സാധാരണക്കാരുടെ പ്രതിനിധികളായ കോമണര്‍ മത്സരാര്‍ഥി സീസണ്‍ 5 മുതലാണ് മലയാളം ബിഗ് ബോസില്‍ ആരംഭിച്ചത്
ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിലെ അപൂര്‍വ്വതയുമായി ഷോയുടെ അവതാരകനായ മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. സീസണ്‍ 6 ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഷോയിലെ ആദ്യ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് മത്സരാര്‍ഥികളെ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ പ്രഖ്യാപിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്.
സാധാരണക്കാരുടെ പ്രതിനിധികളായ കോമണര്‍ മത്സരാര്‍ഥി സീസണ്‍ 5 മുതലാണ് മലയാളം ബിഗ് ബോസില്‍ ആരംഭിച്ചത്. ഒരാള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ കോമണര്‍ ആയി ഉണ്ടായിരുന്നത്. ഗോപിക ഗോപി ആയിരുന്നു അത്. എന്നാല്‍ രണ്ട് പേരാണ് ഇത്തവണ കോമണര്‍മാരായി എത്തുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നുമാണ് ബിഗ് ബോസ് ടീം റസ്‍മിന്‍ ബായ്, നിഷാന എന്നിവരെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രൊമോ വീഡിയോയിലൂടെയാണ് ഏഷ്യാനെറ്റ് മത്സരാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. റൈഡിംഗ് തനിക്ക് ഒരു ഹരമാണെന്ന് പറയുന്നു പ്രസ്തുത വീഡിയോയില്‍ റസ്മിന്‍. എന്നും എപ്പോഴും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരു ഫ്രീക്കത്തി വീട്ടമ്മയെന്നാണ് നിഷാന സ്വയം വിശേഷിപ്പിക്കുന്നത്. എ ട്രക്കിംഗ് ഫ്രീക്കിയെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തുന്നു.
അതേസമയം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ലോഞ്ച് എപ്പിസോഡ് മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആണ്. പിന്നീട് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി 9 നും ഷോ കാണാനാവും. മറ്റ് മത്സരാര്‍ഥികളെ പതിവുപോലെ ലോഞ്ച് എപ്പിസോഡില്‍ മാത്രമാവും പ്രഖ്യാപിക്കുക.
ALSO READ : 'മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ'; ഭ്രമയുഗത്തെക്കുറിച്ച് സി ജെ ജോണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം