കഴിഞ്ഞ തവണ വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ഒരു ദിവസം 50 വോട്ടുകള്‍ വീതമാണ് ഓരോ കാണിക്കും ലഭിച്ചിരുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ നോമിനേഷന്‍ ഇന്ന്. രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്ന സീസണില്‍ കഴിഞ്ഞ വാരത്തില്‍ മത്സരാര്‍ഥികള്‍ക്ക് ഡയറക്റ്റ് നോമിനേഷനുള്ള അവസരം നല്‍കിയിരുന്നെങ്കിലും അത് വോട്ടിംഗിലേക്ക് കടന്നിരുന്നില്ല. ഈ വാരാന്ത്യം ആരെയും പുറത്താക്കുന്നില്ലെന്ന് ഞായറാഴ്ച എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ വോട്ടിംഗില്‍ ചില പ്രത്യേകതകളുമായാണ് അഞ്ചാം സീസണ്‍ മലയാളം ബിഗ് ബോസ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ഒരു ദിവസം 50 വോട്ടുകള്‍ വീതമാണ് ഓരോ കാണിക്കും ലഭിച്ചിരുന്നത്. ഇത് നോമിനേഷനില്‍ എത്തിയിരിക്കുന്ന തങ്ങളുടെ പ്രിയ മത്സരാര്‍ഥികള്‍ക്ക് യഥേഷ്ടം നല്‍കാമായിരുന്നു. അതായത് തങ്ങളുടെ ഏറ്റവും ഫേവറിറ്റ് ആയ ഒരു മത്സരാര്‍ഥി നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നപക്ഷം ആ മത്സരാര്‍ഥിക്ക് ഒരു ദിവസത്തെ 50 വോട്ടും ഒരുമിച്ച് നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇത്തവണത്തെ വോട്ടിംഗ് അങ്ങനെയല്ല. മറിച്ച് 50 വോട്ടിന് പകരം ഒരു ദിവസം ഒരേയൊരു വോട്ടാണ് കാണിക്ക് ലഭിക്കുക. ഇത് നോമിനേഷനില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു മത്സരാര്‍ഥിക്ക് മാത്രം നല്‍കാം.
വോട്ടിന്‍റെ എണ്ണത്തില്‍ മത്സരാര്‍ഥികള്‍ക്കിടയിലുള്ള വ്യത്യാസം കാര്യമായി കുറയ്ക്കുന്ന നീക്കമാണിത്. മത്സരാര്‍ഥികള്‍ ഈ വിവരം അറിയുന്നപക്ഷം മത്സരത്തിന്‍റെ ഗതിയെയും മുറുക്കത്തെയും ഇത് സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അതേസമയം സീസണിലെ ആദ്യ നോമിനേഷനില്‍ ആരൊക്കെ ഇടംപിടിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ബിഗ് ബോസ് ഗെയിമിനെക്കുറിച്ച് കാര്യമായി അറിവുള്ള, എങ്ങനെ കളിക്കണമെന്നും എന്തൊക്കെ ചെയ്യരുതെന്നുമൊക്കെ കൃത്യമായി അറിയാവുന്ന മത്സരാര്‍ഥികളാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ പ്രത്യേകത. സംസാരിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളുമുള്ള മത്സരാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. ഒരു കോമണര്‍ അടക്കം 18 മത്സരാര്‍ഥികളാണ് നിലവില്‍ ഹൗസില്‍ ഉള്ളത്.