Bigg Boss : ബിഗ് ബോസ് ഷോയിലെ നാടകീയ സംഭവങ്ങള്‍

By Web Team  |  First Published Mar 27, 2022, 9:57 AM IST

പേളി- ശ്രീനിഷ് പ്രണയത്തിനും രജിത്‍കുമാറിന്റെയും ഫിറോസിന്റെയും പുറത്താകലിനുമൊക്കെ ബിഗ് ബോസ് സാക്ഷ്യം വഹിച്ചു (Bigg Boss).


ജീവിതത്തിന്റെ അനിശ്വിതത്വങ്ങളാണ് ബിഗ് ബോസിന്റെയും മുഖ മുദ്ര. ക്യാമറാക്കണ്ണുകളുടെ മുന്നിലാണ് ഓരോ മത്സരാര്‍ഥിയുടെയും ജീവിതം. എങ്ങനെ പെരുമാറണം എന്ന് മുൻകൂട്ടി നിശ്ചയിക്കും പ്രകാരമായിരിക്കില്ല ബിഗ് ബോസിലെ ജീവിതം. ജീവിതത്തിന്റെ നാടകീയതയും സംഘര്‍ഷവുമല്ലാം മലയാളം ബിഗ് ബോസിലൂടെയും പ്രേക്ഷകര്‍സാക്ഷ്യം വഹിച്ചു (Bigg Boss).

Latest Videos

സ്വഭാവത്തിലും രീതിയിലും ഒന്നിനൊന്ന് വ്യത്യാസപ്പെട്ടവരാണ് ഓരോ മത്സരാര്‍ഥിയും. അതുകൊണ്ടുതന്നെ ഇവര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സ്വാഭാവികം. പക്ഷേ നിയമാവലി തെറ്റിക്കാതെ മുന്നേറാൻ ബിഗ് ബോസ് സദാ ജാഗരൂകരായി അവരെ വീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രണയവും സൗഹൃദങ്ങളും വിവാദങ്ങളും വാക്കേറ്റങ്ങള്‍ക്കുമെല്ലാം ബിഗ് ബോസും സാക്ഷിയായി.

പ്രണയം പൂവിട്ട ബിഗ് ബോസ്

സാബുമോൻ, പേളി മാണി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ശ്വേതാ മേനോൻ, രഞ്‍ജിനി ഹരിദാസ്, ഷിയാസ് അങ്ങനെ വ്യത്യസ്‍തരായ ഒരുകൂട്ടം മത്സരാര്‍ഥികളായിരുന്നു ആദ്യ സീസണില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. തുടക്കത്തെ പരിചയപ്പെടലുകള്‍ക്ക് ശേഷം വളരെ പെട്ടെന്ന് ഇവര്‍ മത്സരത്തിന്റെ ട്രാക്കിലേക്ക് എത്തിയിരുന്നു. സൗഹൃദങ്ങള്‍ അതിനുസരിച്ച് ഓരോ ഘട്ടത്തിലും മാറിമറിയുകയും ചെയ്‍തു. ബിഗ് ബോസ് ഷോ തുടങ്ങി അധികം വൈകാതെ തന്നെ ആര്‍മി ഗ്രൂപ്പുകള്‍ സാബുമോനായും പേളി മാണിക്കായും രംഗത്ത് എത്തി.  ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ ഏറ്റവും ചര്‍ച്ചയായി മാറിയത് സാബുമോന്റെ ഒറ്റയാള്‍ പോരാട്ടവും പേളി- ശ്രീനിഷ് പ്രണയവുമായിരുന്നു.

പേളി - ശ്രീനിഷ് പ്രണയം നാടകമാണെന്ന തരത്തിലായിരുന്നു തുടക്കത്തില്‍ സഹ മത്സാര്‍ഥികള്‍ കണ്ടത്. ബിഗ് ബോസ് മലയാളം ഹൗസില്‍ പിടിച്ചുനില്‍ക്കാനായിട്ട് പേളിയും ശ്രീനിഷും നടത്തുന്ന നാടകമാണ് പ്രണയമെന്ന് ആരോപണങ്ങളുണ്ടായി. ബിഗ് ബോസ് ഷോയ്‍ക്ക് പുറത്ത് ആരാധകരും ആ ആരോപണം ഏറ്റെടുത്തു. എന്തായാലും ഒടുവില്‍ ഷോയ്‍ക്ക് ശേഷം വിവാഹിതരായി ആണ് ഇരുവരും വിവാദങ്ങള്‍ക്ക് മറുപടി കൊടുത്തത്. ഇന്ന് പേളി- ശ്രീനിഷ് ദമ്പതിമാര്‍ക്ക് ഒരു മകളുമുണ്ട്. എല്ലാവരുടെയും പ്രിയങ്കനായി ബിഗ് ബോസ് ജേതാവായ സാബുമോൻ സിനിമകളിലും സീരിയലുകളിലും ഇനന് സജീവമാണ്.

കൈവിട്ടുപോയ ടാസ്‍ക്

ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ ചെന്നൈയിലായിരുന്നു. സിനിമ, സീരിയല്‍, സോഷ്യല്‍ മീഡിയ താരങ്ങളായിരുന്നു മത്സരാര്‍ഥികള്‍. ഫുക്രു, വീണ, ആര്യ, പ്രദീപ്, ദയ, ജസ്‍ല തുടങ്ങിയവര്‍ മത്സരാര്‍ഥികളായി. ചില പ്രസ്‍താവനകളാല്‍ വിവാദ നായകനായ ഡോ. രജിത്‍കുമാറും മത്സരാര്‍ഥിയായി എത്തി. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി അഭിരാമി- അമൃത സഹോദരിമാര്‍ ഒറ്റ മത്സരാര്‍ഥിയായും പങ്കെടുത്തതോടെ അത്യധികം നാടകീയ സംഭവങ്ങള്‍ക്കായിരുന്നു ബിഗ് ബോസ് രണ്ടാം സീസണ്‍ സാക്ഷ്യം വഹിച്ചത്.

ബിഗ് ബോസ്സില്‍ ഞെട്ടിക്കുന്ന ഒരു സംഭവവും ഉണ്ടായി ബിഗ് ബോസിലെ ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. രേഷ്‍മയുടെ കണ്ണില്‍ രജിത് മുളക് തേക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ്സില്‍ നിന്ന് പുറത്താക്കി. 

സ്‍കൂളുമായി ബന്ധപ്പെട്ട ഒരു ടാസ്‍ക്ക് നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. ബിഗ് ബോസ് ടാസ്‍കില്‍ ക്ലാസ് നടക്കുമ്പോള്‍ രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത്. സംഭവം വലിയ വിവാദമാകുകയും രേഷ്‍മയെ ചികിത്സയ്‍ക്കായി പ്രവേശിപ്പിച്ചു. രജിത്തിനെ തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുന്നതായും ബിഗ് ബോസ് അറിയിച്ചു. രേഷ്‍മ പിന്നീട് തിരിച്ചുവന്നപ്പോള്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. രേഷ്‍മയുടെ അഭിപ്രായം ആരാഞ്ഞ ശേഷം രജിത്ത് കുമാറിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയും ചെയ്‍തു.

ചേരിതിരിഞ്ഞുള്ള പോരാട്ടാമായിരുന്നു സീസണിന്റെ മറ്റൊരു പ്രത്യേകത. രജിത്‍കുമാറും ടീമും ഒരു വശത്തും ആര്യയടക്കമുള്ളവര്‍ മറുവശത്തുമെന്നായിരുന്നു ഒരു പരിധിവരെ ബിഗ് ബോസിന്റെ പോക്ക്. ദയ അശ്വതി സീരിയല്‍ താരം പ്രദീപ് ചന്ദ്രനെതിരെ നടത്തിയ ആരോപണങ്ങളും ബിഗ് ബോസ് പ്രേക്ഷകരില്‍ ചര്‍ച്ചയായി. ജസ്‍ല മാടശ്ശേരിയും രജിത് കുമാറും അടക്കം പലരും രൂക്ഷമായി വാക്ക് തര്‍ക്കങ്ങളിലുമേര്‍പ്പെട്ട ബിഗ് ബോസ് രണ്ടാം സീസണ്‍ കൊവിഡ് കാരണം നിര്‍ത്തിയതിനാല്‍ വിജയിയെ പ്രഖ്യാപിച്ചില്ല

മണിക്കുട്ടന്റെ കീരീട ധാരണവും ഫിറോസിന്റെ പുറത്താകലും

സ്വപ്‍നം കാണുന്നവരുടെ സീസണായിരുന്നു ഏറ്റവും ഒടുവിലത്തേത്. മണിക്കുട്ടൻ, ഭാഗ്യലക്ഷ്‍മി എന്നീ സെലിബ്രിറ്റികള്‍ക്ക് പുറമേയുള്ള മത്സാരര്‍ഥികള്‍ പൊതുവെ സാധാരണക്കാരും അത്ര അറിയപ്പെടാത്തവരുമായിരുന്നു. ബിഗ് ബോസ് ഷോയില്‍ രസകരവും ആവേശവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇവര്‍ ആദ്യം നടത്തിയത്. ബിഗ് ബോസ് ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി സജ്‍ന ഫിറോസ് ദമ്പതിമാര്‍ എത്തിയതോടെ കൂടുതല്‍ സംഘര്‍ഷഭരിതമായി കാര്യങ്ങള്‍.

ബിഗ് ബോസ് മത്സരാര്‍ഥികളെ കുറിച്ച് വ്യക്തിപരമായി ഫിറോസ് ആരോപണങ്ങള്‍ ഉന്നയിച്ചതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമായത്. രമ്യ , സൂര്യ എന്നിവര്‍ക്കെതിരായ ഫിറോസിന്റെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മോഹൻലാല്‍ ഇടപെട്ടു. സംഭവത്തെ കുറിച്ച് രമ്യക്കും സൂര്യക്കും പറയാനുള്ളത് മോഹൻലാല്‍ ആദ്യം കേട്ടു. മറ്റു സ്‍ത്രീ മത്സരാര്‍ഥികളോടും ഇക്കാര്യത്തിലെ അഭിപ്രായം ചോദിച്ചു. എല്ലാവരും തന്നെ ഫിറോസ്-സജിനയെക്കുറിച്ച് തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. അവസാനം മോഹന്‍ലാലിന്‍റെ പ്രഖ്യാപനവും വന്നു. സജ്‍ന ഫിറോസ് ദമ്പതിമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തേയ്‍ക്ക്.

പുറത്തെ കാര്യങ്ങള്‍ പരാമര്‍ശിക്കുക എന്നത് നിയമലംഘനമാണ് എന്ന് മോഹൻലാല്‍ പറഞ്ഞു. സ്‍ത്രീകള്‍ക്കെതിരായ മോശമായ പരാമര്‍ശങ്ങള്‍ സ്‍ത്രീകള്‍ എന്നല്ല ഒപ്പമുള്ള ആര്‍ക്കെതിരെയുമുള്ളത് തെറ്റായ കാര്യമാണ്. സജിന-ഫിറോസ് ഇവിടെ വന്നപ്പോള്‍ നിങ്ങള്‍ക്ക് നല്ല പ്ലെയേഴ്സ് ആയി മാറാം എന്നുപറഞ്ഞ് അയച്ച ആളാണ് ഞാന്‍. പക്ഷേ എവിടെയോ നിങ്ങളുടെ ഗതി മാറിപ്പോകുന്നു. അതുകൊണ്ട്, വളരെ സോറി. സജിന ആന്‍ഡ് ഫിറോസ്, ബാഗ് സ്റ്റോര്‍ റൂമിലുണ്ട്. എന്‍റെ അടുത്തേക്ക് വരാം", ബിഗ് ബോസിന്‍റെ നടപടി എന്ന നിലയില്‍ ഇരുവരും ഷോയില്‍ നിന്ന് പുറത്തായിരിക്കുന്നതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. 'ലാലേട്ടാ, ഒരു കാര്യം' എന്നുപറഞ്ഞ് തനിക്ക് സംസാരിക്കാന്‍ ഒരു അവസരത്തിനായി സജിന ചോദിച്ചെങ്കിലും മോഹന്‍ലാല്‍ അത് അനുവദിച്ചില്ല. 'കഴിഞ്ഞു' എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ബിഗ് ബോസ് ഷോയിലെ അനാവശ്യ സംസാരത്തെ തുടര്‍ന്ന് മാസ്‍ക് ധരിക്കലടക്കമുള്ള ശിക്ഷാ നടപടികള്‍ മുമ്പ് സജ്‍ന- ഫിറോസ് നേരിട്ടിരുന്നു.

ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡ് കാരണം നിര്‍ത്തി. അത്യധികം ആവേശത്തോടെ മത്സാര്‍ഥികള്‍ പോരാടുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയ്‍ക്ക് കര്‍ട്ടണ്‍ വീണത്. അവസാന വിജയി ആര് എന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. ബിഗ് ബോസ് ഷോയിലെ അതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മത്സാര്‍ഥികള്‍ക്കായി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാമെന്ന് ബിഗ് ബോസ് അധികൃതകര്‍ അറിയിച്ചു.. പ്രേക്ഷകരുടെ വോട്ടുകള്‍ ഏറ്റവും അധികം കിട്ടിയ മണിക്കുട്ടൻ അങ്ങനെ ബിഗ് ബോസിന്റെ രാജാവായി. സായ് വിഷ്‍ണു ഷോയില്‍ രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തി. റംസാൻ നാലാമത് ആയപ്പോള്‍ അനൂപ് കൃഷ്‍ണനായിരുന്നു അഞ്ചാം സ്ഥാനത്ത്.

ഇനി എന്തൊക്കെ?

ബിഗ് ബോസ് ഷോ ഇന്നു വീണ്ടും തുടങ്ങുകയാണ്. ബിഗ് ബോസ് മലയാളം മുംബൈയില്‍ തിരിച്ചെത്തിയിരിക്കുകയുമാണ്. ബിഗ് ബോസ് മലയാളം നാലാം സീസണില്‍ മത്സാര്‍ഥികള്‍ ആരൊക്കെ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍. എന്തായാലും മുൻ സീസണുകളേക്കാള്‍ ഗംഭീരമാകും ഇത്തവണ എന്ന പ്രതീക്ഷയില്‍ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

click me!