'ഭാവിയില്‍ മകള്‍ക്ക് കല്യാണം ആലോചിക്കുമ്പോള്‍ എന്നെക്കൂടി പരിഗണിക്കുക'; ദില്‍ഷയെ പ്രൊപ്പോസ് ചെയ്‍ത് ബ്ലെസ്‍ലി

By Web Team  |  First Published Apr 10, 2022, 10:30 PM IST

നേരത്തെ ദില്‍ഷയോടുള്ള തന്‍റെ ഇഷ്‍ടത്തെക്കുറിച്ച് ബ്ലെസ്‍ലി മോഹന്‍ലാലിനോട് പറഞ്ഞിരുന്നു


ബിഗ് ബോസ് മലയാളം സീസണ്‍ നാല് (Bigg Boss 4) മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഏറെ രസകരവും കൗതുകകരവുമായ സംഭവവികാസങ്ങളിലൂടെയാണ് ഷോ മുന്നോട്ടുപോവുന്നത്. പ്രണയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് അവതാരകനായ മോഹന്‍ലാല്‍ ഞായറാഴ്ച എപ്പിസോഡ് ആരംഭിച്ചത്. അതില്‍ത്തന്നെ ബ്ലെസ്‍ലിയോടാണ് അദ്ദേഹം അതേക്കുറിച്ച് ആദ്യം സംസാരിച്ചത്. ദില്‍ഷയോടുള്ള തന്‍റെ പ്രണയം വെളിപ്പെടുത്തിയ ബ്ലെസ്‍ലിക്ക് ക്രഷ്‍ലി എന്നൊരു ഓമനപ്പേര് സഹ മത്സരാര്‍ഥികള്‍ നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിനോട് ഈ വിഷയത്തില്‍ മറുപടി പറഞ്ഞ‌ ബ്ലെസ്‍ലി പിന്നീട് പരസ്യമായി ദില്‍ഷയോട് വിവാഹാഭ്യര്‍ഥനയും നടത്തി. 

ദില്‍ഷ, അശ്വിന്‍, റോണ്‍സണ്‍, റോബിന്‍, നിമിഷ ജാസ്മിന്‍, ബ്ലെസ്ലി, ഡെയ്സി എന്നിവരായിരുന്നു ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഇത്തവണത്തെ ക്യാപ്റ്റനായ ദില്‍ഷ, അശ്വിന്‍ എന്നിവര്‍ ഈ വാരം സേഫ് ആണെന്ന് മോഹന്‍ലാല്‍ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. റോണ്‍സണ്‍ സേഫ് ആണെന്ന് ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തിലും അറിയിച്ചു. ബാക്കിയുള്ള അഞ്ച് പേരോട് ആക്റ്റിവിറ്റി ഏരിയയില്‍ ഒരു ഗെയിം കളിക്കാനായി മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. ഗെയിമിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് പറയാന്‍ ബാക്കിവച്ച എന്തെങ്കിലും ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയാമെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. അക്കാര്യവും ബ്ലെസ്‍ലിയോടാണ് മോഹന്‍ലാല്‍ ആദ്യം ആവശ്യപ്പെട്ടത്. ഈ അവസരവും ദില്‍ഷയോട് വിവാഹാഭ്യര്‍ഥന നടത്താനാണ് ബ്ലെസ്‍ലി ഉപയോഗിച്ചത്.

Latest Videos

ദില്‍ഷയ്ക്കു മുന്നില്‍ ഒരു പ്രൊപ്പോസല്‍ താന്‍ വച്ചിട്ടുണ്ടെന്നും പരിഗണിക്കാം എന്നാണ് അവര്‍ മറുപടി നല്‍കിയിട്ടുള്ളതെന്നും ബ്ലെസ്‍ലി പറഞ്ഞു. പുറത്തെത്തിയിട്ട് മാതാപിതാക്കളോട് ആലോലിച്ച്, അവര്‍ മൂവര്‍ക്കും താല്‍പര്യമുള്ളപക്ഷം ഈ വിവാഹക്കാര്യം ആലോചിക്കണമെന്ന് ബ്ലെസ്‍ലി പറഞ്ഞു. ഭാവിയില്‍ മകള്‍ക്ക് കല്യാണം ആലോചിക്കുമ്പോള്‍ എന്നെക്കൂടി പരിഗണിക്കുക, ദില്‍ഷയുടെ അച്ഛന്‍ പ്രസന്നനോട് എന്ന മട്ടില്‍ ബ്ലെസ്‍ലി പറഞ്ഞു. ഇത്ര എളുപ്പത്തിലാണോ വിവാഹക്കാര്യം ഒക്കെ അവതരിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ തമാശ മട്ടില്‍ ചോദിക്കുകയും ചെയ്‍തു.

അതേസമയം നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്ന അഞ്ചു പേരില്‍ ആരാണ് ഈ വാരം പുറത്തുപോവുകയെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. 17 മത്സരാര്‍ഥികളോടെ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്ന് ഒരാള്‍ മാത്രമാണ് ഇതുവരെ പുറത്തായത്. യുവനടി ജാനകി സുധീര്‍ ആണ് ഈ സീസണില്‍ ആദ്യമായി എലിമിനേറ്റ് ആയത്.

click me!