അതേസമയം ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആവാന്‍ ഡിംപല്‍ ഉള്‍പ്പെടെ എട്ട് പേരാണ് മത്സരരംഗത്തുള്ളത്
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഇനി ടൈറ്റില്‍ വിന്നറിനായുള്ള കാത്തിരിപ്പാണ്. തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ സാഹചര്യങ്ങളില്‍ 95-ാം ദിവസം ഷോ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചെന്നൈയില്‍ നിന്നും മത്സരാര്‍ഥികള്‍ കേരളത്തിലെത്തിയത് ഇന്നലെയും മിനിയാന്നുമായാണ്. റിതു മന്ത്ര, സായ് വിഷ്‍ണു, സൂര്യ, നോബി, കിടിലം ഫിറോസ്, റംസാന്‍, ഡിംപല്‍ എന്നിവര്‍ തിങ്കളാഴ്ച കൊച്ചിയിലും മണിക്കുട്ടനും രമ്യ പണിക്കരും ഇന്നലെ തിരുവനന്തപുരത്തുമാണ് വിമാനമാര്‍ഗ്ഗം എത്തിയത്. വോട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ മത്സരാര്‍ഥികള്‍ക്ക് അഭിമുഖങ്ങള്‍ക്കും മറ്റും വിലക്കുണ്ട്. അതേസമയം ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുണ്ട് പലരും. ഇപ്പോഴിതാ പ്രേക്ഷകരോട് തനിക്കുള്ള നന്ദി നേരിട്ട് അറിയിക്കുകയാണ് ഈ സീസണിലെ മത്സരാര്‍ഥികളില്‍ ഏറ്റവും ശ്രദ്ധേയായ ഡിംപല്‍ ഭാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡിംപലിന്‍റെ വീഡിയോ.
നന്ദി അറിയിച്ച് ഡിംപല്‍
"തിരിച്ചുവന്നിട്ട് ഇതുവരെ മെസേജുകളൊന്നും വായിച്ച് കഴിഞ്ഞിട്ടില്ല. മനസിനെ കീഴ്പ്പെടുത്തുന്നതാണ് ആ സന്ദേശങ്ങള്‍, നിങ്ങളുടെ സ്നേഹം.. കണ്ണ് നിറയുന്നുണ്ട്. ഈ സ്നേഹത്തെ എനിക്ക് വാക്കുകളില്‍ ഒതുക്കാന്‍ പറ്റില്ല. പല സന്ദേശങ്ങളും കാണുമ്പോള്‍ ഇത് എന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്നതാണോയെന്ന് ഞാന്‍ ഒന്നുകൂടി നോക്കും. പോകുമ്പോള്‍ ഒരു ചെറിയ കുടുംബം ആയിരുന്നു. തിരിച്ചുവന്നപ്പോള്‍ ഇത്ര വലിയ ഒരു കുടുംബം. എന്നെ ഞാനായിട്ട് സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരോടും എനിക്ക് ഇത്രയേ പറയാനുള്ളൂ- ഐ ലവ് യു സോ മച്ച്. ഞാനായിട്ട് തന്നെ ജീവിക്കാന്‍ ആഗ്രഹിച്ച എന്നോട് നിങ്ങള്‍ ഈ കാണിച്ച സ്നേഹം, നിങ്ങള്‍ എന്നെ മോളായിട്ട്, ചേച്ചിയായിട്ട്, അനുജത്തി ആയിട്ട്, സുഹൃത്ത് ആയിട്ട് സ്വീകരിച്ചതില്‍ വളരെയേറെ സന്തോഷം. എനിക്ക് മാത്രമല്ല, എന്‍റെ കുടുംബത്തിനുമുണ്ട്. സന്തോഷത്തിലും ദു:ഖത്തിലും നിങ്ങള്‍ എല്ലാവരും എന്‍റെ കൂടെയുണ്ടായി. ഇത് എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയാണ്."
അതേസമയം ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആവാന്‍ ഡിംപല്‍ ഉള്‍പ്പെടെ എട്ട് പേരാണ് മത്സരരംഗത്തുള്ളത്. ഡിംപലിനെക്കൂടാതെ മണിക്കുട്ടന്‍, സായ് വിഷ്‍ണു, റിതു മന്ത്ര, കിടിലം ഫിറോസ്, നോബി, റംസാന്‍, അനൂപ് കൃഷ്‍ണന്‍ എന്നിവരാണ് അവസാന എട്ടിലുള്ളത്. 'ഫൈനല്‍ ഫൈവി'ല്‍ നിന്ന് ടൈറ്റില്‍ വിന്നറെ കണ്ടെത്തുന്നതാണ് ബിഗ് ബോസിന്‍റെ രീതിയെങ്കിലും ഇക്കുറി ഷോ പൂര്‍ത്തിയാക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നതിനാലാണ് ഈ വ്യത്യാസം. 95-ാം ദിവസം ഷോ അഴസാനിപ്പിച്ചപ്പോള്‍ ഈ എട്ട് മത്സരാര്‍ഥികളാണ് ഹൗസില്‍ ഉണ്ടായിരുന്നത്.