എനിക്ക് പ്രതീക്ഷ റിനോഷിലായിരുന്നു, അഖില്‍ മാരാരെ കണ്ടുകണ്ട് ഇഷ്‍ടപ്പെട്ടതാകാം: അനൂപ് കൃഷ്‍ണൻ

By Web Team  |  First Published Jun 28, 2023, 1:49 PM IST

'അഖില്‍ മാരാരെ കണ്ടുകണ്ട് ഇഷ്‍ടപ്പെട്ടവരാണ് ഷോയുടെ പ്രേക്ഷകര്‍. 'സ്വാഗ്' എന്നൊക്കെ നമ്മള്‍ പറയാറില്ലേ. അങ്ങനെ ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ട്'- നടൻ അനൂപ് കൃഷ്‍ണൻ സംസാരിക്കുന്നു.


ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മറക്കാനാകാത്ത മുഖമാണ് അനൂപ് കൃഷ്‍ണന്റേത്. കലാപരവും കായികപരവുമായ ടാസ്‍കുകളില്‍ നിറഞ്ഞുനിന്ന പ്രകടനത്താല്‍ പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥി. ആ സീസണിലെ മികച്ച ഗെയിമര്‍ അവാര്‍ഡും അനൂപ് കൃഷ്‍ണനായിരുന്നു. സിനിമകളിലും സീരിയലിലും തിളങ്ങിക്കൊണ്ടിരിക്കുന്ന അനൂപ് ഇത്തവണത്തെ ബിഗ് ബോസിന്റെയും പ്രേക്ഷകനാണ്. മികച്ച ഒരു സീസണ്‍ തന്നെയാണ് ഇത്തവണയുമെങ്കിലും ചില വിമര്‍ശനങ്ങളും അനൂപ് കൃഷ്‍ണനുണ്ട്. ഗെയിം സ്‍പിരിറ്റോടെ മത്സരാര്‍ഥികള്‍ ചില ടാസ്‍കുകളെ സമീപിക്കാതിരുന്നതാണ് അനൂപ് കൃഷ്‍ണനെ നിരാശനാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് അനൂപ് കൃഷ്‍ണൻ.

ഇരുപത്തിനാല് മണിക്കൂറും ബിഗ് ബോസ്

Latest Videos

undefined

സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നാണല്ലോ ഷോയുടെ ടാഗ് ലൈൻ. പക്ഷേ മത്സരാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞ കഥ എത്രത്തോളം യുക്തിഭദ്രമാണ് എന്നതൊക്കെ ചര്‍ച്ച നടക്കുകയാണ്. അതിനാല്‍ ആ ടാഗ്‍ലൈൻ ഏത്രത്തോളം ചേരുന്നുവെന്നതിലൊക്കെ എന്തായാലും വ്യക്തത വരേണ്ടതുണ്ട്.  ഇത്തവണ പുറത്ത് സംസാരവിഷയമായത് അതാണ്. ബിഗ് ബോസ് മലയാളത്തിനറെ നാലും അഞ്ചും സീസണുകള്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തിലാണ് എന്ന് ചോദിച്ചാല്‍ പറയാനാകുക 24*7 ലൈവ് സ്‍ട്രീം എന്നതാണ്. മുൻ സീസണുകളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാണാൻ കഴിയുമായിരുന്നില്ല. എല്ലാം ഒരു എപ്പിസോഡില്‍ ഒതുക്കാനാകില്ലല്ലോ. പക്ഷേ ഇപ്പോള്‍ എല്ലാം ലൈവായി കാണാൻ കഴിയുന്നു. 12 മണിക്കൂറോളം ബിഗ് ബോസ് ഇങ്ങനെ കാണുന്നവരുണ്ട്. മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ഇയര്‍ഫോണൊക്കെവെച്ച് ഷോ ആസ്വദിക്കുന്നു. ബിഗ് ബോസിന്റെ സ്വന്തം പ്രേക്ഷകരാണ് അങ്ങനെ കാണുന്നവര്‍. അത്തരത്തില്‍ ഒരു ജനകീയത നാലും അഞ്ചും സീസണുകള്‍ക്ക് അവകാശപ്പെടാനാകും. ഫാമിലി വീക്കിനറെ ഒരു ഇമോഷണല്‍ ഘടകവും ഇത്തവണത്തെ പൊസിറ്റീവാണ്. വീട്ടിലേക്ക് എത്തിയവരില്‍ നിന്ന് പുറത്തെ സൂചനകള്‍ മനസിലാക്കാൻ മത്സരാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് ചലഞ്ചര്‍മാരായി റിയാസും കിടിലൻ ഫിറോസും എത്തിയതും പ്രത്യേകതയായിരുന്നല്ലോ. രജിത് കുമാറിനും ബിഗ് ബോസില്‍ വന്ന് മറ്റൊരു തലം കാണിക്കാനായി.

പ്രതീക്ഷയുണ്ടായിരുന്നത് റിനോഷില്‍

റിനോഷില്‍ ആയിരുന്നു എനിക്ക് ഷോയുടെ തുടക്കത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നത്. പക്ഷേ റിനോഷ് ഗെയിമുകള്‍ അത്ര മനസിലാക്കിയില്ല എന്ന് പിന്നീട് തിരിച്ചറിഞ്ഞു. എങ്കിലും ആള്‍ക്കാര്‍ ഇഷ്‍ടപ്പെടുന്ന പ്രത്യേകതകളുണ്ടായിരുന്നു. ഇപ്പോള്‍ റിനോഷ് ആരോഗ്യകാരണത്താല്‍ പുറത്തുപോയല്ലോ. അഖില്‍ മാരാരൊക്ക ഗെയിമറാണ് എന്ന് പറയുമ്പോഴും അദ്ദേഹം എപ്പോഴും ആ സ്‍പിരിറ്റ് കാണിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടേണ്ടി വരും. ടിക്കറ്റ് ടു ഫിനാലെയിലെ ചില ടാസ്‍കുകളില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുകയാണ് ചെയ്‍തത്. അതിലൊക്കെ ജയിച്ച് താൻ അര്‍ഹനാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു അഖിലിന്. പക്ഷേ അത് അദ്ദേഹം ഉപയോഗിച്ചില്ല. അതിനുമുമ്പുളള പല ടാസ്‍കുകളിലും അദ്ദേഹം ഔട്ട് ഓഫ് ബോക്സ് കോണ്‍ട്രിബ്യൂഷൻ ചെയ്‍ത ആളുമാണ്.

മാരാരുടെ 'സ്വാഗ്'

അഖില്‍ മാരാരെ കണ്ടുകണ്ട് ഇഷ്‍ടപ്പെട്ടവരാണ് ഷോയുടെ പ്രേക്ഷകര്‍. 'സ്വാഗ്' എന്നൊക്കെ നമ്മള്‍ പറയാറില്ലേ. അങ്ങനെ ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ട്. നമ്മള്‍ ചില സിനിമകളൊക്കെ എടുത്തുനോക്കിയാല്‍ ആദ്യം നായകൻ നല്ലവനൊന്നും ആയിരിക്കണമെന്നില്ല. സിനിമ അവസാനിക്കാനാകുമ്പോള്‍ നമ്മള്‍ അയാളെ ഇഷ്‍ടപ്പെട്ട് തുടങ്ങും. അങ്ങനെ ഒരു പ്രത്യേകതയുണ്ട് മാരാര്‍ക്ക്. കൃത്യമായ ഉദാഹരണമാണോ എന്ന് എറിയില്ല, എങ്കിലും 'അനന്ത്രഭദ്രം' എടുത്തുനോക്കിയാല്‍ ഞാൻ സൂചിപ്പിച്ച കാര്യം വ്യക്തമാകും. 'അനന്തഭദ്ര'ത്തില്‍ നായകൻ പൃഥ്വിരാജിന്റെ കഥാപാത്രമാണ്. പക്ഷേ 'അനന്തഭദ്ര'ത്തെ ഓര്‍ക്കുമ്പോള്‍ 'ദിഗംബരനാ'ണ് മനസില്‍ വരിക. അഖില്‍ മാരാരുടെ കാര്യവും അങ്ങനെയാണെന്ന് പറയാമെന്ന് തോന്നുന്നു.

ഇതിലും വലിയൊരു അംഗീകാരമില്ല

റെനീഷ എന്റെ അനിയത്തിയെ പോലെയാണ്. മികച്ച ഒരു തുടക്കം റെനീഷയ്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ സൗഹൃദങ്ങളില്‍ പെട്ട് റെനീഷയ്‍ക്ക് അത് മുന്നോട്ടുകൊണ്ടുപോകാനായില്ല. 'നാഗവല്ലി'യായി മാറിയതിന് 'മണിച്ചിത്രത്താഴി'ന്റെ സംവിധായകൻ ഫാസില്‍ സാര്‍ അഭിനന്ദിച്ചുവെന്നത് റെനീഷയ്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. ഷിജു ചേട്ടനും സ്വന്തമായ ഒരു രീതിയില്‍ ഗെയിം മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. പക്ഷേ നിലവിലെ സീസണ്‍ തുടക്കത്തിലേ അഖിലിനെ കേന്ദ്രീകരിച്ചും ആയിരുന്നു. ലഭിക്കുന്ന എല്ലാ ടാസ്‍കുകളിലും ഏറ്റവും സജീവമായി പങ്കെടുക്കുകയെന്നത് പ്രധാനമാണുതാനും.

നാദിറയുടേത് ചരിത്ര വിജയം

സാധാരണ മാധ്യമപ്രവര്‍ത്തകരോടൊക്കെ മാത്രം സംസാരിക്കുമ്പോഴോ അല്ലെങ്കില്‍ പൊതുവിടങ്ങളിലോ മാത്രം ട്രാൻസ്‍ജെൻഡേഴ്‍സ് വ്യക്തികള്‍ക്ക് വേണ്ടി സംസാരിക്കുന്നവരാണ് പലരും. ഇവര്‍ക്ക് വലിയൊരു സ്വീകാര്യത ഇത്തരം ഷോകളിലൂടെ ലഭിക്കുന്നുണ്ട്. അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ടികറ്റ് ടു ഫിനാലെ ജയിച്ച് ആദ്യമായി ഫിനാലെയില്‍ എത്തുന്ന മത്സരാര്‍ഥിയായിരിക്കുകയാണ് നാദിറ. അവരെ അവരുടെ വീട്ടുകാര്‍ അംഗീകരിച്ചിരിക്കുന്നു. നാട്ടുകാര്‍ അംഗീകരിച്ചിരിക്കുന്നു. അത് വലിയൊരു കാര്യമാണ്. രണ്ടാം സ്ഥാനത്തെങ്കിലും അവര്‍ക്ക് എത്താനായാല്‍ അത് ചരിത്രസംഭവുമാകും. ഈ സീസണിലെ ടോപ് ഫൈവില്‍ അഖില്‍ മാരാര്‍, നാദിറ, ശോഭ, റെനീഷ, ജുനൈസ് എന്നിവര്‍ എത്താനാണ് സാധ്യത.

പട്ടാമ്പിയില്‍ നിന്ന് ബിഗ് ബോസിലേക്ക്

പട്ടാമ്പിയില്‍ നിന്നുള്ള ഒരുപാട് സ്വപ്‍നങ്ങളുമായി വന്ന ഒരു നാട്ടിൻപുറത്തുകാരനായിരുന്നു ഞാൻ. മുമ്പ് ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും മുഖം രജിസ്റ്റര്‍ ചെയ്‍തിരുന്നില്ല. എന്നെ നാട്ടുകാര്‍ അറിഞ്ഞത് ഏഷ്യാനെറ്റിന്റെ തന്നെ 'സീതാകല്യാണ'ത്തിലൂടയാണ്. ബിഗ് ബോസില്‍ വന്നതുകൊണ്ടുള്ള എനിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സംഗതി മോഹൻലാലുമായി ഇടപെടാനായി എന്നതാണ്. ഒരുപക്ഷേ അദ്ദേഹത്തെ കാണാനും സംസാരിക്കാനുമൊക്കെ ഷോയില്‍ വന്നില്ലെങ്കിലും സാധിക്കുമായിരുന്നു. എന്നാല്‍ അടുത്തൊരാളെന്ന പോലെ ഇടപെടാനാകാൻ ഒരിക്കലും അന്ന് കഴിയുമായിരുന്നില്ല. ലാലേട്ടൻ എന്നെ പേരു പറഞ്ഞ് വിളിച്ചതൊക്കെ എനിക്ക് പ്രധാനമാണ്. സ്‍നേഹിക്കുന്നയാളെ ഞാൻ  വിളിക്കുന്ന പേര് മോഹൻലാലും വിളിച്ചു.

സ്വപ്‍നം കാണുന്നവരുടെ സീസണായിരുന്നു ഞങ്ങളുടേത്. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. ഞാൻ ഉണ്ടാക്കിയ മയിലിന്റെ രൂപം മോഹൻലാല്‍ അംഗീകരിച്ചതൊക്കെ അത്തരമൊരു മൂല്യമുള്ള ഓര്‍മയാണ്. എന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാൻ വളരെ അധികം ഞാൻ ശ്രമിച്ചിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ. 100 ശതമാനവും കൊടുക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് എനിക്ക് ഗെയിമര്‍ ഓഫ് സീസണ്‍ എന്ന പുരസ്‍കാരം ലഭിച്ചതും.

മോഹൻലാലിന്റെ വാക്കുകള്‍ വലിയ അംഗീകാരം

നമ്മുടെ ടാലന്റ് പ്രദര്‍ശിപ്പിക്കാൻ തന്ന ടാസ്‍കും എനിക്ക് പ്രിയപ്പെട്ടതാണ്. നിശ്ചിത സമയത്തില്‍ വിവിധ കലാരൂപങ്ങള്‍ ടാസ്‍കില്‍ അവതരിപ്പിക്കണമായിരുന്നു. ഒരു ക്ലീഷേ ആകരുത് എന്ന് വിചാരിച്ചിരുന്നു ഞാൻ. ഞാൻ അവതരിപ്പിക്കാൻ പോകുന്നതിനു മുമ്പേ എന്താണ് എന്ന് മണിക്കുട്ടനെ അറിയിച്ചിരുന്നു. അത് പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുമെന്ന് ഉറപ്പായിരുന്നു. അല്‍ഷിമേഷസ് ബാധിച്ച ഒരാളെയായിരുന്നു ഞാൻ ടാസ്‍കില്‍ അവതരിപ്പിച്ചത്. ബെല്ലടിക്കുമ്പോള്‍ മറ്റൊരു കലാരൂപത്തിലേക്ക് മാറണമെന്നത് മറന്നുപോകുന്നതുപോലെയായിരുന്നു അതിന്റെ ക്രാഫ്റ്റ്. ചിത്രം വരച്ചും പാട്ടു പാടിയുമൊക്കെ. മോഹൻലാല്‍ 'തന്മാത്ര'യെന്ന സിനിമയില്‍ അല്‍ഷിമേഷസ് രോഗിയായി വേഷമിട്ട് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആളാണ്. ഡോക്ടര്‍മാരൊക്കെ അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. 'തന്മാത്ര'യിലെപോലെ ഞാൻ ചെയ്‍തല്ലോ എന്നൊക്കെ മോഹൻലാല്‍ എന്നെ അഭിനന്ദിക്കുമ്പോള്‍ എനിക്കും വലിയ അംഗീകാരമായിരുന്നു. ഞാൻ അന്ന് ടാസ്‍കില്‍ മാറിപ്പോകുന്നുവെന്ന് കരുതി ബെല്ലടിക്കണമെന്ന് ആലോചിച്ചിരുന്നു എന്ന് പിന്നീട് ബിഗ് ബോസിലെ ആള്‍ക്കാര്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. പിന്നീടാണ് അത് അങ്ങനെ ചെയ്‍തതാണെന്ന് മനസിലാക്കിയത് എന്നും വ്യക്തമാക്കി എന്നെ അവര്‍ അഭിനന്ദിച്ചിരുന്നു.

ബിഗ് ബോസും സിനിമ പോലെ

ഒരു സിനിമയോ സീരിയിലോ പോലെ തന്നെയാണ് ബിഗ് ബോസും. അത് സ്‍ക്രിപ്റ്റഡ് അല്ല ഒരിക്കലും. അത് അങ്ങനെ തോന്നുന്നതാണ്. ടാസ്‍കുകള്‍ നടക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ് അത് തര്‍ക്കങ്ങളിലേക്ക് പോകുന്നത്. അടിയുണ്ടാകുന്നത്. അത് പ്ലാൻ ചെയ്‍ത് നടത്തുന്നതല്ല. ഷോ മികച്ചതാകാൻ അതിന്റെ ആള്‍ക്കാര്‍ എന്തായാലും ശ്രമിക്കും. ഫൈറ്റൊക്കെ ഉള്‍പ്പെടുത്തും. അല്ലാതെ പ്ലെയിൻ ആയി പോയാല്‍ അത് കാണാൻ ആള്‍ക്കാര്‍ തയ്യാറാകില്ലല്ലോ. കാണുക, ആസ്വദിക്കുകയെന്നേ പറയാനാകൂ. അതിലുളളത് വീട്ടില്‍ കൊണ്ടുപോകേണ്ട കാര്യമില്ല. ധാര്‍മിക സ്വഭാവമുള്ള സിനിമകണ്ട് അതേപടി പകര്‍ത്താൻ നമ്മള്‍ തയ്യാറാകുന്നുണ്ടോ? ഇല്ലല്ലോ?. അപ്പോള്‍ എൻജോയ്.

Read More: 'ഒരു സീനിയര്‍ എന്ന നിലയില്‍ സന്തോഷം'; ബിഗ് ബോസ് സീസണ്‍ 5 ഫിനാലെ വീക്കില്‍ മണിക്കുട്ടന്‍ പറയുന്നു

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!