സീക്രട്ട് റൂമിൽ ഇരുന്ന് കണ്ട കാര്യങ്ങളും അറിഞ്ഞ കാര്യങ്ങളും ഹൗസിനുള്ളിൽ എത്തിയപ്പോഴേക്കും സെറീന തുറന്ന് പറഞ്ഞു. ഇത് വലിയ നെഗറ്റീവായാണ് സെറീനയ്ക്ക് ഭവിച്ചതും.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല ഉയർന്നത് പതിനെട്ട് മത്സരാർത്ഥികളുമായായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും പ്രേക്ഷകർക്ക് അത്ര സുപരിചിതർ ആയിരുന്നില്ല. അക്കൂട്ടത്തിൽ ഒരാളാണ് സെറീന ആൻ ജോൺസൺ. മിസ് ക്വീന്‍ കേരള 2022 ടൈറ്റില്‍ വിന്നർ എന്ന ഖ്യാതിയോടെ ബിഗ് ബോസിൽ എത്തിയ സെറീന വളരെ ലിമിറ്റഡ് സർക്കിളിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരാളാണ്. യുഎഇയില്‍ തന്റെ കരിയർ ബിൽഡ് ചെയ്‍ത സെറീന ഷോയിൽ എത്തിയതോടെ മലയാളികൾക്ക് മുഴുൻ സുപരിചിതയായി മാറി. അതും വളരെ പെട്ടെന്ന്.
വിപുലമായ സൗഹൃദവലയം ഇല്ലാത്ത ഒരാളായിരുന്നു സെറീന. അക്കാര്യം പലപ്പോഴും ഷോയിൽ തന്നെ സെറീന പറഞ്ഞിട്ടുമുണ്ട്. ബിഗ് ബോസിൽ എത്തിയപ്പോൾ സെറീനയെ സംബന്ധിച്ച് മറ്റൊരു ലോകം ആയിരുന്നു. ഒരുപക്ഷേ ഇത്രയും ആൾക്കാരുമായി മൂന്ന് മാസം സെറീന കഴിയുന്നത് ഇതാദ്യമായിരുന്നിരിക്കണം. അതിൽ വളരെ എക്സൈറ്റഡ് ആയിട്ടുള്ള സെറീനയെ വീട്ടിൽ കാണാൻ സാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെ വ്യക്തിപരമായി വലിയൊരു ഇംപാക്ടും സെറീനയ്ക്ക് കൈ വന്നു. ഇന്നിതാ ഫിനാലെയുടെ പടിവാതിൽക്കൽ നിന്നും സെറീന ബിഗ് ബോസിനോട് വിട പറയുകയാണ്. ബിബി ഫൈവിലെ ബ്യൂട്ടി ക്വീൻ എന്ന് പ്രേക്ഷകർ വിലയിരുത്തിയ സെറീന പുറത്തേക്ക് പോകുമ്പോൾ, ഇത്രയും നാളത്തെ താരത്തിന്റെ ബിബി ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
undefined
ആദ്യ കാഴ്‍ചയിലെ സെറീന ആൻ ജോൺസൺ
മുകളിൽ സൂചിപ്പിച്ചതു പോലെ മലയാളികൾക്ക് സുപരിചിതമായ മുഖമായിരുന്നില്ല സെറീനയുടേത്. പക്ഷേ അവരിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത് എന്തായാലും രൂപഭംഗിയായിരിക്കും. ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്‍ടമാകുന്ന ലുക്കായിരുന്നു സെറീനയ്ക്ക്. എന്നാൽ പുറമെ ഉള്ള സൗന്ദര്യം ഗെയിമിലേക്ക് വന്നപ്പോൾ മങ്ങലേൽപ്പിച്ചു. ആദ്യ ആഴ്‍ചയിൽ വേണ്ടത്ര പ്രകടനമോ കാര്യമായ അഭിപ്രായങ്ങളോ പറഞ്ഞ് കേട്ടിട്ടില്ലാത്ത വ്യക്തിയായി സെറീന മാറി. അതായത് എപ്പോൾ വേണമെങ്കിലും എവിക്ട് ആകാൻ സാധ്യതയുണ്ടെന്നും ഗെയിം മാറ്റേണ്ട സമയമായെന്നും വ്യക്തമായ അവസരം. രണ്ടാഴ്‍ചയ്ക്ക് ശേഷം ഗെയിമിലൊക്കെ ആക്ടീവ് ആയെങ്കിലും ഒരു ബിഗ് ബോസ് മെറ്റീരിയൽ ആകാൻ സെറീനയ്ക്ക് സാധിച്ചില്ല. മൂന്ന് പേരടങ്ങുന്ന സൗഹൃദ വലയത്തിൽ അകപ്പെട്ട് കിടന്നു.
സൗഹൃദങ്ങളെ സ്ട്രാറ്റജിയാക്കിയോ ?
ബിഗ് ബോസ് ഹൗസിൽ എല്ലാവരുമായും സൗഹൃദമുള്ള ആളാണ് സെറീന. ഷിജു- അഖിൽ മാരാർ-വിഷ്‍ണു, റിനോഷ്- അനിയൻ മിഥുൻ, സാഗർ- ജുനൈസ്, തുടങ്ങിയവരെ പോലെ ആയിരുന്നു അഞ്ജൂസ് റോഷും റെനീഷയും സെറീനയും . ഷോ ആരംഭിച്ച് ഒരാഴ്‍ച ആയപ്പോഴേക്കും ആണ് ഈ സൗഹൃദ വലയം ഉണ്ടായത്. ആദ്യ കാഴ്‍ചയിൽ ഒരു സ്ട്രാറ്റജി സൗഹൃദമാണെന്ന് തോന്നിയെങ്കിലും പതിയെ ആ മുൻവിധികൾ മാറ്റിയെഴുതി. ബിഗ് ബോസ് ഹൗസിലെ മൂവർ സംഘം വലിയ സുഹൃത്തുക്കൾ ആണെങ്കിലും ഗെയിമിൽ സൗഹൃദങ്ങൾ നോക്കിയില്ല. പലപ്പോഴും പരസ്‍പരം മൂവരും പോരടിച്ചിരുന്നു. ഈ ഒരു സൗഹൃദവലയത്തിൽ കിടന്ന സെറീനയ്ക്ക് അന്ന് ഷോയിൽ വേണ്ടത്ര പ്രാധാന്യം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. പലപ്പോഴും സെറീന സ്ക്രീനിൽ ഇല്ലാതെ പോയി. അടുത്തകാലത്ത് പറഞ്ഞത് പോലെ, റെനീഷയും അഞ്ജൂസും തമ്മിലുള്ള പിണക്കം സോൾവ് ചെയ്യലായിരുന്നു സെറീനയുടെ മെയിൻ പണി.
സാഗറും സെറീനയും തമ്മിലൊരു അടുപ്പം തുടങ്ങിയതോടെ ഈ സൗഹൃദത്തിൽ വിള്ളൽ വീണ് തുടങ്ങി. പതിയെ റെനീഷയോടും അഞ്ജൂസിനോടും സെറീന അകലാൻ തുടങ്ങി. അതുപക്ഷേ സെറീനയ്ക്ക് ഗുണമായാണ് ഭവിച്ചതും. കാരണം അതുവരെ സൗഹൃദ വലയത്തിൽ കിടന്ന സെറീനയെ അടയാളപ്പെടുത്തിയതും, പ്രേക്ഷകർക്കിടയിൽ ചർച്ചയായതും സാഗറിന്റെ വരവോടെയാണെന്ന് ഉറപ്പ്. നേരത്തെ റെനീഷയുടെ കൂട്ടുകാരി എന്നറിയപ്പെട്ട സെറീന, പിന്നീട് നേരെ തിരിച്ചായി മാറി. ഈ അവസരത്തിൽ സെറീന ഇന്റിപെന്റന്റ് ആയിട്ടുള്ള മത്സരാർത്ഥി ആയി മാറുക ആയിരുന്നു.
സാഗർ- സെറീന 'പ്രണയം'
ബിഗ് ബോസ് മലയാളം സീസണുകളിൽ ഒരു പ്രണയ ജോഡിയെങ്കിലും ഉണ്ടാകാറുണ്ട്. ഇവർക്ക് സ്ക്രീൻ സ്പെയ്‍സും കൂടുതലായിരിക്കും. ചിലരുടേത് ആത്മാർത്ഥ പ്രണയം ആണെങ്കിൽ മറ്റ് ചിലത് ലൗ സ്ട്രാറ്റജിയാണ്. സീസൺ ഒന്നിലെ ശ്രീനിഷ്- പേളി മാണി ജോഡിയാണ് ബിഗ് ബോസ് പ്രണയത്തിന് തുടക്കമിട്ടത്. ഇരുവരും ഷോയ്ക്ക് ശേഷം വിവാഹം കഴിക്കുകയും ചെയ്‍തു. ഇതിന്റെ ചുവടുപറ്റി തുടർന്നുള്ള സീസണുകളിലും പ്രണയങ്ങൾ തുടർക്കഥയായി. ഈ സീസണിലും അങ്ങനെ ഒരു ജോഡി ഉണ്ടായി. സാഗർ- സെറീന ജോഡി. പക്ഷേ അതൊരു പ്രണയമാണെന്ന് പറയാൻ പറ്റില്ല. ഒരേസമയം പ്രണയമാണെന്നും അല്ലെന്നും വരുത്തി തീർക്കാൻ സെറീന ശ്രമിച്ചു കൊണ്ടേയിരുന്നു. അതിൽ അവർ പകുതിയോളം വിജയിച്ചെങ്കിലും വിമർശനങ്ങൾ നിറഞ്ഞു. മുൻ സീസണുകളിലെ ലവ് ട്രാക്കായിരുന്നു അതിന് കാരണം. ഇരുവരും ഒരു ലവ് ട്രാക്ക് ഉണ്ടാക്കി വോട്ട് പിടിക്കാൻ വല്ലാതെ കഷ്‍ടപ്പെടുന്നുവെന്നായിരുന്നു വിമർശനങ്ങൾ.
ഇരുവരുടെയും അടുപ്പം സ്ട്രാറ്റജി മാത്രമാണെന്ന് ആരോപിച്ച പ്രേക്ഷകരുടെ വിലയിരുത്തലുകൾ
സെറീന- അഞ്ജൂസ്- റെനീഷ എന്നിവരും സാഗർ- ജുനൈസ് എന്നിവരുമാണ് വീട്ടിലെ സൗഹൃദങ്ങൾ. രണ്ട് ഗ്രൂപ്പിലെയും രണ്ട് അംഗങ്ങൾ തമ്മിൽ പ്രണയമാണെന്ന് അല്ലെങ്കിൽ ലൗ ട്രാക്ക് ആണെന്ന് അറിഞ്ഞ് കഴിഞ്ഞാൽ ഉറപ്പായും സൗഹൃദങ്ങളിൽ വിള്ളൽ ഉണ്ടാകും. അതുതന്നെ സംഭവിക്കുകയും ചെയ്‍തു. റെനീഷയും അഞ്ജൂസുമായി തുടരെ പ്രശ്‍നങ്ങൾ ഉണ്ടായി. നേരത്തെയും ഇവർക്കിടയിൽ പ്രശ്‍നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെറീന- സാഗർ കോമ്പോ വന്നതോടെ പരോക്ഷമായി അവർക്കിടയിലെ പ്രശ്‍നങ്ങളുടെ ആക്കം കൂടി. മറുവശത്ത് സാഗറിന്റെ വരവ് ഏറ്റവും കൂടുതൽ ഗുണം ചെയ്‍തത് സെറീനയ്ക്കും.
പക്ഷേ ഇതിനിടയിൽ ആരെയും വെറുപ്പിക്കാൻ സെറീന ശ്രമിച്ചിട്ടില്ലെന്നത് സെറീനയുടെ ഏറ്റവും വലിയ പോസിറ്റീവ് ആണ്. നാദിറയ്ക്ക് സാഗറിനോടുള്ള ഇഷ്‍ടമാണെങ്കിലും ജുനൈസിന് തന്നോടുള്ള ഇഷ്‍ടത്തെ ആണെങ്കിലും സെറീന പക്വതയോടെ തന്നെ കൈകാര്യം ചെയ്‍തു. ഇത് അഭിനന്ദനാർഹമാണ്.
സീക്രട്ട് റൂം നെഗറ്റീവോ ? പൊസിറ്റീവോ ?
ബിഗ് ബോസില്‍ മുമ്പും സീക്രട്ട് റൂമിലേക്ക് പോയി വരുന്ന മത്സരാർത്ഥികൾ ഉണ്ട്. ഒരുപക്ഷേ ഡിസർവിംഗ് ആയിട്ട് വോട്ട് കുറഞ്ഞു പോയവരാകും ഇത്തരത്തിൽ സീക്രട്ട് റൂമിൽ പോയി തിരിച്ചു വരുന്നത്. എന്നാൽ സെറീനയുടെ കാര്യം അങ്ങനെ അയിരുന്നില്ല. ഫൈനലിലേക്ക് അടുത്തപ്പോൾ ബിഗ് ബോസ് വീടിനകത്ത് സ്ത്രീ പ്രാധിനിധ്യം കുറഞ്ഞുവന്നിരുന്നു. ഇത് നികത്താനായിരുന്നു സെറീനയെ സീക്രട്ട് റൂമിൽ ആക്കിയത്. അക്കാര്യം സെറീനയ്ക്ക് മനസിലായോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. കാരണം, വോട്ട് ഉണ്ടായത് കൊണ്ടാണ് തന്നെ സീക്രട്ട് റൂമിലേക്ക് മാറ്റിയതെന്ന തരത്തിൽ ആയിരുന്നു സെറീനയുടെ സംസാരം.
ഇത്തരത്തിൽ സീക്രട്ട് റൂമിൽനിന്ന് വരുന്നവര്‍ ഷോയെ മറ്റൊരു തലത്തിൽ എത്തിക്കാറുണ്ട്. വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും സീക്രട്ട് റൂമിൽ ഇരുന്ന് ഇവർ കാണുന്നത് കൊണ്ടുതന്നെ, ഓരോരുത്തരുടെയും യഥാർത്ഥ ഗെയിം പ്ലാൻ എന്താണെന്ന് മനസിലാകും. അതനുസരിച്ചാകും തുർന്നുള്ള ഇവരുടെ കളി. എന്നാൽ സെറീനയ്ക്ക് അതിന് സാധിച്ചില്ല എന്നത് വ്യക്തമാണ്.
സീക്രട്ട് റൂമിൽ ഇരുന്ന് കണ്ട കാര്യങ്ങളും അറിഞ്ഞ കാര്യങ്ങളും ഹൗസിനുള്ളിൽ എത്തിയപ്പോഴേക്കും സെറീന തുറന്ന് പറഞ്ഞു. ഇത് വലിയ നെഗറ്റീവായാണ് സെറീനയ്ക്ക് ഭവിച്ചതും. അക്കാര്യം മോഹൻലാൽ അടക്കം സെറീനയോട് ചോദിക്കുകയും ചെയ്‍തിരുന്നു. മറ്റൊരു മത്സരാർത്ഥിയാണ് സെറീനയ്ക്ക് പകരം സീക്രട്ട് റൂമിൽ പോയിരുന്നതെങ്കിൽ ഉറപ്പായും ഗെയിം ചെയ്ഞ്ച് നടക്കുമായിരുന്നു. ഒരുപക്ഷേ സീക്രട്ട് റൂമിൽ പോയി തിരിച്ച് വന്ന് നെഗറ്റീവടിച്ച ഒരേഒരു ബിഗ് ബോസ് മത്സരാർത്ഥിയായിരിക്കും സെറീന. എന്തായാലും ബിഗ് ബോസ് സീസണുകൾ കണ്ടിട്ടില്ലാത്ത ആളാണ് സെറീന എന്ന് ഇതിലൂടെ വ്യക്തമാണ്.
ഷോയിൽ സെറീനയുടെ രണ്ടാംഘട്ട ഗെയിമിന് വഴിയായതും ഈ സീക്രട്ട് റൂം ആണ്. ഇവിടെ നിന്നും വന്നതിന് ശേഷം സെറീനയിൽ വലിയ മാറ്റങ്ങൾ പ്രകടമായി. അത് സഹമത്സരാർത്ഥികളും പറഞ്ഞ കാര്യമാണ്. മുൻപ് കലഹിച്ചിരുന്ന അഖിൽ മാരാരുടെ ചുവടുപറ്റി നടക്കാനും (പ്രത്യക്ഷത്തിൽ അല്ലെങ്കിലും) സെറീന ശ്രമിച്ചിരുന്നു. പക്ഷേ അത് തുടക്കത്തിലേ തന്നെ അഖില്‍ നുള്ളിക്കളയുകയും ചെയ്തതാണ്. റിനോഷിന്റെ ഗ്രൂപ്പ് തിരിച്ചതും സെറീനയാണ്. റെനീഷ റഹിമാൻ തന്റെ എതിരാളി ആണെന്ന് തിരിച്ചറിയുകയും ചെയ്‍തഈ ഘട്ടത്തിൽ തന്നെ. അതുകൊണ്ടുതന്നെ വലിയൊരു മാറ്റം ഹൗസില്‍ സെറീന എന്ന മത്സരാരത്ഥിയിൽ പ്രകടമായി.
സെറീന- റെനീഷ തർക്കം
ഏറ്റവും നല്ല സുഹൃത്തുക്കള്‍ തന്നെയായിരുന്നു സെറീനയും റെനീഷയും. ഒരുപക്ഷേ അഞ്ജൂസ് റോഷിനെക്കാൾ കൂടുതൽ. നേരത്തെ പറഞ്ഞത് പോലെ സാഗറിന്റെ വരവ് ഇവർക്കിടയിൽ വിള്ളൽ വീഴ്ത്തി. ഹൗസിലെ പാവ ടാസ്‍ക മുതലാണ് സെറീന- റെനീഷ തർക്കത്തിന് തുടക്കമാകുന്നതെന്ന് തോന്നുന്നു.
റെനീഷയുടെ പാവ എടുത്ത സെറീന അത് കൃത്യമായ സ്ഥലത്ത് കൊണ്ട് വെക്കുന്നതില്‍ പരാജയപ്പടുകയും റെനീഷ ആ വീക്കില്‍ നോമിനേറ്റ് ചെയ്യപ്പടുകയും ചെയ്‍ത. അന്ന് അവള്‍ തന്റെ സുഹൃത്തിനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ വെച്ച് പറഞ്ഞത് 'സാരമില്ല വിഷമിക്കണ്ട' എന്നാണ്. ആത്മസുഹൃത്തിനാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും തന്റെ സൃഹൃത്ത് അത് കൊണ്ട് വിഷമിക്കരുത് എന്ന് റെനീഷ കരുതിയിരുന്നു. പക്ഷേ റെനീഷയോട് സെറീന തിരിച്ചത് കാണിച്ചിട്ടില്ലെന്ന് വ്യക്തമാണ്. കിട്ടുന്ന അവസരത്തിൽ റെനീഷയ്ക്ക് എതിരെ സെറീന തിരിഞ്ഞു. ചില വേളകളിൽ സൗഹൃദം സെറീന സ്ട്രാറ്റജി ആക്കിയെന്ന് വരെ തോന്നിപ്പിച്ചു. ഞാനാണ് അവളെ ബില്‍ഡ് ചെയ്‍തതത് അവക്കൊരു കാര്യവും അറിയില്ല എന്നൊക്കെ പറഞ്ഞ് പഴയ കാര്യങ്ങൾ എടുത്തിട്ടു. പിന്നീട് ഒരു ടാസ്കിനിടയിൽ സെറീനയുടെ കോയിൻ റെനീഷ എടുത്തതും പ്രശ്‍നങ്ങൾക്ക് വഴിവച്ചു. അവിടെ റെനീഷയേക്കാളും പക്വതയോടെ പെരുമാറിയത് സെറീനയാണ് എന്നത് പൊസിറ്റീവായിരുന്നു.
സീക്രട്ട് റൂമിൽ നിന്നും വന്ന ശേഷമാണ് ഇരുവരും തമ്മിൽ വലിയ ക്ലാഷ് തുടങ്ങുന്നത്. സെറീന എവിക്ട് ആയപ്പോൾ റെനീഷയ്ക്ക് വിഷമമുണ്ടായില്ലെന്നൊക്കെ പറഞ്ഞാണ് തർക്കം. താൻ പോയതിൽ ആകെ വിഷമിച്ചത് ജുനൈസ് ആണെന്ന് സെറീന മനസിലാക്കി. എന്നാൽ ബെസ്റ്റ് ഫ്രണ്ടായ ഒരാൾക്ക് മാത്രം യാതൊരു കൂസലും ഇല്ല. ഇത് തിരിച്ചെത്തിയ സെറീനയെ അലട്ടി. സെറീനയ്ക്ക് ഉണ്ടായ അതേ ചോദ്യങ്ങളും ചിന്തകളും പ്രേക്ഷകർക്കും ഉണ്ടായി. എന്തായാലും രണ്ട് മൂന്ന് ആഴ്‍ച മുൻപ് തുടങ്ങിയ ഈ പ്രശ്‍നം ഇപ്പോഴും തുടരുന്നുണ്ട്.
യഥാർത്ഥത്തിൽ ഇരുവരും തമ്മിലുള്ളത് ചെറിയ പിണക്കങ്ങളാണ്. ഇത് ഒരു ഗെയിം ഷോ ആണെന്ന ബോധ്യം ഇരുവർക്കും ഇല്ലെന്ന് തോന്നു. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു പിണക്കം ഇരുവരും തമ്മിൽ ഉണ്ടാകില്ല. മറ്റൊരു വശം നോക്കുകയാണെങ്കിൽ, സൗഹൃദത്തിന് പ്രാധാന്യം കൽപ്പിക്കുന്നവരാണ് ഇരുവരും. അതുകൊണ്ട് തന്നെ സൗഹൃദത്തിൽ ചെറിയൊരു മാറ്റം വന്നാൽ പോലും വേദന ഉണ്ടാക്കും. അതാണ് സെറീന, റെനീഷ വിഷയത്തിൽ നടന്നതും.
ഗെയിമിൽ തിളങ്ങിയോ സെറീന ?
കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ആദ്യം മുതൽ ഫിസിക്കൽ ടാസ്‍കിന് പ്രാധാന്യം നൽകിയിട്ടുള്ള സീസൺ ആയിരുന്നു ഇത്. എന്നാല്‍ പലരും ടാസ്‍കുകൾ ഉഴപ്പിയപ്പോഴും സെറീന തന്റെ മാക്സിമം എഫേർട്ട് ഗെയിമുകളിൽ നൽകി. അത് ഫിസിക്കൽ ആയാലും മെന്റലി ആയാലും. ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ ആദ്യ ഗെയിമിൽ ഒന്നാം സ്ഥാനത്ത് സെറീന എത്തിയതും അഭിനന്ദനാർഹമാണ്.
ഹൗസില്‍ മറ്റ് ഗെയിമുകളെക്കാൾ ഒരുപക്ഷേ സെറീന തിളങ്ങിയിട്ടുള്ളത് സ്പോൺസേഡില്‍ ആയിരിക്കും. ഇത്തരം വിവിധ ടാസ്‍കുകളിൽ മികച്ച പ്രകടനം കാഴ്‍ചവച്ചതു കൊണ്ട് തന്നെ, തങ്ങളുടെ ഗ്രൂപ്പിൽ സെറീന വേണമെന്നൊരു ചിന്ത സഹമത്സരാർത്ഥികളിലും ഉണ്ടായി. വലിയൊരു സ്ക്രീൻ സ്പെയിസും അങ്ങനെ സെറീനയ്ക്ക് കിട്ടി.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ പ്രശ്‍നങ്ങളെ സധൈര്യം നേരിട്ട മത്സരാർത്ഥികളിൽ ഒരാളാണ് സെറീന. പ്രശ്നം എന്താണെന്ന് മനസിലാക്കി സംസാരിക്കും. ശേഷം ആ പ്രശ്‍നങ്ങൾ കൊണ്ടു നടക്കുകയും ഇല്ല. അതായത്, ലൂപ്പിൽ കിടക്കില്ലെന്ന് അർത്ഥം. അത് സെറീനയ്ക്ക് വലിയ ഗുണമായി തന്നെ ഭവിച്ചിട്ടുണ്ട്. മലയാളം അറിയില്ലെങ്കിലും കൃത്യമായി ആശയവിനിമയം നടത്തി. സെലിബ്രിറ്റി അല്ലെങ്കിലും ആ ഒരു ഇമേജ് ബിൽഡ് ചെയ്തെടുക്കാനും സെറീനയ്ക്ക് ഇതിലൂടെ സാധിച്ചു.
എന്നാൽ വീട്ടില്‍ തന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലും അത് പ്രാവർത്തിമാക്കുന്നതിലും സെറീന പരാജയപ്പെട്ടു. അതൊരുപക്ഷേ ഫിനാലെയിലേക്ക് അടുത്തുവന്നത് കൊണ്ടാകും. സീക്രട്ട് റൂമിൽ ലഭിച്ച ആനുകൂല്യം മുതലാക്കാൻ കഴിയാത്തതും സെറീനയ്ക്ക് നെഗറ്റീവായി. എന്നാൽ ഈ സീക്രട്ട് റൂം മറ്റുള്ളവർക്ക് പ്രയോജനം ചെ്‍തിട്ടുണ്ട്.
മൊത്തത്തിൽ പക്ഷേ സെറീനയ്ക്ക് ബിഗ് ബോസ് ഷോ ഗുണമാണോ എന്ന് ചോദിച്ചാൽ 'ആണ്', 'അല്ലേ' എന്ന് ചോദിച്ചാൽ 'അല്ല' എന്നൊരു അവസ്ഥയാണ്. എന്തായാലും പകുതി വഴിയിൽ വച്ച് പുറത്താകുമെന്ന് കരുതിയ സെറീന ഫിനാലെ വരെ എത്തിയത് തന്നെ വലിയ കാര്യമാണ്. അതും ടോപ് സിക്സിൽ ഇടം പിടിക്കുന്നതും ചെറിയ കാര്യമല്ല. തുടങ്ങിയിടത്തു നിന്നും നോക്കുകയാണെങ്കിൽ എന്തായാലും സെറീനയുടെ ബിഗ് ബോസ് ഗ്രാഫിൽ ഉയർച്ച സംഭവിച്ചിട്ടുണ്ടെന്നത് വാസ്‍തവമാണ്. എന്നാൽ അതൊരു വലിയ ഉയർച്ചയും അല്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോളൊരു എവിക്ഷൻ സെറീന നേരിടേണ്ടി വന്നതും.
ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..
മുൻവിധികളെ മാറ്റിമറിച്ച മത്സരാർത്ഥി, മാരാരുടെ 'ബഡി'; 'ആണ്ടവർ' എന്ന ഷിജു അബ്‍ദുള്‍ റഷീദ്
ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?
'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ
ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?
ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'
മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?
ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !
ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...
ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!
വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?
കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?
ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ഗോപിക പുറത്തായത് എന്തുകൊണ്ട്?
റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..
അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?
സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാഗറും ; ബിബി 5 ആദ്യവാരം ഇങ്ങനെ
WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ