പ്രേക്ഷക മനസില്‍ ഇവരില്‍ ആരാകും വിജയി?, ടാസ്‍കിലും സൗഹൃദക്കാഴ്‍ചകളുമായി അഖിലും വിഷ്‍ണുവും

By Web TeamFirst Published May 8, 2023, 11:18 PM IST
Highlights

വിട്ടുകൊടുക്കാതെ പരസ്‍പരം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഖിലും വിഷ്‍ണുവും രസകരമാക്കുകയായിരുന്നു ആ സന്ദര്‍ഭങ്ങള്‍.

ബിഗ് ബോസ് ഹൗസില്‍ ഇന്ന് അത്യന്തം വാശിയേറിയ ഒരു ടാസ്‍കാണ് നടന്നത്. ടാസ്‍കില്‍ വിജയിയായത് അഖില്‍ മാരാണെങ്കിലും ഒപ്പം തന്നെ വിഷ്‍ണുവും ഉണ്ടായിരുന്നു. ഒരേ റൗണ്ടില്‍ പുറത്തായവര്‍ ആയതിനാല്‍ അഖിലും വിഷ്‍ണുവും വിജയികളാണെന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ പറയുന്നുണ്ടായിരുന്നു. ടാസ്‍കില്‍ ഇരുവരുടെയും സൗഹൃദത്തിന്റെ മനോഹരമായ കാഴ്‍ചയും കണ്ടു

കൃത്യമായി കണക്കുകൂട്ടലുകള്‍ നടത്തി ഏകാഗ്രതയോടും വേഗതയോടും കൂടെ വിജയത്തില്‍ എത്താൻ സാധിക്കുന്ന ഒരു ടാസ്‍കാണ് നല്‍കുന്നത് എന്നായിരുന്നു ബിഗ് ബോസ് ആദ്യം പറഞ്ഞത്. ഗാര്‍ഡൻ ഏരിയയില്‍ ജോമട്രിക് ആകൃതിയിലുള്ള കളങ്ങള്‍ വ്യത്യസ്‍ത വലിപ്പത്തില്‍ നല്‍കിയിട്ടുണ്ടാകും. ഓരോന്നിലും ഓരോ അക്കങ്ങള്‍ വീതമുണ്ടായിരിക്കും. ബസര്‍ കേള്‍ക്കുമ്പോള്‍ എല്ലാ മത്സരാര്‍ഥികളും സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വന്ന് നില്‍ക്കുക. ബിഗ് ബോസ് പറയുന്ന അക്കത്തിന് അനുസരിച്ച് ഓരോ തവണയും മത്സരാര്‍ഥികള്‍ എല്ലാവരും വേഗത്തില്‍ ആ അക്കമുള്ള കളത്തിനുള്ളില്‍ വന്ന് നില്‍ക്കുക. കളത്തിനുള്ളില്‍ നില്‍ക്കാൻ കഴിയാതെ പുറത്തുനില്‍ക്കേണ്ടി വരുന്ന ഓരോ വ്യക്തികള്‍ അതാത് റൗണ്ടില്‍ പുറത്താകുന്നതാണ്. അത്തരത്തില്‍ ഓരോ റൗണ്ടില്‍ പുറത്താകുന്നവര്‍ ജയിലില്‍ പോകേണ്ടവരാണ്. മത്സരാവസാനംവരെ നിര്‍ദ്ദേശിക്കുന്ന അക്കങ്ങള്‍ അനുസരിച്ചുള്ള കളങ്ങളില്‍ നില്‍ക്കാൻ സാധിക്കുന്ന മത്സരാര്‍ഥി ആയിരിക്കും ഈ ടാസ്‍കിലെ വിജയി. വിജയിക്കാൻ എങ്ങനെ എതിരാളികളെ പുറത്താക്കണമെന്നും ബുദ്ധിപൂര്‍വം ആലോചിച്ച് പ്രവര്‍ത്തിക്കുക എന്നും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കി.

Latest Videos

ഷിജു ആയിരുന്നു ആദ്യം ടാസ്‍കില്‍ നിന്ന് പുറത്തായി ജയിലില്‍ ആയത്. സാഗറും പിന്നാലെ ടാസ്‍കില്‍ നിന്ന് പുറത്തായി. മിഥുൻ അനിയനായിരുന്നു അടുത്ത തവണ പുറത്തായത്. റെനീഷയും സെറീനയും ടാസ്‍കില്‍ നിന്ന് പുറത്തായി ജയിലിലായി. ശ്രുതി ലക്ഷ്‍മി, റെനീഷ, അനു തുടങ്ങിയവരും തൊട്ടടുത്ത റൗണ്ടുകളിലായി പുറത്തായി. കരുത്തുറ്റ പോരാട്ടം ടാസ്‍കില്‍ പ്രകടിപ്പിച്ച അനു ജോസഫിനെയും എല്ലാവരും അഭിനന്ദിച്ചു. തുടര്‍ന്നായിരുന്നു ശോഭയുടെയും അഞ്‍ജൂസിന്റെയും അഖിലിന്റെയും വിഷ്‍ണുവിന്റെയും വാശിയേറിയ പോരാട്ടം.

ശോഭയും അഞ്‍ജൂസും ടാസ്‍കില്‍ വളരെ പോരാട്ടവീര്യത്തോടെ മത്സരിച്ചു. ആദ്യം പിൻമാറി ജയിലില്‍ പോകേണ്ടി വന്നത് അഞ്‍ജൂസിനായിരുന്നു. തുടര്‍ന്ന് ശോഭയും കളത്തില്‍ നിന്ന് പുറത്തായി ജയിലിലേക്ക് എത്തി. ഒടുവില്‍ ബാക്കിയുണ്ടായിരുന്നത് അഖില്‍ മാരാറും വിഷ്‍ണുവും. അല്‍പനേരം ഇടവേള കിട്ടിയപ്പോള്‍ ജ്യേഷ്‍ഠാനുജൻമാരുടെ സ്‍നേഹവും പോരാട്ടവും പറയുന്ന പാട്ട് പാടി ഇരുവരും മത്സരാര്‍ഥികളെ രസിപ്പിച്ചു. തുടര്‍ന്ന് നമ്പര്‍ പറഞ്ഞപ്പോള്‍ അഖിലും വിഷ്‍ണുവും കളത്തില്‍ കയറി നിന്നു. തങ്ങള്‍ ഒരു ഓട്ട മത്സരം നടത്തും അതില്‍ ഒന്നാമത് എത്തുന്നയാള്‍ വിജയിയാകുമെന്ന് അഖില്‍ പ്രഖ്യാപിച്ചു. ഓടി കളത്തില്‍ ആദ്യം എത്തിയത് വിഷ്‍ണുവായിരുന്നു. ഓട്ടത്തില്‍ വേഗതയില്‍ അഖില്‍ കുറച്ചു മുന്നോട്ടുപോയി. പിന്നീട് വിഷ്‍ണുവിനെ മാറ്റി അഖില്‍ കളത്തില്‍ കയറി നിന്നു. അപ്പോള്‍ കളത്തില്‍ നിന്ന് താൻ പുറത്തായതായി വിഷ്‍ണു അറിയിച്ചു. വിഷ്‍ണുവിനോട് ഒന്ന് ട്രൈ ചെയ്യൂ എന്ന് അഖില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പുറത്തായിയെന്ന് പറഞ്ഞുവെന്ന് വ്യക്തമാക്കി അഖിലിനെ അഭിനന്ദിച്ച് വിഷ്‍ണു ജയിലില്‍ പോയി. വിജയിക്ക് കിട്ടിയ ഭക്ഷണം അഖില്‍ വിഷ്‍ണുവിനും മറ്റ് മത്സാര്‍ഥികള്‍ക്കും പങ്കുവയ്‍ക്കുകയും ചെയ്‍തു. അവരുടെ ഒത്തൊരുമയാണ് ടാസ്‍കില്‍ വിജയിച്ചതെന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ പറയുന്നുണ്ടായിരുന്നു.

Read More: 'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി; 'മരിച്ചവരുടെ കുടുംബത്തിനൊപ്പം', പ്രാർഥനയും

click me!