കൂൾ ബ്രോ ഒന്ന് ടെററായാൽ, ബിഗ് ബോസ് വീട്ടിൽ വലിയൊരു കോലാഹലം ഉണ്ടാകുമെന്ന് ഉറപ്പായി. വമ്പന്മാർ എന്ന് പറയുന്നവർ പോലും വായമൂടിയിരിക്കും എന്നത് ഉറപ്പ്.
ആദ്യ ആഴ്‍ച മുതൽ ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ മത്സരാർത്ഥി. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ അവയിൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതം. ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്ന മത്സരാത്ഥികളിൽ നിന്നൊക്കെ വ്യത്യസ്തൻ. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്. സമാധാന പ്രിയൻ. ആ വ്യക്തി ആദ്യമായൊന്ന് ശബ്‍ദമുയർത്തിയപ്പോൾ ബിബി ഹൗസിൽ ഒന്നാകെ ഞെട്ടലും അമ്പരപ്പും. പറഞ്ഞുവരുന്നത് ബിഗ് ബോസ് സീസൺ അഞ്ചിലെ 'കൂൾ ബ്രോ' ആയ റിനോഷിനെ പറ്റിയാണ്.
ബിഗ് ബോസ് സീസൺ അഞ്ച് ഇരുപത് എപ്പിസോഡുകൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞിട്ടുണ്ട്. സ്വാഭാവത്തിന്റെയും ഗെയിം സ്‍പിരിറ്റിന്റെയും ആറ്റിട്യൂഡുകളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ഇത്. മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ 18 മത്സരാർത്ഥികളിൽ നിന്നും ഏറ്റവും കൂടുതൽ പ്രേക്ഷക പ്രിയം നേടാൻ റിനോഷിന് സാധിച്ചു.
കൂൾ ബ്രോ, വിഷയം ബ്രോ എന്നൊക്കെയാണ് സ്നേഹത്തോടെ റിനോഷിനെ പ്രേക്ഷകർ വിളിക്കുന്നത്. 'എന്റെ യുണീക് വേയിൽ ഞാൻ വ്യത്യസ്തനാണെന്നാണ് കരുതുന്നത്', ബിഗ് ബോസ് ബയോയിൽ റിനോഷ് പറഞ്ഞതാണിത്. ഈ വാക്കുകൾ അന്വർത്ഥം ആക്കുന്നത് തന്നെയാണ് ബിബി ഹൗസിലെ റിനോഷിന്റെ ജീവിതവും. സൗമ്യമായ പെരുമാറ്റം കൊണ്ട് മറ്റ് മത്സരാർത്ഥികളിൽ സൗഹൃദം സൃഷ്ടിക്കാനും റിനോഷിന് കഴിഞ്ഞു. ജയിലലില്‍ കഴിഞ്ഞപ്പോൾ സഹ ജയില്‍പ്പുള്ളിയായ എയ്ഞ്ചലിന്‍ മരിയോടുള്ള താരത്തിന്റെ സമീപനവും ഏറെ ശ്രദ്ധിക്കപ്പെടു.
സ്ക്രീൻ സ്പേസിനു വേണ്ടി റിനോഷ് ഒന്നും ചെയ്യുന്നില്ലെങ്കിലും എല്ലാ എപ്പിസോഡുകളിലും എവിടെയെങ്കിലും ഒക്കെ റിനോഷിന്റെ സാന്നിധ്യം ഉണ്ടാകും. സംസാരിക്കേണ്ടത് കൃത്യമായി തന്നെ പറയും. 'ഞാൻ വിക്രമാദിത്യനുമല്ല വേതാളവുമല്ല, ഐ ആം റിനോഷ്', എന്ന് അഖിൽ മാരാരോട് പറഞ്ഞത് അതിൽ ഒരുദാഹരണം മാത്രം. മോഹൻലാൽ അടക്കം ഇക്കാര്യങ്ങൾ എടുത്ത് പറഞ്ഞ് റിനോഷിനെ പ്രശംസിച്ചിട്ടുമുണ്ട്.
മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ റിനോഷിന്റെ ഒരുവശം മാത്രമാണ്. 'വെള്ളിയാങ്കല്ല്' എന്ന വീക്കിലി ടാസ്‍കിനിടയിലെ പ്രശ്‍നം റിനോഷിന്റെയും 'കൂള്‍' തെറ്റിച്ചു. അതുവരെ താനിവിടെ ന്യായമായ രീതിയിൽ കളിക്കാനായി വന്ന ആളാണെന്ന് പറഞ്ഞ, ആരുമായും കലഹിക്കാതെ ഒരുപോലെ പെരുമാറി കൂളായി നടന്ന റിനോഷ് പൊട്ടിത്തെറിച്ചു. ടാസ്‍കിനിടയിലെ അന്യായത്തിനാണ് ദേഷ്യപ്പെട്ടതെങ്കിലും റിനോഷും ആവശ്യം വന്നാല്‍ ശബ്‍ദമുയര്‍ത്തും എന്ന് വ്യക്തമായ നിമിഷമായിരുന്നു ഇത്. താൻ കാരണം മറ്റുള്ളവർക്ക് വിഷമമായി എന്ന് മനസിലാക്കിയ റിനോഷ് മാപ്പ് പറയുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കൂൾ ബ്രോ ഒന്ന് ടെററായാൽ, ബിഗ് ബോസ് വീട്ടിൽ വലിയൊരു കോലാഹലം ഉണ്ടാകുമെന്ന് ഉറപ്പായി. വമ്പന്മാർ എന്ന് പറയുന്നവർ പോലും വായമൂടിയിരിക്കും എന്നത് ഉറപ്പ്.
റിനോഷ് ജോർജ് എന്ന മത്സരാർത്ഥിയുടെ മറ്റൊരു വശം ഗെയിം കളിക്കുന്ന രീതിയാണ്. അതുതന്നെയാണ് റിനോഷിന്റെ മോശം വശവും വിമർശനങ്ങൾക്ക് ഇടയാക്കുന്നതും. ആളൊരു പച്ചയായ മനുഷ്യനായിരിക്കാം, പക്ഷേ ഗെയിം കളിക്കേണ്ട രീതിയിൽ കളിച്ചില്ലെങ്കിൽ മുന്നോട്ടുള്ള റിനോഷിന്റെ ബിബി യാത്രക്ക് പ്രശ്‍നമാകും. ന്യായമായ രീതിയിൽ ആണ് ഗെയിം കളിക്കേണ്ടത് എന്നത് സത്യമാണ്. എന്നാൽ ഇത് ബിഗ് ബോസ് ഹൗസ് ആണെന്നും ന്യായം മാത്രം ഉണ്ടായാൽ പോര എന്ന് കൂടി 'കൂൾ ബ്രോ' മനസിലാക്കേണ്ടതാണ്.
'വെള്ളിയാങ്കല്ല്' ടാസ്‍കിൽ കയ്യിൽ കിട്ടിയ രത്നങ്ങൾ പോലും വിശ്വാസത്തിന്റെ പുറത്ത് റിനോഷ് തിരിച്ച് നൽകിയത് എടുത്ത് പറയേണ്ട കാര്യമാണ്. അവിടെ മത്സരബുദ്ധി ഉപയോഗിച്ചിരുന്നു എങ്കിൽ, ഏറ്റവും കൂടുതൽ മാർക്ക് നേടിയ അഞ്ച് മത്സരാർത്ഥികളിൽ ഒരാൾ റിനോഷ് ആയേനെ. ഹൗസിലെ ആദ്യ വീക്കിലി ടാസ്‍കിൽ റിനോഷിന്റെ ഒഴുക്കൻ മട്ട് കണ്ട് ബിഗ് ബോസ് ശാസിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാൻ ഇതുവരെ റിനോഷ് തയ്യാറായിട്ടില്ല എന്നതും വ്യക്തം.
'നന്മമരം കളി' അവസാനിപ്പിക്കണം എന്ന് ബിബി പ്രേക്ഷകരും പറഞ്ഞു കഴിഞ്ഞു. ഇപ്പോഴുള്ള ആരാധക പിന്തുണ അവസാനം വരെ നിലനിര്‍ത്തണമെങ്കില്‍ ഇങ്ങനെ പോരാ എന്ന് സാരം. നിലവിലെ പ്രവചനങ്ങളില്‍ റിനോഷിന് ഒരു വലിയ വിഭാഗം ടോപ് ഫൈവ് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും മോഹൻലാല്‍ പറഞ്ഞതുപോലെ ഓരോ ദിവസം കഴിയുമ്പോഴും കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. റാപ്പര്‍, പൊസീറ്റീവ് സമീപനം തുടങ്ങിയ അനുകൂല ഘടകങ്ങള്‍ കൊണ്ടുമാത്രം റിനോഷിന് സര്‍വ സ്വീകാര്യനായി ഇനിയുള്ള ദിവസങ്ങളില്‍ നിലനില്‍ക്കാനാകണമെന്നില്ല.
എന്തായാലും മുന്നോട്ടുള്ള ബിഗ് ബോസ് യാത്രയ്ക്ക് റിനോഷിന് മത്സരബുദ്ധി അനിവാര്യമാണ്. കാരണം മുന്നിലുള്ളത് റെനീഷ, വിഷ്‍ണു, മിഥുൻ എന്നിവരെ പോലുള്ള ഗെയിമർമാരാണ്. അവരോട് കിടപിടിക്കണെങ്കിൽ റിനോഷ് കളത്തിൽ ഇറങ്ങിയെ പറ്റൂ. ലൈറ്റ് മോഡിലുള്ള ഒരു സാഹചര്യത്തില്‍, നിലവില്‍ റിനോഷിന് സ്‍ക്രീൻ പ്രസൻസ് ആവോളം ലഭിക്കുന്നുണ്ടെങ്കിലും മത്സരം കടുക്കുമ്പോള്‍ ഗെയിമിലും സാമര്‍ഥ്യം കാട്ടേണ്ടിവരും. ഇല്ലെങ്കിൽ ബിബിയിലെ യാത്ര അത്ര എളുപ്പമാകില്ല എന്ന് ഉറപ്പ്. എന്നാൽ ആദ്യദിനം മുതൽ വളർത്തിയെടുത്ത സൗഹൃദം റിനോഷിന് ബിഗ് ബോസ് വീട്ടില്‍ ഗുണമായും ഭവിച്ചേക്കാം. ചിലപ്പോൾ തിരിച്ചും.
ഗെയിം കൂടി നല്ല രീതിയിൽ കളിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ ടോപ് ഫൈവിൽ വരും എന്ന് ഉറപ്പ് പറയാൻ കഴിയുന്ന മത്സരാർത്ഥിയും റിനോഷ് ആണ്. എന്തായാലും മുന്നോട്ടുള്ള ദിവസങ്ങളിൽ റിനോഷിന്‍റെ ബിബി യാത്ര എങ്ങനെ ആകുമെന്ന് കാത്തിരുന്നു തന്നെ കാണണം.
എയ്ഞ്ചലിന്റെ എവിക്ഷൻ; പ്രേക്ഷകർക്ക് പിഴച്ചോ ? 'ആഞ്ചി' തിരിച്ചുവരുമെന്ന് ബിബി ആരാധകർ