ഹിന്ദി ബിഗ് ബോസിന്‍റെ ഒടിടി പതിപ്പില്‍ ആദ്യമായി സല്‍മാന്‍ ഖാന്‍
ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ നടന്നുവരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മറ്റൊരു ഭാഷയില്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഹിന്ദിയിലാണ് പുതിയ ബിഗ് ബോസ് ആരംഭിക്കുന്നത്. എന്നാല്‍ ഇത് സാധാരണ ബിഗ് ബോസ് അല്ല, മറിച്ച് ബിഗ് ബോസ് ഒടിടി ആണ്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇന്ന് ആരംഭിക്കുന്നത്.
ഒട്ടേറെ പ്രത്യേകതകളുമായാണ് ബിഗ് ബോസ് ഒടിടി 2 ആരംഭിക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 16 സീസണുകള്‍ നടന്ന ഹിന്ദി ബിഗ് ബോസില്‍ ഏറ്റവുമധികം തവണ അവതാരകനായിട്ടുള്ളത് സല്‍മാന്‍ ഖാന്‍ ആയിരുന്നെങ്കിലും ഹിന്ദി ബിഗ് ബോസിന്‍റെ ഒടിടി പതിപ്പില്‍ സല്‍മാന്‍ ആദ്യമായാണ് അവതാരകനായി എത്തുന്നത്. 2021 ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന ഹിന്ദി ബിഗ് ബോസ് ഒടിടി സീസണ്‍ 1 ല്‍ അവതാരകനായത് കരണ്‍ ജോഹര്‍ ആയിരുന്നു. 42 ദിവസങ്ങളിലാണ് സീസണ്‍ 1 അവസാനിച്ചത്. ഇപ്പോള്‍ പുരോഗമിക്കുന്ന മലയാളം ബിഗ് ബോസിന് വേദിയായ മുംബൈ ഫിലിം സിറ്റി തന്നെയാണ് ഹിന്ദി ബിഗ് ബോസ് ഒടിടി 2 നും വേദിയാവുന്നത്.
undefined
പുതിയ സീസണിലെ മത്സരാര്‍ഥികളെ ഇന്ന് നടക്കുന്ന ഉദ്ഘാടന എപ്പിസോഡില്‍ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെങ്കിലും അണിയറക്കാര്‍ നല്‍കിയിരിക്കുന്ന സൂചനകള്‍ അനുസരിച്ച് മാധ്യമങ്ങള്‍ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അവിനാഷ് സച്ച്ദേവ്, ആകാന്‍ഷ പുരി, ആലിയ, ബേബിക ധുര്‍വെ, ഫലഖ് നാസ്, ജിയ ഷങ്കര്‍, മനീഷ റാണി, പലക് പുര്‍സ്വാനി തുടങ്ങിയവരുടെ പേരുകളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ കേള്‍ക്കുന്നത്. അതേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തുമെന്ന് കരുതപ്പെടുന്നവരില്‍ മുന്‍ അഡള്‍ട്ട് മൂവി താരം മിയ ഖലീഫ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിഗ് ബോസ് ഒടിടി സീസണ്‍ 1 വൂട്ട് വഴി ആയിരുന്നുവെങ്കില്‍ പുതിയ സീസണിന്‍റെ സ്ട്രീമിംഗ് ജിയോ സിനിമ വഴിയാണ്.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ