ഒരുപാട് സ്വപ്‍നം കാണുക, അത് യാഥാർത്ഥ്യമാക്കാനായി പരിശ്രമിക്കുക എന്നാണ് ശോഭ മറ്റുള്ളവരോട് പറയുന്നത്.
വാർത്തകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതമായ വ്യക്തിത്വമാണ് ശോഭാ വിശ്വനാഥൻ. ഫാഷൻ ഡിസൈനറും സാമൂഹ്യപ്രവർത്തകയുമായ ശോഭ സ്വയം വിശേഷിപ്പിക്കുന്നത് താൻ 'വിക്ടിം' അല്ല 'വിഷണറി' ആണ് എന്നാണ്. ദുരിതപൂർണമായ വിവാഹജീവിതത്തിൽ നിന്ന് പുറത്തുവന്ന് സ്വന്തം ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെടേണ്ടി വന്നപ്പോഴും ധൈര്യത്തോടെ പോരാടി സത്യം വെളിച്ചത്തുകൊണ്ടുവരാൻ പ്രയത്നിച്ച് വിജയം കൈവരിച്ച വ്യക്തിയാണ്.
'വീവേഴ്‌സ് വില്ലേജ്' എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിന്റെ സ്ഥാപകയാണ് ശോഭ. കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് താങ്ങും തണലുമായി നിന്ന് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്. സംരംഭക എന്നതിനപ്പുറം ശോഭാ വിശ്വനാഥ് എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത് ഒരു കഞ്ചാവ് കേസിന്റെ പേരിലായിരുന്നു. സുഹൃത്തിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് ശോഭയുടെ ജീവിതത്തിൽ കരിനിഴലായത്. വൈരാഗ്യബുദ്ധിയായ ആ സുഹൃത്ത് ശോഭയെ കുടുക്കാൻ അവരുടെ സ്ഥാപനത്തിൽ കഞ്ചാവ് സൂക്ഷിക്കുകയും അതിന്റെ പേരിൽ ശോഭ പ്രതിസ്ഥാനത്താവുകയുമായിരുന്നു. കേസില്‍ ജാമ്യം നേടി പുറത്ത് വന്ന ശോഭ നിരന്തര പ്രയത്നത്തിലൂടെയാണ് തന്നെ കുടുക്കിയയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് സ്വന്തം നിരപരാധിത്വം തെളിയിച്ചത്. ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ആത്മഹത്യാശ്രമങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ ശോഭ തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷമാണ് ശോഭ സംരംഭകയായത്.
ആത്മവിശ്വാസത്തിന്റെ ആൾരൂപമായാണ് ബിസിനസ് ലോകം ഈ യുവസംരംഭകയെ അടയാളപ്പെടുത്തുന്നത്. ശോഭയുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും അർപ്പണബോധവുമാണ് വീവേഴ്‌സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിന്റെ വിജയത്തിന് കാരണമായത്. നെയ്ത്ത് മേഖലയില്‍ അര്‍ഹിക്കുന്ന വേതനം ലഭിക്കാത്തവരെ മുന്നോട്ട് കൊണ്ടുവരുവാനും അവര്‍ നേരിടുന്ന അസമത്വം അവസാനിപ്പിക്കാനും ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട് ശോഭ. പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഒരുപാട് സ്വപ്‍നം കാണുക, അത് യാഥാർത്ഥ്യമാക്കാനായി പരിശ്രമിക്കുക എന്നാണ് ശോഭ മറ്റുള്ളവരോട് പറയുന്നത്. നമ്മുടെ പ്രശ്‍നങ്ങൾക്ക് നമ്മൾ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടത് എന്നും ഉറച്ച ശബ്‍ദത്തിൽ ശോഭ വ്യക്തമാക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യമാണ് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവയ്‍പ് എന്ന് സ്വാനുഭവത്തിൽ നിന്ന് ശോഭ പറയുന്നു. എനിക്ക് ഒരു വലിയ സ്വപ്‍നമുണ്ട്, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയാവുക വനിതാ ദിനത്തിൽ ശോഭ പങ്കുവച്ചതാണ്. കേൾക്കുമ്പോൾ മറ്റുള്ളവർ ചിരിക്കുമായിരിക്കും, പക്ഷേ തനിക്കതിൽ ആത്മവിശ്വാസമുണ്ട് എന്നാണ് ശോഭ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ആത്മവിശ്വാസത്തിന്റെ എനർജിപാക്കുമായി ശോഭ ബിഗ് ബോസിലേക്കെത്തുകയാണ്. ശോഭയുടെ യഥാർത്ഥ ജീവിതം എങ്ങനെയെന്ന് ഇനി പ്രേക്ഷകര്‍ക്ക് ബിഗ് ബോസിലൂടെ കാണാം. ഉറച്ച നിലപാടുകളും കരുത്തുറ്റ വ്യക്തിത്വവും ശോഭയെ പരിപാടിയിൽ ആകര്‍ഷകമാക്കും എന്ന് തീര്‍ച്ച. യുവതലമുറയ്ക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമായ ശോഭയ്ക്ക് ബിഗ് ബോസിലും ആരാധകരുണ്ടായാക്കാം. കരുത്തുറ്റ ഒരു മത്സരാര്‍ഥി തന്നെയായിരിക്കും ശോഭ വിശ്വനാഥൻ.
Read More: 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ