ആരൊക്കെയാണ് മത്സരാർഥികളെന്ന കാര്യം അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 100 ക്യാമറകൾ 100 ദിവസങ്ങൾ ഒരോരുത്തരെയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് പരിപാടിയുടെ സവിശേഷത
മുംബൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ (Bigg Boss Malayalam) ഇന്ന് മുതൽ പ്രേക്ഷകരിലേക്ക്. വൈകുന്നേരം 7 മണിക്കാണ് ഉദ്ഘാടന പരിപാടി. മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ട സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസൺ (Bigg Boss Malayalam) അരങ്ങേറുക. 17 മത്സരാർത്ഥികൾ ഒരൊറ്റ ലക്ഷ്യവുമായി പോരാടും. ബിഗ് ബോസിന്‍റെ നിർദ്ദേശങ്ങളുമായി നടൻ മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോ നയിക്കുക.
ആരൊക്കെയാണ് മത്സരാർഥികളെന്ന കാര്യം അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 100 ക്യാമറകൾ 100 ദിവസങ്ങൾ ഒരോരുത്തരെയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് പരിപാടിയുടെ സവിശേഷത. ദിവസം മുഴുവനും പ്രേക്ഷകർക്ക് മത്സരാർഥികളെ കാണാമെന്ന പ്രത്യേകത ആദ്യമായി ബിഗ്ബോസിൽ ഓൺലൈൻ സ്ട്രീമിങ്ങിലൂടെ പരീക്ഷിക്കുകയാണ്. നാലാം സീസൺ വരുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പലരും പ്രമോകൾ നോക്കി വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. എന്നാൽ എല്ലാ സസ്പെൻസുകളും ഇന്ന് വൈകിട്ട് ഏഴ് മണിയോടെ തുടങ്ങുന്ന നാലാം സീസണിനൊടുവിൽ അവസാനിക്കും.
പുതിയ സീസൺ മാർച്ചിൽ തുടങ്ങാൻ അധികൃതർ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഷോയുടേതായി പുറത്തുവന്ന എല്ലാ പ്രമോ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.
1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും. എന്തായാലും പുതിയ സീസണിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും മിനിസ്ക്രീൻ പ്രേക്ഷകരും.