ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

By Nithya Robinson  |  First Published Apr 21, 2023, 12:31 AM IST

ഷോ നല്ല രീതിയിൽ പഠിച്ച് വന്ന ആളാണ് ​ഗോപിക എന്ന് നിസംശയം പറയാം. ഓരോ ​ടാസ്കിലും ​ഗോപിക നടത്തുന്ന പ്ലാനുകൾ തന്നെ അതിന് തെളിവായിരുന്നു


ബി​ഗ് ബോസ് അഞ്ചാം സീസണിൽ ഒരു കോമൺ മത്സരാർത്ഥി ഉണ്ടാകുമെന്ന പ്രഖ്യാപനം മുതൽ അത് ആരാകുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. ഒടുവിൽ ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയായി ഇടുക്കി മുണ്ടക്കയം സ്വദേശിയായ ഗോപിക ഗോപി എത്തി. ​ഗോപികയുടെ വരവ് തുടക്കത്തിൽ ആഘോഷിക്കപ്പെട്ടെങ്കിലും മറ്റ് മത്സരാർത്ഥികൾക്കൊപ്പം, പ്രത്യേകിച്ച് പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ളവർക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്ന ആശങ്ക പ്രേക്ഷകരിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ധാരണകളെ എല്ലാം തെറ്റിച്ച് കൊണ്ട് കടുത്ത മത്സരം കാഴ്‍ചവെച്ച ഗോപിക വളരെ പെട്ടെന്ന് തന്നെ കളം നിറഞ്ഞു.

ആദ്യ ആഴ്‍ചയിൽ 'ആള് കൊള്ളാമല്ലോ' എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കാൻ ​ഗോപികയ്ക്ക് സാധിച്ചിരുന്നു. വീക്കിലി ടാസ്‍കിലെ കോൺഫിഡൻസോടെയുള്ള മത്സരവും ടാസ്‍കിലെ ചെറിയ ലൂപ് ​ഹോൾസ് പോലും കണ്ടുപിടിച്ചു മത്സരിക്കാനും ​ഗോപികയ്ക്ക് കഴിഞ്ഞു. ഇത് പ്രേക്ഷകരിൽ മതിപ്പ് ഉളവാക്കി. ഒടുവിൽ 'കൗശലക്കാരി' അവാർഡും ​ഗോപികയ്ക്ക് സ്വന്തം. പക്ഷേ ആദ്യ ആഴ്‍ചയിൽ ഉണ്ടായിരുന്ന ജനപ്രീതി നിലനിര്‍ത്താനോ മുന്നോട്ടുകൊണ്ടുപോകാനോ ​ഗോപികയ്ക്ക് പിന്നെ സാധിച്ചില്ല. അതുതന്നെയാണ് ഇന്ന് ​ഗോപിക പുറത്താകാൻ കാരണമായതും.

Latest Videos

undefined

 

കോമണർ ആയത് കൊണ്ട് തന്നെ പുറത്ത് നല്ല സപ്പോർട്ട് ഉണ്ടാകുമെന്ന തരത്തിൽ ആയിരുന്നു മറ്റ് മത്സരാർത്ഥികൾ ആദ്യഘട്ടത്തിൽ ​ഗോപികയോട് പെരുമാറിയത്. ഒരാഴ്‍ചയ്ക്ക് ഉള്ളിൽ തന്നെ ആളൊരു ​ഗെയിമർ ആണെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞു. തങ്ങൾക്കൊരു മികച്ച എതിരാളി ആകും ​ഗോപിക എന്ന് മത്സരാർത്ഥികൾ വിലയിരുത്തി. നോമിനേഷനിൽ ഗോപികയ്ക്കെതിരെ 10 വോട്ടുകൾ വന്നത് ഇക്കാര്യം ശരിവയ്ക്കുന്നു.

സാധാരണ ഒരു വ്യക്തി ബിഗ് ബോസില്‍ വരുമ്പോള്‍ അഭിനയിച്ചു നില്‍ക്കില്ല. അവര്‍ ലൈഫില്‍ എന്താണോ അതായിരിക്കും ബിഗ് ബോസിലും. അപ്പോൾ സ്വാഭാവികമായും ബിഗ് ബോസില്‍ പലമേഖലയില്‍ കഴിവ് തെളിയിച്ച ആളുകള്‍ക്ക് ടാസ്‌ക് ചെയ്യുമ്പോഴോ സംസാരിക്കുമ്പോഴോ ഇഷ്‍ടം ആകണമെന്നില്ല, അത് സ്വാഭാവികം. അതുകൊണ്ടുതന്നെയാണ് റെനീഷ നോമിനേഷനില്‍ ഗോപികയെ ഇഷ്‍ടം അല്ല എന്നു തുറന്നുപറഞ്ഞത്.

ഷോ നല്ല രീതിയിൽ പഠിച്ച് വന്ന ആളാണ് ​ഗോപിക എന്ന് നിസംശയം പറയാം. ഓരോ ​ടാസ്കിലും ​ഗോപിക നടത്തുന്ന പ്ലാനുകൾ തന്നെ അതിന് തെളിവായിരുന്നു. പക്ഷേ വളഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരവും ​ഗോപികയ്ക്ക് നെ​ഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി. സാധാരണക്കാർ എല്ലാം വളഞ്ഞ വഴിയിലൂടെ കട്ടും മോഷ്‍ടിച്ചുമാണോ ജീവിക്കുന്നത് എന്ന ചോദ്യം പ്രേക്ഷകരിൽ ഉരിത്തിരിഞ്ഞ് വരാനും ഇത് ഇടയാക്കി.

 

ബിബി ഹൗസില്‍ ആരോടും സൗഹൃദം സൂക്ഷിക്കാത്ത ആളായിരുന്നു ​ഗോപിക. അത് ​ഗോപികയ്‍ക്ക് നെ​ഗറ്റീവ് പോയിന്റായി. ബിബി ഹൗസിലെ സൗഹൃദത്തിലൂടെ പ്രേക്ഷകരിൽ ഒരടുപ്പം സൃഷ്‍ടിക്കാൻ എപ്പോഴും മത്സരാർത്ഥികൾക്ക് സാധിക്കാറുണ്ട്. മുൻ സീസണുകളിൽ നിന്നും അത് വ്യക്തമാണ്. മനഃപൂർവ്വമോ അല്ലാതെയോ സൗഹൃദത്തിൽ നിന്നും ​ഗോപിക മാറി നിന്നിട്ടുണ്ട്. ഒരുപക്ഷേ തന്നോട് കാണിക്കുന്ന വേർതിരിവ് കാരണം ഉടലെടുത്ത വിശ്വാസം ഇല്ലായ്‍മ ആകാം ഇതിന് കാരണം.

​ഗോപികയുടെ നിറം ബിബി ഹൗസിൽ ഒരു 'പ്രശ്‍നം' ആയിരുന്നു. പല മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്നും അത് പ്രകടമായതാണ്. ഷിജു നടത്തിയ പരാമർശം ഉദാഹരണം. സമൂഹത്തിലുള്ളതെന്തും ബിഗ് ബോസ് ഹൌസിലും പ്രതിഫലിക്കും. ഗോപികയുടെ മോശം പെരുമാറ്റത്തെയും കണ്ടന്‍റ് സൃഷ്ടിക്കലിനെയുമൊക്കെ എപ്പോഴും വിമര്‍ശിച്ചിരുന്നവര്‍ മറ്റേതെങ്കിലും മത്സരാര്‍ഥി അതേ സ്ഥാനത്ത് വന്നിരുന്നുവെങ്കില്‍ വിമര്‍ശനങ്ങള്‍ക്ക് ഈ മൂര്‍ച്ച ഉണ്ടാവുമായിരുന്നോ എന്നത് സംശയമാണ്. പുരോഗമനം പ്രസംഗത്തില്‍ മാത്രം ഒതുക്കുന്നവരാണ് നമ്മളെന്ന തോന്നലും പലപ്പോഴും ഗോപികയോടുള്ള സഹമത്സരാര്‍ഥികളുടെ പെരുമാറ്റ രീതികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചുണ്ടിലെ പ്രശ്‍നം കാരണം ​ഗോപിക ചപ്പാത്തി ഉണ്ടാക്കണ്ടെന്ന് മനീഷ പറഞ്ഞിരുന്നു. വേറെ ആർക്കെങ്കിലും ആയിരുന്നു ഈ ഒരു പ്രശ്‍നം ഉണ്ടായിരുന്നതെങ്കിൽ ഇങ്ങനെയൊരു മാറ്റി നിർ‌ത്തൽ നടക്കുമായിരുന്നോ എന്നത് സംശയമാണ്.

ഗോപികയുടെ സംസാര രീതിയും ആളുകളിൽ അരോചകത്വം സൃഷ്‍ടിച്ചിട്ടുണ്ട്. പറയേണ്ട കാര്യങ്ങൾ അത് ആരുടെ മുഖത്ത് നോക്കിയായാലും ​ഗോപിക പറയും. കൃത്യമായ കാര്യങ്ങളും ആയിരിക്കും അത്. പക്ഷേ അത് പറഞ്ഞ് ഫലിപ്പിക്കാൻ അവർക്കായോ എന്നത് സംശയമാണ്. ഒരുപക്ഷേ ആളുകൾക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ, കുറച്ചു കൂടി പ്രേക്ഷക പിന്തുണ അവർക്ക് കിട്ടുമായിരുന്നു. അതാണ് പുറത്തുള്ളവർക്കും അകത്തും ആരോചകം ആയി തോന്നിയതും.

ചില കാര്യങ്ങളിൽ ഗോപിക ഇടപെടുന്നത് റെലവന്റായി തോന്നിയിട്ടുണ്ട്. പക്ഷേ അവരുടെ പൊതുവായ സ്വഭാവം കാരണം ആ പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി വീടിനകത്തും പുറത്തും ചർച്ചയാകാതെ പോയിട്ടുണ്ട്. സെറീനയുടെ ആഫ്രിക്കൻ മിസ് യൂണിവേഴ്‌സ് പരാമർശത്തിലെ പ്രശ്‍നം കണ്ടെത്തി ചോദ്യം ചെയ്‍തത് ​ഗോപികയാണ്. പക്ഷേ വിഷയങ്ങളെ കോംപ്ലിക്കേറ്റഡ് ആക്കുന്ന ​ഗോപികയുടെ ഇമേജ് കാരണം അത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടില്ല.

ഓവർ കോൺഫിഡൻസ് ​ഗോപികയിൽ ബിബി ഹൗസിൽ ഉടനീളം ഉണ്ടായിരുന്നു. പ്രത്യേകിച്ച് പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ. ഇക്കാര്യത്തിൽ കോമണർ എന്ന ഇമേജിനെ ​ഗോപിക ​ദുരുപയോ​ഗം ചെയ്തെന്ന് തോന്നു. കാരണം, ഞാൻ എന്ത്  ചെയ്‍താലും പുറത്തുള്ളവർ അത് അംഗീകരിക്കുമെന്നും പിന്തുണയ്ക്കുമെന്നും ഗോപിക കരുതിയിരുന്നു. അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. എയ്ഞ്ചലീനയുമായുള്ള ലോക്കറ്റ് തർക്കത്തിനിടെ ​ഗോപിക നടത്തിയ പരാമർശം തന്നെ അതിന് ഉദാഹരണം.

എല്ലാ മത്സരാർത്ഥികളും തമ്മിൽ നടക്കുന്ന ചർച്ചയിലും പ്രശ്‍നത്തിലും ഗോപിക ഇടപെടാറുണ്ട്. പക്ഷേ ഗോപികയുമായി ആർക്കെങ്കിലും പ്രശ്‍നമുണ്ടായാൽ അതിൽ മറ്റെരാളെ ഇടപെടാൻ അനുവദിക്കില്ല. കിട്ടേണ്ട മുഴുവൻ പ്രേക്ഷക ശ്രദ്ധയും സ്ക്രീൻ സ്പേയ്‍സും തന്നിലേക്ക് കൊണ്ടുവരാനാകും അവിടെ ​ഗോപിക ശ്രമിക്കുക. ഒറ്റപ്പെടൽ സ്ട്രാറ്റജിയും വിക്ടിം കാർഡും ഗോപിക ഫലപ്രദമായി പ്രയോ​ഗിക്കുകയും അതിൽ വിജയിക്കുകയും ചെയ്‍തിട്ടുണ്ട്. വീട്ടിലുള്ളവർക്ക് ഗോപികയോടുള്ള അനിഷ്‍ടവും ഇതിന് സഹായകരമായെന്ന് നിസംശയം പറയാം.

രണ്ടാഴ്‍ച കഴിഞ്ഞപ്പോഴേക്കും വളരെ മോശമായാണ് മറ്റ് മത്സരാർത്ഥികൾ ​ഗോപികയോട് പെരുമാറിയത്. മോഹൻലാൽ വന്ന കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ എല്ലാവരും കൂടി ​ഗോപികയെ ടാർ​ഗെറ്റ് ചെയ്‍തത് നമ്മൾ കണ്ടതാണ്. പിന്നെ അകത്തുള്ളവരുടെ പിന്തുണയെ കുറിച്ച് ഒരിക്കലും ​ഗോപിക ഗൌരവത്തില്‍ ചിന്തിച്ചിരുന്നില്ല. പലപ്പോഴും മുഖം നോക്കാതെ അത് സ്ക്രീൻ സ്പേയ്‍സിന് വേണ്ടിയാണെങ്കിൽ പോലും ​ഗോപിക പറയുന്ന കാര്യങ്ങളിൽ നിന്നും അത് വ്യക്തമായിരുന്നു.

 

വളരെ തന്ത്രശാലിയായ മത്സരാർത്ഥിയാണ് ​ഗോപിക എന്നത് നൂറ് ശതമാനം ഉറപ്പാണ്. പക്ഷേ മത്സരാർത്ഥികളിൽ വീണ ഒരു നെ​ഗറ്റീവ് ഇമേജ് പുറത്ത് പ്രേക്ഷകരിലും ​ഗോപികയോട് ഉണ്ടായി. നിലവിൽ ​ഗോപിക ചെയ്‍തുകൊണ്ടിരുന്ന ​ഗെയിം സ്ട്രാറ്റജി തന്നെ കുറച്ചു കൂടി സാവധാനം ചെയ്‍തിരുന്നെങ്കിൽ ഒരുപക്ഷേ ഫൈനൽ ഫൈവിൽ വരെ എത്തുമായിരുന്നു. പക്ഷേ ധൃതി അൽപം കൂടി പോയെന്നതാണ് വാസ്‍തവം.

ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ കോമണർ ഒരു ചലനവും സൃഷ്ടിക്കാതെ അല്ല പുറത്തേക്ക് പോകുന്നതെന്ന് എന്തായാലും വ്യക്തമാണ്. മറ്റേതൊരു മത്സരാർത്ഥിയെക്കാളും മുന്നോട്ട് പോകും എന്ന ഉറച്ച മനസ്സോടെയുള്ളതായിരുന്നു പ്രകടനം. അതുതന്നെയാണ് ഇന്ന് തന്റെ എവിക്ഷൻ ​ഗോപികയ്ക്ക് താങ്ങാനാകാതെ വന്നതും. ഇനിയുള്ള സീസണുകളിൽ ഒരു കോമണർ ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ അരൊക്കെ വന്നാലും പോയാലും ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമൺ മത്സരാർത്ഥിയെ ഏവരും ഓർക്കുമെന്ന് തീർച്ച.

ALSO READ : 'വെറുപ്പിക്കുന്ന കുറേയെണ്ണങ്ങൾ ബിഗ് ബോസിനകത്ത്, ഞാൻ പോയാൽ ജയിച്ചിട്ടേ വരൂ'; ധ്യാൻ

click me!