"ഞാന്‍ ഇത്രയും നേരം കരഞ്ഞില്ലെങ്കില്‍ അതിന്‍റെ അര്‍ഥം എന്താ, എനിക്ക് വിഷമം ഇല്ലെന്നാണോ?"
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫിനാലെ വീക്കിലേക്ക് കടക്കുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ ഏറെക്കുറെ അവസാനിക്കുമെന്ന് കരുതിയിരുന്നു പ്രേക്ഷകര്‍. ഫാമിലി വീക്ക് ആയിരുന്ന കഴിഞ്ഞ വാരം ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളൊക്കെ അനുസരിച്ച് മിക്ക മത്സരാര്‍ഥികളും പ്രശ്‍നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും അവസാനിപ്പിക്കാനുമൊക്കെയാണ് ശ്രമിച്ചത്. എന്നാല്‍ സീസണിന്‍റെ തുടക്കം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് പേര്‍ക്കിടയില്‍ സംഭവിച്ചിരിക്കുന്ന പൊട്ടിത്തെറിയ ബിഗ് ബോസ് പ്രേക്ഷകരെ തന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. റെനീഷയ്ക്കും സെറീനയ്ക്കുമിടയിലാണ് ശനിയാഴ്‍ച എപ്പിസോഡില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളും പൊട്ടിത്തെറികളുമൊക്കെ ഉണ്ടായത്.
ബിഗ് ബോസിലെ മറക്കാനാവാത്ത ഒരു നല്ല അനുഭവവും മോശം അനുഭവവും പങ്കുവെക്കാന്‍ ഓരോ മത്സരാര്‍ഥികളോടും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മോശം അനുഭവം പറഞ്ഞ റെനീഷ അടുത്ത സുഹൃത്തായ സെറീനയില്‍ നിന്ന് തനിക്കുണ്ടായ വേദനകളെക്കുറിച്ചാണ് സംസാരിച്ചത്. വലിയ വൈകാരികതയോടെയും സങ്കടപ്പെട്ടും പൊട്ടിത്തെറിച്ചുമൊക്കെയാണ് റെനീഷ കാരണങ്ങള്‍ ഓരോന്നായി പറഞ്ഞത്. ഇതിനുള്ള മറുപടി സെറീന അപ്പോള്‍ത്തന്നെ നല്‍കിയിരുന്നു. മോഹന്‍ലാല്‍ വേദിയില്‍ നിന്ന് ഇടവേള പറഞ്ഞ് പോയപ്പോഴും ഈ സംഘര്‍ഷം തുടര്‍ന്നു. റെനീഷ തന്‍റെ വാദങ്ങള്‍ വീണ്ടും ന്യായീകരിക്കവെ സെറീന അവിടെനിന്ന് എണീറ്റ് പുറത്തേക്ക് പോയി. അവിടെ ഇരിക്കുകയായിരുന്ന അഖിലിന്‍റെയും ഷിജുവിന്‍റെയും മുന്നില്‍ വച്ച് ഈ സൗഹൃദത്തില്‍ താന്‍ നേരിട്ടിട്ടുള്ള പ്രശ്‍നങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും സെറീനയും പറഞ്ഞു.
undefined
"ഞാന്‍ ഇത്രയും നേരം കരഞ്ഞില്ലെങ്കില്‍ അതിന്‍റെ അര്‍ഥം എന്താ, എനിക്ക് വിഷമം ഇല്ലെന്നാണോ? ആണോ? ഇവളെ സുഹൃത്താക്കിയതില്‍ എനിക്ക് വലിയ ഖേദം തോന്നുന്നു. ദൈവത്തോട് ഞാന്‍ പറയുകയാണ്. നിങ്ങളൊക്കെ എന്ത് നല്ല ഫ്രണ്ട്സാ (അഖിലിനോടും ഷിജുവിനോടും).. അല്ല ഞാന്‍ ഒരു കാര്യം പറയട്ടെ, രണ്ട് പ്രാവശ്യം എന്നെ വേദനിപ്പിച്ചിട്ടും ഞാന്‍ പോയി സോറി പറഞ്ഞു. ക്യാപ്റ്റന്‍സിയിലും ഞാന്‍ എവിക്റ്റ് ആയപ്പോഴും ഞാന്‍ പോയി പറഞ്ഞു, റെനീഷ നിനക്ക് സോറി വേണമായിരുന്നല്ലോ, സോറി എന്ന്.. അവിടെ എന്നെയാണ് ചോദ്യം ചെയ്‍തത്, എന്‍റെ ക്യാപ്റ്റന്‍സിയെ.. എനിക്കാണ് വേദനിച്ചത് അവിടെ".
"എനിക്ക് മതിയായി. ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചിട്ടില്ല. ഞാന്‍ തന്നെയാണ് എന്‍റെ കുഴി തോണ്ടിയത്. എനിക്ക് ഇപ്പോഴാണ് അത് മനസിലായത്. ഞാനാണ് അവളെ ഇങ്ങനെ ബില്‍ഡ് ചെയ്തത്. ഞാന്‍ അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ എടുക്കും. ഇങ്ങനെയേ അല്ലായിരുന്നു ഇവള്‍. ഒരു കാര്യം ചിന്തിക്കാന്‍ അറിയില്ല. എല്ലാ കാര്യത്തിലും എന്‍റെ ഉപദേശം ചോദിക്കും. എന്താ ചെയ്യേണ്ടത് എന്ന്. ഒരു ഡാന്‍സ് കളിച്ചതിന് ഡബിള്‍ സ്റ്റാന്‍ഡ് എന്ന് ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാള്‍ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും"?, കരഞ്ഞുകൊണ്ട് സെറീന ചോദിച്ചു.
അതേസമയം ഫിനാലെ വീക്കില്‍ ഇത്തരത്തില്‍ ഒരു കണ്ടന്‍റ് ബിഗ് ബോസില്‍ അപൂര്‍വ്വമാണ്. കനപ്പെട്ട മത്സരങ്ങള്‍ ഒന്നുമില്ലാത്ത, പുറത്തിറങ്ങാന്‍ ഒരാഴ്ച മാത്രമേ ഉള്ളൂവെന്ന് അറിയാവുന്ന മത്സരാര്‍ഥികള്‍ നില്‍ക്കുന്ന ഫിനാലെ വീക്കില്‍ സൗഹാര്‍ദ്ദപൂര്‍വ്വവും രസകരമായും സമയം ചെലവിടാനാണ് അവര്‍ ശ്രമിക്കുക. അതേസമയം ഈ സീസണിലെ ഫൈനല്‍ 5 തീരുമാനിക്കുന്ന കാര്യത്തിലും സെറീന- റെനീഷ തര്‍ക്കം നിര്‍ണ്ണായകമായേക്കും.
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം