കണ്ണുതുറപ്പിച്ച നാദിറ മെഹ്‍റിനും മാറ്റംവന്ന അഖില്‍ മാരാറും

By Web Team  |  First Published Jun 29, 2023, 8:14 PM IST

അഖിൽ മാരാർ മികച്ചൊരു ഗെയിമർ തന്നെ ആയതിനാൽ അയാൾക്ക് തന്നെയാണ് ടോപ് 1 സ്ഥാനം എന്ന് കരുതുന്നു. പക്ഷെ അയാൾക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. അഖിലിന്റെ മനസ്സിൽ അടിയുറച്ച ശരികൾ, വിശ്വാസങ്ങൾ ഒക്കെ പുരോഗമന ആശയത്താൽ അയാൾ ഉടച്ചുകളഞ്ഞിട്ടുണ്ട്- ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ഥികളെ നോവലിസ്റ്റ് ശ്രീപാര്‍വതി വിശകലനം ചെയ്യുന്നു.


നാദിറ ബിഗ് ബോസ് കപ്പ് നേടണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അങ്ങനെയെങ്കില്‍ അതൊരു ചരിത്രവുമായേനെ. ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ കുറെയധികം വ്യത്യസ്‍തരായ മനുഷ്യരുണ്ട്. അതിൽത്തന്നെ നാദിറ മുന്നിലാണ്. ഏറ്റവും മികച്ച എന്റര്‍ടെയ്‍നറും അവരായിരുന്നു. ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ മുന്നിലേയ്ക്കുവരെ എന്താണ് ട്രാൻസ് എന്നത് ജീവിച്ചു കാണിച്ചുകൊടുത്തു എന്നതാണ് അവരോടു ഇഷ്‍ടം തോന്നാനുണ്ടായ ഏറ്റവും വലിയ കാരണം. സോഷ്യൽ മീഡിയയിൽ ആയിരം പേര് പറയുന്നതിലും സാദ്ധ്യതകൾ ബിഗ് ബോസ് ഒരുക്കുന്നുണ്ട്. സീരിയലുകൾ കണ്ടുകൊണ്ടിരിക്കുന്ന വീട്ടമ്മമാർ ഉൾപ്പെടെയുള്ള സാധാരണ മനുഷ്യരുടെ സമൂഹം കൂടിയാണ് ബിഗ് ബോസിന്റേയും പ്രേക്ഷകർ എന്നതുകൊണ്ട് തന്നെ എന്താണ് ട്രാൻസ്, അതുപോലെ വാർത്തകളിൽ വളരെ മോശമായി ചിത്രീകരിക്കപ്പെടുന്ന വിഭാഗം മാത്രമല്ല അവർ എന്നും നാദിറയ്ക്ക് ഈ പ്രേക്ഷകരുടെ മുന്നിൽ ജീവിച്ചു കാണിക്കാനായത് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചൊരു കാര്യമാണ്. ഏറ്റവുമൊടുവിൽ പണപ്പെട്ടിയും കൊണ്ട് സ്വന്തം പിതാവിന്റെ അരികിലേക്കാണ് അവർ പോകുന്നത്. വീടും നാടും എല്ലാം അവരെ കൈ നീട്ടി സ്വീകരിക്കാൻ പോകുന്നു. എത്ര വലിയ കാര്യമാണ്!

Latest Videos

undefined

അഖിൽ മാരാർ മികച്ചൊരു ഗെയിമർ തന്നെ ആയതിനാൽ അയാൾക്ക് തന്നെയാണ് ടോപ് 1 സ്ഥാനം എന്ന് കരുതുന്നു. പക്ഷെ അയാൾക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. പരമ്പരാഗതമായി തന്നെ മെയിൽ ഷോവനിസം ഒരുപാട് തലയിൽ ചുമന്നുവന്നെങ്കിലും ഈ നൂറു ദിവസങ്ങൾ കൊണ്ട് അഖിലിന്റെ ഒരുപാട് ചിന്തകൾ മാറിയിരിക്കുന്നു. പൂർണമായും അയാൾ പൊളിറ്റിക്‌സിൽ കറക്ട്നെസ്സ് ചിന്തിക്കുന്ന ആളായി എന്നല്ല, അങ്ങനെ ആവാൻ മനുഷ്യർക്ക് ആകുമോ എന്നെനിക്ക് തോന്നുന്നുമില്ല. പക്ഷെ മനസ്സിൽ അടിയുറച്ച ശരികൾ, വിശ്വാസങ്ങൾ ഒക്കെ പുരോഗമന ആശയത്താൽ അയാൾ ഉടച്ചുകളഞ്ഞിട്ടുണ്ട്. ബുദ്ധിമാനും നല്ലൊരു സുഹൃത്തുമാണ് അഖിൽ മാരാർ. ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ച ഗെയ്‌മറും.

വീട്ടിൽ ഒട്ടും ഇഷ്‍ടപ്പെടാതെ പോയൊരാൾ മിഥുൻ ആയിരുന്നു. അയാൾ പോയത് കണ്ടപ്പോഴാണ് ആ മത്സരം ഏറ്റവും കൂടുതൽ ഇഷ്‍ടമായത് എന്ന് പറയാതെ വയ്യ. എന്തൊരു ഫേക്ക് ആണ് അയാളെന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്, ഇന്നലത്തെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള മിഥുന്റെ വീഡിയോ കണ്ടപ്പോഴും ആ തോന്നൽ ശരിയെന്നു തന്നെയാണ് തോന്നുന്നത്. ശോഭയും സെറീനയും റെനീഷയും അവരവരുടെ രീതികളിൽ മികച്ചു നിൽക്കുന്നു. സെറീനയെ രണ്ടാഴ്‍ച മുമ്പുവരെ ഇഷ്ടപ്പെട്ടിരുന്നു, പക്ഷെ പിന്നീട് എന്തോ അവർ ഫേക്ക് ആയതുപോലെ തോന്നി. ശരിക്കും മനുഷ്യർ അഭിനയിക്കുന്നതോ വ്യാജനാകുന്നതോ അല്ല, അവർ സാഹചര്യങ്ങൾക്കനുസരിച്ച് അവരെ മാറ്റുന്നതാവണം.

ഒരുപാട് സെൽഫിഷ് ആയ ഒരാളാണ് ശോഭ എങ്കിലും അവർക്കെതിരെ പുറത്ത് ടോക്സിക് ഫാൻസ്‌ നടത്തുന്ന അതിക്രമം തികഞ്ഞ അനീതിയാണ്. പിന്നെ സെൽഫിഷ് ആകുന്നത് ഒരു തെറ്റാണ് എന്ന് തോന്നുന്നുമില്ല, കാരണം മനുഷ്യരാൽ ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ സെൽഫിഷ് ആവുന്നത് ഒരു തരത്തിൽ അതിജീവനത്തിന്റെയും സെല്‍ഫ് കെയറിന്റെയും ഭാഗവുമാണ്.

റെനീഷ ആത്മാർത്ഥതയുള്ള ഇമോഷണലി ഡിപെൻഡൻഡ് ആയ നല്ലൊരു സുഹൃത്ത് തന്നെയാണ്. പക്ഷെ അതിനിടയിലും താനൊരു നല്ല മത്സരാര്‍ഥിയാണ് എന്ന് കാണിക്കാനുള്ള അവരുടെ ശ്രമങ്ങൾ അവർക്ക് പലപ്പോഴും ഇമോഷണൽ ആയി വീണുപോകാനുള്ള കരണവുമായി എന്ന് പറയാതെ വയ്യ.

പൊതുവ്വെ ഇഷ്‍ടമുള്ള, വെറുപ്പ് ഒട്ടുമേ തോന്നാത്ത നല്ലൊരു മനുഷ്യനായാണ് ഷിജുവിനെ തോന്നിയത്. പക്ഷെ നല്ലൊരു ഗെയ്‍മർ ആണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് തോന്നിയത്. മാരാർ കഴിഞ്ഞാൽ വ്യക്തിപരമായി ഏറ്റവും ഇഷ്‍ടം ജുനൈസിനെയാണ്. ഒരുപാട് പുരോഗമന ആശയങ്ങൾ മനസ്സിലുള്ള ഒരു പയ്യൻ. ഈ പ്രായത്തിൽ തന്നെ അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്ന ഒരാൾ. ഒരുപക്ഷെ പ്രായത്തിന്റേതായ എടുത്തുചാട്ടങ്ങളിൽ പെട്ടുപോകുന്നത് മാത്രമാണ് അയാൾ നല്ലൊരു മത്സരാർത്ഥി ആയി മാറാത്തതിന്റെ പ്രധാന കാരണമായി തോന്നിയത്. എങ്കിലും മുൻപുണ്ടായിരുന്ന പല സീസണുകളും അപേക്ഷിച്ചു നോക്കിയാൽ അത്രയൊന്നും ജുനൈസ് വെറുപ്പിച്ചിട്ടില്ല. അയാളോടുള്ള ഇഷ്‍ടം കൂടിയിട്ടേ ഉള്ളൂ.

പൊതുവെ സീസൺ 1  കഴിഞ്ഞാൽ പൂർണമായി കണ്ടത് ഈ സീസൺ മാത്രമാണ്. വ്യക്തിപരമായി താല്‍പര്യമില്ലാത്ത മനുഷ്യർ നിലനിൽക്കുന്ന ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടി വരുന്നതിനാൽ രജത് കുമാറിനെയും റോബിനെയും ഒന്നും താങ്ങാൻ പറ്റിയിട്ടില്ല. ഒരുപക്ഷെ അഖിൽ മാരാർ അങ്ങനെ ആയേക്കുമെന്നു തുടക്കത്തിൽ തോന്നിയെങ്കിലും അയാളുടെ മാറ്റം സന്തോഷമാണ്. ബിഗ് ബോസ്, അഞ്ച് സീസണുകളിൽവെച്ച് വന്ന എല്ലാം തികഞ്ഞ ഒരു മത്സരാർത്ഥി തന്നെയാണ് അയാൾ.

Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!