ജീവിതത്തില്‍ ഇഷ്ടമുള്ളത് ആസ്വദിച്ച് ചെയ്യുക എന്നതില്‍ വിശ്വസിക്കുന്ന ആളാണ് റിനോഷ്
റിനോഷ് ജോര്‍ജ് എന്ന് പറഞ്ഞാല്‍ അതാരെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ അവരും ഐ ആം എ മല്ലു എന്ന വൈറല്‍ മ്യൂസിക് വീഡിയോ കണ്ടിട്ടുള്ളവരായിരിക്കും. യുട്യൂബില്‍ ഇതിനകം 95 ലക്ഷത്തിലേറെ കാഴ്ചകള്‍ ലഭിച്ച ആ മ്യൂസിക് വീഡിയോയുടെ സൃഷ്ടാവ് ആണ് റിനോഷ് ജോര്‍ജ്. മ്യൂസിക് പ്രൊഡ്യൂസര്‍ എന്നതിനൊപ്പം ഡിജെ, ആര്‍ജെ, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു ഇതിനകം റിനോഷ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ഥികളില്‍ പലനിലകളിലും സവിശേഷതയുള്ള മത്സരാര്‍ഥിയാണ് റിനോഷ് ജോര്‍ജ്.
ജീവിതത്തില്‍ ഇഷ്ടമുള്ളത് ആസ്വദിച്ച് ചെയ്യുക എന്നതില്‍ വിശ്വസിക്കുന്ന ആളാണ് റിനോഷ്. 2009 ല്‍ പ്രൊഫഷണല്‍ ഡിജെ ആയി കലാജീവിതം തുടങ്ങിയ ആളാണ് അദ്ദേഹം. ബംഗളൂരു മലയാളിയാണ്. രണ്ട് മൂന്ന് മ്യൂസിക് വീഡിയോകള്‍ പുറത്തിറക്കിയും കാര്യമായി ശ്രദ്ധ നേടിയിരുന്നില്ല. ഒരു മ്യൂസിക് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ റിനോഷിന് ആദ്യ ബ്രേക്ക് നല്‍കിക്കൊടുത്തത് ഐ ആം മല്ലു അല്ല, അതിനും മുന്‍പ് എത്തിയ ദിസ് ഈസ് ബംഗളൂരു എന്ന വീഡിയോ ആണ്. ആ സമയം മുതല്‍ റിനോഷിനെ നായകനാക്കി ഒരു സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. റിനോഷിന്‍റെ ആദ്യ മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത എം സി ജിതിനാണ് റിനോഷിനെ നായകനാക്കി ഒരുക്കാനാഗ്രഹിച്ച സിനിമയുടെ ആശയം മുന്നോട്ട് വച്ചത്. എന്നാല്‍ അറിയപ്പെടുന്ന താരങ്ങളില്ലാത്ത ഒരു ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഐ ആം എ മല്ലു വന്നതോടെ അക്കാര്യത്തിലും തീരുമാനമുണ്ടായി. റിനോഷിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ ജോണി സാഗരിക മുന്നോട്ട് വന്നു. എം സി ജിതിന്‍ സംവിധാനം ചെയ്ത് 2018 ല്‍ പുറത്തെത്തിയ നോണ്‍സെന്‍സ് ആണ് ആ ചിത്രം. ചിത്രത്തിന്‍റെ സംഗീത സംവിധാനവും റിനോഷ് ആണ് നിര്‍വ്വഹിച്ചത്.
ALSO READ : 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ