ആ തട്ട് താണു തന്നെ; ബിഗ്ബോസ് സീസണ്‍ 5 വിജയിച്ച 'മാരാരിസം'.!

By Web Team  |  First Published Jul 2, 2023, 10:36 PM IST

ബിഗ് ബോസിലെ അഖിലിന്റെ ഗ്രാഫ് ഏറെ കൗതുകമുണർത്തുന്നതാണ്. ശരാശരിയോ അതിനും തൊട്ടുമുകളിലോ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥി ഷോയുടെതന്നെ നട്ടെല്ലായി മാറിയത് അതിവേഗത്തിലായിരുന്നു.   ബിഗ് ബോസ് അഞ്ചാം സീസൺ തുടങ്ങുന്നതിനു മുമ്പേതന്നെ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു അഖിൽ മാരാർ. 


ല്ലാ ബിഗ് ബോസ് സീസണുകളിലും ഒരു സൂപ്പർ സ്റ്റാറുണ്ടാകും, ഒരു ഷോ സ്റ്റീലർ. അയാളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടും. രണ്ടാം സീസൺ മുതൽ അതൊരു പതിവാണ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ സാബുമോനും ഒത്ത എതിരാളിയായി പേളി മാണിയും വന്നപ്പോൾ രണ്ടാം സീസണിലും മൂന്നാം സീസണിലും നാലാം സീസണിലും ഏറെക്കുറെ ഒരാളിൽ കേന്ദ്രീകരിച്ചാണ് ബിഗ് ബോസ് ഷോ മുന്നോട്ടുപോയത്. എന്നുമാത്രമല്ല, അത്തരത്തിൽ വലിയ ക്രൌഡ് പുള്ളേര്‍സ് ആയ മത്സരാർത്ഥികൾ പല കാരണങ്ങൾകൊണ്ട് ഷോയിൽനിന്ന് പുറത്താക്കപ്പെടുന്നതും നമ്മൾ കണ്ടു. രണ്ടാം സീസണിൽ രജിത് കുമാർ, മൂന്നാം സീസണിൽ പൊളി ഫിറോസ്-സജ്‌ന, നാലാം സീസണിൽ റോബിൻ രാധാകൃഷ്ണൻ എന്നിവർ വലിയ പ്രേക്ഷക പിന്തുണയുണ്ടായിട്ടും പുറത്തായവരാണ്.

അതുകൊണ്ടുതന്നെ അഞ്ചാം സീസണിലെ ആ സ്റ്റാർ ആരായിരിക്കുമെന്ന് ഷോ തുടങ്ങിയപ്പോൾ മുതൽ പലരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. ആ സ്റ്റാർ ഫൈനൽ ദിനത്തിൽ പൂർണ്ണശോഭയോടെ ഉദിച്ചിരിക്കുകയാണ് ഇപ്പോള്‍. ചിലപ്പോള്‍ സാബുവിന് ശേഷം ക്രൌഡ് പുള്ളറായി ബിഗ്ബോസ് കിരീടം നേടിയ ആദ്യത്തെയാളാണ് അഖിൽ മാരാർ. ബിഗ് ബോസ് അഞ്ചാം സീസണിലെ കിരീടം വയ്ക്കാത്ത രാജാവ്. കംപ്ലീറ്റ് എന്റർടൈനർ.  സ്പോട്ട് കൗണ്ടർ കിംഗ്.

Latest Videos

undefined

ബിഗ് ബോസിലെ അഖിലിന്റെ ഗ്രാഫ് ഏറെ കൗതുകമുണർത്തുന്നതാണ്. ശരാശരിയോ അതിനും തൊട്ടുമുകളിലോ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥി ഷോയുടെതന്നെ നട്ടെല്ലായി മാറിയത് അതിവേഗത്തിലായിരുന്നു.   ബിഗ് ബോസ് അഞ്ചാം സീസൺ തുടങ്ങുന്നതിനു മുമ്പേതന്നെ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു അഖിൽ മാരാർ. ബിഗ് ബോസ് നാലാം സീസണിലെ ഒരു മത്സരാർത്ഥിയുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ ചില പ്രസ്താവനകളും വെളിപ്പെടുത്തലുകളുമെല്ലാം വിവാദമായിരുന്നു. അന്ന് അഖിലിന്റെ ശ്രമം അടുത്ത ബിഗ് ബോസിൽ കയറിപ്പറ്റുകയാണെന്നും ചിലർ വിമർശിച്ചു. 
പക്ഷേ ഒരഭിമുഖത്തിൽ ബിഗ് ബോസ് ഷോയോട് തനിക്ക് ഒരു താല്പര്യവുമില്ലെന്നും ഒരിക്കലും അതിൽ പങ്കെടുക്കില്ലെന്നും രൂക്ഷമായ ഭാഷയിൽ അഖിൽ മാരാർ പറഞ്ഞു. അതോടെ കാര്യങ്ങൾ അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി, എല്ലാം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.  

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥിയായി അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലേക്ക് കയറി. പക്ഷേ ആദ്യ വാരം പ്രേക്ഷകരുടെ മനസ് കവർന്നത് മാരാരായിരുന്നില്ല. എന്നുമാത്രമല്ല, അഖിൽ മാരാരുടെ പ്രവർത്തികളും പെരുമാറ്റവും അകത്തും പുറത്തും ട്രോളുകൾക്കും വിമർശനങ്ങൾക്കുമെല്ലാം ഇടയാക്കുകയും ചെയ്തു. ആദ്യ ആഴ്ചയിലെ കട്ട പെറുക്കൽ ടാസ്ക്കിൽ ആദ്യം ഗോപികയുമായും പിന്നീട് റെനീഷയുമായും അഖിൽ കൊമ്പുകോർത്തു. വളരെ പെട്ടന്ന് നിയന്ത്രണം വിടുന്ന ആളെന്ന് ആദ്യ ആഴ്ചയിൽത്തന്നെ മാരാർ വീടിനകത്തും പുറത്തും  കുപ്രസിദ്ധിയും നേടി. തല്ലുകൂടുമ്പോഴുള്ള നാക്കുകടിയും ഉച്ചത്തിലുള്ള ചീത്ത പറച്ചിലുമൊക്കെ ട്രോളന്മാർ ആഘോഷമാക്കി. 

ഒരു കലിപ്പൻ ഇമേജ് ആണ് മാരാർക്ക് ലഭിച്ചത്. വീട്ടിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ടാർഗെറ്റ് ചെയ്ത മത്സരാർത്ഥിയും അഖിലായിരുന്നു. ജുനൈസ്, നാദിറ തുടങ്ങി പലരും അഖിലിനെതിരെ കളിയ്ക്കാൻ ആദ്യ ദിവസം മുതൽ തയാറായിനിന്നു. കൂട്ടത്തിൽ ഏറ്റവും വാക്ചാതുര്യമുള്ള ആളെന്ന നിലയിൽ കാര്യങ്ങൾ നന്നായി സംസാരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിടത്തുപോലും അഖിലിന്‍റെ മുൻകോപവും അകാരണമായ പൊട്ടിത്തെറിയും തിരിച്ചടികളായി.

അങ്ങനെയിരിക്കുമ്പോഴാണ് അഖിൽ മാരാരുടെ ബിബി വീട്ടിലെ തലവര തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടാകുന്നത്. വീക്കെൻഡ് എപ്പിസോഡിൽ നടന്ന ഒരു മത്സരത്തിനിടയിൽ അസ്വാരസ്യങ്ങളും തർക്കങ്ങളും വലിയൊരു പ്രശ്നത്തിലേക്ക് വഴിവച്ചു. മോഹൻലാലിന് മുന്നിൽവച്ച് അഖിൽ നൽകിയ കാപ്റ്റൻ ബാൻഡ് സാഗർ സ്വീകരിക്കാൻ തയാറായില്ല. ചെയ്ത തെറ്റിന് പരസ്യമായി മാരാർ മാപ്പ് പറഞ്ഞെങ്കിലും വ്യക്തിപരമായി ഒരിക്കൽക്കൂടി മാപ്പ് പറയണമെന്നായിരുന്നു സാഗറിന്‍റെ ആവശ്യം. ഇതനുസരിക്കാൻ മാരാരും തയാറാകാതെ വന്നതോടെ മോഹൻലാലിനുമുന്നിൽവച്ച് കാര്യങ്ങൾ വലിയ ബഹളത്തിലേക്ക് പോയി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി  ഷോ വൈന്‍ഡ് അപ്പ് ചെയ്യാതെഅദ്ദേഹം ഇറങ്ങിപ്പോയി.

ഇതോടെയാണ് അഖിൽ മാരാർ എന്ന ഷോ സ്റ്റീലർ ഉദയം കൊണ്ടത്. വീട്ടിൽ ഷിജു ഒഴികെ ബാക്കിയെല്ലാവരും അഖിലിനെതിരെ തിരിഞ്ഞു. ഒരു ഒറ്റപ്പെടൽ പ്രതീതിയുണ്ടായി. മുൻ സീസണുകളിൽ ഈ ഒറ്റപ്പെടൽ പലരും സ്ട്രാറ്റജിയായി ബോധപൂർവ്വം തെരഞ്ഞെടുത്തപ്പോൾ അഖിലിന്റെ കാര്യത്തിൽ അത് സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. പക്ഷേ ആ ഒറ്റപ്പെടൽ തന്റെ ഗെയ്മിനായി അഖിൽ മാരാർ ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടിവരും. സഹമത്സരാർത്ഥികൾക്ക് തന്നോടുള്ള പ്രശ്നങ്ങൾ അപ്പപ്പോൾ പറഞ്ഞുതീർക്കാനും അവരുമായി നല്ല ബന്ധം സൂക്ഷിക്കാനും ഏറ്റവും കൂടുതൽ മുൻകൈ എടുത്ത മത്സരാർത്ഥികൂടിയായിരുന്നു അഖിൽ.

പക്ഷേ അപ്പോഴും അഖിലിന്റെ മുൻകോപവും എടുത്തുചാട്ടവും വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു. വീക്കെൻഡ് എപ്പിസോഡുകളിൽ ഏറ്റവും കൂടുതൽ മാപ്പ് പറഞ്ഞിട്ടുള്ള മത്സരാർത്ഥി ഒരുപക്ഷേ അഖിൽ മാരാരായിരിക്കും. എല്ലാ ആഴ്ചയിലും മാരാരുടെ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ മോഹൻലാൽ എടുത്ത് പറയാറുണ്ടായിരുന്നു. വളരെ മോശമായ പല പ്രസ്താവനകളും വീട്ടിൽ നടത്തിയിട്ടുള്ള അഖിൽ സ്ത്രീകളോടാണ് കൂടുതൽ മോശമായി പെരുമാറുന്നതെന്നും ചിലർ ആരോപിച്ചു. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിനെ കുറിച്ചും ഗാർഹിക പീഡനത്തെ കുറിച്ചും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും വനിതാ സംരംഭകരെ കുറിച്ചുമെല്ലാമുള്ള അഖിലിന്റെ പല പരാമർശങ്ങളും പുറത്ത് വലിയ വിവാദങ്ങളുണ്ടാക്കി.

സത്യത്തിൽ അഖിലിന്‍റെ വളർച്ചയിൽ ഈ വിവാദങ്ങൾക്കും പങ്കുണ്ട്. തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ എന്തെങ്കിലുമൊക്കെ പറഞ്ഞുപോകുന്ന സ്വഭാവക്കാരനെന്ന ഇമേജ് കൂടി വന്നതോടെ വീട്ടിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മാരാർ കുറ്റക്കാരനാവുകയാണെന്ന ചിന്ത പല പ്രേക്ഷകരിലുമുണ്ടായി. ഈ കലിപ്പൻ മുഖത്തിന് പിന്നിൽ വളരെ വളരെ കൂൾ ആയ, തമാശകൾ പറയുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന, കൗണ്ടറടിക്കുന്ന, സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന മറ്റൊരു അഖിൽ മാരാരെക്കൂടിയാണ് മുന്നോട്ടുപോകുംതോറും പ്രേക്ഷകർ കണ്ടത്. ഇതോടെ അഖിലിന്റെ ജനപ്രീതി വീണ്ടും ഉയർന്നു. സഹമത്സരാർത്ഥിയായ ശോഭയുമായുള്ള  അഖിലിന്റെ വഴക്കുകളും പ്രശ്നങ്ങളും തമാശകളും ഇവരുടെ ടോം ആൻഡ് ജെറി കോംബോയ്ക്കും ഒരുപാട് ആരാധകരെ ഉണ്ടാക്കിക്കൊടുത്തു.

അമ്പത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും ജനപ്രീതിയുള്ള, തരംഗം സൃഷ്‌ടിച്ച, ടൈറ്റിൽ വിന്നറാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആളായി അഖിൽ മാരാർ. അതേസമയം ഷോയിൽനിന്ന് നിയലംഘനത്തിന്റെ പേരിൽ പുറത്താകാൻ ഏറ്റവും സാധ്യതയുള്ള മത്സരാർത്ഥിയും മാരാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അഖിൽ മാരാരിന്റെ ബിഗ് ബോസിലെ ഭാവി പലപ്പോഴും പ്രവചനാതീതമാണെന്ന് പലരും കരുതി.
 
എന്നാൽ അവസാന ഘട്ടത്തോടടുത്തപ്പോൾ കൂടുതൽ പക്വതയുള്ള, എടുത്തുചാട്ടം പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുന്ന,പുരോഗമനപരമായ പല കാര്യങ്ങളും പറയാനും മനസിലാക്കാനും പ്രവർത്തിക്കാനും തയാറാകുന്ന, തന്നിലെ വ്യക്തിയെ കൂടുതൽ മെച്ചപ്പെടുത്താൻ മനസുള്ള മറ്റൊരു മാരാരെ ആണ് പ്രേക്ഷകർ കണ്ടത്. ഇത് അഖിലിന്റെ മൈലേജ് വീണ്ടും കൂട്ടി. ഫാമിലി വീക്കിൽ ഭാര്യയും മക്കളുമെത്തിയപ്പോൾ വളരെ ഫ്രണ്ട്ലിയായും രസകരമായും അവരോടിടപെട്ട് അഖിൽ താനൊരു സൂപ്പർ ഫാമിലി മാനും ഡാഡി കൂളുമാണെന്ന് കൂടി തെളിയിച്ച് തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.

കണ്ടുകണ്ട് സ്നേഹം തോന്നിയവരാണ് മാരാരുടെ ആരാധകർ. വിമർശകർ പോലും അംഗീകരിക്കുന്നതാണ് ബിഗ് ബോസിലെ അയാളുടെ വിജയം. രജിത് കുമാറോ റോബിനോ ഒന്നും കഴിയാതിരുന്ന പലതും മാരാർ അവിടെ ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ മെച്ചപ്പെടാനുള്ള ശ്രമങ്ങൾ നടത്തി എന്നതുതന്നെയാണ് അതിലേറ്റവും പ്രധാനം. ഇന്ന് ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വിജയകിരീടത്തിൽ മാരാർ മുത്തമിടുമ്പോൾ അത് അർഹതക്കുള്ള അംഗീകാരം തന്നെയാണ്. 

ബിഗ്ബോസ് വീട്ടില്‍ നിന്നും മൂന്നാമനായി പുറത്തേക്ക് ജുനൈസ്; ജുനൈസിന്‍റെ പോരാട്ട വഴി

സുരാജ് വെഞ്ഞാറന്‍മൂടിനോട് നന്ദിയുണ്ട്; ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഷിജു പറഞ്ഞത്.!

അഞ്ചാം സീസണിൽ കപ്പിൽ മുത്തമിട്ട് അഖിൽ മാരാർ
 

click me!