അഭിനയവും പാട്ടുമായി രസംപകരാൻ ബിഗ് ബോസിലേക്ക് മനീഷ കെ എസ്

By Web Team  |  First Published Mar 26, 2023, 9:16 PM IST

നടിയായും ഗായികയായും തിളങ്ങിയ മനീഷ് കെ എസ് ബിഗ് ബോസില്‍.


'തട്ടീം മുട്ടീം' എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും 'വാസവദത്ത'യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്‍മണ്യൻ മലയാളികള്‍ക്ക് സുപരിചിതയാക്കി. 'പൂക്കാലം വരവായി' എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിദ്ധ്യമാക്കി. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ ഇപ്പോഴിതാ മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്.

സംഗീതമായിരുന്നു മനീഷയുടെ ആദ്യ തട്ടകം. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ മനീഷ റേഡിയോ മാധ്യമരംഗത്തും തിളങ്ങി.സംഗീതമായിരുന്നു അതിനും വഴി തെളിയിച്ചത്. ദുബായ്‍യില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ പ്രോഗ്രാമില്‍ ഒരു ഗാനം ആലപിച്ച മനീഷ പ്രവാസി റേഡിയോ രംഗത്തെ അതികായകനായ കെപികെ വെങ്ങര അഭിമുഖത്തിന് വിളിച്ചു. റേഡിയോയ്‍ക്ക് പറ്റിയ ശബ്‍ദമാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മനീഷയോട് ജോലിയില്‍ പ്രവേശിക്കുന്നോയെന്ന് ചോദിച്ചു. അങ്ങനെ റേഡിയോയുടെ ഭാഗമായി പ്രവാസി ലോകത്ത് ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കലാകാരിയാണ് മനീഷ. സ്വന്തമായി റേഡിയോ കമ്പനിയും സ്ഥാപിച്ച മനീഷ നിരവധി നാടകങ്ങളുടെയും ഭാഗമായി. റേഡിയോ നാടകങ്ങളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്‍ദം നല്‍കിയ മനീഷ മിമിക്രിയുടെ സാധ്യതകളും പരീക്ഷിച്ചിട്ടുണ്ട്. തൃശൂര്‍ ആകാശവാണിയില്‍ നിന്ന് നാഷണല്‍ അവാര്‍ഡും ലഭിച്ചിരുന്നു. ആകാശവാണിയിൽ ലളിതഗാന വിഭാഗത്തിൽ ബി ഹൈ ഗ്രേഡും നാടകം ഡബ്ബിങ് വിഭാഗത്തിൽ ബി ഗ്രേഡും ഉള്ള ആർട്ടിസ്റ്റ് ആണ് മനീഷ.

Latest Videos

മനീഷ സീരിയലിനു പുറമേ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.  മനീഷ മോഹൻലാല്‍ ചിത്രമായ 'തന്മാത്ര'യിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. മനീഷ 'രസതന്ത്രം', 'എന്നും എപ്പോളും', 'ജനമൈത്രി' തുടങ്ങി പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  മനീഷ പന്ത്രണ്ടോളം സിനിമകളില്‍ ഡബ് ചെയ്‍തിട്ടുമുണ്ട്.

മൂവാറ്റുപുഴയിലുള്ള എയ്ഞ്ചൽ വോയ്‍സ് എന്ന ഓർക്കസ്ട്രയുടെ ഭാഗമായാണ് മനീഷ ഗായികയായി തുടക്കം കുറിക്കുന്നത്. 'ഇരുവട്ടം മണവാട്ടി', 'കാണാകണ്‍മണി', 'പുള്ളിമാൻ' തുടങ്ങിയ ചിത്രങ്ങളില്‍ ഗാനം ആലപിച്ച മനീഷ യേശുദാസ്, ജയചന്ദ്രൻ, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യത്തിനൊപ്പം പാടുമ്പോള്‍ കണ്ണു നിറയുകയും അദ്ദേഹം അത് തുടക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. 'ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ' എന്ന പ്രശസ്‍തമായ ഭക്തിഗാനം ആലപിച്ചതും മനീഷയാണ്.  1997 ലെ  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാർഡും മനീഷയെ തേടിയെത്തിയിരുന്നു. നാലായിരത്തോളം ഗാനങ്ങള്‍ ഇതുവരെ മനീഷ കെ എസ് പാടിയിട്ടുണ്ട്. അഭിനയവും പാട്ടുമെല്ലാം രസംപകരുന്ന ബിഗ് ബോസ് വേദിയില്‍ എന്തായാലും മനീഷ കെ എസ് മിന്നിത്തിളങ്ങുമെന്ന് തീര്‍ച്ച. ബിഗ് ബോസ് ഹൗസിലെ മനീഷയുടെ പ്രകടനങ്ങള്‍ക്കായി കാത്തിരിക്കാം.

Read More: 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

click me!