മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് കൂടിയാണ് ജാന്‍മോണി ദാസ്
എപ്പോഴും വിസ്മയകരമായ ചിലത് കാത്തുവെക്കുന്ന ഒന്നാണ് ജീവിതം. മലയാളി സിനിമാതാരങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ജാന്‍മോണി ദാസിന്‍റെ ജീവിതവഴികള്‍ അതിന് ഉത്തമ ഉദാഹരണമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായി മാറിയത് അത്തരമൊരു മാജിക് ആണ്.
കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. ഒരു റെയില്‍വേ ഉദ്യോഗസ്ഥ കൂടിയായിരുന്ന മുത്തശ്ശിയുടെ സംരക്ഷണയിലാണ് ജാന്‍മോണി വളര്‍ന്നത്. കുട്ടിക്കാലത്തേ നൃത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ജാന്‍മോണിയെ വീട്ടുകാര്‍ ക്ലാസിക്കല്‍ നൃത്തമായ സത്രിയ അഭ്യസിക്കാന്‍ അയച്ചു. എന്നാല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തുടക്കമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഇന്ന് കേരളത്തില്‍ ആ മേഖലയില്‍ താരമൂല്യമുള്ള ഒരാളാണ് ജാന്‍മോണി ദാസ്.
undefined
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ നീളുന്നു വിനോദ വ്യവസായ മേഖലയിലെ ജാന്‍മോണിയുടെ ക്ലയന്‍റ് ലിസ്റ്റ്. വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പൗരാണിക ശേഖരമുള്ള ബ്രൈഡല്‍ സ്റ്റുഡിയോ കൊച്ചിയില്‍ 2021 ല്‍ ആരംഭിച്ചു.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് കൂടിയാണ് ജാന്‍മോണി ദാസ്. കേരളീയ സമൂഹത്തില്‍ ട്രാന്‍സ്ജെന്‍സര്‍ വിഭാഗത്തിന് സ്വീകാര്യത വളര്‍ത്തുന്നത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ജാന്‍മോണി ചെയ്യുന്നുണ്ട്. ദ്വയ ട്രാന്‍സ്ജെന്‍ഡര്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മുഴുവന്‍ മലയാളികളും ജാന്‍മോണി ദാസിനെ അറിയാന്‍ പോവുകയാണ്. ഷോയില്‍ അവര്‍ എങ്ങനെ മുന്നേറുമെന്ന് കാത്തിരുന്ന് കാണാം.
ALSO READ : യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍