'എട്ടാം ക്ലാസില്‍ പ്രണയം, 22-ാം വയസ്സില്‍ വിവാഹം, പ്രതിസന്ധികള്‍'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ദേവു

By Web Team  |  First Published Apr 4, 2023, 12:07 AM IST

"അന്ന് എനിക്ക് മനസിലായി വിദ്യാഭ്യാസത്തിന്‍റെ വില. ഞാന്‍ നേരെ ബാം​ഗ്ലൂര്‍ക്ക് പോയി. കുറച്ച് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റി."


ബിഗ് ബോസ് സീസണുകളുടെ തുടക്കത്തിലെ പ്രധാന സെഗ്‍മെന്‍റുകളില്‍ ഒന്നാണ് സ്വന്തം ജീവിതം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം. ദേവുവിനാണ് ഇന്ന് അതിനുള്ള അവസരം ലഭിച്ചത്. കടന്നുവന്ന വഴികളില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ദേവു സംസാരിച്ചപ്പോള്‍ സഹമത്സരാര്‍ഥികള്‍ക്ക് അത് ആദ്യ അറിവായിരുന്നു. നിറകണ്ണുകളോടെയാണ് പലരും അത് കേട്ടിരുന്നത്.

ജീവിതം പറഞ്ഞ് ദേവു

Latest Videos

അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് ഞാന്‍. അടക്കവും ഒതുക്കവുമുള്ള വളരെ നല്ല ഒരു കുട്ടി. എട്ടാം ക്ലാസില്‍ വച്ച് ഒരു പ്രണയം മൊട്ടിട്ടു. പഠിത്തത്തില്‍ ഞാന്‍ കുറേശ്ശെ ഡൗണ്‍ ആവാന്‍ തുടങ്ങി. അച്ഛനും അമ്മയ്ക്കും എന്നെ നല്ലൊരു പ്രൊഫഷനിലേക്ക് കയറ്റിവിടണം എന്നായിരുന്നു. പക്ഷേ ഞാന്‍ കണ്ടുപിടിച്ച എന്‍റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കല്യാണം ആയിരുന്നു. വിദ്യാഭ്യാസത്തിന് യാതൊരു വിലയും കൊടുക്കാതെ 20- 22 വയസില്‍ കല്യാണം കഴിച്ചു. ആ വീട്ടില്‍ ഞാന്‍ നേരിട്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ എന്നെ പരിഗണിക്കാതെ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയുന്ന ആളുകളായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് രാവിലെ എണീറ്റ് ഭക്ഷണം പാകം ചെയ്ത്, ഭര്‍ത്താവിന്‍റെ തുണി കഴുകി ഇസ്തിരിയിട്ട് വെക്കുന്ന ഒരാളെ ആയിരുന്നു. ഒരു ദിവസം നമുക്കൊരു കുട്ടി വേണം എന്ന് പറഞ്ഞു. ഞാനപ്പോള്‍ അതിന് മാനസികമായി തയ്യാറായിരുന്നില്ല. എന്‍റെ വീട്ടുകാരെ ബന്ധപ്പെടാനും അപ്പോള്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഗര്‍ഭിണിയായി ഒരു മാസം മാത്രമേ ഞാന്‍ നിവര്‍ന്ന് നിന്നിട്ടുള്ളൂ. പിന്നീട് ആറ് മാസം വരെ ബെഡ് റെസ്റ്റ് ആയിരുന്നു. 

അതിനിടെ ഇവര്‍ എന്‍റെ വീട്ടില്‍ പോയി ഞാനറിയാതെ സ്വത്തും കാര്യങ്ങളുമൊക്കെ ചോദിച്ചു. അനാഥാലയത്തിന് കൊടുത്താലും എനിക്ക് തരില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ഭര്‍തൃവീട്ടുകാര്‍ നേരെ തിരിഞ്ഞു. ഗര്‍ഭിണി ആയിട്ടുപോലും ഭര്‍ത്താവോ വീട്ടുകാരോ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. മനസ് കൈയില്‍ നിന്ന് കുറേശ്ശെ പോയിത്തുടങ്ങി. കുട്ടി വേണെന്ന് എനിക്ക് തോന്നി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അച്ഛനുമമ്മയും ഇല്ല. ഇവരാണെങ്കില്‍ ഇങ്ങനെ പെരുമാറുന്നു. ആറാം മാസത്തിലാണ് പ്രസവം നടന്നത്. പെണ്‍കുഞ്ഞ് ആയിരുന്നു. പ്രസവാനന്തര ശുശ്രൂഷകള്‍ ഒന്നും ലഭിച്ചില്ല. അതിനൊന്നും ചിലവാക്കാന്‍ പൈസയില്ല. എന്തെങ്കിലും വേണമെങ്കില്‍ വീട്ടില്‍ നിന്ന് കൊണ്ടുവരട്ടെ എന്ന മനസ് ആയിരുന്നു അവര്‍ക്ക്. കുഞ്ഞിന്‍റെ ആരോ​ഗ്യക്കുറവ് കാരണം പാല് കൊടുക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. പ്രസവം കഴിഞ്ഞ് മൂന്നാഴ്ച ആയ സമയത്ത് ഭര്‍ത്താവ് ഒരു ദിവസം മദ്യലഹരിയില്‍ വന്നു. ലൈം​ഗികമായി എന്നെ ആക്രമിക്കാന്‍ നോക്കി. ഞാന്‍ ആശുപത്രിയിലായി. തിരികെ വന്നപ്പോള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അവര്‍ എന്നെ അവിടെ തടഞ്ഞു നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു. 

 

ഒരുവിധം എണീറ്റ് നില്‍ക്കാമെന്നായപ്പോള്‍ ഒരു ദിവസം രാവിലെ ഞാന്‍ കുഞ്ഞിനെയുമെടുത്ത് നേരെ വീട്ടിലേക്ക് പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നമുക്ക് ഇവിടെനിന്ന് ഡിവോഴ്സ് ഫയല്‍ ചെയ്യാമെന്ന് അച്ഛന്‍ പറഞ്ഞു. പക്ഷേ അതിന്‍റെ ആവശ്യം വന്നില്ല. അവര്‍ തന്നെ അവിടെനിന്ന് ഡിവോഴ്സ് ഫയല്‍ ചെയ്തു. മാനസികമായി ഡൗണ്‍ ആയിരുന്നു ഞാന്‍. കുഞ്ഞിന് ഫിറ്റ്സിന്റെ പ്രശ്നം ഉണ്ടായിരുന്നു. എല്ലാ മാസവും ചികിത്സ ചെയ്യേണ്ടിയിരുന്നു. സംസാരിക്കില്ലായിരുന്നു. സ്പീച്ച് തെറാപ്പി കൊടുത്തിട്ടാണ് സംസാരിച്ചത്. എനിക്ക് ഒരു ജോലി വേണമായിരുന്നു. അച്ഛന് റിട്ടയര്‍ ചെയ്യുന്ന സമയം ആയിരുന്നു. അന്ന് എനിക്ക് മനസിലായി വിദ്യാഭ്യാസത്തിന്‍റെ വില. ഞാന്‍ നേരെ ബാം​ഗ്ലൂര്‍ക്ക് പോയി. കുറച്ച് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റി. 

സിം​ഗിള്‍ മദര്‍ ആവുമ്പോള്‍ ആളുകളില്‍ നിന്ന് കിട്ടുന്ന ഒരു പ്രതികരണമുണ്ട്. ഏ എന്നൊരു ചോദ്യം. കല്യാണം കഴിച്ച് പങ്കാളിയുമായി നിങ്ങള്‍ ഓകെ അല്ലെങ്കില്‍ നിങ്ങള്‍ അതില്‍ നിന്ന് മാറണം. സമൂഹത്തെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം അവിടെ പിടിച്ചുനില്‍ക്കുമ്പോള്‍ മരത്തില്‍ ചിതല്‍ കയറുന്ന ഒരു അവസ്ഥയാണ്. മൂന്ന് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഞാനൊരു പോരാളിയാണ്. എന്ത് ചെയ്താലും തോല്‍ക്കില്ല. പെണ്‍കുട്ടികളോട് പറയാനുള്ളത് വിവാഹമോ ഡിവോഴ്സോ ഒന്നും അവസാനമല്ല. നോ പറയേണ്ടിടത്ത് നോ പറയുക. സമൂഹം അവര്‍ക്ക് തോന്നിയത് പറയും. ഇത് നിങ്ങളുടെ ജീവിതമാണ്. സ്വന്തം ലോകം നിര്‍മ്മിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ALSO READ : ഇനി കളി മാറും; ഏഴ് പേരുടെ ആദ്യ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്

click me!