കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

By Nirmal Sudhakaran  |  First Published Mar 24, 2024, 11:15 PM IST

കോമണര്‍ ആയി തനിക്കൊപ്പമെത്തിയ റസ്മിന്‍ മത്സരാര്‍ഥിയെന്ന നിലയില്‍ ഹൗസില്‍ സാന്നിധ്യം അടയാളപ്പെടുത്തിയപ്പോള്‍ നിഷാനയ്ക്ക് അത് സാധിച്ചില്ല. വന്ന് കയറിയപ്പോള്‍ത്തന്നെ പവര്‍ റൂമിലേക്ക് അപ്രതീക്ഷിത എന്‍ട്രി ലഭിച്ചതായിരുന്നു അതിനൊരു പ്രധാന കാരണം


ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ടാം ഘട്ട എവിക്ഷനാണ് ഇന്നലെയും ഇന്നുമായി നടന്നത്. കോമണര്‍ ആയി വന്ന നിഷാന ഇന്നലെയും നടന്‍ സുരേഷ് മേനോന്‍ ഇന്നും പുറത്തായി. എട്ട് പേര്‍ ഇടംപിടിച്ചിരുന്ന നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് പ്രേക്ഷകരുടെ വോട്ട് ഏറ്റവും കുറവ് ലഭിച്ച രണ്ടുപേര്‍ പുറത്തായത്. സീസണ്‍ തുടങ്ങി രണ്ട് വാരങ്ങള്‍ മാത്രം പിന്നിട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ എന്തുകൊണ്ടാവും ഈ മത്സരാര്‍ഥികള്‍ പുറത്തായത്? ഓരോരുത്തരും പുറത്താവാനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പവര്‍ റൂം കണ്‍ഫ്യൂഷന്‍

Latest Videos

അഞ്ചാം സീസണിലാണ് ​ഗോപിക ​ഗോപി എന്ന മത്സരാര്‍ഥിയെ അവതരിപ്പിച്ചുകൊണ്ട് മലയാളം ബി​ഗ് ബോസില്‍ ആദ്യമായി കോമണര്‍മാരുടെ സാന്നിധ്യം ആരംഭിച്ചത്. കഴിഞ്ഞ തവണ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇത്തവണ കോമണര്‍ ടാ​ഗില്‍ എത്തിയത് രണ്ടുപേര്‍ ആയിരുന്നു. നിഷാനയെ കൂടാതെ റസ്മിന്‍ ബായിയും. സീസണ്‍ 6 ല്‍ ബി​ഗ് ബോസ് ആ​ദ്യമായി അവതരിപ്പിച്ച പവര്‍ റൂമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നിഷാന. നാല് കിടപ്പുമുറികളും അതിലൊന്ന് പവര്‍ റൂമും ഒക്കെയായ സീസണ്‍ 6, മുന്‍ സീസണുകള്‍ കണ്ടുപഠിച്ച് വന്നതുകൊണ്ട് മുന്നേറാന്‍ സാധിക്കാത്ത സീസണാണ്. ബി​ഗ് ബോസിലേക്ക് ആദ്യം കടന്നുവരുമ്പോള്‍ ആര്‍ക്കും ഉണ്ടാകാവുന്ന ആശയക്കുഴപ്പം വന്നപ്പോള്‍ത്തന്നെ പവര്‍ റൂം എന്‍ട്രി കൂടി കിട്ടിയതോടെ നിഷാനയ്ക്ക് ഇരട്ടിയായി. ഈ സീസണില്‍ ആദ്യമായി ആരംഭിച്ച പവര്‍ റൂമിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ വേണ്ട രീതിയില്‍ ആ പവര്‍ ഉപയോ​ഗിച്ചില്ലെന്ന് ബി​ഗ് ബോസ് തന്നെ പറയേണ്ട സാഹചര്യം ഉണ്ടായിരുന്നു.

 

ആര്‍ക്കൊപ്പം നില്‍ക്കും?

മുന്നിലെത്തുന്ന എന്ത് വിഷയങ്ങളിലും അഭിപ്രായഐക്യത്തില്‍ എത്താനാവാത്ത ടീം ആയിരുന്നു പവര്‍ ടീം. അധികാരം ഉള്ളതിനാല്‍ത്തന്നെ മറ്റ് മത്സരാര്‍ഥികള്‍ തങ്ങളിലൊരാളായി പവര്‍ ടീം അം​ഗങ്ങളെ കണ്ടില്ല. കോമണര്‍ ആയി തനിക്കൊപ്പമെത്തിയ റസ്മിന്‍ മത്സരാര്‍ഥിയെന്ന നിലയില്‍ ഹൗസില്‍ സാന്നിധ്യം അടയാളപ്പെടുത്തിയപ്പോള്‍ നിഷാനയ്ക്ക് അത് സാധിച്ചില്ല. വന്ന് കയറിയപ്പോള്‍ത്തന്നെ പവര്‍ റൂമിലേക്ക് അപ്രതീക്ഷിത എന്‍ട്രി ലഭിച്ചതായിരുന്നു അതിനൊരു പ്രധാന കാരണം. ​ഗെയിമിനെത്തന്നെ ട്വിസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന, എന്‍റര്‍ടെയ്ന്‍‍മെന്‍റ് ഉണ്ടാക്കാന്‍ സാധിക്കുന്ന, അപാര സാധ്യതകളുള്ള ഒന്നാണ് പവര്‍ റൂം. എന്നാല്‍ പവര്‍ റൂമിന്‍റെ പവര്‍ എന്തെന്ന് മനസിലാക്കിയ ഒരാളും ഇതുവരെ അവിടേക്ക് എത്തിയിട്ടില്ല. പവര്‍ റൂമില്‍ നില്‍ക്കുന്നതിലെ തന്‍റെ അതൃപ്തി നിഷാന മറ്റ് ടീമം​ഗങ്ങളുമായി പങ്കുവച്ചിരുന്നു. ടീമില്‍ മോശം പ്രകടനം നടത്തിയ ഒരാളെ പുറത്താക്കാന്‍ ബി​ഗ് ബോസ് ആവശ്യപ്പെട്ടപ്പോള്‍ വോട്ടിം​ഗില്‍ നിഷാന പുറത്താവാന്‍ കാരണം അവരുടെ അഭ്യര്‍ഥന കൂടി ആയിരുന്നു. പവര്‍ റൂമിന് പുറത്തെത്തിയിട്ടും സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ നിഷാനയ്ക്ക് സാധിച്ചില്ല. 

നോമിനേഷന്‍ അപകടം

ഒരു ​ഗെയിമര്‍ എന്ന നിലയില്‍ തനിക്ക് വളരാന്‍ പവര്‍ റൂം തടസമാകുമെന്ന് മനസിലാക്കിയാണ് അവിടെ നിന്ന് ഇറങ്ങാന്‍ നിഷാന തന്നെ മുന്‍കൈ എടുത്തത്. രണ്ടാം വാരം അവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുകയും ടണല്‍ ടീമില്‍ തനിക്കൊപ്പമുള്ള ജിന്‍റോയ്ക്കും റസ്മിനുമൊപ്പം അടുത്ത പവര്‍ ടീം ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഒരാഴ്ച കൊണ്ട് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാന്‍ നിഷാനയ്ക്ക് സാധിച്ചില്ല. നല്ല രീതിയില്‍ വോട്ട് നേടാന്‍ സാധ്യതയുള്ള ജിന്‍റോ, സിജോ, ഋഷി, റോക്കി എന്നിവരൊക്കെയുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത് നിഷാനയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നു.

 

ഭ്രമരത്തിലെ ഉണ്ണികൃഷ്ണന്‍

സീസണ്‍ 6 ന്‍റെ ലോഞ്ചിം​ഗ് എപ്പിസോഡില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുരേഷ് മേനോന്‍. മുംബൈ മലയാളിയും നടനുമായ സുരേഷ് മേനോന്‍ മലയാളികളെ സംബന്ധിച്ച് മോഹന്‍ലാലിനൊപ്പം ഭ്രമരത്തിലെ ഉണ്ണികൃഷ്ണനെ അവതരിപ്പിച്ച നടനാണ്. എന്നാല്‍ വന്നപ്പോഴത്തെ കൗതുകം കഴിഞ്ഞാല്‍ ബി​ഗ് ബോസില്‍ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാതെപോയ മത്സരാര്‍ഥിയായിരുന്നു അദ്ദേഹം. ബി​ഗ് ബോസ് പോലെ ഒരു ഷോയ്ക്ക് ചേരുമോ എന്ന് മുന്‍ സീസണുകളിലും തോന്നിപ്പിച്ചിട്ടുള്ള ചില മത്സരാര്‍ഥികളുണ്ട്. ആ നിരയിലേക്കാണ് സുരേഷ് മേനോനും കയറി നിന്നത്. മറ്റുള്ളവരുമായി വഴക്കുണ്ടാക്കല്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലെന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒഴിവാക്കാനാവാതിരുന്ന ചില തര്‍ക്കങ്ങളിലൂടെയാണ് സുരേഷ് ബി​ഗ് ബോസ് ക്യാമറയിലേക്ക് ആദ്യമായി വെളിപ്പെട്ടത്.

രതീഷ് കുമാര്‍ ഫാക്റ്റര്‍

ഈ സീസണിലെ മറ്റ് മത്സരാര്‍ഥികള്‍ ​ഗെയിം എന്തെന്ന് മനസിലാക്കാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ഹൗസ് നിയന്ത്രിക്കാന്‍ ശ്രമിച്ച മത്സരാര്‍ഥിയായിരുന്നു രതീഷ് കുമാര്‍. രതീഷ് കുമാറുമായി ഏര്‍പ്പെട്ട ചില തര്‍ക്കങ്ങളിലൂടെയാണ് സുരേഷ് ഈ സീസണില്‍ ഒരേയൊരിക്കല്‍ ബി​ഗ് ബോസ് ഹൗസിലെ ലൈം ലൈറ്റിലേക്ക് നീങ്ങിനിന്നത്. എന്നാല്‍ രതീഷ് കുമാറിനെതിരെയായിരുന്നു മറ്റ് മത്സരാര്‍ഥികള്‍ ഒക്കെയും എന്നതിനാല്‍ സുരേഷ് കുമാറിന് വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല. ആദ്യവാരം തന്നെ രതീഷ് കുമാര്‍ പുറത്തായതിന് ശേഷം മറ്റൊരു മത്സരാര്‍ഥിയുമായും സുരേഷ് മേനോന്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടില്ല. 

 

ഹൗസിലെ മാന്യന്‍

100 ദിവസം അടച്ചിട്ട ഒരു വീട്ടില്‍ അപരിചിതരായ മറ്റ് മനുഷ്യര്‍ക്കൊപ്പം കഴിയുക എന്ന ബേസിക് ഐഡിയ അല്ലാതെ ഈ ​ഗെയിം ഷോയില്‍ എങ്ങനെ ജയിക്കണമെന്നും മുന്നോട്ട് പോകണമെന്നുമൊക്കെ ചിന്തയുള്ള ആളായി സുരേഷ് മേനോനെ തോന്നിയിട്ടില്ല. അവരവരായി നില്‍ക്കുന്നത് ബി​ഗ് ബോസില്‍ കൈയടി നേടിക്കൊടുക്കുന്ന ഘടകമാണ് പലപ്പോഴും. എന്നാല്‍ ​ഗെയിമിം​ഗില്‍ താല്‍പര്യമില്ലാത്ത, പ്രേക്ഷകരെ ഒപ്പം കൂട്ടാന്‍ മറ്റ് ഘടകങ്ങളൊന്നുമില്ലാത്ത സുരേഷ് മേനോനെപ്പോലെയുള്ള മത്സരാര്‍ഥികള്‍ക്ക് അധിക വാരം ബി​ഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ സാധിക്കില്ല എന്നത് യാഥാര്‍ഥ്യമാണ്. ഭാഷാപരമായ പ്രശ്നമാണ് അദ്ദേഹം ഹൗസില്‍ നേരിട്ട മറ്റൊരു വെല്ലുവിളി. 19 പേരുമായി ആരംഭിച്ച സീസണ്‍ 6 ല്‍ ഇനി അവശേഷിക്കുന്നത് 16 പേരാണ്. അവരില്‍ ആരൊക്കോ മുന്നേറുമെന്നും വൈല്‍ഡ് കാര്‍ഡ് എന്ന് വരുമെന്നുമൊക്കെ കാത്തിരുന്ന് കാണാം. 

ബിഗ് ബോസ് മലയാളം സീസണ്‍ 6 റിവ്യൂസ് വായിക്കാം

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!