ബിഗ് ബോസില്‍ നിന്ന് പുറത്തായ ധന്യയുടെ പ്രതികരണം (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ഗ്രാൻഡ് ഫിനാലെയില്‍ ആറ് പേരായിരുന്നു ഇടംപിടിച്ചത്. ഇവരില്‍ നിന്ന് ഇന്ന് ആദ്യം പുറത്തായത് സുരജ് തേലക്കാടായിരുന്നു. തൊട്ടുപിന്നാലെ ധന്യയും പുറത്തായിരിക്കുകയാണ്. 100 ദിവസം തന്നെ ബിഗ് ബോസ് വീട്ടില്‍ നിലനിര്‍ത്തിയ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് ധന്യ (Bigg Boss).
ഇത്രയും സ്‍നേഹിച്ച പ്രേക്ഷകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ധന്യ പറഞ്ഞു. 100 ദിവസം നില്‍ക്കാനായത് എന്തുകൊണ്ടാണെന്ന് മോഹൻലാല്‍ ചോദിച്ചപ്പോഴും ധന്യക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഞാൻ എന്നെത്തനെ വിശ്വസിച്ചു. ഇവിടെ ചെയ്‍ത കാര്യങ്ങള്‍ക്ക് സത്യം ഉണ്ടെന്ന് വിശ്വസിക്കുന്നു. വെറുതെ ഒരു കണ്ടന്റിന് വേണ്ടി ഒന്നും ചെയ്‍തിട്ടില്ല. വേണ്ട കാര്യങ്ങളേ ചെയ്‍തിട്ടുള്ളൂവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നായിരുന്നു ധന്യ പറഞ്ഞത്..
പ്രത്യേക രീതിയില്‍ നടത്തിയ ഒരു നടപടി ക്രമത്തോടെയായിരുന്നു രണ്ടാമത്തെ പുറത്താകലും പ്രഖ്യാപിച്ചത്. ലക്ഷ്‍മി പ്രിയ, റിയാസ്, ദില്‍ഷ, ധന്യ, ബ്ലസ്‍ലി എന്നിവരുടെ ഓരോ പ്രതിമകള്‍ ആക്റ്റിവിറ്റി ഏരിയയില്‍ വെച്ചിട്ടുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ നേരെയുള്ള ലിവര്‍ വലിക്കുമ്പോള്‍ ആരുടെ പ്രതിമയാണോ താഴുന്നത് അവര്‍ പുറത്താകും എന്നാണ് അറിയിച്ചത്. ധന്യ ലിവര്‍ വലിച്ചപ്പോള്‍ പ്രതിമ താണുപോകുകയും അവരെ പുറത്തായതായി പ്രഖ്യാപിക്കുകയും ചെയ്‍തു.
മത്സരാര്‍ഥികള്‍ 20 പേര്‍
ഇരുപത് പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്‍മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്‍സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്‍ടിച്ച റോബിന്‍ രാധാകൃഷ്‍ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.
Read More : '100 ദിവസം പിടിച്ചുനിന്നത് വലിയ കാര്യം'; ഫിനാലെ വേദിയില്‍ സൂരജ്