'രാമുവിന്‍റെ സ്‍കൂള്‍ യാത്രയും പഞ്ചാക്ഷരി വായനശാലയും'; മത്സരാര്‍ഥികളുടെ ഓര്‍മ്മശക്തി പരീക്ഷിച്ച് ബിഗ് ബോസ്

By Web Team  |  First Published May 18, 2022, 10:59 PM IST

മത്സരാര്‍ഥികളുടെ ഓര്‍മ്മശക്തിയും ആശയവിനിമയ പാടവവും പരീക്ഷിക്കുന്ന ടാസ്ക് ആണ് ഇതെന്ന് ബിഗ് ബോസ് ആദ്യമേ വ്യക്തമാക്കിയിരുന്നു


ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ഏറ്റവും രസകരമായ വീക്കിലി ടാസ്ക് ആണ് എട്ടാം വാരത്തിലേത്. വെള്ളവും ഭക്ഷണവും കിടപ്പുമുറിയുമടക്കം അവശ്യ വസ്തുക്കളും സേവനങ്ങളുമെല്ലാം ഒരുമിച്ച് തടഞ്ഞുവച്ചുകൊണ്ട് ഒരു സര്‍വൈവല്‍ ഗെയിം സംഘടിപ്പിക്കുകയായിരുന്നു ബിഗ് ബോസ്. തടഞ്ഞുവച്ച ഓരോ സേവനവും തിരികെ ലഭിക്കാന്‍ മത്സരാര്‍ഥികള്‍ ബിഗ് ബോസ് പറയുന്ന വിവിധ ഗെയിമുകള്‍ വിജയിക്കണമായിരുന്നു. ഇത്തരത്തില്‍ രണ്ടുപേരടങ്ങുന്ന ടീമുകളായി മത്സരാര്‍ഥികള്‍ വെള്ളം, പാത്രങ്ങള്‍, കിടപ്പുമുറി, പാചകവാതകം എന്നിവയൊക്കെ നേടിയെടുത്തിരുന്നു. കുളിമുറി സൌകര്യം നേടിയെടുക്കാനുള്ള ടാസ്ക് ആയിരുന്നു ഇന്ന് ആദ്യം. കൂട്ടത്തില്‍ ഏറ്റവും രസകരമായ ടാസ്കും ഇതായിരുന്നു.

മത്സരാര്‍ഥികളുടെ ഓര്‍മ്മശക്തിയും ആശയവിനിമയ പാടവവും പരീക്ഷിക്കുന്ന ടാസ്ക് ആണ് ഇതെന്ന് ബിഗ് ബോസ് ആദ്യമേ വ്യക്തമാക്കി. ഒരു ബിഗ് ബോസ് കഥ എന്നായിരുന്നു ടാസ്കിന്‍റെ പേര്. മത്സര നിയമങ്ങള്‍ ഇപ്രകാരമായിരുന്നു. മത്സരാര്‍ഥികളെയെല്ലാം കിടപ്പുമുറിയില്‍ ഇരുത്തിയതിനു ശേഷം ഒരു മത്സരാര്‍ഥിയെ മാത്രം ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിപ്പിക്കും. അയാളോട് ഒരു കഥ പറയും. മറ്റൊരു മത്സരാര്‍ഥി പിന്നാലെ അവിടേക്ക് വരും. ബിഗ് ബോസ് പറഞ്ഞ കഥ ആദ്യത്തെ മത്സരാര്‍ഥി രണ്ടാമതെത്തിയ മത്സരാര്‍ഥിക്ക് പറഞ്ഞുകൊടുക്കണം. എന്നിട്ട് ആദ്യത്തെയാള്‍ പോകണം. ബിഗ് ബോസ് നിര്‍ദേശിക്കുന്ന പ്രകാരം അങ്ങനെ ഓരോരോ മത്സരാര്‍ഥികളായി ആക്റ്റിവിറ്റി ഏരിയയിലേക്ക് വരുകയും അവിടെയുള്ളയാള്‍ പറയുന്ന കഥ പിന്നാലെയെത്തുന്ന ആള്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം. ഇപ്രകാരം ഏറ്റവും അവസാനം കഥ കേള്‍ക്കുന്നയാള്‍ ബിഗ് ബോസിനോട് താന്‍ കേട്ട കഥ പറഞ്ഞു കൊടുക്കണം. ഇതായിരുന്നു ടാസ്ക്. എന്നാല്‍ മത്സരാര്‍ഥികള്‍ക്ക് ഈ ടാസ്ക് വിജയിക്കാനായില്ല. പലര്‍ പറഞ്ഞുകേട്ട് കൈമാറിയപ്പോള്‍ കഥ അപൂര്‍ണ്ണമായിപ്പോയി എന്നതായിരുന്നു കാരണം.

Latest Videos

ALSO READ : ഒടുവില്‍ ലോകേഷും സമ്മതിച്ചു; കമലിനും ഫഹദിനുമൊപ്പം സൂര്യയുമുണ്ട്

ബിഗ് ബോസ് ഏറ്റവുമാദ്യം കഥ പറഞ്ഞത് അഖിലിനോടായിരുന്നു. ആ കഥ ഇപ്രകാരമായിരുന്നു. രാമു വലതുവശത്ത് നാല് പൈൻ മരങ്ങളും ഇടതുവശത്ത് എട്ട് കാറ്റാടി മരങ്ങളുമുള്ള ഒരു റോഡിലൂടെ രാവിലെ 8.45ന് സ്കൂളിലേക്ക് പോവുകയായിരുന്നു. വഴിവക്കിൽ അഞ്ച് പക്ഷികൾ വീതമുള്ള മൂന്ന് കൂട്ടങ്ങൾ നീലാകാശത്തിലൂടെ പറന്നുപോയത് കണ്ടപ്പോൾ രാമുവിൻറെ മനം കുളിർന്നു. പഞ്ചാക്ഷരി എന്നു പേരുള്ള വായനശാലയുടെ മുന്നിലെത്തിയപ്പോൾ പെട്ടെന്ന് മഴ പെയ്‍തത് മൂലം അവനൊരു ചായക്കടയിൽ കയറിനിന്നു. 

ALSO READ : പൊലീസ് യൂണിഫോമില്‍ വീണ്ടും സുരാജ്; ഹെവന്‍ ടീസര്‍

ഏറ്റവുമൊടുവില്‍ കഥ കേള്‍ക്കാന്‍ എത്തിയത് ബ്ലെസ്‍ലി ആയിരുന്നു. ബ്ലെസ്‍ലിക്ക് കഥ പറഞ്ഞുകൊടുത്തത് അപര്‍ണ ആയിരുന്നു. താന്‍ കേട്ട കഥ ബ്ലെസ്‍ലി ബിഗ് ബോസിന് പറഞ്ഞുകൊടുത്തു. ആ കഥ ഇപ്രകാരമായിരുന്നു- നാല് പൈൻ മരവും എട്ട് ഫാൻ പോലെയുള്ള വലിയ മരവുമുള്ള റോഡിൽക്കൂടി രാവിലെ 8.45ന് രാമു നടന്നുപോവുകയായിരുന്നു. പഞ്ചാദിശി എന്നുപറയുന്ന ഒരു വായനശാലയിലോട്ടാണ് പോയത്. പക്ഷേ മഴ പെയ്തതു കാരണം ആള് ചായക്കടയിൽ കയറി ചായ കുടിച്ചു. 

ALSO READ : 'സി സ്പേസ്'; സംസ്ഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ്‍ഫോം കേരളപ്പിറവി ദിനത്തില്‍

കഥയ്ക്ക് സംഭവിക്കുന്ന രൂപമാറ്റം പൊട്ടിച്ചിരിയോടെയാണ് മറ്റു മത്സരാര്‍ഥികള്‍ കേട്ടിരുന്നത്. കഥ പറഞ്ഞുകഴിഞ്ഞ് മത്സരാര്‍ഥികള്‍ ഇരിക്കേണ്ടത് എല്‍ഇഡി ടിവിയുടെ മുന്‍പില്‍ ആയിരുന്നു. ആക്റ്റിവിറ്റി ഏരിയയില്‍ നടക്കുന്നത് ടിവിയില്‍ ലൈവ് ആയി അവര്‍ക്ക് കാണാമായിരുന്നു.

click me!