അഭിനന്ദനത്തെ വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് റെനീഷ സ്വീകരിച്ചത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന സീസണ്‍ രണ്ടാം വാരത്തില്‍ തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ വീറും വാശിയും സൃഷ്ടിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എല്ലാ തവണത്തെയും പോലെ ഈ വാരത്തിലെയും വീക്കിലി ടാസ്ക് രസകരവും ആവേശകരവുമായിരുന്നു. മലയാള സിനിമയിലെ ചില പ്രശസ്ത താരങ്ങളായും കഥാപാത്രങ്ങളായും പ്രകടനം നടത്താന്‍ മത്സരാര്‍ഥികള്‍ക്ക് അവസരം നല്‍കിയ ടാസ്കില്‍ എല്ലാ മത്സരാര്‍ഥികളും തങ്ങളുടെ കഴിവിനൊത്ത് ശ്രമിച്ചു. ചിലര്‍ വലിയ കൈയടി നേടുകയും ചെയ്തു. അത്തരത്തില്‍ ശ്രദ്ധേയ പ്രകടനങ്ങളില്‍ ഒന്നായിരുന്നു റെനീഷ റഹ്‍മാന്‍റേത്.
മണിച്ചിത്രത്താഴ് സിനിമയില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയായാണ് റെനീഷ ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞാടിയത്. സ്റ്റേജില്‍ മണിച്ചിത്രത്താഴിലെ പാട്ടിനൊപ്പം നൃത്തം വച്ചത് കൂടാതെ ആ വേഷത്തില്‍ ഹൗസില്‍ ഉടനീളം നാഗവല്ലിയുടെ കഥാപാത്രത്തെ മനസിലാക്കിയാണ് റെനീഷ മികവോടെ പെരുമാറിയത്. ഈ മികവിനുള്ള അംഗീകാരമെന്ന നിലയില്‍ ബിഗ് ബോസ് റെനീഷയ്ക്ക് ഇന്ന് ഒരു സര്‍പ്രൈസ് നല്‍കി. മണിച്ചിത്രത്താഴിന്‍റെ സംവിധായകന്‍ ഫാസിലിന്‍റെ അഭിനന്ദന സന്ദേശമായിരുന്നു അത്. റെനീഷയുടെ പ്രകടനം കാണാനിടയായ ഫാസില്‍ ഒരു ഓഡിയോ മെസേജ് അയച്ച് നല്‍കുകയായിരുന്നു.
"ഞാന്‍ ഫിലിം ഡയറക്ടര്‍ ഫാസില്‍ ആണ്. സന്ദര്‍ഭവശാല്‍, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ ഒരു ചെറിയ പ്രകടനം കണ്ടിരുന്നു. റെനീഷ റെഹ്‍മാന്‍ എന്നാണെന്ന് തോന്നുന്നു പേര്. അത് തന്നെ. മണിച്ചിത്രത്താഴ് ഇറങ്ങുമ്പോള്‍ എന്ത് പ്രായം ഉണ്ടായിരുന്നു റെനീഷയ്ക്ക്. ഏതായാലും മണിച്ചിത്രത്താഴിലെ ഈ പീസ് എടുത്ത് ഇങ്ങനെ അവതരിപ്പിച്ചത് മണിച്ചിത്രത്താഴിനോടും എന്നോടും അതില്‍ സഹകരിച്ച എല്ലാവരോടുമുള്ള ഒരു ആദരവ് ആണെന്ന് കരുതി അതിന് നന്ദി പറയുന്നു", ഫാസില്‍ പറഞ്ഞു.
ചിത്രത്തിന്‍റെ സംവിധായകനില്‍ നിന്ന് തന്നെ ലഭിച്ച അഭിനന്ദനത്തെ വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് റെനീഷ സ്വീകരിച്ചത്. ഈ പ്രകടനത്തിന് ഇനി ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ല എന്നായിരുന്നു റെനീഷയുടെ പ്രതികരണം. മറ്റ് മത്സരാര്‍ഥികള്‍ റെനീഷയെ അഭിനന്ദിക്കുകയും ചെയ്തു.