നവീന്‍റെ സ്വഭാവത്തിലെ പ്രത്യേകത ചൂണ്ടിക്കാട്ടി റോണ്‍സണ്‍
പല മത്സരാര്‍ഥികളും ശ്രദ്ധയാകര്‍ഷിച്ച കഴിഞ്ഞ വാരം ബിഗ് ബോസില്‍ (Bigg Boss 4) പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രം തന്നെയായി മാറിയത് നവീന്‍ അറയ്ക്കല്‍ (Naveen Arakkal) ആയിരുന്നു. എക്സ്പ്രഷന്‍ ആവശ്യത്തിലധികം ഇടുന്നുവെന്ന് മുന്‍പും സഹമത്സരാര്‍ഥികളില്‍ നിന്ന് കളിയാക്കല്‍ നേരിട്ട നവീന്‍ അതിനെയൊക്കെ കവച്ചുവെക്കുന്ന തരത്തിലാണ് പോയ വാരം ഷോയില്‍ പ്രത്യക്ഷപ്പെട്ടത്. തന്നെ ജയിലിലേക്ക് അയച്ചത് തനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ ആയില്ലെന്ന വികാരമാണ് ഭാവഹാവാദികളിലൂടെ നവീന്‍ മറ്റുള്ളവരോട് പ്രകടിപ്പിച്ചത്. സീരിയല്‍ താരമായ നവീന്‍ സീരിയലിലേതുപോലെ ഇവിടെയും അഭിനയിക്കുകയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹത്തിന് അംഗര്‍ മാനേജ്മെന്‍റ് പ്രശ്നം ഉണ്ടെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം. അതേസമയം നവീന്‍റെ രീതികളും പ്രത്യേകതകളും മറ്റു മത്സരാര്‍ഥികള്‍ക്കിടയിലും സജീവ ചര്‍ച്ചയാണ്. ഉറ്റ സുഹൃത്തായ റോണ്‍സണ്‍ ഇതേക്കുറിച്ചുള്ള തന്‍റെ വിലയിരുത്തല്‍ ബ്ലെസ്‍ലിക്കു മുന്നില്‍ ഇന്ന് അവതരിപ്പിച്ചു.
ഉറ്റ സുഹൃത്തുക്കളായി വന്ന രണ്ടുപേര്‍ വേര്‍പിരിയാനുള്ള സാധ്യതയാണ് റോണ്‍സന് ബ്ലെസ്‍ലി ചൂണ്ടിക്കാട്ടിയത്. ബിഗ് ബോസ് പോലെ ഒരു ഷോയില്‍ അങ്ങനെ സംഭവിക്കാവുന്നതാണെന്ന് റോണ്‍സണ്‍ പറഞ്ഞു. ഒപ്പം നവീനെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലും റോണ്‍സണ്‍ അവതരിപ്പിച്ചു. നവീന് കുട്ടികളുടെ മനസ്സാണെന്നും ചെറിയ കാര്യങ്ങളെപ്പോലും പര്‍വ്വതീകരിച്ചു കാണുന്ന സ്വഭാവമാണ് ഉള്ളതെന്നും റോണ്‍സണ്‍ ബ്ലെസ്‍ലിയോട് പറഞ്ഞു. "ഒരു കാരണവുമില്ലാതെയാണ് നവീനേട്ടന്‍ ജയിലില്‍ കിടന്നപ്പോള്‍ ആരോടും മിണ്ടാതെയിരുന്നത്. ചെറിയ പിള്ളേരെ പോലെയാ. പെട്ടെന്ന് വിഷമം വരും. ആ വിഷമം വലിയ അളവിലാണ് വരുന്നത്. ചെറിയ കാര്യങ്ങളെ അങ്ങനെ എടുക്കാന്‍ അറിയില്ല. ഭയങ്കര നിഷ്കളങ്കനാണ് ആള്. അവിടെയാണ് പ്രശ്നം. ഞാനിപ്പൊ ഫൈനല്‍ ഫൈവില്‍ വരുകയാണെന്നുണ്ടെങ്കില്‍ മിക്കവാറും ഞങ്ങള്‍ തമ്മില്‍ നല്ല കലിപ്പാവും. കാരണം അത് അങ്ങനെയാണ്. ഈ ഗെയിം അങ്ങനെയാണ്", റോണ്‍സണ്‍ വിലയിരുത്തി.
നവീനോട് ഇക്കാര്യം തുറന്നുപറയാന്‍ തനിക്ക് മടിയില്ലെന്ന് റോണ്‍സണ്‍ പറഞ്ഞു തീരുമ്പോഴേക്കും അദ്ദേഹം ആ വഴി വന്നു. പിന്നീട് നവീന്‍റെ സാന്നിധ്യത്തില്‍ പലുതി കളിയായും പകുതി കാര്യമായും അദ്ദേഹത്തിന്‍റെ ഈ സ്വഭാവവിശേഷത്തെക്കുറിച്ച് റോണ്‍സണ്‍ ബ്ലെസ്‍ലിയോട് വീണ്ടും പറഞ്ഞു. ഇവന്‍ എന്‍റെ കൂട്ടുകാരനൊന്നുമല്ല. ഇവന്‍റെ സൌഹൃദം എനിക്ക് വേണ്ട. നീയാണ് ഇവിടുത്തെ എന്റെ സുഹൃത്ത്, തമാശയോടെയായിരുന്നു നവീന്‍റെ പ്രതികരണം.
ജയിലിലേക്ക് അയച്ചയാളെത്തന്നെ ക്യാപ്റ്റന്‍സി ടാസ്കിലേക്കും തെരഞ്ഞെടുത്തത് ബിഗ് ബോസ് വീട്ടില്‍ ചെറിയ തോതില്‍ ആശയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഡോ. റോബിന്‍, ദില്‍ഷ, ജാസ്‍മിന്‍ എന്നിവര്‍ ഇതിനെ ചോദ്യം ചെയ്‍തപ്പോള്‍ ലക്ഷ്‍മിപ്രിയ, സുചിത്ര നായര്‍, ഡെയ്‍സി, അശ്വിന്‍ എന്നിവരൊക്കെ ക്യാപ്റ്റന്‍സി നോമിനേഷനെ ന്യായീകരിച്ചു.