എന്റെ കൂടെ ഉണ്ടെന്ന് എനിക്കറിയാം", എന്നാണ് സാ​ഗർ കുറിച്ചത്. പിന്നാലെ അമ്മൂമ്മ പറയുന്ന സന്ദേശം കാണിച്ചു. ഇത് ഓരോ പ്രേക്ഷകന്റെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. മോഹൻലാലും വിഷമം ഉളളലൊതുക്കി. ശേഷം ശോഭയും പറഞ്ഞു. അമ്മ സ്വപ്നം കണ്ട മകളാകാനോ അമ്മ ആകാനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ശോഭ പറയുന്നു. അമ്മ ത്യാ​ഗം ചെയ്ത് കുറേക്കാര്യങ്ങളാണ് തന്റെ ഈ ജീവിതം എന്ന് അഞ്ജൂസ് പറയുന്നു. 

താൻ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ സ്നേഹ നിധിയായ ആളാണ് അമ്മയെന്ന് അനു ജോസഫ് പറയുന്നു. അമ്മയ്ക്ക് വേണ്ടി കവിതയാണ് അഖിൽ മാരാർ കുറിച്ചത്. എന്നെ ഞാനാക്കി മാറ്റിയതിന് ഒരായിരം നന്ദിയെന്നും മാരാർ പറയുന്നു. കുഞ്ഞുനാളിലെ അനുഭവം അറിയാല്ലോ. അടി കൊള്ളാതെ നോക്കിക്കോളണം എന്ന് അഖിലിന്റെ അമ്മ വീഡിയോയിൽ പറയുന്നു. അമ്മയിൽ നിന്നും പഠിച്ച നന്മ എന്നും തന്റെ ഉള്ളിൽ സൂക്ഷിക്കുമെന്ന് റിനോഷ് കുറിക്കുന്നു. വിജയിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന വാക്കാണ് വിഷ്ണു അമ്മയ്ക്ക് നൽകിയത്. 

"പ്രിയപ്പെട്ട ഉമ്മച്ചിക്ക്. എനിക്ക് ഇരുപത്തി ആറ് വയസ് പൂർത്തിയായിരിക്കുന്നു. ഉമ്മ ഇല്ലാത്ത 25 വർഷങ്ങൾ. ഓർമ വച്ച നാളുമുതൽ ഇതുവരെ എന്റെ ഓർമയിൽ ഇല്ലാത്ത ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല. ഒരു ഫോട്ടോയിൽ പോലും നിങ്ങളെ കണ്ടിട്ടില്ലെങ്കിലും കേട്ടതിൽ വച്ച് ഏറ്റവും ധീരയായ സ്ത്രീയാണ് നിങ്ങൾ. ഉമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്റെയും സദോഹരങ്ങളുടെയും ജീവിതം എങ്ങനെ ആയി തീരുമെന്ന് ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട്. ആ ശൂന്യത അത്രയ്ക്ക് വലുത്. സഹനത്തിന്റെയും ത്യാ​ഗത്തിന്റെയും ക്ഷമയുടെയും പ്രതീകമായി അമ്മമാരെ പറ്റി പറയുമ്പോൾ ഉമ്മയെ പോലെ ശ്വാസം മുട്ടി മരിക്കേണ്ടി വരുന്ന അമ്മമാരെ പറ്റി ആലോചിക്കാറുണ്ട്. അടുക്കളയിലെ കരിപുരണ്ട ജീവിതത്തിലെ കണ്ണീരിലാണ് മാതൃത്വത്തിന്റെ പവിത്രത എന്ന് പറയുന്ന കാഴ്ചപ്പാട്, വർഷങ്ങൾക്കിപ്പുറവും ഒരുപാടൊന്നും മാറിയിട്ടില്ല ഉമ്മ. ഉമ്മയ്ക്ക് പകരം ഉമ്മ മാത്രം", എന്നാണ് ജുനൈസ് കുറിച്ചത്. 

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

അമ്മയുടെ സ്നേഹത്തോളം വില മറ്റൊന്നിനും ഇല്ലെന്ന് വിശ്വസിക്കുന്നെന്ന് ഷിജു പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് മാതൃദിനം ആശംസിക്കുന്നതെന്നും എല്ലാദിവസവും മാതൃദിനമാണെന്നും നാദിറ പറയുന്നു. എന്റെ ആണായും പെണ്ണായുമുള്ള മാറ്റം വേദനയോടെ കണ്ട അമ്മയ്ക്ക് തന്റെ വളർച്ച സന്തോഷം നൽകുമെന്ന് വിശ്വസിക്കുന്നെന്നും നിങ്ങളുടെ കൂടെ പഴയൊരു ജീവിതം തിരിച്ചു കിട്ടുമോ എന്നും നാദിറ കത്തിലൂടെ ചോദിക്കുന്നു. പിന്നാലെ നാദിറയുടെ ഉമ്മ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു. എല്ലാ അമ്മമാർക്കും എന്റെയും വക സ്നേഹവും  പ്രാർത്ഥനയും എന്ന് മോഹൻലാൽ പറഞ്ഞു. ശേഷം മത്സരാര‍്‍ത്ഥികൾ എല്ലാവരും മോഹൻലാലിന്റെ അമ്മയ്ക്കും ആശംസ അറിയിച്ചു. 

click me!