Bigg Boss S 4 : ഇത് താൻടാ ​ഗെയിം; ആപ്പിൾ വിഷയത്തിൽ ബ്ലെസ്ലിക്കൊപ്പം ബി​ഗ് ബോസ്, ജാള്യത മറച്ച് മറ്റുള്ളവർ

By Web TeamFirst Published Apr 20, 2022, 11:09 PM IST
Highlights

ബ്ലെസ്ലി ആപ്പിൾ കഴിച്ചത് നിയമലംഘനം അല്ലെന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. 

ഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് വീട്ടിൽ വീക്കിലി ടാസ്ക് ആരംഭിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ടാസ്ക്കിന്റെ പേര് ആരോ​ഗ്യരം​ഗം എന്നാണ്. കഴിഞ്ഞ ദിവസം ബ്ലെസ്ലി ആപ്പിൾ കഴിച്ച് വലിയ നിയമ ലംഘനമാണ് നടത്തിയതെന്നാണ് മറ്റ് മത്സരാർത്ഥികൾ പറഞ്ഞത്. ഇന്നും ഷോ തുടങ്ങിയത് ഈ കാര്യം പറഞ്ഞ് കൊണ്ട് തന്നെയായിരുന്നു. അഖിൽ ആയിരുന്നു ഏറ്റവും കൂടുതൽ ബ്ലെസ്ലിയെ ടാർ​ഗെറ്റ് ചെയ്ത് സംസാരിച്ചത്. എന്നാൽ ബ്ലെസ്ലിക്കെതിരെ നിന്നവർക്ക് വലിയൊരു ആഘാതമാണ് ബി​ഗ് ബോസ് നൽകിയത്. ബ്ലെസ്ലി ആപ്പിൾ കഴിച്ചത് നിയമലംഘനം അല്ലെന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. 

"ഇന്നലെ ഉച്ചക്ക് ശേഷമാണല്ലോ നീ ആപ്പിൾ കഴിച്ചത്. നോർമലി നീ ഉദ്ദേശിച്ച നിയമം ആയിരുന്നു കറക്ട് എങ്കിൽ ഇന്ന് ഉച്ചക്ക് ശേഷമല്ലേ സ്നാക്സോ മറ്റോ കിട്ടേണ്ടിയിരുന്നത്", എന്നാണ് ബ്ലെസ്ലിയോട് അഖിൽ പറഞ്ഞ് തുടങ്ങിയത്. എന്നാൽ എപ്പോൾ വേണമെങ്കിലും കഴിക്കാമല്ലോ എന്നാണ് ബ്ലെസ്ലി അഖിലിന് നൽകിയ മറുപടി. മറ്റുള്ളവർ ബ്ലെസ്ലിയെ കളിയാക്കുകയും ചെയ്തു. നിന്റെ ഭാ​ഗത്ത് തെറ്റില്ലാ എന്ന് പറയരുതെന്നും ബ്ലെസ്ലിയോട് അഖിൽ പറയുന്നു. "നീ റൂൾ തെറ്റിച്ചത് കാരണം എല്ലാവർക്കും പനിഷ്മെന്റ് ബാധകമാകും. ജയിലിലും നീ പോയി കിടക്കേണ്ടിവരും. നീ മന്തബുദ്ധിയായി അഭിനയിക്കുന്നത് ആണോ അതോ നി അങ്ങനെയാണോ", എന്നാണ് ഡെയ്സി ബ്ലെസ്ലിയോട് ചോദിക്കുന്നത്. 

Latest Videos

ഈ പ്രശ്നങ്ങൾക്കിടെയാണ് ബ്ലെസ്ലിയെ ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചത്. "ബ്ലെസ്ലി, നിങ്ങൾ നല്ല രീതിയിൽ ​ഗെയിം കളിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. നിങ്ങൾ ഇന്നലെ ആപ്പിൾ കഴിച്ചത് ഈ ടാസ്ക്കിൽ നിയമ ലംഘനമല്ല. നിങ്ങളുടെ ടീമിന് തന്നിരിക്കുന്ന ഭക്ഷണമല്ലാതെ എന്തും കഴിക്കാവുന്നതാണ്. കാരണം നിങ്ങളാണ് ഭാരം വർധിപ്പിക്കേണ്ടത്"എന്നും ബി​ഗ് ബോസ് ബ്ലെസ്ലിയോട് പറയുന്നു. ഒപ്പം ബ്ലെസ്ലിക്ക് ഒരു സീക്രട്ട് ടാസ്ക്കും ബി​ഗ് ബോസ് നൽകി. സൈക്കിളിലോ ട്രെഡ്മില്ലിലോ ഉള്ള ഫയർ ടീം അം​ഗങ്ങളിൽ ആരോടെങ്കിലും ദേഷ്യപ്പെട്ട് അവരെ പ്രകോപിപ്പിച്ച് അതിൽ നിന്നും ഇറക്കുക എന്നതാണ് സീക്രട്ട് ടാസ്ക്. ഇതിൽ ബ്ലെസ്ലി വിജയിച്ചാൽ, നിലവിലുള്ള 200 പോയിന്റുകൾക്കൊപ്പം 200 പോയിന്റ് കൂടുതൽ ലഭിക്കും. ശേഷം റൂമിൽ കരുതിയിരുന്ന ആപ്പിൾ ബ്ലെസ്ലിക്ക് കൈമാറുകയും ചെയ്തു. 

ബി​ഗ് ബോസ് നൽകിയ ആപ്പിളും കഴിച്ച് ബ്ലെസ്ലി കണ‍്‍ഫഷൻ റൂമിൽ നിന്നും പുറത്തിറങ്ങിയത് മറ്റ് മത്സരാർത്ഥികൾക്ക് അത്ര ബോധിച്ചിട്ടില്ലെന്ന് എപ്പിസോഡിൽ നിന്നും വ്യക്തമാണ്. പലരും ജാള്യത മറക്കുന്നതും ദൃശ്യമായിരുന്നു. എന്തായാലും ബ്ലെസ്ലി തന്റെ സീക്രട്ട് ടാസ്ക് എങ്ങനെ ചെയ്യുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.  

എന്താണ് ആരോ​ഗ്യരം​ഗം ടാസ്ക്

ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോ​ഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോ​ഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആ​രോ​ഗ്യകരമായ കാര്യങ്ങളിൽ ബി​ഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാ​രം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാ​ഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോ​ഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാ​രം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം. 

ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാ​രം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്റെ ​ഗ്രൂപ്പ് നെയിം ഫയർ എന്നും ജാസ്മിന്റെ ​ഗ്രൂപ്പ് നെയിം ദ ​ഗെയ്നേഴ്സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്. ടാസ്ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബി​ഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് വൻ വിരുന്നായിരുന്നു ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. 

click me!