അവസാന സീസണിനേക്കാള്‍ മൂന്നിരട്ടി? ബിഗ് ബോസ് 16ല്‍ സല്‍മാന് ഖാന് ലഭിക്കുന്ന പ്രതിഫലം

By Web Team  |  First Published Jul 16, 2022, 12:02 PM IST

കഴിഞ്ഞ സീസണില്‍ സല്‍മാന്‍ വാങ്ങിയ പ്രതിഫലം 350 കോടി ആണെന്നായിരുന്നു പുറത്തെത്തിയ വിവരം


നിര്‍മ്മിക്കപ്പെടുന്ന എല്ലാ ഭാഷകളിലും ജനപ്രീതിയില്‍ മുന്നിലുള്ള ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഏറ്റവുമാദ്യം സംപ്രേഷമാരംഭിച്ച ഹിന്ദി ബിഗ് ബോസ് 15 സീസണുകളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം ജനുവരി 30നാണ് 15-ാം സീസണ്‍ പൂര്‍ത്തിയായത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഹിന്ദി ബിഗ് ബോസ് ആരംഭിക്കാറ്. ഓരോ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പും മാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുള്ള ഒന്നാണ് അവതാരകനായ സല്‍മാന്‍ ഖാന്‍റെ (Salman Khan) പ്രതിഫലം. വരാനിരിക്കുന്ന 16-ാം സീസണില്‍ (Bigg Boss 16) അദ്ദേഹം കരാര്‍ ആയിരിക്കുന്ന പ്രതിഫലമാണ് ദേശീയ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. കഴിഞ്ഞ ഏതാനും സീസണുകളിലായി സല്‍മാന് ബിഗ് ബോസ് പ്രതിഫലത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും ആയതിനാല്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയതിന്‍റെ മൂന്നിരട്ടി ഇക്കുറി നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന് നല്‍കുമെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ സല്‍മാന്‍ വാങ്ങിയ പ്രതിഫലം 350 കോടി ആണെന്നായിരുന്നു പുറത്തെത്തിയ വിവരം. ഇത്തവണ അതിന്‍റെ മൂന്നിരട്ടി, അതായത് 1050 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് വിവരം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. 

Latest Videos

 

ഹിന്ദി ബിഗ് ബോസിന്‍റെ നാലാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആദ്യമായി അവതാരകനായി എത്തുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്‍റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മുന്നോട്ട്, സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 7-8 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ALSO READ : സുരേഷ് ​ഗോപിയുടെ നായികയാവാൻ അനുഷ്‍ക ഷെട്ടി?

11-ാം സീസണില്‍ എപ്പിസോഡ് ഒന്നിന് 11 കോടി വച്ചാണ് താന്‍ വാങ്ങുന്നതെന്ന റിപ്പോര്‍ട്ടിനെ സല്‍മാന്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍ യഥാര്‍ഥ തുക അതില്‍ നിന്ന് ഏറെ അകലെയല്ലെന്ന തരത്തിലായിരുന്നു എന്‍ഡെമോള്‍ ഷൈന്‍ സിഒഒ രാജ് നായകിന്‍റെ പ്രതികരണം. സീസണ്‍ 13ലേക്ക് ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സീസണ്‍ 14ല്‍ എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയെന്നായിരുന്നു പുറത്തെത്തിയ വിവരം. കൊവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് 14-ാം സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്‍റെ പ്രതിഫലത്തില്‍ അതിനാല്‍ കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ 14-ാം സീസണില്‍ വാങ്ങിയത്. 

click me!