പത്താം വാരത്തിലെ വീക്കിലി ടാസ്ക് ആയ 'ബിഗ് ബോസ് സാമ്രാജ്യ'ത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ഏറ്റവും നാടകീയത നിറഞ്ഞ എപ്പിസോഡ് ആയിരുന്നു ഇന്നലെ. പുതിയ വീക്കിലി ടാസ്കിന്‍റെ ഒന്നാം ദിനമായ ഇന്നലെ റോബിനും (Dr Robin) റിയാസിനും (Riyas) ഇടയിലുണ്ടായ പ്രശ്നം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ബിഗ് ബോസ് ഇടപെടുകയായിരുന്നു. റോബിനെ തല്‍ക്കാലം സീക്രട്ട് റൂമില്‍ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ റോബിന്‍ ഷോയിലേക്ക് മടങ്ങിവരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ബിഗ് ബോസ് വ്യക്തത വരുത്തിയിട്ടുമില്ല.
പത്താം വാരത്തിലെ വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് സാമ്രാജ്യത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് വീട് ഒരു പഴയ സാമ്രാജ്യമായി മാറുകയായിരുന്നു ഈ ടാസ്കിലൂടെ. രാജാവായി റിയാസിനെയും രാജ്ഞിമാരായി ദില്‍ഷ, ധന്യ എന്നിവരെയും ബിഗ് ബോസ് തീരുമാനിച്ചിരുന്നു. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് മറ്റു സ്ഥാനങ്ങളിലേക്ക് സഹമത്സരാര്‍ഥികളെ റിയാസ് നിര്‍ദേശിച്ചു. ഇതുപ്രകാരം ജാസ്‍മിന്‍ മന്ത്രിയും റോണ്‍സണ്‍ ഭടനും സൂരജ് കൊട്ടാരം വിദൂഷകനും ആയി. ലക്ഷ്മിപ്രിയ, വിനയ് എന്നിവര്‍ക്കാണ് രാജാവിനായി ഭക്ഷണം പാകം ചെയ്യാനുള്ള ഉത്തരവാദിത്തം ലഭിച്ചത്. വേഷവിധാനങ്ങള്‍ക്കൊപ്പം രാജാവിന് ബിഗ് ബോസ് ഒരു മാന്ത്രിക ലോക്കറ്റും നല്‍കിയിരുന്നു. അടുത്ത നോമിനേഷന്‍ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാള്‍ നോമിനേഷനില്‍ നിന്ന് മുക്തി നേടുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇത് എല്ലാവരും കാണുന്ന തരത്തില്‍ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും റിയാസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഗെയിമിനിടെ ഈ ലോക്കറ്റ് കൈക്കലാക്കി റോബിന്‍ കടന്നുകളയുകയായിരുന്നു.
ലോക്കറ്റ് കൈക്കലാക്കി നേരെ കുളിമുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു റോബിന്‍. മത്സരാര്‍ഥികളില്‍ പലരും പലയാവര്‍ത്തി അഭ്യര്‍ഥിച്ചിട്ടും റോബിന്‍ പുറത്തേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല. അതിനിടെ ജാസ്മിന്‍റെ നിര്‍ദേശപ്രകാരം റോണ്‍സണ്‍ അവിടെയുണ്ടായിരുന്ന എയര്‍ ഫ്രഷ്‍നര്‍ കുളിമുറിയുടെ വാതിലിന് താഴെക്കൂടി അടിക്കുന്നുണ്ടായിരുന്നു. റോബിനെ പുറത്തുചാടിക്കാനായിരുന്നു ഇത്. എങ്കിലും ഏറക്കഴിഞ്ഞാണ് റോബിന്‍ പുറത്തേക്ക് എത്തിയത്. തന്‍റെ ലോക്കറ്റ് തരാന്‍ ആവശ്യപ്പെട്ട് റിയാസ് റോബിന്‍റെ കൈയില്‍ പിടിച്ചു. ഉടന്‍ റോബിന്‍ റിയാസിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് റിയാസ് ബിഗ് ബോസിനോട് പരാതി ഉയര്‍ത്തി. ശാരീരിക അതിക്രമമാണ് റോബിന്‍ നടത്തിയതെന്നും ഇത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിയാസ് പറഞ്ഞു. റോബിന്‍ ഷോയില്‍ നിന്ന് പുറത്തായെന്നും റിയാസ് പറയുന്നുണ്ടായിരുന്നു. റോബിനെ വിമര്‍ശിച്ച് ജാസ്‍മിന്‍ കൂടി രംഗത്തെത്തിയതോടെ ബിഗ് ബോസ് ഹൌസ് ഏറെനേരം സംഘര്‍ഷഭരിതമായി. മൂവരെയും നിശബ്ദരാക്കാന്‍ മറ്റു മത്സരാര്‍ഥികള്‍ ഏറെ പാടുപെട്ടു.
ALSO READ : നടി ഷംന കാസിം വിവാഹിതയാവുന്നു; വരന്‍ ഷാനിദ് ആസിഫ് അലി
പിന്നാലെ മുഴുവന്‍ മത്സരാര്‍ഥികളെയും ഹാളിലേക്ക് വിളിച്ചുവരുത്തി ബിഗ് ബോസ് തീരുമാനം അറിയിച്ചു. റോബിനോടാണ് ബിഗ് ബോസ് സംസാരിച്ചത്. ഇന്നിവിടെ നടന്ന അക്രമ സംഭവങ്ങള്‍ ഒരിക്കലും ഈ ബിഗ് ബോസ് വീടിന്‍റെ നിയമങ്ങള്‍ക്ക് ചേര്‍ന്നതല്ല. പല തവണ ശ്രീ മോഹന്‍ലാലില്‍ നിന്നും ബിഗ് ബോസില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടും ബിഗ് ബോസ് വീടിന് ഉള്ളില്‍ ഉള്ളവരെയോ പ്രേക്ഷകരെയോ മാനിക്കാതെ ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവര്‍ത്തികള്‍ മൂലം റോബിന്‍ ഈ വീട്ടിലെ അവസ്ഥയ്ക്ക് അനുയോജ്യനല്ലെന്നും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയല്ലെന്നും മനസിലാക്കുന്നു. സഹമത്സരാര്‍ഥിയെ കായികമായി കൈയേറ്റം ചെയ്യുക എന്നത് ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമാണ്. റോബിന്‍, ബാഗുകള്‍ പാക്ക് ചെയ്‍ത് സ്റ്റോര്‍ റൂമില്‍ വച്ച ശേഷം കണ്‍ഫെഷന്‍ റൂമിലേക്ക് വരാം, ബിഗ് ബോസ് പറഞ്ഞു.
ALSO READ : 'മിന്നല്‍ മുരളിയെ അവഗണിച്ചവരോട് പുച്ഛം', വിമര്‍ശനവുമായി കലാ സംവിധായകൻ
സഹമത്സരാര്‍ഥികളോടെല്ലാം യാത്ര ചോദിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയ റോബിനോട് ബിഗ് ബോസ് പറഞ്ഞത് ഇങ്ങനെ- റോബിന്‍, ഇത് സഹ മത്സരാര്‍ഥിയെ നിങ്ങള്‍ കായികമായി കൈയേറ്റം ചെയ്തതിനുള്ള ശിക്ഷയാണ്. അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിങ്ങളെ മറ്റാരുമായും യാതൊരു ബന്ധവുമില്ലാതെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ്. വലതുവശത്തെ വാതിലിലൂടെ പുറത്തേക്ക് പോകാം.
നിലവില്‍ സീക്രട്ട് റൂമിലാണ് റോബിന്‍. ഏറെ വൈകാതെ ബിഗ് ബോസ് റോബിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ റോബിന്‍ തിരികെ വരാത്തപക്ഷം മോഹന്‍ലാല്‍ വരുന്ന ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഈ വിഷയത്തില്‍ തീരുമാനം ഉണ്ടാവും. രണ്ടാം സീസണില്‍ ഡോ. രജിത് കുമാര്‍ രേഷ്‍മയ്ക്കു നേരെ നടത്തിയ മുളക് പ്രയോഗത്തില്‍ മോഹന്‍ലാല്‍ എത്തിയ വാരാന്ത്യ എപ്പിസോഡിലാണ് തീരുമാനം എടുത്തത്. രേഷ്മയോട് അഭിപ്രായം ആരാഞ്ഞ ശേഷം രജിത്തിന് പുറത്തേക്ക് പോകാമെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. സമാനമായി റിയാസിനോട് അഭിപ്രായം ചോദിച്ച ശേഷമാവും റോബിന്‍റെ കാര്യത്തിലും അന്തിമ തീരുമാനം എടുക്കുക. എങ്കിലും പ്രേക്ഷകര്‍ക്കായി എപ്പോഴും സര്‍പ്രൈസുകള്‍ കാത്തുവെക്കുന്ന ബിഗ് ബോസ് മറ്റൊരു തരത്തില്‍ ഇത് കൈകാര്യം ചെയ്‍താലും അത്ഭുതപ്പെടാനില്ല.