വൈകാതെ തന്നെ ഷോയുടെ സ്ട്രീമിംഗ് വിവരം പുറത്തുവരും.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടനവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തിൽ തുടങ്ങിയിട്ട് അഞ്ച് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. ഓരോ സീസൺ കഴിയുമ്പോഴും മുൻപരിചയമില്ലാത്ത പലരും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരർ ആകുകയാണ്. അത്തരത്തിൽ എത്തിയ നാല് പേർ കഴിഞ്ഞ സീസണുകളിലായി വിജയ കിരീടം ചൂടുകയും ചെയ്തു. നിലവിൽ മലയാളം ബിഗ് ബോസ് സീസൺ 6നെ കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ആരൊക്കെയാകും ഇത്തവണ മാറ്റുരയ്ക്കാൻ എത്തുക എന്നറിയാൻ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏഷ്യാനെറ്റ് പുറത്തുവിടുന്ന പ്രമോകൾ കണ്ട് കൂടുതൽ ആവേശത്തിരയിൽ ആയിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. അത്തരത്തിൽ ഇന്ന് പുറത്തുവിട്ടൊരു പ്രമോ വീഡിയോ ശ്രദ്ധനേടുകയാണ്. ഭരതനാട്യം കളിക്കുന്ന ആളെ കൊണ്ട് കോടതിയിൽ വാദിക്കുക, ശക്തി കൊണ്ട് പോരാടുന്നവരെ ബുദ്ധികൊണ്ട് പോരാടിപ്പിക്കുക, കലിപ്പനെ കൊണ്ട് കച്ചേരി പാഠിപ്പിക്കുക എന്നൊക്കെയാണ് പ്രമോയിൽ പറയുന്നത്. ചുരുക്കി പറഞ്ഞാൽ പഠിച്ച കാര്യങ്ങളൊന്നും തന്നെ ഇത്തവണത്തെ ബിഗ് ബോസിൽ നടക്കില്ലെന്ന് സാരം. 'ഒന്ന് മാറ്റി പിടിച്ചാലോ?', എന്ന ടാഗ് ലൈനോടെയാണ് ഇത്തവണ ബിഗ് ബോസ് എത്തുക എന്നാണ് വിവരം.
undefined
അതേസമയം, ബിഗ് ബോസ് സീസൺ ആറ് ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാർച്ച് ആദ്യ വാരമോ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ ഷോയുടെ സ്ട്രീമിംഗ് വിവരം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടയിൽ നിരവധി പേരുടെ പേരുകൾ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുണ്ട്. സിനിമ, സീരിയൽ, കായിക, മ്യൂസിക്, സോഷ്യൽ മീഡിയ, ട്രാൻസ്ജെൻഡർ തുടങ്ങി നിരവധി മേഖലയിൽ ഉള്ളവർ ഷോയിൽ ഉണ്ടാകും. എന്തായാലും ആരൊക്കെയാണ് ഇത്തവണത്തെ മത്സരാർത്ഥികൾ എന്നറിയാൻ ഏതാനും നാളുകൾ കൂടി കാത്തിരിക്കേണ്ടി വരും.