നേരം ഇരുട്ടി വെളുത്തപ്പോള്‍ വെള്ളമില്ല, ഗ്യാസില്ല, ഭക്ഷണമില്ല! ബിഗ് ബോസില്‍ അമ്പരന്ന് മത്സരാര്‍ഥികള്‍

By Web Team  |  First Published May 17, 2022, 11:24 PM IST

ബിഗ് ബോസ് എന്തോ ഗെയിമിനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്ന് മനസിലാക്കിയെങ്കിലും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു


ബിഗ് ബോസ് മലയാളം 4 ന്‍റെ (Bigg Boss 4) എട്ടാം വാരത്തില്‍ പ്രേക്ഷകരെയും അതിനുമപ്പുറം മത്സരാര്‍ഥികളെയും അമ്പരപ്പിച്ച് ബിഗ് ബോസ്. മലയാളത്തിലെ ഇതുവരെയുള്ള സീസണുകളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സര്‍പ്രൈസ് ആണ് മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് 51-ാം ദിവസം നല്‍കിയത്. മോണിംഗ് സോംഗ് കേട്ട് ഉണര്‍ന്നെത്തിയവര്‍ക്ക് മറ്റൊരു ബിഗ് ബോസ് ഹൌസ് ആണ് കാണാനായത്! ഇന്നലെ വരെ അനുഭവിച്ചുകൊണ്ടിരുന്ന സൌകര്യങ്ങളൊന്നുംതന്നെ അവര്‍ക്ക് അവിടെ കാണാനായില്ല. മിക്ക സ്ഥലങ്ങളിലും മത്സരാര്‍ഥികളുടെ പ്രവേശനം തന്നെ നിയന്ത്രിച്ചുകൊണ്ട് നിയന്ത്രിത മേഖല എന്ന ബോര്‍ഡുകളാണ് ദൃശ്യമായത്. 

വെള്ളം, ഗ്യാസ്, ഭക്ഷ്യവസ്തുക്കള്‍, ഫര്‍ണിച്ചര്‍ എന്നിവയൊക്കെ തന്നെ അപ്രത്യക്ഷമായിരുന്നു. ബിഗ് ബോസ് എന്തോ ഗെയിമിനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്ന് മനസിലാക്കിയെങ്കിലും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. മത്സരം എന്താണെന്ന് വിശദീകരിക്കുന്നതിന് മുന്‍പായി ഓരോരുത്തര്‍ക്കും ആവശ്യമായ വെള്ളം ബിഗ് ബോസ് നല്‍കിയിരുന്നു. പിന്നാലെയാണ് ഈ ഒരുക്കങ്ങള്‍ എന്തിനുള്ളതായിരുന്നെന്ന് ബിഗ് ബോസ് വിശദീകരിച്ചത്. 

Latest Videos

ഇത് ഒരു വീക്കിലി ടാസ്കിന്‍റെ മുന്നൊരുക്കം ആയിരുന്നെന്നും ടാസ്ക് എന്താണെന്നും ബിഗ് ബോസ് വിശദീകരിച്ചു. ഈ വീട്ടിൽ നിങ്ങൾക്ക് ലഭിച്ചിരുന്ന എല്ലാ സൌകര്യങ്ങളും ഈ ദിവസം പെട്ടെന്ന് അപ്രത്യക്ഷമായിരിക്കുന്നു. അവശ്യവസ്തുക്കളായ വെള്ളം, പഴവർഗ്ഗങ്ങൾ എന്നിവ മാത്രമാണ് പരിമിതമായ അളവിൽ നിങ്ങൾക്കിപ്പോൾ ലഭ്യമായിട്ടുള്ളത്. ഇത് നിങ്ങളുടെ ഈയാഴ്ചയിലെ വീക്കിലി ടാസ്കിന്‍റെ ഭാഗമാണ്. എന്നാൽ നിങ്ങളുടെ ബുദ്ധി, യുക്തി, ശ്രദ്ധ, ഏകാഗ്രത, ഓർമ്മശക്തി, ആശയവിനിമയ ശേഷി, ദിശാബോധം തുടങ്ങിയ കഴിവുകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് നൽകുന്ന വ്യത്യസ്തമായ വെല്ലുവിളികളെ അതിജീവിച്ച് വിജയിക്കാൻ കഴിഞ്ഞാൽ നഷ്ടപ്പെട്ട ഈ എല്ലാ സൌകര്യങ്ങളും നിങ്ങൾക്ക് വീണ്ടെടുക്കാൻ സാധിക്കും. നേടിയെടുക്കാനുള്ളത് വെള്ളം, പാചകവാതകം, പാത്രങ്ങൾ, ഫർണിച്ചറുകൾ, ബാത്ത്റൂം, ബെഡ്റൂം, ഗാർഡൻ ഏരിയ, രാത്രിയിൽ ലൈറ്റുകൾ അണയ്ക്കൽ തുടങ്ങിയവയാണ്, ബിഗ് ബോസ് അറിയിച്ചു.

ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു ഗെയിം നേരിടുന്നതിന്‍റെ ആവേശത്തിലും അതേസമയം സൌകര്യങ്ങളെല്ലാം മുന്നറിയിപ്പില്ലാതെ എടുത്തു മാറ്റിയതിന്‍റെ അസന്തുഷ്ടിയിലുമാണ് മത്സരാര്‍ഥികള്‍. ബിഗ് ബോസ് നല്‍കുന്ന സൂചനകള്‍ മുന്‍ നിര്‍ത്തി ഗെയിമുകള്‍ വിജയിച്ചാലാണ് എടുത്തുമാറ്റിയ സൌകര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുക. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സര്‍വൈവല്‍ ഗെയിം തങ്ങളുടെ പ്രിയ മത്സരാര്‍ഥികള്‍ കളിക്കുന്നതിന്‍റെ കൌതുകത്തിലാണ് പ്രേക്ഷകരും. 

click me!