കളികള്‍ ഇനിയും കാണേണ്ടി ഇരിക്കുന്നു.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ഞായറാഴ്ചാണ്(മാർച്ച് 26) ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറിയത്. ബിബി 5 വരുന്നുവെന്ന പ്രഖ്യാപനം മുതൽ മത്സരാർത്ഥികളായി എത്താൻ സാധ്യതയുള്ള നിരവധി വ്യക്തികളുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. പക്ഷേ ഇവരിൽ ചിലർ മാത്രമാണ് ഷോയിൽ എത്തിയത്. ഇനി വൈൽഡ് കാർഡ് എൻട്രിയായി ആരെങ്കിലും എത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസില്‍ ഉള്ളത്.
റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ 18 മത്സരാർത്ഥികൾ. ഷോ തുടങ്ങി ആദ്യ ആഴ്ച മുതൽ തന്നെ ബിബി ഹൗസിൽ കലഹങ്ങൾ തുടങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ ചിലർ തങ്ങളുടെ സ്ട്രാറ്റജികൾ വെളിപ്പെടുത്തിയെങ്കിലും മറ്റുചിലർ ഒരുവാരം പിന്നിടുന്നത് വരെയും തങ്ങൾ എന്താണെന്നുള്ള സൂചനകൾ പോലും തന്നിട്ടില്ല.
ബാറ്റിൽ ഓഫ് ദി ഒറിജിനൽസ് എന്ന ടാഗ് ലൈനിനോട് മത്സരാർത്ഥികൾ നീതി പുലർത്തി എന്നാണ് പലരും പറയുന്നതെങ്കിലും ആർട്ടിഫിഷ്യൽ ആയി ചില മത്സരാർത്ഥികൾ ഗെയിം കളിക്കുന്നുണ്ടെന്ന ഫീൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. കണ്ടന്റ് ഉണ്ടാക്കാനായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് പോലെയാണ് ചില വേളകളിൽ ഫീൽ ചെയ്യുന്നതെന്നതും വാസ്തവമാണ്. പലരേയും അറിഞ്ഞു വരുന്നതേയുള്ളൂവെങ്കിലും ഇത്തവണത്തെ മത്സരാര്‍ത്ഥികളെല്ലാം അടിപൊളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അക്കൂട്ടത്തിൽ മുന്നിൽ റിനോഷ് ആണ്.
ഈ വാരം ബിഗ് ബോസ് സീസൺ 5ന്റെ സ്റ്റാർ ആരെന്ന് ചോദിച്ചാൽ, റിനോഷും വിഷ്ണുവും ആണെന്നാണ് ഉറപ്പിച്ച് പറയാം. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ ജനുവിനായിട്ടും മറ്റെയാൾ ബിബി ഹൗസ് എന്താണ് എന്ന് പൂർണമായും മനസ്സിലാക്കിയ ശേഷവും കളത്തിൽ ഇറങ്ങിയതെന്നും വ്യക്തമാണ്. ഇവർക്കൊപ്പം തന്നെ ചേർത്തുവയ്ക്കേണ്ട പേരുകൾ കോമണറായി എത്തി മറ്റ് മത്സരാർത്ഥിളെ തറപറ്റിച്ച ഗോപികയുടെയും റെനീഷയുടേതും ആണ്. ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് ഹൗസില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. മനഃപൂർവ്വം സ്ക്രീൻ സ്പേസ് ഉണ്ടാക്കാതെ ആദ്യവാരം സ്ട്രോംഗ് ആൻഡ് ബോൾഡ് കണ്ടസ്റ്റന്റ് എന്ന ഖ്യാതി സ്വന്തമാക്കി റെനീഷയും കളത്തിൽ നിറഞ്ഞു.
പൊളി ബ്രോ ആയി റിനോഷ്
ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീടിനുള്ളിലും പുറത്തും ശ്രദ്ധനടിയ മത്സരാർത്ഥിയാണ് റിനോഷ്. കഴിഞ്ഞ നാല് ബിഗ് ബോസ് സീസണുകളിലും കണ്ടിട്ടില്ലാത്ത തീര്‍ത്തും വ്യത്യസ്തനായ മത്സരാർത്ഥിയാണ് ഈ റാപ്പർ. പോസിറ്റീവ് സമീപനവും കൂള്‍ മനോഭാവവും ആണ് റിനോഷിനെ തുടക്കത്തില്‍ തന്നെ ജനപ്രിയനാക്കിയിരിക്കുന്നത്. ജയിലിൽ കഴിഞ്ഞപ്പോൾ സഹജയില്‍പ്പുള്ളിയായിരുന്ന എയ്ഞ്ചലിന് ഉപദേശങ്ങള്‍ നല്‍കിയുമൊക്കെ റിനോഷ് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, കൂൾ വൈബും ഫെയർ ഗെയിമും ഒക്കെ ആണെങ്കിലും ടാസ്കുകളിൽ കാണിക്കുന്ന ഒഴുക്കൻ മട്ട് റിനോഷിനെ ചെറുതായെന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. ഗെയിം സ്പിരിറ്റ് റിനോഷിൽ കാണുന്നില്ല എന്നത് വ്യക്തം.
ടാസ്കിൽ ഒഴുക്കൻ മട്ടാണെങ്കിലും ബിബി ഹൗസിനെ എന്റർടെയ്ൻ ചെയ്യിക്കുന്നതിൽ റിനോഷ് മുന്നിൽ തന്നെ ഉണ്ട്.
മത്സരാർത്ഥികൾ ആവശ്യപ്പെടുന്ന സമയത്തെല്ലാം മടി കൂടാതെ പാട്ട് പാടാനും റാപ്പ് ചെയ്യാനും റിനോഷ് സജീവമായി തന്നെയുണ്ട്. എന്തായാലും രണ്ടാം വാരത്തിൽ പുതിയൊരു റിനോഷിനെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരുപക്ഷേ ബിഗ് ബോസ് വീട്ടിൽ നിറയെ പോസിറ്റിവിറ്റി നിറച്ച് ഫെയർ ഗെയിം കളിച്ച് റിനോഷ് തരംഗം സൃഷ്ടിച്ചേക്കാം.
ജിമ്മൻ വിഷ്ണു ജോഷി
ആദ്യദിവസം പ്രേക്ഷകർ അത്ര പ്രാധാന്യം നൽകാത്ത മത്സരാർത്ഥി ആയിരുന്നു വിഷ്ണു ജോഷി. കഴിഞ്ഞ സീസണുകളിലെ ചില ജിമ്മൻമാരുടെ പ്രകടനമാകാം ഇതിന് കാരണം. എന്നാൽ രണ്ടാം ദിനം മുതൽ കണ്ടത് മികച്ച ഗെയിം ക്വാളിറ്റി ഉള്ള വിഷ്ണുവിനെ ആണ്. ലേഡി റോബിൻ ആകാൻ വന്നെതന്ന് ആദ്യ ദിനങ്ങളില്‍ പ്രേക്ഷകര്‍ ആക്ഷേപിച്ച ദേവുവിന്റെ സ്ട്രാറ്റജിയെ മൂന്ന് ദിവസം കൊണ്ട് കാറ്റിൽ പറത്താൻ വിഷ്ണുവിനായി. പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞ്, ഗെയിം എന്താണെന്ന് പൂർണമായി മനസിലാക്കി, ക്ഷമ പറയേണ്ടിടത്ത് മടി കൂടാതെ ക്ഷമ പറയുന്ന വിഷ്ണു ഈ സീസണിൽ 'തീ'ആകാൻ സാധ്യതയുള്ള ആള് തന്നെയാണെന്ന് തെളിയിച്ചിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും ചങ്കൂറ്റം ഉള്ള മത്സരാർത്ഥി എന്ന് വേണമെങ്കിൽ വിഷ്ണുവിനെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് ബിബി 5ന്റെ ആദ്യവാരം ഫാൻ ബേസ് സൃഷ്ടിക്കാൻ വിഷ്ണുവിനായത്. അതേസമയം, വിഷ്ണുവും ദേവുവുമായുള്ള സൗഹൃദം എവിടെ ചെന്നെത്തുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
വേറെ വൈബാണ് റെനീഷ
ആദ്യകാഴ്ചയിൽ തന്നെ ഇത് ദിൽഷ തന്നെ എന്നാണ് റെനീഷയെ കുറിച്ച് പ്രേക്ഷകർ പറഞ്ഞത്. സംസാരമൊക്കെ അതുപോലെ ആണെങ്കിലും നല്ല രീതിയിൽ തന്നെ ഗെയിം കളിച്ചും റെനീഷ മുന്നേറി. എല്ലാവരോടും ഫ്രീ ആയി ഇടപഴകാന്‍ ശ്രമിക്കുന്നുണ്ട്. അവശ്യമില്ലാതെ സ്ക്രീൻ സ്പേസ് ഉണ്ടാക്കുന്നില്ല. ഇമോഷണല്‍ ഡ്രാമ ഒന്നും കളിക്കുന്നില്ലെന്നതും പോസിറ്റീവ് ആണ്. ഇങ്ങനെ മുന്നോട്ട് പോകുക ആണെങ്കിൽ ബിബി 5ൽ ഫൈനൽ വരെ എത്താൻ ചാൻസുള്ള വനിതാ മത്സരാർത്ഥികളിൽ ഒരാള് കൂടിയാണ് റെനീഷ.
കൗശലക്കാരി ഗോപിക
വ്യത്യസ്തരായ 17 മത്സരാർത്ഥികൾക്ക് ഒപ്പം വന്ന കോമണർ. ഇതാണ് ആദ്യ ദിവസം ഗോപിക ആരെന്ന ചോദ്യത്തിന് പ്രേക്ഷക മനസ്സിലുണ്ടായ ഉത്തരം. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ കോമണര്‍. എന്നാൽ രണ്ടാം ദിവസം തന്നെ ബിഗ് ബോസ് ഹൗസില്‍ തന്റേതായ ഇടം കണ്ടെത്താൻ ഗോപികക്ക് സാധിച്ചിട്ടുണ്ട്. മറ്റ് മത്സരാര്‍ത്ഥികളില്‍ പലരും ഗോപികയെ വ്യത്യസ്തമായാണ് അഭിമുഖീകരിക്കുന്നത്. ചിലര്‍ ഗോപികക്ക് പ്രോത്സാഹനം നൽകി. എന്നാൽ മറ്റ് ചിലര്‍ ഗോപിക തങ്ങള്‍ക്ക് എതിരാളിയായേക്കും എന്ന ഭയത്തോടെയാണ് നോക്കി കാണുന്നത്. തന്റെ ഭാഗം ക്ലിയറാക്കാനും ന്യായീകരിക്കാനും നടത്തുന്ന ശ്രമങ്ങളും ഇംപ്രസീവ് അല്ലാത്ത സംസാര രീതിയും ചിലപ്പോഴൊക്കെ മടുപ്പ് ഉളവാക്കുന്നുണ്ടെങ്കിലും മികച്ച ഗെയിമറാണ് ഗോപിക. എന്നാൽ സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയിൽ പ്രതീക്ഷ വയ്ക്കാമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ആരുടെയും നിഴലാകാതെ ഉറച്ച നിലപാടുകളുമായി നിൽക്കുക ആണെങ്കിൽ പകുതിയിൽ കൂടുതൽ ദിവസം ബിബി ഹൗസിൽ നിൽക്കാൻ ഗോപികയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തൽ. എന്തായാലും കൗശലക്കാരി അവാർഡ് നേടിയ ഗോപികയ്ക്ക് ഇനി ഉള്ള ദിവസങ്ങൾ നിർണായകം ആകുമെന്ന് ഉറപ്പ്.
ക്യാപ്റ്റൻ അഖിൽ മാരാർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കണ്ട മത്സരാർത്ഥിയാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. മറ്റൊരു റോബിൻ രാധാകൃഷ്ണനോ ബ്ലെസ്ലിയോ ആകാൻ ചാൻസുള്ള ആളാണെന്നാണ് സോഷ്യൽ മീഡിയ ആദ്യം അഖിലിനെ വിശേഷിപ്പിച്ചത്. പക്ഷേ ആദ്യവാരത്തിൽ വേണ്ടത്ര പ്രകടനം ഹൗസിൽ കാഴ്ചവയ്ക്കാൻ അഖിലിനായോ എന്ന കാര്യത്തിൽ സംശയമാണ്. ആക്ടീവ് ആയി പല കാര്യങ്ങളിലും ഇടപെടുകയും തർക്കങ്ങളിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അഖിൽ ഉൾവലിയുന്നുണ്ടെന്ന് തോന്നാറുണ്ട്. ഏറെ പ്രതീക്ഷയേറ്റിയ മത്സരാർത്ഥി ആണെങ്കിലും പ്രേക്ഷക പ്രിയം വേണ്ടവിധം നേടാൻ അഖിലിനായില്ല.
തന്റെ വാക്ചാതുര്യം കൊണ്ട് അഖിലിന് സ്കോർ ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ പലയിടത്തും കലിപ്പനാകാൻ ശ്രമിക്കുന്നത് പോലെ തോന്നുണ്ട്. പലപ്പോഴും വഴക്കുണ്ടാക്കി മറ്റ് മത്സരാർത്ഥികളിൽ നിന്നും തിരിച്ച് പണി കിട്ടിയിട്ടും ഉണ്ട് മാരാർക്ക്. വൻമതിൽ എന്ന വീക്കിലി ടാസ്കിൽ അഖിൽ മാരാർക്ക് ഗോപികയും റെനീഷയും നൽകിയ മറുപടി തന്നെ ഇതിന് ഉദാഹരണമാണ്.
ബിഗ്ബോസിന്‍റെ പ്ലാന്‍ ഞാന്‍ പൊളിച്ചെന്ന് മാരാര്‍; എനിക്ക് വേണ്ട ഈ സമ്മാനമെന്ന് ശോഭ..!
ക്യാപ്റ്റൻ എന്ന നിലയിലും ഇനിയും അഖിൽ മുന്നേറാനുണ്ട്. അകത്ത് ഉള്ളവർ ആവശ്യത്തിൽ അധികം ഹൈപ്പ് അഖിൽ മാരാർക്ക് കൊടുക്കുന്നുണ്ട്. കൂടുതൽ പേരും ടാർഗറ്റ് ചെയ്യുന്നതും അഖിലിനെ തന്നെയാണ്. ഇത് ഒരുപക്ഷേ അഖിലിന് ഗുണമായേക്കാം. നിലവിൽ സേഫ് ഗെയിം കളിക്കുന്ന അഖിലിന്റെ പെർഫോമൻസ്, വരും ദിവസങ്ങളിൽ എങ്ങനെ ആകുമെന്ന് കണ്ടറിയേണ്ടതാണ്.
എയ്ഞ്ചലിന്‍ കളി കാര്യമാക്കുമോ ?
ആദ്യ ദിവസം തന്നെ ചില ബിഗ് ബോസ് മത്സരാർത്ഥികളൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് എയ്ഞ്ചലിൻ മരിയ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി. അതിന്റെ എല്ലാ പ്രശ്നങ്ങളും എയ്ഞ്ചലിന് ഉണ്ട്. ആദ്യദിവസം തന്നെ ഹൗസ്മേറ്റുകളിൽ നിന്നും നെഗറ്റീവ് ഇപ്രഷനാണ് താരത്തിന് ലഭിച്ചത്. പറയുന്ന കാര്യങ്ങളിലെ വ്യക്തതയില്ലായ്മയും പൊരുത്തക്കേടുകളും തന്നെയാണ് അതിന് കാരണം. സ്ക്രീൻ സ്പേസിന് വേണ്ടിയുള്ള പ്രകടനങ്ങളാണ് എയ്ഞ്ചലിന്‍ ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിപ്പിക്കുന്നു. പക്ഷേ സംസാരത്തില്‍ ഒരു മറയൊന്നും ഉള്ളതായി തോന്നുന്നില്ല. എന്നാൽ ഗെയിമുകളിൽ വേണ്ടത്ര പങ്കാളിത്തം നൽകുന്നുമില്ല. ചെറിയ കാര്യങ്ങൾക്ക് പോലും ഇമോഷണലാകുന്നുണ്ട്. ആകെ മൊത്തം മുന്നോട്ടുള്ള യാത്രയിൽ മികച്ച മത്സരാർത്ഥി ആകുമോ എന്ന കാര്യത്തിൽ സംശയം ആണ്.
തർക്കിച്ച് സ്പേസ് ഉണ്ടാക്കിയ ശ്രീദേവി
ബിഗ്ബോസിൽ തുടക്കത്തിൽ തന്നെ സ്ക്രീൻസ്പേസ് കണ്ടെത്തിയ ഒരാളാണ് വൈബര്‍ ഗുഡ് ദേവു(ശ്രീദേവി). ആദ്യ ടാസ്കിനിടെ എയ്ഞ്ചലിനോട് തർക്കിച്ചാണ് ദേവു സ്പേസ് കണ്ടെത്തിയത്. പിന്നീട് ജുനൈസുമായുള്ള വഴക്കും ചർച്ചയായി. ശേഷം ദേവുവും വിഷ്ണുവും തമ്മിൽ തർക്കം ഉണ്ടായെങ്കിലും അത് ദേവു തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. വിഷ്ണു തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് ദേവു പറഞ്ഞു. ഇപ്പോൾ വിഷ്ണുവിന്റെ കൂടെത്തന്നെയാണ് സധാസമയവും ദേവു. വിഷ്ണു ഈ സീസണിലെ ശക്തനായ മത്സരാർത്ഥി ആണെന്ന് മനസിലാക്കിയ ഇവർ പ്രണയ തന്ത്രം ഒരുക്കുകയാണെന്നാണ് പൊതുവിലെ സംസാരം. കൃത്യമായ സ്ട്രാറ്റർജി ആണ് ദേവു പ്രകടിപ്പിക്കുന്നതെന്നും ആർട്ടിഫിഷ്യൽ ആണ് വിഷ്ണുവുമായുള്ള സൗഹൃദമെന്നും സംസാരമുണ്ട്. ദേവു പൊസസ്സീവ് അല്ല എന്നാണ് പറയുന്നതെങ്കിലും പലതവണ വിഷ്ണുവിനോട് പൊസസ്സീവ് ആയി പെരുമാറുന്നുണ്ട്. ദേവുവിന്റെ പ്ലാനുകൾ വിഷ്ണു ഏകദേശം മനസിലാക്കി എന്നത് നേരാണ്. ഇരുവർക്കും ഇടയിൽ ഇനി എന്തൊക്കെ നടക്കുമെന്ന് കണ്ടറിയണം.
കൂൾ മോഡിൽ ജുനൈസ്
സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്ന ജുനൈസ് ബിഗ് ബസിൽ വന്നപ്പോൾ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകന് സമ്മാനിച്ചത്. നല്ല വൈബ് നൽകുന്ന ജുനൈസിന്റെ പെരുമാറ്റവും കൂൾ മോഡും ആണ് ബിഗ് ബോസ് പ്രേക്ഷകരിൽ ശ്രദ്ധനേടി കൊടുത്തത്. സെൽഫ് സ്റ്റോറി ടാസ്ക് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കാലിബറുള്ള ഗെയിം സ്പിരിറ്റുള്ള ജുനൈസ് ഇടയ്ക്ക് ഒന്ന് പിന്നോട്ട് പോയെങ്കിലും തിരിച്ചു വന്നിട്ടുണ്ട്. പ്രകടനങ്ങൾ മികച്ചതായാൽ ഫൈനൽ ഫൈവിൽ വരെ എത്താൻ ചാൻസുള്ള മത്സരാർത്ഥി കൂടിയാണ് ജുനൈസ്.
ശോഭ വിശ്വനാഥിന് ഓവർ കോൺഫിഡൻസോ ?
ബിഗ് ബോസ് വീട്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്ന് ഏവരും പ്രതീക്ഷിച്ച മത്സരാർത്ഥി ആയിരുന്നു ശോഭ വിശ്വനാഥ്. പക്ഷേ ഉദ്ദേശിച്ചത്ര പെർഫോമൻസ് ആദ്യവാരം ശോഭയിൽ നിന്നും ലഭിച്ചിട്ടില്ല. പുറത്ത് ഫാൻ ബേസ് ഉണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു ഇംപ്രഷൻ സ്വന്തമാക്കാൻ ശോഭയ്ക്ക് സാധിച്ചിട്ടില്ല. ഓവർ കോൺഫിഡൻസും പ്രകോപിപ്പിക്കുന്ന സംസാരവും ചിലപ്പോഴോക്കെ ശോഭ നടത്താറുണ്ട്. ഇതൊരു നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചിട്ടുമുണ്ട്. ആവശ്യമില്ലാതെ ഒരുകാര്യത്തിലും ഇടപെടില്ലെങ്കിലും സ്ട്രോങ്ങ് നിലപാടുകളോ ടാസ്കുകളിൽ സജീവമോ ആയിട്ടില്ല ഇതുവരെ.
കളി മാറ്റുമോ ഷിജു ?
നന്നായി കളിച്ചാൽ ബിഗ് ബോസ് സീസൺ 5ലെ ഫൈനൽ ഫൈവിൽ എത്താൻ കാലിബറുള്ള വ്യക്തിയാണ് ഷിജു. സൗമ്യവും പക്വതയുള്ളതുമായ പെരുമാറ്റം ഫാൻ ബേസ് കൂട്ടാനും സഹമത്സരാർത്ഥികളുടെ പ്രിയം നേടാനും ഷിജുവിനായി. പൊതുവിൽ ഒരു പോസിറ്റീവ് മനോഭാവം ഉണ്ട്. പ്രായമൊന്നും കണക്കിലെടുക്കാതെ ടാസ്കുകളെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലെ ഷിജുവിന്റെ പ്രകടനം എങ്ങനെ ആകും ? ഷിജു കളി മാറ്റുമോ ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്.
ഗെയിമിൽ കില്ലാടി അനിയന്‍ മിഥുന്‍
ഫിസിക്കൽ ടാസ്ക്കിൽ ആദ്യം മുതൽ സഹമത്സരാർത്ഥികളുടെ പേടി സ്വപ്നം ആണ് അനിയൻ മിഥുൻ. ഇതുവരെ നടന്ന എല്ലാ ഗെയിമിലും തന്റെ 100 ശതമാനം കൊടുത്ത് മുന്നേറാൻ മിഥുന് സാധിച്ചിട്ടുണ്ട്. ടാസ്ക്കുകളിൽ അനിയനെ തോൽപ്പിക്കണമെങ്കിൽ വിഷ്ണുവിനെ കൊണ്ടേ സാധിക്കൂ എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇനി വരാനിരിക്കുന്ന, മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഗെയിമുകൾ മിഥുൻ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. ഇതുവരെ വെറുപ്പിക്കുന്ന രീതികളിൽ പെരുമാറിയിട്ടില്ലെങ്കിലും ശ്രുതി ലക്ഷ്മിയോടുള്ള സംസാരം മുഷിപ്പിച്ചിരുന്നു.
സാഗർ സൂര്യ മൈന്‍ഡ് ഗെയിമറോ ?
എല്ലാവരോടും കൂളായി ഇടപെടുന്ന വ്യക്തിത്വമാണ് സാഗർ സൂര്യയുടേത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥികളിൽ ഒരാൾ. എന്നാൽ ഗെയിമിലേക്ക് സാഗർ എത്തിയോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. നിഗൂഢതയുടെ ആവരണത്തിന് പിന്നിലാണ് സാഗർ സൂര്യ ഇപ്പോഴും. തന്റെ എതിരാളികളെ കുറിച്ച് താരം മനസിലാക്കുന്നതാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്. ചില സന്ദർഭങ്ങൾ മൈൻഡ് ഗെയിമർ ആണോ എന്നും സാഗർ തോന്നിപ്പിക്കുന്നുണ്ട്. എന്നാൽ ആദ്യ വാരാന്ത്യം എത്തിയപ്പോൾ പല അവസരങ്ങളിലും സാഗർ ഒതുങ്ങി കൂടുന്നതായും തോന്നിയിട്ടുണ്ട്. ഈ ഒരു രീതിയിലാണ് മുന്നോട്ടുള്ള യാത്രയെങ്കിൽ ഒരുപക്ഷേ എവിക്ഷനിൽ സാഗർ സ്ഥിര സാന്നിധ്യമാകാൻ ചാൻസുണ്ട്.
ശ്രുതി ലക്ഷ്മി, ലച്ചു, നാദിറ, മനീഷ, അഞ്ജൂസ് റോഷ്, സെറീന
ആദ്യ കാഴ്ചയിൽ പോസിറ്റീവ് ആയി തോന്നിയ മത്സരാർത്ഥിയാണ് അഞ്ജൂസ് റോഷ്. കൂളായി എല്ലാവരോടും പെരുമാറുന്ന പ്രകൃതം. പക്ഷേ ഗെയിമിൽ അഞ്ജൂസ് നൂറ് ശതമാനം നൽകിയോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. കഴിഞ്ഞ സീസണിലെ ലക്ഷ്മി പ്രിയയെ സൂചിപ്പിക്കുന്ന മത്സരാർത്ഥിയാണ് മനീഷ എന്നാണ് പൊതുവിലെ സംസാരം. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് കൃത്യമായി തന്നെ പറയും. എയ്ഞ്ചലിനെ ഒക്കെ കൈകാര്യം ചെയ്ത രീതി പ്രശംസ അർഹിക്കുന്നുണ്ട്. മികച്ചൊരു എന്റർടെയ്നർ കൂടിയാണ് മനീഷ എന്ന് വ്യക്തമാണ്. അത്യാവശ്യം സംസാരിക്കാനും ഇടപഴകാനും അറിയാവുന്ന പ്രകൃതമാണ് നാദിറയുടേത്. മികച്ച രീതിയിൽ തന്നെയാണ് നാദിറയുടെ ഗെയിം പ്രകടനങ്ങൾ. ക്യാപ്റ്റന്‍സി ടാസ്‌കിലും മികച്ച പ്രകടനം കാഴ്ചവച്ചു.
ബിഗ് ബോസ് കപ്പ് റാഞ്ചുമോ ? അഖിലിനോട് മോഹൻലാൽ, ഇപ്പോൾ മനസ്സിൽ അതല്ലെന്ന് മറുപടി
വേണ്ടത്ര പ്രകടനമോ കാര്യമായ അഭിപ്രായങ്ങളോ പറഞ്ഞ് കേട്ടിട്ടില്ലാത്ത വ്യക്തിയാണ് സെറീന. ഇവരുടെ ഗെയിം മാറ്റേണ്ട സമയമായെന്ന് വ്യക്തം. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ലച്ചു. പക്ഷേ ഗെയിമിൽ വളരെ പിന്നോട്ടാണ്. മറ്റാരുടെയെങ്കിലും നിഴലാകാൻ ശ്രമിക്കുന്നത് പോലെ തോന്നിപ്പിക്കുന്നു. കഴിഞ്ഞ സീസണിലെ ധന്യയെ പോലെ ആകുമെന്ന് പ്രേക്ഷകർ വിലയിരുത്തിയ ആളാണ് ശ്രുതി ലക്ഷ്മി. പക്ഷേ അതാകില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ടാസ്കിൽ നൂറ് ശതമാനം നൽകുന്നുണ്ടെങ്കിലും കാര്യമായ ഇംപാക്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്തായാലും ഈ ആറ് പേരുടെയും ഈ വാരത്തിലെ പെർഫോമൻസ് കണ്ടുതന്നെ അറിയണം. കളികള്‍ ഇനിയും കാണേണ്ടി ഇരിക്കുന്നു.